മുൻസീറ്റിൽ ശരത്തിന്റെ ക്ഷോഭം ഉയർന്നുപൊങ്ങി, കാറിനകത്ത് ശബ്‌ദചോർച്ചകളുണ്ടായി.
“എല്ലായ്‌പ്പോഴും സംഭവിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. ഒരു പ്രോഗ്രാം കഴിഞ്ഞിറങ്ങിവരുന്ന ആളുകൾ സംഘം ചേർന്ന് അതേക്കുറിച്ച് ചർച്ചചെയ്യുന്നു. കൂട്ടത്തിൽ ഏറ്റവും നന്നായി സംസാരിക്കുന്നയാൾ സ്വന്തം അഭിപ്രായങ്ങൾ സമർത്ഥിച്ച് ജയിക്കുന്നു. ഒടുവിൽ ആ പരിപാടി അതിന്റെ യഥാർത്ഥസ്വഭാവത്തിൽ നിന്ന് വിട്ടുമാറി, വാക്‌സാമർത്ഥ്യക്കാരന്റെ കാഴ്‌ചപ്പാടായി മറ്റുളളവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇതൊക്കെ…”
മുമ്പെന്തോ പറഞ്ഞ് നിർത്തിയതിന്റെ തുടർച്ചയാകണം അടുത്തിരുന്ന് ശ്രീധരേട്ടൻ ഒക്കെയും തലയാട്ടി സമ്മതിക്കുന്നുണ്ട്. കയ്‌പുളള ഒരു ചിരി തികട്ടി സ്വന്തം കാഴ്‌ചപ്പാടുകൾ ഒരു സ്വേച്ഛാധിപതിയുടെ മുഷ്‌ക്കോടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കുന്ന ഒരാളാണ് ഈ സംസാരിക്കുന്നത്. ശ്രീധരേട്ടനെങ്കിലും ശരത്ത് പറയുന്നതിനെ ഒന്ന് ഖണ്ഡിച്ചാലെന്താ. മൂത്ത അളിയനായിട്ടുകൂടി ശ്രീധരേട്ടനും ശരത്തിനെ ഭയപ്പെടുന്നു. അതുതന്നെ കാര്യം അല്ലെങ്കിൽത്തന്നെ എന്താണ് ഖണ്ഡിച്ച് സംസാരിക്കുക. ശരത്ത് പറയുന്നതും വാസ്‌തവമല്ലാത്തതല്ലല്ലോ, അഥവാ വാസ്തവമില്ലാത്തതും എതിർക്കത്തക്കതുമായ എന്തെങ്കിലും ശരത്ത് അഭിപ്രായപ്പെടാറുണ്ടോ. സ്വന്തമായി വരച്ചുണ്ടാക്കിയ നിയമാവലിക്കുളളിൽ ജീവിതം ജീവിച്ച് തീർക്കുകയാണ് ഈ മനുഷ്യൻ. ചതുരംഗക്കരുക്കൾപ്പോലെ നിശ്ചിതവും നിയമം തെറ്റിക്കാത്തതുമായ നീക്കങ്ങൾ പലതവണ ഓർത്തതാണ് ബോദ്ധ്യപ്പെടുത്തണമെന്ന്.
“ശരത്ത് പ്ലീസ്, ഒരേ നിയമം എല്ലാവരിലും എല്ലായ്‌പ്പോഴും ഒരേ തരത്തിൽ പ്രയോഗിക്കുന്നത് തീർത്തും ബോറാണ്. വ്യക്തികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് കാരണങ്ങളും പ്രായോഗികതകളും മാറിക്കൊണ്ടേയിരിക്കുന്നുവെന്നത് നിങ്ങൾ ഇനിയും മനസ്സിലാക്കാത്തതെന്താ. അതുമാത്രമല്ല…”
തുടർന്നും വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറഞ്ഞ് (ശരത്തിന്റെ ഭാഷയിൽ തോറ്റം പറച്ചിൽ) ശരത്തിന്റെ നാവ് മുട്ടിക്കണമെന്നും കരുതിയതാണ്. ശാന്തമായ ഒരു വൈകുന്നേരം സങ്കീർണവും സംഘർഷപൂരിതവും ആക്കാമെന്നല്ലാതെ അതുകൊണ്ട് വിശേഷിച്ചൊന്നും ഉണ്ടാകാനില്ല. ശരത്തിന്റെ സാമർത്ഥ്യമുളള നാവ് നീണ്ട് നീണ്ട് എല്ലാ തേറ്റം പറച്ചിലുകളേയും മറികടന്ന് എന്നെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിക്കുമെന്നുളളത് നിശ്ചയം. ദാമ്പത്യത്തിൽ സഹനമല്ല സൗഹൃദമാണ് അഭികാമ്യമെന്ന് ഇടയ്‌ക്കിടെ പൊതുസദസ്സുകളിൽ തട്ടിമൂളാറുളള ആളാണ് ശരത്ത്.
സ്വന്തം നിയമങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത കടുംപിടുത്തക്കാരനായ ഈ സ്വേച്ഛാധിപതിയെ മാറ്റിമറിക്കാനുളള മാന്ത്രികവിദ്യയൊന്നും എന്റെ കൈവശവുമില്ല.
ഇതാ ഇതുതന്നെ നോക്കിയെ ഈ സാരി, ഇതെന്നെ എന്ത് വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നറിയാമോ. ശരത്തിന്റെ ശാസനമാണ് ക്ഷേത്രസന്ദർശനങ്ങളിൽ സാരിമാത്രമേ ധരിക്കാവുളളു എന്നത്. ശരി, സമ്മതിക്കുന്നു. സാരി അണിയുന്നത് സ്‌ത്രീകൾക്ക് അഴകാണ്, ഐശ്വര്യമാണ്. ഇതും സമ്മതിക്കുന്നു. ചില ക്ഷേത്രങ്ങളിൽ സാരി പോലുളള വസ്‌ത്രങ്ങൾ ഉടുത്താൽ മാത്രമേ ശ്രീകോവിലിനകത്തെ ഈശ്വരനെ പ്രാർത്ഥിക്കാൻ സാധിക്കുകയുളളു. എന്നാൽ അതൊന്നുമല്ല ഇവിടെ പ്രശ്‌നം. ഞങ്ങളീപോകുന്ന അമ്പലത്തിലെ ദേവനോ ദേവപരിപാലർക്കോ അങ്ങിനെ യാതൊരു നിർബന്ധവുമില്ല. അവർക്കാർക്കും ഇല്ലാത്ത ശാഠ്യവും നിഷ്‌ഠയുമാണ് ശരത്തിന്.
ഉറങ്ങുമ്പോഴല്ലാതെ ഒരു നിമിഷവും ഒരിടത്ത് അടങ്ങിയിരിക്കാത്ത ഒരൊന്നര വയസ്സുകാരി മോളുണ്ട് എനിക്ക്. എനിക്ക് എന്ന് ഊന്നിപ്പറഞ്ഞത് മനഃപ്പൂർവ്വമാണ്. അഴിഞ്ഞുപോയ ദുപ്പട്ട, പിൻ ചെയ്യാനായിപോലും ഒന്ന് മോളെ കൈമാറി എടുക്കാത്ത ആളാണ് ശരത്ത് (ക്ഷമിക്കണം ഇതൊരു പരാതി പറച്ചിലല്ല.) ഈ പ്രായത്തിലുളള ഒരു കുഞ്ഞ് വീട്ടിലുളളവർക്ക് എന്റെ വിഷമം അല്പമെങ്കിലും ഊഹിക്കാനാവും. നാലഞ്ച് സൂചിപ്പിന്നുകളും ശാരദേടത്തിയുടെ സഹായവും കൂടി ചേർത്തുകൊണ്ടാണ് ഇതൊന്ന് ദേഹത്ത് ചുറ്റിയെടുത്തിരിക്കുന്നത്. ഞൊറികളെടുത്തപ്പോഴും പിൻ ചെയ്‌ത് തന്നപ്പോഴുമൊക്കെ അവർ പിറുപിറുക്കുകയായിരുന്നു.
“കല്ല്യാണം കഴിഞ്ഞ് എട്ടുകൊല്ലമായി. രണ്ട് കുട്ട്യോളായി. -ന്നിട്ടും സാരി ചുറ്റാനറിയില്ല്യാ പെണ്ണിന്.”
(കല്ല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതുമാണോ സാരിയുടുക്കാൻ പഠിക്കുന്നതിന്റെ മാനദണ്ഡം.) മറുപടിയായി നനഞ്ഞ ഒരു പുഞ്ചിരി ഉതിർത്തിട്ടു. എന്നെയും കുഞ്ഞുങ്ങളെയും ശരത്ത് പേർഷ്യയിലേക്ക് ഒപ്പം കൂട്ടിയതിന്റെ പ്രതിഷേധം ഇങ്ങിനെയുളള അവസരങ്ങളിലെ പിറുപിറുക്കലുകളിലൂടെ ചോർത്തിത്തീർക്കുകയാണ് അവർ. ഓരോ തവണയും അവധിക്കെത്തുമ്പോഴുളള തനിയാവർത്തനമായതുകൊണ്ട് ഇതൊക്കെ ഇപ്പോൾ ഒരു ശീലമായിരിക്കുന്നു. പ്രതികരണശേഷിയുടെ മാപ്പിനി പൂജ്യത്തിൽവെച്ച് തന്നെ ഒടിച്ച് തന്നിട്ടുണ്ടല്ലോ ശരത്ത്.
മുൻസീറ്റിലിപ്പോൾ അൽഗോറും ജൂനിയർ ബുഷും തിരഞ്ഞെടുപ്പ് വിവാദങ്ങളും ഊതിപ്പെരുക്കുകയാണ്. ശ്രീധരേട്ടന്റെ ശബ്‌ദചീളുകളും തെറിച്ച് വീഴുന്നുണ്ട് ഇടയ്‌ക്കിടെ. ഭാഗ്യം അദ്ദേഹത്തിനും സ്വന്തമായി വാക്കുകളും ശബ്‌ദങ്ങളും ഉണ്ടായിരിക്കുന്നു. ശാരദേടത്തിയുടെ അത്യുജ്ജ്വല പ്രകാശത്തിൽ നിഷ്‌പ്രഭനാക്കപ്പെട്ട ഒരു പാവം ജീവി. ശരത്തിന് അമ്മയുടെ സ്ഥാനത്താത്രേ ഏട്‌ത്തി. അതുകൊണ്ട് എതിർവായ പാടില്ല. നാട്ടിലെത്തിയിട്ട് ഒരാഴ്‌ചയാകുന്നു. ഇതുവരെയും വീട്ടിൽ ചെല്ലാനോ പപ്പയേയും മമ്മിയേയും കാണാനോ സാധിച്ചിട്ടില്ല. ദൂരയാത്രകളൊക്കെ ഒരാഴ്‌ചകഴിഞ്ഞിട്ട് മതീന്ന് ഏടത്തിയുടെ കല്പന. ഇന്നത്തെ ഈ യാത്ര വടക്കോട്ടായിരുന്നുവെങ്കിൽ ഈനേരം കൊണ്ടു വീട്ടിൽ എത്താമായിരുന്നു. അത്രേയുളളു കാര്യം. കഴിഞ്ഞ തവണ ചേട്ടന്റെ കല്ല്യാണത്തിന്റെ പിറ്റേന്നാണ് ദുബായിലേക്ക് തിരിച്ച് പോയത്. പ്രിയച്ചേച്ചിയോട് സ്വസ്ഥമായൊന്ന് സംസാരിക്കാൻ കൂടി പറ്റിയിട്ടില്ല ഇതുവരെ. ഇനിയെന്നായിരിക്കുമോ ഏടത്തിയുടെ അനുവാദകടാക്ഷം ലഭിക്കുക. എന്നും രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് വിസമ്മതം കാട്ടാതിരിക്കുന്നത് തന്നെ വലിയ ആശ്വാസം.
തലയിലെ പേനുകൾ പോലെ ഫെമിനിസ്‌റ്റുകൾ നുരയ്‌ക്കുന്ന ഇക്കാലത്തും ഇത്രയും വിധേയത്വമുളള ഒരു സ്‌ത്രീയുണ്ടെന്ന് അറിയുമ്പോൾ എന്താവും അവരുടെ പ്രതികരണം? എന്റെ കാര്യത്തിൽ എന്ത് പരിഹാരം കണ്ടെടുക്കും അവർ. ശരത്തിനെ സമീപിച്ച് ബോധവൽക്കരണം നടത്തുമോ. അതോ ശാരദേടത്തിയുടെ മുഖമടച്ച് നാല് പെടപെടച്ച് മര്യാദ പഠിപ്പിക്കുമോ? ചിലപ്പോൾ ശരത്തിൽ നിന്നും വിവാഹമോചനവും ജീവനാംശവും പിടിച്ച് വാങ്ങി എന്നെയും കുഞ്ഞുങ്ങളേയും വീട്ടിൽ കൊണ്ട് ചെന്നാക്കുമായിരിക്കും. അതുമല്ലെങ്കിൽ എന്റെ ബുദ്ധിയെ കഴുകി വൃത്തിയാക്കി ശരത്തിനെതിരെ പടവാളെടുപ്പിക്കുമോ? ചുരുങ്ങിയ പക്ഷം ഇതിലേതെങ്കിലും ഒരു കാര്യമെങ്കിലും നടപ്പിലാക്കിയില്ലെങ്കിൽ സമൂഹത്തിൽ സ്‌ത്രീ പുരുഷസമത്വം നിലവിൽ വരുന്നതെങ്ങനെ. മുൻപ് എപ്പോഴോ ഒരിക്കൽ എന്റെ ഒരു ഫെമിനിസ്‌റ്റ് കൂട്ടുകാരി സംഭാഷണമദ്ധ്യേ ടെലിഫോണിൽ എന്നോട് മുരണ്ടു.
“നിങ്ങളെപ്പോലുളള സ്‌ത്രീകളാണ് മെയിൽ ഷോവനിസ്‌റ്റുകളെ വളർത്തുന്നത്.”
തുടർന്ന് സംഭവിക്കുമായിരുന്ന സുദീർഘ പ്രഭാഷണം ഭയന്ന് എനിക്ക് മൗനം പരിചയായി മാറ്റേണ്ടിവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരെ എനിക്ക് വലിയ ബഹുമാനമാണ്. കരിപിടിച്ച അടുക്കള ചുമരുകൾക്കുളളിലും, വീട്ടു തുറുങ്കിലും അമർത്തപ്പെട്ട സ്‌ത്രീ സമൂഹത്തെ ഉദ്ധരിക്കാൻ ഇവർ വേദികളിലും സംഘടനകളിലും നക്ഷത്രഹോട്ടലുകളിലും ഘോരഘോരം പ്രസംഗിക്കുകയും പ്രഭാഷണം ചെയ്യുകയും സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുവല്ലോ. ഇങ്ങനെയൊരു കൂട്ടർ തങ്ങൾക്കുവേണ്ടി വാദിക്കുന്നതും പൊരുതി മുന്നേറുന്നതും തടവറ വർഗ്ഗം അറിയാതെ പോകുന്നത് ഇവരുടെ അപരാധവുമല്ല.
തിരഞ്ഞെടുപ്പ് വൃത്താന്തങ്ങളും കടന്ന ശരത്ത് ഇപ്പോൾ അമേരിക്ക ചന്ദ്രനിൽ നാട്ടിയ ദേശീയപതാകയുടെ യുക്തിഭദ്രത അളന്ന് തിട്ടപ്പെടുത്തുകയാണ്.
“വായു മണ്ഡലമില്ലാത്ത ചന്ദ്രനിൽ എവിട്‌ന്നാ കാറ്റുണ്ടാകുക?”
ശരിയാണല്ലോ, കാറ്റില്ലാത്ത പ്രതലത്തിൽ എങ്ങിനെ പതാക ഇളകിപ്പറക്കുക. ഇതിന്റെ വിശദീകരണങ്ങൾ മോനുവിന് വിവരിച്ച് കൊടുക്കണം. സ്പെയ്‌സ്‌മായി ബന്ധപ്പെട്ട കാർട്ടൂണുകളിലും ടി.വി.പ്രോഗ്രാമുകളിലും അവൻ ഉത്സാഹപ്പെടുന്നത് അടുത്തകാലത്ത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വിൻഡോ ഗ്ലാസ്സിലേക്ക് മുഖം ചേർത്തുവെച്ച് വെളിയിലെ കൗതുകങ്ങളിലേക്ക് കണ്ണുകൾ അമർത്തിവെച്ചിരിക്കുകയാണ് മോനു. താഴെ ചെറിയ ചെറിയ അലുക്കുകളുളള വെളളിപ്പാടമായി പുഴ, പാവം കുട്ടി. ഈ കാഴ്‌ചകളൊക്കെയും അവനെ വിസ്മയപ്പെടുത്തുന്നുണ്ടാവണം. നാടെന്നാൽ ഇതുപോലെത്തെ കൊച്ചുകൊച്ച് വിസ്‌മയങ്ങളും വിചിത്രകൗതുകങ്ങളും നിറഞ്ഞ ഒരു സങ്കേതമായിട്ടാകും അവന് അനുഭവപ്പെടുന്നുണ്ടാകുക. അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ അവൻ ഓരോന്നും തൊട്ടും തലോടിയും വലിച്ച് നീക്കിയും ആശ്ചര്യപ്പെട്ടും അത്‌ഭുതം കൂറിയുമൊക്കെയാവും ഓരോ അവധിക്കാലവും ഓർമ്മകളിൽ ചേർക്കുന്നത്.
മോനുവിന്റെ പരാതിചുരുളുകൾ നിവർത്തിത്തുടങ്ങിയിട്ടുണ്ട് ശരത്ത്.
“അമ്മയുടെ കിറുക്ക് സ്വഭാവങ്ങളൊക്കെ പകർത്തുന്നുണ്ട് മകൻ. പച്ചത്തുളളന്റെയും പൂച്ചക്കുട്ടിയുടേയും പിന്നാലെയാണ് സദാസമയവും.”
“ചെക്കനിപ്പം മലയാളം മാത്രമേ സംസാരിക്കുന്നുളളൂ. നീ ശ്രദ്ധിക്കാഞ്ഞിട്ടാ ഇതൊക്കെ. ഇനി തിരിച്ച് ചെന്നിട്ട്…”
തിരിച്ച് ചെന്നിട്ടുളള വിഷമങ്ങൾ സുവിക്തമാണ്. മുൻപ് പലതവണ അറിഞ്ഞിട്ടുളളതാണ് ഈ ഏഴുവയസ്സുകാരന്റെ ധർമ്മസങ്കടങ്ങൾ. ആദ്യകാലങ്ങളിൽ പല ഗെറ്റ് ടുഗതറുകളിലും ചോക്കളേറ്റ് കവിളുകളും മുന്തിരിക്കണ്ണുകളുമുളള ഞെണുങ്ങാണിക്കുഞ്ഞുങ്ങൾ വാ നിറയെ ഇംഗ്ലീഷുമായി അടുത്ത് വന്ന് കിലുങ്ങാറുണ്ട്.
“ആന്റി സീ, അദ്വൈത് ഈസ് എൽഡർ ടു മി. സ്‌റ്റിൽ ഹി ഡസ്‌ന്റ് സ്പീക്ക് ഇംഗ്ലീഷ്.”
“ലുക്ക് ആന്റി, അദ്വൈത് ഹാവ് നോ മാനേഴ്‌സ്. സീ ഹൗ ഹി കവേഴ്‌സ് ഹിസ് ഫേസ് വൈൽ സ്നീസിംഗ്.”
(എന്റെ പാൽക്കട്ടിക്കുഞ്ഞേ തുമ്മൽ വരുമ്പോൾ അവൻ മുഖം മറയ്‌ക്കാതിരിക്കുന്നില്ലല്ലോ.)
“സീ സീ, ഹൗ ഹി ക്യാച്ചസ് ഹിസ് നൈഫ്… ഹൗ ഹി ഹോൾഡ്‌സ് ഹിസ് ഫോർത്ത്….”
“ആന്റി അദ്വൈത് സ്വങ്ങ്‌സ് ഹിസ് ലെഗ്‌സ് വൈൽ ഈറ്റിംഗ്….”
“വരട്ടെ പിറ്റി! ആന്റി അദ്വൈത് ഡസ്‌ന്റ് നോ ഹൂയീസ് പൊപ്പോയ്.”
നീണ്ടുനീണ്ട പരാതിച്ചങ്ങലകൾ.
ദേ ഞെണുങ്ങാണി പിളേളരെ, നിങ്ങൾക്കറിയാത്ത പലകാര്യങ്ങളും അദ്വൈതിനറിയാം മനസ്സിലായോ. പൊപ്പോയും ചീപ്പ് ആൻഡ് ഡെയ്‌ലും കാർട്ടൂൺ കഥാപാത്രങ്ങളും മാത്രമല്ല ഈ ലോകത്ത് ഉളളതെന്നും… മഹാരഥന്മാരായ പല വ്യക്തികളും, അവരുടെ പ്രയത്നങ്ങളും കൊണ്ടാണ് നമ്മളിന്നിപ്പോൾ സസുഖം ജീവിക്കുന്നതെന്നും, നമ്മൾ ജീവിക്കുന്ന ഈ രാജ്യം കൂടാതെ ലോകത്തിൽ മറ്റുപല രാജ്യങ്ങളുണ്ടെന്നും… അങ്ങനെ ഒരു മഹാരാജ്യത്ത് കേരളമെന്ന കൊച്ച് ദേശമുണ്ടെന്നും…മുയൽക്കുട്ടിയും പൂച്ചയും തത്തയുമൊക്കെ വെറും കളിപ്പാട്ടങ്ങൾ മാത്രമല്ല ജീവനുളള മൃഗങ്ങളാണെന്നും… സിനിമയിൽ മാത്രമല്ല ജീവിതത്തിലും തോണിതുഴഞ്ഞ് പുഴയ്‌ക്കക്കരെ എത്താമെന്നും, എന്നും… എന്നും…ഗ്രാന്റ് പാരൻസ് എന്നാൽ കാഴ്‌ചബംഗ്ലാവ് സന്ദർശിക്കുന്ന ലാഘവത്തിൽ ഹോമേജിൽ പോയി “ഹായ് ഹൗ ആർയു” എന്നന്വേഷിച്ച് റെഡിമെയ്‌ഡ് ചുംബനങ്ങളും നൽകി നിർമ്മരായി തിരിച്ച് വരേണ്ടവരല്ല. മറിച്ച് നിറയെ കുട്ടിക്കഥകളും സ്വപ്‌നങ്ങളുമായി കൊച്ച് മക്കളെ കാത്തിരിക്കുന്ന സ്‌നേഹമാണെന്നും അവനറിയുന്നു.
വാക്കുകളും ശബ്‌ദങ്ങളും ഊറ്റിയെടുത്ത നിസംഗത നിറഞ്ഞ പതിവ് മറുപടിച്ചിരിയിൽ നിന്ന് ഊർന്നിറങ്ങി അവർ മേശപ്പുറത്തെ ഫ്രഞ്ച് ഫ്രൈയിലേക്കും ചോക്കളേറ്റ് ഐസ്‌ക്രീമുകളിലേക്കും കയറിപ്പോയി. പാവം മോനു. എന്റെ നിർബന്ധമായിരുന്നു. വീട്ടിലും മലയാളിക്കുട്ടികളുടെ ഇടയിലും മാതൃഭാഷ തന്നെ സംസാരിക്കണമെന്ന്. അതുതന്നെ ശരത്തിന്റെ അസാന്നിധ്യത്തിൽ മാത്രം ഇടയ്‌ക്ക് എപ്പോഴോ ശരത്തിന്റെ ക്ഷുഭിതമായ മുഖം കണ്ടതുപോലെ തോന്നിയിരുന്നു. മോനു വീണ്ടും എന്തോ വങ്കത്തരം കാട്ടിയിരിക്കണം. അല്ലെങ്കിൽ ഒരുപക്ഷെ പരാതി ചങ്ങലയുടെ മറ്റേ അറ്റം ശരത്തിന്റെ കാതിലും ചെന്ന് മുട്ടിയിരിക്കണം. ഒരാഴ്‌ച നീണ്ട് നിന്ന സങ്കീർണ സായാഹ്നങ്ങൾക്കകം ശരത്ത് തന്നെ കാര്യങ്ങൾ വേണ്ടവിധം പരിഹരിച്ചു.
“നോക്കൂ, ശരത്ത് നമ്മുടെ ഭാഷ, സംസ്‌കാരം….”
“സംസ്‌കാരം മണ്ണാങ്കട്ട.”
ശരത്തിന്റെ ക്രോധം മേൽത്തട്ടിൽ മുട്ടിനിന്നു.
“ഈ സൈബർയുഗത്തിൽ അങ്ങിനെ വേറിട്ടൊരു സംസ്‌കാരത്തിന് നിലനില്പില്ല മനസ്സിലായോ. എല്ലാ സംസ്‌കാരങ്ങളും കൂടിക്കലർന്ന് പുതിയൊരു സംസ്‌കാരം. അതാണ് ഇനി ഉണ്ടാകാൻ പോകുന്നത്. അതിനിടയിൽ ആർക്ക് വേണം നിന്റെയീ സ്‌റ്റുപിഡ് ലാംഗ്വേജ്.”
പിന്നീടുണ്ടായ ഓരോ വിരുന്നിലും മോനു കൂടുതൽ മൗനിയും അന്തർമുഖനുമായി കാണപ്പെട്ടു. മുറിഞ്ഞുപോയ പരാതിക്കണ്ണികൾ കൂട്ടിചേർക്കാനായി കുഞ്ഞുവായിൽ നിറഞ്ഞ വർത്തമാനങ്ങളുമായി ഞെണുങ്ങാണിക്കുഞ്ഞുങ്ങൾ വീണ്ടും എന്നെ തേടിയെത്തി.
“യൂ ബോത്ത് ലുക്ക്‌സ് വെരി സ്‌മാർട്ട് ബട്ട്… വൈ ദിസ് അദ്വൈത് സോ ഡൾ. ഹി ലുക്ക്‌സ് ടൂ ക്വയറ്റ് ആൻഡ് ഗ്ലൂമി.”
എന്റെ കുഞ്ഞുങ്ങളെ നിങ്ങൾ മനസ്സിലാകുന്നവിധത്തിൽ ഇതിന് മറുപടി തരാൻ എനിക്ക് വശമില്ല. നിങ്ങൾ പാവക്കുട്ടികളല്ലേ. മമ്മിയും ഡാഡിയും ആഗ്രഹിക്കുമ്പോൾ ചിരിക്കാനും കരയാനും പാട്ട് പാടിക്കാനും നൃത്തം വെപ്പിക്കാനും കീ കൊടുത്ത് സെറ്റ് ചെയ്‌തുവെച്ച സ്‌പ്രിങ്ങ് പാവകൾ. നിങ്ങൾ വളർന്ന് വലുതാവുമ്പോൾ നിങ്ങളുടെ വ്യക്തിത്വം ഒരു യന്ത്രപ്പാവയുടേതിൽ നിന്നും വ്യത്യസ്തമാവുന്നതെങ്ങനെ?
കാറിനകത്ത് ആകപ്പാടെ ഒച്ചപ്രളയം. ശരത്ത് പതാകയുടെ എണ്ണവും നിറങ്ങളും വർദ്ധിപ്പിച്ചിരിക്കുന്നു. വിഷയം രാഷ്‌ട്രീയമായതുകൊണ്ടാവണം ശ്രീധരേട്ടനും ഉണർവിലാണ്. ഒരുപക്ഷെ ശ്രീധരേട്ടൻ തന്നെയാവണം ഈ വിഷയത്തിലേക്ക് ആദ്യം വഴുതിവീണത്.
മടിയിൽ മോൾ ഞെട്ടിയുണർന്ന് കാലുകൾ കുടഞ്ഞ് ചിണുങ്ങിക്കരയാൻ തുടങ്ങി. കഷ്‌ടം! ഇവർക്കൊരുത്തിരി പതുക്കെ സംസാരിച്ചാലെന്താ ദൈവമേ! മോളുണർന്നാൽ എന്റെ സാരി…
ബാഗിൽ നിന്നും പാൽക്കുപ്പിയെടുത്ത് ചുണ്ടിൽ തിരുകിവെച്ചുകൊടുത്തു. വിശപ്പ് തുടങ്ങിയിട്ടുണ്ടാവും. വെളുപ്പിന് ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്. കാറിനകത്ത് ബഹളം ഒന്നുകൂടി വർദ്ധിക്കപ്പെട്ടു. ഡ്രൈവറും അവർക്കൊപ്പം ചേർന്നിരിക്കുന്നു. വിഷമദ്യദുരന്തത്തിൽ പിടിക്കപ്പെട്ട മദ്യലോബിയുമായി ഒരു മുൻമന്ത്രിക്കുളള ബന്ധമാണെന്ന് തോന്നുന്നു തർക്കവിഷയം. പാൽ കുടിക്കുന്നത് നിർത്തി മോൾ വീണ്ടും ഉറക്കത്തിലേക്ക് തന്നെപോയി. കുപ്പി അടച്ച് തിരികെ ബാഗിൽ നിക്ഷേപിച്ച് മോളെ ഒന്നുകൂടി ദേഹത്തോട് ചേർത്തു പിടിച്ചു. പിറകിലോട്ട് ചാഞ്ഞു. കണ്ണുകൾ പാതിമാത്രം അടച്ചാണ് അവൾ ഉറങ്ങാറുളളത്. നിന്റെ കണ്ണുകളാണ് മനു ഇവൾക്ക് കിട്ടിയിട്ടുളളത്. സ്വപ്നങ്ങളുടെ ഭാരത്തിൽ താഴേക്കൂർന്ന നീണ്ട വലിയ കണ്ണുകൾ. (ഈ യാത്ര നിന്റെ ക്ഷേത്രനഗരിയിലേക്കായിരുന്നിട്ടുകൂടി ഇത്രയും നേരം എന്റെ ചിന്തകളിൽ പെടാതെ നീ ഒളിച്ചു മാറിനിന്നതെന്തിനായിരുന്നു മനു) ഒരു സുരതത്തിന്റെ സഹായമില്ലാതെയാണ് നിന്റെ കണ്ണുകളെ എന്റെ ഗർഭപാത്രം പകർത്തിയെടുത്തിരിക്കുന്നത്. ഈയിടെ എപ്പോഴോ വായിച്ച കഥയിലേതുപോലെ ആ സമയങ്ങളിൽ, ഞാൻ നിന്നെയായിരിക്കുമോ ധ്യാനിച്ചിട്ടുണ്ടാവുക. പക്ഷെ മനു, ഒരുമിച്ച് പഠിച്ചിരുന്നപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കൾപ്പോലും ആയിരുന്നില്ലല്ലോ. ദേരയിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിൽ വർഷങ്ങൾക്കുശേഷം നിന്നെ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ അമ്പരപ്പ് നിറഞ്ഞ ആഹ്ലാദം, നമ്മുടെ ഓരോ കൂടിക്കാഴ്‌ചയിലും നിലനിർത്താൻ നിനക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ കൊച്ചുഫ്ലാറ്റിൽ നീ വെളളിയാഴ്‌ച സന്ദർശകനായപ്പോൾ, പ്രാരാബ്‌ദങ്ങൾക്കിടയിലെവിടെയോ മറന്നുവെച്ച കവിത പൂപ്പൽപ്പാട് നീക്കി നീ മിനുക്കിയെടുത്തപ്പോൾ, അതിന്റെ അവകാശം മുഴുവനും എനിക്കനുവദിച്ച് തന്നപ്പോൾ,… അപ്പോഴൊക്കെയും ഉളളിൽ നിറഞ്ഞ് നിന്നിരുന്ന പ്രണയം മറനീക്കി ഉതിർന്ന് വീഴാതിരിക്കാൻ ഞാൻ അമർത്തിപ്പിടിക്കുകയായിരുന്നു. (എന്തുകൊണ്ടോ ശരത്തിനും നിന്നെ വളരെ ഇഷ്‌ടമായിരുന്നു. ആ മനുഷ്യനെ പൂർണ്ണമായും മനസ്സിലാക്കാൻ എനിക്കിനിയും സാധിച്ചിട്ടില്ല) ഇല്ല മനു, എന്റെ പ്രണയം ഞാൻ വെളിപ്പെടുത്തില്ല. നീ അതാഗ്രഹിക്കുന്നുവെങ്കിൽ കൂടി. ഞാൻ ഭയപ്പെടുന്നു. ശരത്തിനെ, സമൂഹത്തിനെ, എന്റെ കുഞ്ഞുങ്ങളെ.
ഇതെന്താ വണ്ടി നിർത്തിയിട്ടിരിക്കുകയാണല്ലോ. പെ്രടോൾ ബങ്കാണോ? ഓ അല്ല ലെവൽക്രോസാണ്. മോനുവിന്റെ ക്ഷീണിച്ച മുഖം. പാവം കുട്ടി. ഇന്നലെ മുഴുവൻ പനിച്ച് കിടന്നതാണ്. മോനുവിനെ അടുത്തേയ്‌ക്ക് ചായ്‌ച് മോളുടെ കാലല്പം നീക്കി ഒഴിവുണ്ടാക്കി, മടിയിലേക്ക് കിടത്തി. ശരത്തും ശ്രീധരേട്ടനും എവിടെ, അവരിരുന്ന ഭാഗം ശൂന്യമായിരിക്കുന്നു. കണ്ണെത്തുന്നേടത്തൊന്നും ഒരു മുറുക്കാൻ കടപോലും ഇല്ല. ഏതോ ഗ്രാമത്തിനകത്തെ ചെറിയ ലെവൽ ക്രോസിംഗ് ആയതുകൊണ്ടാകണം, കാത്ത് നില്പിനായി നാലഞ്ച് വാഹനങ്ങൾ മാത്രമായത്. ലക്ഷ്യത്തോടടുത്തുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവാക്കാനാവാത്ത ഇത്തരം കാത്ത് നിൽക്കലുകൾ ദുഃസ്സഹമാവുന്നു. ഉറക്കം കൺപോളകളുടെ ഭാരം വർദ്ധിപ്പിച്ചും നീണ്ട ഒരു കോട്ടുവായിലൂടെയും സാന്നിദ്ധ്യം നിജപ്പെടുത്തി. ശരത്തും ശ്രീധരേട്ടനും എവിടെപ്പോയിരിക്കും. ഡ്രൈവറുടെ ശബ്‌ദം ഇഴഞ്ഞ് വന്ന് കേൾവിയെ എത്തിപ്പിടിച്ചു.
“ചേച്ചി മയക്കത്തിലാവൂന്ന് കരുതിയാ മിണ്ടാതിരുന്നത്. ചേട്ടന്മാര് ദാ അവിടെണ്ട്.”
എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ മറവിൽ ഒരു ചെറിയ തട്ടുകട. മുന്നിലെ കണ്ണാടിയിൽ നിന്നും രണ്ട് ചെന്നായക്കണ്ണുകൾ എക്സറേ രശ്മികളായി വസ്‌ത്രപാളിക്കുളളിലെ മാംസത്തുടിപ്പുകൾ നുളളിപ്പറിക്കുന്നു. കണ്ണുകളിൽ അഗ്നി ആളിച്ച് രൂക്ഷമായൊരു നോട്ടം കണ്ണാടിയിലേക്ക് തൊടുത്തുവിട്ടു. അയാൾക്ക് യാതൊരു കൂസലുമില്ല. പുഴുക്കൾ അരിച്ച് നടക്കുന്നത് പോലെ ഒരു ഞളുഞ്ഞളുപ്പ് അനുഭവപ്പെടുന്നു. ശരത്തിനോട് പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടാകാൻ ഇടയില്ല.
“ചന്തം കാണുന്നേടത്ത് ആണുങ്ങൾ ശ്രദ്ധിക്കും. നീയെന്താ വെണ്ണപ്പുല്ലാണോ അപ്പോഴേക്കും ഉരുകിത്തീരാൻ” വേണ്ടാ അത് കേൾക്കാൻ വയ്യാ.
ഭർത്താവിന്റെയും കുഞ്ഞുങ്ങളുടേയും ഒപ്പം സഞ്ചരിക്കുമ്പോൾപോലും ഒരു സ്‌ത്രീയുടെ മനസ്സ് മാനഭംഗത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല. ദുർവിധിയാണിത്.
പ്രതിഷേധിക്കാൻ ആഗ്രഹമില്ലാഞ്ഞല്ല. വളർന്ന് വന്നിട്ടുളള ജീവിത സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച അമിത സദാചാരബോധത്തിനാലാവാം പ്രതികരണശേഷി മുനയൊടിക്കപ്പെട്ടിരുന്നു. വാർത്തുകഴിഞ്ഞ ലോഹവസ്‌തുക്കൾപ്പോലെ സ്വഭാവവും വ്യക്തിത്വവും ഉറച്ച് കഴിഞ്ഞിരിക്കുന്നു.
എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നുണ്ടെങ്കിൽ അതിതുമാത്രമായിരിക്കും. എന്റെ മോനുവിനെ മറ്റൊരു ശരത്താവാൻ അനുവദിക്കാതെ, മോൾക്ക് എന്റെയും ശാരദേടത്തിയുടേയും പ്രതിരൂപം നൽകാതെ ഈ തലമുറയുടെ ദുര്യോഗങ്ങളും ദൗർഭാഗ്യങ്ങളും ഒന്നും അടുത്ത തലമുറയിലേക്ക് സംക്രമിക്കാതിരിക്കാൻ ശ്രദ്ധിക്കാം. കൃഷ്‌ണമണികളെ കൺപോളകൾക്കുളളിൽ ഒളിപ്പിച്ച് പരിസരം മുഴുവൻ ഇരുട്ടിലേക്ക് എറിഞ്ഞ് അറിഞ്ഞുകൊണ്ടുതന്നെ ഒരൊട്ടകപ്പക്ഷിയായി മാറി.
Generated from archived content: story_ottakappakshi.html Author: bindu_sandosh