ആകാശം, ഭൂമി ചില ഇടപെടലുകൾ

ആകാശം

ആകാശത്തിന്‌ മുഖം നോക്കാനായി ഭൂമിയുടെ ചിലയിടങ്ങൾ മഴ തളിച്ച്‌ വാൽക്കണ്ണാടിയാക്കി മിനുക്കിവെച്ചിട്ടുണ്ട്‌. ഇപ്പോഴാണെങ്കിൽ ആകാശത്തിന്റെ സൗന്ദര്യബോധം അവസാനിച്ചിരിക്കുന്നുവോ എന്നൊരു സംശയം. മങ്ങി തുടങ്ങിയ വാൽക്കണ്ണാടിയുടെ തിളക്കം നിലനിർത്താൻകൂടി ശ്രമിക്കുന്നതേയില്ല.

ചില ഇടപെടലുകൾ

വൃത്തികെട്ട ഒരു ഭോഗത്തിനുളള തയ്യാറെടുപ്പിൽ വികാരശൂന്യയായി ഭൂമി ആകാശത്തേയ്‌ക്ക്‌ മലർന്നു. ആകാശമോ ഉദ്ധരിച്ച പുരുഷാർത്ഥങ്ങളിൽ ഉണരാത്ത ഭൂമിയെ സ്‌പർശിക്കാതെ കോപത്തിലേക്ക്‌ നീളുന്ന മടുപ്പിൽ പുറം തിരിഞ്ഞു. ഏന്തിവലിഞ്ഞ്‌ എത്തിനോക്കിയ ചെകുത്താൻ ഇതിലിടപ്പെട്ടു.

ആവർത്തന വിരസതയുടെ പല പല മാനങ്ങളുടെ സ്‌റ്റഡിക്ലാസ്സുകൾ.

അങ്ങിനെ ആകാശങ്ങളിൽ നിന്ന്‌ ആകാശങ്ങളിലേക്ക്‌ സൗരയൂഥം തെറ്റി ഭ്രമണം ചെയ്‌തു ഭൂമി. നേരംപോക്കുകൾക്കായി ആകാശം ഗ്രഹങ്ങൾ മാറിമാറി ക്ഷീരപഥ സഞ്ചാരം ചെയ്‌തു.

ഒടുവിൽ കേട്ട ചില അടുക്കളപ്പറച്ചിലുകൾ

കല്ലിച്ചുപോയ ഒരു ഗർഭത്തിന്റെ അസ്തിത്വത്തിനായി ഭൂമിയെ പ്രാപഞ്ചികകോടതിവരാന്തയിൽ കണ്ടുവത്രെ! വിനോദങ്ങളുടെ അജീർണ്ണതയിൽ വന്നുഭവിച്ച സ്തംഭനാവസ്ഥയുടെ ശമനത്തിനായി ആകാശം ആപോത്തിക്കിരികളെ കുരിക്കിട്ട്‌ പിടിക്കുന്നുപോലും!

ഭൂമി

ഭൂമി ഒരിക്കൽകൂടി സൂക്ഷിച്ചു നോക്കി. ശരിയാണ്‌ തന്റെ ഛായ വിതുമ്പുന്നുണ്ട്‌. മൂക്കും കണ്ണും ചുവന്നിട്ടുണ്ട്‌, നീരൊഴുക്കുന്നുണ്ട്‌. ഓ! ഭൂമി പുച്ഛിച്ച്‌ ചിറികോട്ടി. ഛായയ്‌ക്ക്‌ നിയന്ത്രണം വിട്ടു. ഛായ ചൊടിച്ചു. ഇത്രയധികം പേർ ദാക്ഷിണ്യമില്ലാതെ ചവിട്ടിമെതിച്ചിട്ടും നിനക്ക്‌ സങ്കടമില്ലെന്നോ. അവരൊക്കെയും നിന്നെ ധ്വംസിച്ചിട്ടും ഇത്രയധികം അപഹസിച്ചിട്ടും നീ കോപിക്കുന്നില്ലല്ലോ. നിനക്ക്‌ പക വീട്ടേണ്ടെ. പ്രതിവചിക്കാതെ മുഖമൊന്നുകൂടി വക്രിച്ച്‌ ഭൂമി കണ്ണാടി ഉടച്ചുകളഞ്ഞു.

അപ്പോൾ മുതൽക്കാണ്‌ പ്രളയകാലം ആരംഭിച്ചത്‌. എത്താനിരിക്കുന്ന ഏതോ ഒരു നോഹയുടെ പേടകത്തിനായി ഭൂമി പ്രളയജാലകം തുറന്നു.

Generated from archived content: aug20_story2.html Author: bindu_sandosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here