കോടതിയെ കുറ്റം പറയാനുള്ള അധികാരം കമ്മ്യൂണിസ്‌റ്റുകാർക്കു മാത്രമേ ഉള്ളുവെന്ന് ആരും ധരിക്കരുത്. ഉത്തരം മുട്ടുമ്പോൾ കോടതിക്കു നേരെ കൊഞ്ഞനം കുത്തുന്ന തന്ത്രം ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികളെല്ലാവരും പരീക്ഷിച്ചതാണ്, ചിലർ കോടതി നടപടിയുടെ ചൂടും അറിഞ്ഞു. കേരളത്തിൽ ലാവ്‌ലിൻ കേസുമുതൽ ഇങ്ങോട്ട് പിണറായിയും കൂട്ടരും ഇപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കുന്നതും ഇതേ തന്ത്രമാണ്. ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെ പ്രതീകാത്മകമായി നാടു കടത്തുകയും കായലിലെറിയുകയും ചെയ്ത ചുണക്കുട്ടികളെ തീറ്റിപ്പോറ്റുന്ന പാർട്ടിയിൽ ‘നോട്ടുകെട്ടുകളുടെ കനം നോക്കി വിധി പറയുകയാണ് കോടതി’ എന്നു പറഞ്ഞ പാലൊളി മുഹമ്മദുകുട്ടി എത്ര മാന്യൻ. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു ആവേശത്തിന്റെ പുറത്ത് പറഞ്ഞുപോയത്. എന്തൊക്കെയായാലും ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ പ്രശ്നത്തിൽ ഒരു കച്ചിത്തുരുമ്പിനുവേണ്ടി പരക്കം പായുകയായിരുന്നു ഇടതുപക്ഷം. പക്ഷേ കാരാട്ടും പിണറായിയും ആവുന്ന പണി നോക്കിയിട്ടും നടക്കാത്തത് മൻമോഹൻ സിംഗിനു കഴിഞ്ഞിരിക്കുന്നു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സൗഹാർദ്ദപൂർവ്വമായ പ്രവർത്തനം ഉറപ്പാക്കാൻ കോടതികൾ അതിർത്തി ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നീതിനിർവ്വഹണം വേഗത്തിലാക്കാൻ ചേർന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരുടെയും സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയോടെ പ്രധാനമന്ത്രിയും കോടതികൾ അതിരുവിടുന്നുണ്ടെന്നു പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പക്ഷേ ആ പ്രസ്താവനയൊന്നും കോടതിയെ പരസ്യമായി വിമർശിച്ച പാലൊളിയെ ന്യായീകരിക്കാനുള്ളതാകുന്നില്ല. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയേയും അടിക്കാൻ കിട്ടിയ വടി പിണറായിയും കൂട്ടരും നന്നായി ഉപയോഗിച്ചു എന്നുവേണം പറയാൻ.
ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ സീറ്റ് റദ്ദു ചെയ്ത അലഹബാദ് ഹൈക്കോടതിവിധിയും തുടർന്ന് കോടതിയ്‌ക്കു മുകളിൽ അവർ പിടി മുറുക്കാൻ ശ്രമിച്ചതും തുടർന്നുണ്ടായ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയും കോൺഗ്രസിന്റെ സംഭാവനയായിരുന്നു. അതുപോലെ ഡൽഹിയിൽ വിധിക്കെതിരെ കോടതി ആക്രമിച്ചതും നമുക്ക് സ്വാതന്ത്ര്യം നേടി തന്നു എന്ന് അഹങ്കരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരാണ്. അതെ തലമുറയിലെ പിൻമുറക്കാരനായ മൻമോഹൻ സിംഗാണ് കോടതിയലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നതാണ് രസകരം.
കോൺഗ്രസുകാരെ പ്രതിപക്ഷത്തിരുത്താനും കൊള്ളില്ല കമ്മ്യൂണിസ്‌റ്റുകാരെ ഭരണത്തിലിരുത്താനും കൊള്ളില്ല എന്നത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തരത്തിലായിരുന്നു എ ഡി ബി പ്രശ്നവും കോടതിയിടപെടലും ഇരുകൂട്ടരും കൈകാര്യം ചെയ്തത്. എ ഡി ബിക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ ചന്ദ്രഹാസമിളക്കിയ അച്യുതാനന്ദനും കൂട്ടരും രണ്ടോ മൂന്നോ ഫുൾസ്‌റ്റോപ്പോ മറ്റോ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി കരാറൊപ്പിട്ടിട്ടും യു ഡി എഫിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത് വീണുകിട്ടിയത് അല്പം വലിയ മീൻ തന്നെയായിരുന്നു, കോടതിലക്ഷ്യം, കോടതി പരാമർശത്തെത്തുടർന്നാണ് പല കാലങ്ങളിലായി യു ഡി എഫിന്റെ നാലു മന്ത്രിമാർ പുറത്തുപോയത്. കോടതിയുടെ പരാമർശം വന്നതോടെ സത്യപ്രതിജ്ഞ ലംഘിച്ച പാലൊളി രാജിവെയ്‌ക്കണമെന്ന് അട്ടഹസിച്ച ഉമ്മൻ ചാണ്ടിയെ പ്രധാനമന്ത്രിയുടെ പ്രസ്താവന കാണിച്ച് പിണറായി വെല്ലുവിളിച്ചിട്ടുപോലും നേതാക്കൾ പതിവു തണുപ്പൻ രീതിയിൽ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ‘ആലോചിച്ച്’ മുന്നോട്ടുപോകുകയാണ്.
കോൺഗ്രസുകാരെ കാൽകാശിനു കൊള്ളില്ലെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാം. സ്വാശ്രയക്കേസടക്കം ഈ സർക്കാർ തിരിച്ചടികൾ നേരിട്ടപ്പോഴൊക്കെ കോൺഗ്രസ് തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്. സ്വാശ്രയ കോളേജ് കേസിൽ നിർണ്ണായക വിധിവന്നപ്പോൾ മുതിർന്ന സർക്കാർ അഭിഭാഷകനെ നാട്ടിൽ അവധിയാഘോഷിക്കാനനുവദിച്ച് കോടതിയിലേക്ക് പറഞ്ഞുവിട്ടത് കേരളസർക്കാരിന്റെ ജൂനിയർ അഭിഭാഷകനെ. പ്രതികൂലമായി വിധിവന്നശേഷം പുതിയ നിയമനിർമ്മാണത്തിനൊരുങ്ങിയ സർക്കാരിന് അവിടെയും തിരിച്ചടി നേരിട്ടു. എന്നിട്ടും യു ഡി എഫ് പ്രത്യേകിച്ചൊരു പ്രക്ഷോഭവും സംഘടിപ്പിച്ചില്ല.
‘പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കുമുള്ള സർക്കാർ നിയമം കോടതി അട്ടിമറിച്ചു’. എന്നാണ് വിവാദ പ്രസംഗത്തിൽ പാലൊളി വിലപിച്ചത്. സ്വാശ്രയകോളേജ് പ്രശ്നം പാവപ്പെട്ടവരുടെ പ്രശ്നമായിരുന്നെങ്കിൽ, പാവപ്പെട്ടവരോട് കൂറുപുലർത്തുന്നവരായിരുന്നു ഇന്നു കേരളം ഭരിക്കുന്ന കമ്മ്യൂണിസ്‌റ്റു പാർട്ടിയെങ്കിൽ അന്തിമവാദം കേൾക്കുമ്പോൾ മുതിർന്ന അഭിഭാഷകനെ എന്തിന് അവധി ആഘോഷിക്കാൻ അയച്ചു? വാദം നടക്കുമ്പോഴും വിധി പറയുമ്പോഴും സർക്കാർ വക്കീലൻമാരുടെ ഭാഗത്തു നിന്നും അലസമായ നിലപാടാണ് ഉണ്ടായതെന്ന് അന്നേ ആരോപണമുയർന്നിരുന്നു, അതിനെതിരെ ഒരു ചെറുവിരലനക്കാതെ കോടതിയെ പഴിക്കാൻ സി പി എമ്മിന് ധാർമ്മികമായി എന്ത് അവകാശമാണുള്ളത്. അരമനകൾ കയറിയിറങ്ങി കേരളയാത്ര നടത്തിയ പാർട്ടിയിൽ നിന്നും സഭാ നേതൃത്വങ്ങൾക്ക് മേൽക്കൈയുള്ള സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളുമായി നടത്തിയ കേസിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്.
വൈദ്യുതി മന്ത്രി എ കെ ബാലനെതിരെയുള്ള കോടതി വിധിയുടെ കാര്യത്തിലായാലും ചെയ്യേണ്ടത് ചെയ്യേണ്ടിടത്ത് ചെയ്യാഞ്ഞിട്ടാണെന്ന് ഏതു പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിക്കുമറിയാം. നിയമസഭാ സമ്മേളനം നടക്കുന്ന കാര്യം നേരത്തെ വെളിപ്പെടുത്താൻ സാഹചര്യമുണ്ടായിട്ടും അത് ചെയ്യാതെ കോടതിയെക്കൊണ്ട് വാറണ്ട് പുറപ്പെടുവിച്ചതിന് ആരാണ് ഉത്തരവാദി. കോടതിയുടെ ഭാഗത്തു നിന്ന് പിണറായിയും പാലൊളിയും അച്യുതാനന്ദനുമൊക്കെ പറയുന്നതുപോലെയുള്ള സമീപനമുണ്ടെങ്കിൽ പിന്നെ അതിനെതിരെ നിയമപരമായി ഒരു പരാതിപോലും ഫയൽ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ഏതെങ്കിലും ഒരു ന്യായാധിപൻ നോട്ടുകെട്ടുകൾ എണ്ണിവാങ്ങിയിട്ടുണ്ടെന്ന് പാലൊളിക്ക് ചൂണ്ടിക്കാണിക്കാനാകുമോ? മേൽപറഞ്ഞ സ്വാശ്രയകോടതി വിധിയിൽ തോറ്റതിന് ചീത്തവിളിക്കേണ്ടത് കോടതിയേയല്ല കേസ് വാദിച്ച വക്കീലൻമാരെയാണ്.
ജനങ്ങൾക്കു മുമ്പിൽ അപഹാസ്യനാവുമ്പോൾ കമ്മ്യൂണിസ്‌റ്റുകാർ വർഷങ്ങളായി ചെയ്തുപോരുന്ന സ്ഥിരം നമ്പറുകളാണ് ഇവയെല്ലാം. കഴിഞ്ഞ ദിവസംവരെ മാധ്യമ സിൻഡിക്കേറ്റായിരുന്നു സി പി എമ്മിന്റെ ഇഷ്ടവിഷയമെങ്കിൽ ഇന്നത് കോടതിയായി എന്നേയുള്ളൂ. പാലൊളിയുടെ പ്രസ്താവന തന്നെ 1968ൽ കോടതി അലക്ഷ്യമായ സഖാവ് ഇ എം എസ് നടത്തിയ പ്രസ്താവനയുടെ മറ്റൊരു രൂപമാണ്. ധനികരുടെയും ദരിദ്രരുടെയും കേസുകൾ വരുമ്പോൾ കോടതി ധനികർക്കൊപ്പം നിൽക്കുന്നുവെന്ന ആ പ്രസ്താവനയുടെ പരിഷ്‌കരിച്ച പതിപ്പ്. അന്നു പക്ഷേ ഇ എം എസ് മാപ്പു പറഞ്ഞില്ല. താൻ ചെയ്തത് ശരിയാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിൽ പിന്നെ എന്തിനാണ് പാലൊളി മാപ്പു പറയാൻ പോയത്. ഇ എം എസിനെ പോലെ പാലൊളിക്കും നഷ്ടപ്പെടാൻ ചങ്ങലകൾ മാത്രമല്ലേ ഉള്ളൂ. ലാവ്‌ലിൻ കേസിലും മറ്റും അപഹാസ്യരായിക്കൊണ്ടിരിക്കുന്ന സി പി എമ്മിന്റെ പുതിയ തന്ത്രമായി മാത്രമേ പുതിയ കോടതി വിവാദത്തെയും കാണാൻ പറ്റൂ.
ഭരണകക്ഷിയുടെ ഭാഗത്ത് ഇത്രയും വീഴ്‌ചകളുണ്ടായിട്ടും കാര്യമായി ഒരു പ്രക്ഷോഭം പോലും സംഘടിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അങ്ങനെ യു ഡി എഫും നയിക്കുന്ന കോൺഗ്രസും ഒന്നിനും കൊള്ളാത്തവരാണെന്ന് ഒന്നുകൂടെ തെളിഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ താങ്ങി നിർത്തുന്ന നെടുംതൂണുകളിൽ ജനങ്ങൾക്ക് ഇനിയും വിശ്വാസം നഷ്ടപ്പെടാത്ത നീതിന്യായവ്യവസ്ഥയെ ചെളിവാരിയെറിയുന്നതും അതുനോക്കി നിൽക്കുന്നതും ഒരുപോലെ നെറികേടാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു എന്നു പറയുന്നവർ അതു ചെയ്യുമ്പോൾ അതിനെ എന്തു പേരിട്ടാണ് വിളിക്കുക.
Generated from archived content: politics_apr13_07.html Author: biminith_bs