1. ജ്യോതിശ്ശാസ്‌ത്രം
എന്റെ ആകാശത്തെ നക്ഷത്രങ്ങളെയെല്ലാം അടർത്തിക്കളഞ്ഞ് ഞാൻ കൂൺകൃഷിക്ക് ശ്രമിക്കുന്നു. കൂണൊരു സ്വാദിഷ്‌ട ഭോജ്യം. പോഷകസമ്പുഷ്ടം. പിന്നെ ആദായകരവും.
നക്ഷത്രങ്ങൾ നമുക്ക് എന്താണ് തരിക ഉപയോഗത്തിനെത്താത്ത ഇത്തിരി മിനുക്കവും ഒടുവിലൊരു തമോഗർത്തവുമല്ലാതെ.
2. ജീവശാസ്‌ത്രം
ഞാൻ തയ്യൽ വേലയിലായിരുന്നു. അവനെ ഹൃദയത്തിൽ തുന്നിവെക്കുകയായിരുന്നു. ഹൃദയത്തിൽ തറഞ്ഞ സൂചിത്തുമ്പ് ഓരോ തവണയും രക്‌തം ചീറ്റിച്ച് ഇങ്ങിനി പറിഞ്ഞ് പോരാത്തവിധം അവനെ ജീവനിൽ അമർത്തുകയായിരുന്നു.
ഒരവസരത്തിൽ ചിത്രത്തുന്നലിന്റെ താളം തെറ്റിയപ്പോൾ അവനെ അടർത്തിയെടുക്കാൻ ശ്രമിച്ചതായിരുന്നു ഞാൻ. എന്നാൽ ഉൾശരീരത്തിൽ എത്തിപ്പെടുന്ന ഏതൊരു വസ്‌തുവിലും എന്നപോലെ മാംസവും രക്‌തകോശങ്ങളും അവനിലേക്ക് വളർന്ന് രക്‌തചംക്രമണം ആരംഭിച്ചുകഴിഞ്ഞിരുന്നു.
3. ഗണിതം
മുറിഞ്ഞുപോയ ചങ്ങലക്കണ്ണികൾ വിളക്കിചേർക്കാനായി ഒരാൾ കൊല്ലന്റെ ആലയിലെത്തി. ജോലി പൂർത്തിയാക്കിയ കൊല്ലൻ പ്രതിഫലമായി നൂറ് രൂപ ആവശ്യപ്പെട്ടത് കേട്ട് അമ്പരന്നുപോയ അയാൾ ആ തുക കൂടുതലാണെന്നും, കുറയ്‌ക്കാൻ ഭാവമില്ലെങ്കിൽ കണ്ണികൾ പൂർവ്വസ്ഥിതിയിലാക്കി തിരികെ ഏല്പിക്കാനും ആവശ്യപ്പെട്ടു.
ആ ജോലിയും കൃത്യമായി പൂർത്തിയാക്കിയതിനുശേഷം കൊല്ലൻ ഇങ്ങനെ പറഞ്ഞു.
“ശരി ഇനി നൂറ്റമ്പത്. വിളക്കിയതിന് നൂറ്, മുറിച്ചതിന് അമ്പത്.”
4. ചരിത്രവും ഭൂമിശാസ്‌ത്രവും
നിഷേധിയാകാനായില്ല ആരും ഒന്നും വാഗ്‌ദാനം ചെയ്യാഞ്ഞതിനാൽ. ജനിച്ചതൊരു തടങ്കൽപാളയത്തിൽ. വിധേയത്വം അതിനാൽ ജന്മാവകാശം. സ്‌നേഹം ശക്തിയോ ദൗർബല്യമോ. “ഇറ്റ് ഡിപ്പന്റ്‌സ്”.
സംശയം കേട്ട ഗുരുവിന്റെ അമർത്തിയ നിവാരണം. സ്വതന്ത്രനാവാൻ സഞ്ചാരം തുടങ്ങി കാലങ്ങളോളം മറുകരയെത്താനായില്ല. എത്തിയ ഇടം ഗുരുത്വാകർഷണകേന്ദ്രം എന്ന നിഗമനത്തിൽ പർണ്ണശാല കെട്ടി ആകർഷണകേന്ദ്രത്തിൽ മനസ്സെറിഞ്ഞാൽ താഴേക്ക് വീഴാതെ അമ്മാനമാടിക്കളിക്കുമെന്നാണ് ഭൂമിശാസ്‌ത്രം പഠിപ്പിച്ചത്. (പഠിച്ചതിൽ പാതി ജഡവിത്ത്)
യ്യോ! ഞാൻ സ്വതന്ത്രനായിയെന്ന് തോന്നുന്നു. ഇപ്പോൾ ആരും എത്തുന്നില്ല. എന്നെത്തിരക്കി അനന്തം അജ്ഞാതം അവർണനീയം….
Generated from archived content: story_sylabus.html Author: bindu_sandosh
Click this button or press Ctrl+G to toggle between Malayalam and English