ഒട്ടേറെ അസാധാരണകളുള്ള ഒരു സൃഷ്‌ടി

ഇതു വായിച്ചു നോക്കു നല്ല നോവൽ എന്ന ധൈര്യപൂർവ്വം നിർദ്ദേശിക്കാവുന്ന പുസ്‌തകമാണ്‌ ബേബി കുര്യന്റെ കൂരാപ്പ്‌ എന്ന ചെറുനോവൽ. ഒരു നിമിഷം പോലും ഇതു വായനക്കാരനെ മുഷിപ്പിക്കില്ല. മറിച്ച്‌ അടുത്ത നിമിഷം എന്തു സംഭവിക്കുന്നു എന്നറിയാൻ, ഈ ജീവിതങ്ങളൊക്കെ എങ്ങനെ തീരുന്നു എന്നറിയാൻ നമുക്ക്‌ വെമ്പലായിരിക്കും. ചെറിയൊരു നാടൻ പ്രേമത്തിന്റെ അതിസൂക്ഷ്‌മമായ ഇഴയെ അടിസ്‌ഥാനപ്പെടുത്തിയാണ്‌ കഥയുടെ സിരാപടലം വികസിച്ചിരിക്കുന്നത്‌. ഒരു കൂരാപ്പായ (കുഞ്ഞൻ) കോക്കിയെ സമൂഹത്തിന്റെ സാമാന്യമായ അളവുകോലുകൾ വച്ചുനോക്കിയാൽ സുന്ദരൻ എന്നു വിളിക്കാൻ പറ്റില്ല. എങ്കിലും ആരോഗദൃഡഗാത്രനായ ഒരു ചെറു ബാല്യക്കാരനാണയാൾ. അതേ ഗ്രാമത്തിലെ തന്നെയുള്ള ആകർഷണീയമായ വലിയ കണ്ണുകളുള്ള പെൺകിടാവാണ്‌ എലീശാ. ബാല്യകൗമാരകാലത്തേ ഇവർ തമ്മിൽ പരിചയമുണ്ട്‌. ഇവർ തമ്മിലുള്ള പ്രേമം, പ്രേമത്തകർച്ച, രണ്ടുപേരുടേയും വേറെ ആളുകളുമായുള്ള വിവാഹം, കോക്കിയുടെ വിവാഹത്തകർച്ച, തിരോധാനം, സിദ്ധന്റെ രൂപത്തിലുള്ള തിരിച്ചു വരവ്‌ സിദ്ധനെന്ന നിലയിൽ കോക്കിയുടെ നാട്ടിലെ പ്രമാണിത്തം, ഈ പ്രമാണിത്വത്തിന്റെ സാവധാനമുള്ള ശൈഥില്യം, ദയനീയവും നിരാശ്രയവുമായ അയാളുടെ വാർദ്ധക്യം, വാർദ്ധക്യത്തിന്റെ അവഗണനയിൽ ഏലീശായുമായുള്ള അപ്രതീക്ഷിത കണ്ടുമുട്ടൽ ഇങ്ങനെയാണ്‌ കഥപോകുന്നത്‌.

സെന്റിമെന്റിലിസത്തിലേക്ക്‌ കൂപ്പുകുത്താവുന്ന ഒരുപാട്‌ സന്ദർഭങ്ങളുണ്ട്‌ നോവലിൽ. ആ ഘട്ടങ്ങളൊക്കെ നോവലിസ്‌റ്റ്‌ പരിക്ക്‌ പറ്റാതെ കൈകാര്യം ചെയ്‌തിരിക്കുന്നു. ഈ നോവൽ അവസാനിപ്പിച്ചിരിക്കുന്ന രീതി ഏറ്റവും അഭിനന്ദനാർഹമാണ്‌. കോക്കിയെന്ന മനുഷ്യൻ അയാളുടെ ഗ്രാമീണർക്കെന്നപോലെ വായനക്കാർക്കും ഒരു പ്രഹേളികയാണ്‌. ജീവിച്ചിരിക്കെ മിത്തായി തീർന്നവനാണ്‌. ഈ മനുഷ്യനെ എന്തുചെയ്യും, നോവൽ എങ്ങനെ അവസാനിപ്പിക്കും എന്നെല്ലാം വായനക്കാർ പല ഘട്ടത്തിലും അമ്പരക്കും. നോവലിസ്‌റ്റ്‌ രചനാ വേളയിൽ ഇതേപോലെ അമ്പരന്നിരിക്കും. ഏതായാലും വളരെ ഭംഗിയായും സുരക്ഷിതമായും ആ കടമ്പ നോവലിസ്‌റ്റ്‌ കടന്നിട്ടുണ്ട്‌. 2007-ലെ മെലിൻഡ്‌-സുരഭി ഒ.വി.വിജയൻ സ്‌മാരക നോവൽ രചന അവാർഡ്‌ നേടിയ കൃതിയാണ്‌ ഇതെന്നുകൂടി സൂചിപ്പിച്ചോട്ടെ.

(കടപ്പാട്‌ – മലയാളം വാരിക)

Generated from archived content: book1_may28_09.html Author: bindu_kprasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English