ടീം കോൺഗ്രസ്സ്‌

ഇരുത്തം വന്ന സീനിയർ കളിക്കാരെ അപ്രസക്തനാക്കി പ്രഥമ ട്വന്റി ട്വന്റി വേൾഡ്‌ കപ്പ്‌ അടിച്ചെടുത്ത മഹീന്ദ്രസിംഗ്‌ ധോണിയുടെ അത്ര ആക്രമണകാരിയല്ലെങ്കിലും രാഹുലും യുവാവാണ്‌. ഐ.ടിയടക്കമുള്ള പുത്തൻ സാങ്കേതിക മേഖലകളെയും ക്രിക്കറ്റിനെയും സാഹസിക വിനോദങ്ങളെയും സ്നേഹിക്കുന്ന യുവാവ്‌. രാജീവിനു ശേഷം ഗാന്ധിപുത്രന്മാർ നേതൃത്വത്തിലില്ലാതെ പതിനാറുവർഷം പിന്നിട്ട കോൺഗ്രസ്സിൽ രാജീവിന്റെ പ്രതിരൂപമായ രാഹുലിനെ ധോണിയോട്‌ ഉപമിച്ചുവെങ്കിൽ പ്രായവും പാരമ്പര്യവുമുള്ള കോൺഗ്രസ്സുകാർക്ക്‌ അതൊരു താക്കീതാണ്‌. വരുന്ന തിരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ നടത്തിയ അഴിച്ചുപണിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തകസമിതി അംഗമായും രാഹുൽഗാന്ധിയെ തിരഞ്ഞെടുത്തത്‌ ഇനിയങ്ങോട്ട്‌ രാഹുലിന്റെ ടീമിന്റെ കാലഘട്ടമാണെന്ന വ്യക്തമായ സൂചനയാണ്‌ നൽകുന്നത്‌. രാജീവ്‌ ഗാന്ധിയുടെ മരണശേഷം രാഹുലിനെ നേതൃത്വത്തിലെത്തിക്കാനുള്ള വ്യക്തമായ തിരക്കഥയുടെ അവസാന രംഗത്തിനും തിരശ്ശീല വീണു കഴിഞ്ഞു.

രാജീവും കൂട്ടുകാരും ചേർന്ന്‌ ഭരിച്ച ആ പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പുനഃസ്സംഘടനയാണ്‌ ഇത്തവണത്തേത്‌. രാഹുലിനൊപ്പം ജോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്‌, സന്ദീപ്‌ ദീക്ഷിത്‌ തുടങ്ങിയ ഒരു പുതിയ ടീമിനെ തന്നെ കോൺഗ്രസ്‌ കളത്തിലിറക്കി കഴിഞ്ഞു. മക്കൾ രാഷ്ര്ടീയത്തിന്റെ പുതിയ കണ്ണികളെന്നതിലുപരി രാജീവിന്റെ അറിയപ്പെടുന്ന കൂട്ടുകാരുടെ മക്കൾ കൂടിയാണ്‌ ഇവരെന്നത്‌ ശ്രദ്ധേയമാണ്‌.

രാജീവ്‌ ഗാന്ധിയുടെ സന്തതസഹചാരിയും ഉറ്റ സുഹൃത്തുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. പോരാത്തതിന്‌ രാഹുലും ജ്യോതിരാദിത്യസിന്ധ്യയും ബാല്യകാല സുഹൃത്തുക്കളും രണ്ടുവർഷം ഡൂൺ സ്‌കൂളിൽ ഒരേ മുറിയിൽ കഴിഞ്ഞവരുമാണ്‌. രാജീവ്‌-മാധവറാവു സിന്ധ്യ കൂട്ടുകെട്ടിനെ, രാഹുൽ-ജ്യോതിരാദിത്യ കൂട്ടുകെട്ടിൽ കാണാം. രാജേഷ്‌ പൈലറ്റിന്റെ മകനായ സച്ചിൻ പൈലറ്റും ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകനായ സന്ദീപ്‌ ദീക്ഷിത്തുമടങ്ങുന്നതാണ്‌ രാഹുലിന്റെ പുതിയ ടീം കോൺഗ്രസ്‌. ഈ പുതിയ ടീമിന്റെ കൈയിലാണ്‌ കോൺഗ്രസ്സിന്റെ യുവജന സംഘടനകളുടെ നേതൃത്വം സോണിയ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നത്‌.

അടുത്ത തിരഞ്ഞെടുപ്പു കാലമാകുമ്പോൾ ഇന്ത്യയിൽ നാല്പതു വയസ്സിനു താഴെയുള്ള വോട്ടർമാരുടെ എണ്ണം മുപ്പതുകോടി കവിയും. അപ്പോഴേക്കും ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഒരു ഗാന്ധിയില്ലാതായിട്ട്‌ ഇരുപത്‌ വർഷം തികയും. കാലമെത്ര പുരോഗമിച്ചാലും ഗാന്ധി കുടുംബത്തോടുള്ള അണികളുടെ ആരാധനയും നല്ലൊരു പങ്ക്‌ ഭാരതീയരുടെ മമതയും കുറയില്ലെന്ന്‌ സോണിയക്ക്‌ നന്നായി അറിയാം. രാഹുലിനെ ഭാവി പ്രധാനമന്ത്രിയായി വാഴ്‌ത്തിയാൽ പെട്ടിയിൽ വോട്ടു വീഴുമെന്ന്‌ ഉറപ്പ്‌. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന യുവാക്കൾക്കൊപ്പം പരമ്പരാഗത വോട്ടുകളും സ്വന്തമാക്കാം. ശരിക്കും ഒരു വെടിക്ക്‌ രണ്ടുപക്ഷി.

ഒരു ഗാന്ധികുടുംബക്കാരനെന്നതിലും ഒരു മുൻ പ്രധാനമന്ത്രിയുടെ മകനെന്നതിലുമുപരി ഇന്ത്യൻ രാഷ്ര്ടീയവുമായി ഒരു ബന്ധവുമില്ലാത്ത രാഹുൽ രാഷ്ര്ടീയം പഠിച്ചു തുടങ്ങിയിട്ട്‌ അധികമായില്ല. അദ്ദേഹത്തിന്റെ രാഷ്ര്ടീയ പരിചയവും ജ്ഞാനവും കഴിഞ്ഞ യു.പി തിരഞ്ഞെടുപ്പിൽ നാം കണ്ടതാണ്‌. നെഹ്‌റു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ബാബറി മസ്‌ജിദ്‌ തകർക്കപ്പെടുകയില്ലായിരുന്നുവെന്നും പാകിസ്ഥാൻ വിഭജിച്ച്‌ ബംഗ്ലാദേശ്‌ ഉണ്ടാക്കിക്കൊടുത്തത്‌ നെഹ്‌റു കുടുംബമാണെന്നുമുള്ള പ്രസംഗങ്ങൾ കോൺഗ്രസ്സിന്‌ ചില്ലറ തലവേദനയല്ല സൃഷ്ടിച്ചത്‌. യു.പിയിൽ രാഹുലിന്റെ പ്രകടനം ഫ്ലോപ്പായിട്ടുപോലും രാഹുലിനെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ എണ്ണപ്പെട്ടു കഴിഞ്ഞു.

രാഹുൽഗാന്ധിയുടെ രംഗപ്രവേശം തീർത്തും ആസൂത്രിതമായിരുന്നു. രാഹുലിൽ ഒരു പുതിയ രാജീവിനെ തന്നെ പുനരവതരിപ്പിക്കുകയായിരുന്നു. രാജീവ്‌ഗാന്ധിയുടെ ഇഷ്ടവേഷമായ കുർത്തയും പൈജാമയും തന്റെ രാഷ്ര്ടീയവേഷമായി സ്വീകരിക്കുന്നതു മുതൽ സഹചാരികളെ തിരഞ്ഞെടുക്കുന്നതിൽ വരെ അച്ഛന്റെ പ്രതിഛായ വരുത്താൻ സോണിയയും കോൺഗ്രസ്‌ നേതൃത്വവും ശ്രമിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത്‌ രാഹുലിന്റെ രാഷ്ര്ടീയ അരങ്ങേറ്റത്തിനു മുന്നോടിയായി അമേത്തിയിൽ നടത്തിയ പ്രസംഗത്തിൽ രാഹുലിന്റെ പുഞ്ചിരിയിലും ഇരട്ടത്താടിയിലും പ്രിയങ്ക, രാജീവിന്റെ രൂപസാദൃശ്യം അണികൾക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്തു. ഗാന്ധി കുടുംബത്തിലെ ഒരംഗം രാഷ്ര്ടീയത്തിൽ പ്രവേശിക്കേണ്ട കൃത്യസമയത്തു തന്നെയാണ്‌ രാഹുലും എത്തിയിരിക്കുന്നത്‌. മുപ്പതിനും നാല്പത്തരണ്ടിനുമിടയിലാണ്‌ രാഹുലിനു മുന്നിലെ അഞ്ചുതലമുറയിലെ ബഹുഭൂരിഭാഗവും കോൺഗ്രസ്സിന്റെ മുന്നണിപ്പോരാളികളാക്കിയത്‌.

രാജീവ്‌ പാർട്ടിയിൽ ചേർന്നത്‌ മുപ്പത്തിയേഴാമത്തെ വയസ്സിൽ. രാഹുൽ മുപ്പത്തിനാലാമത്തെ വയസ്സിലും. മുപ്പത്തിയേഴാമത്തെ വയസ്സിലിപ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരിക്കുന്നു. കോൺഗ്രസ്സിലേയും ഇടതുപക്ഷത്തേയും പ്രമുഖനേതാക്കളുമായി തട്ടിച്ചു നോക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അവരുമായി മത്സരിക്കുന്ന ട്രാക്ക്‌ റെക്കോർഡാണ്‌ രാഹുലിനുള്ളത്‌. രാജീവിനെപ്പോലെ ഡൂൺസ്‌കൂളിൽ വിദ്യാഭ്യാസം, ഹാർഡ്‌വാർഡിൽ നിന്നും എക്കണോമിക്സിൽ ബിരുദം, കേംബ്രിഡ്‌ജ്‌ ട്രിനിറ്റിയിൽ നിന്ന്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിൽ എം.ഫിൽ. പിന്നെ ഡെൽഹിയിലെ സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജിലെ പഠനം. അച്ഛൻ രാജീവിനെപ്പോലെ പൈലറ്റ്‌ ലൈസൻസുമുണ്ട്‌. എന്തുകൊണ്ടും രാജീവ്‌ഗാന്ധി, മാധവറാവു സിന്ധ്യ ശ്രേണിയിലേക്കിണങ്ങുന്ന പിൻമുറക്കാരൻ.

ഹാർവാർഡിലും കേംബ്രിഡ്‌ജിലെയും പഠിത്തം കഴിഞ്ഞ്‌ 1989ലാണ്‌ രാഷ്ര്ടീയ പ്രചാരണത്തിനായി രാഹുൽ ഡൽഹിയിലെത്തുന്നത്‌. പ്രസംഗവേദിയിൽ ഉറക്കെ പ്രസംഗിച്ച്‌ അണികളെ കൈയിലെടുക്കാനുള്ള പാടവമൊന്നും രാഹുലിനില്ലായിരുന്നു. അതുകൊണ്ടുതന്നെ നുണക്കുഴി കാട്ടിയുള്ള ചിരിയിലൊതുങ്ങി ആദ്യകാല രാഷ്ര്ടീയ ജീവിതം. എങ്കിലും ഒരു വലിയ കേൾവിക്കാരെ സൃഷ്ടിക്കാൻ രാഹുലിനു കഴിഞ്ഞിരുന്നു. ലണ്ടനിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായിരുന്ന രാഹുൽ 2002ലാണ്‌ ഡൽഹിയിലേക്ക്‌ താമസം മാറ്റുന്നത്‌. തൊട്ടടുത്തവർഷം തന്നെ സേവാദൾ അധ്യക്ഷനാക്കി രാഹുലിനെ മുഴുവൻ സമയ രാഷ്ര്ടീയജീവിതത്തിലിറക്കാൻ സോണിയക്കുമേൽ സമ്മർദ്ദം വന്നെങ്കിലും രാഹുൽ നിരസിച്ചു. 2004 ജനുവരിയിൽ പ്രിയങ്കയുമൊത്ത്‌ അമേത്തിയിൽ പ്രചാരണത്തിനിറങ്ങിയതോടെ രാഹുലിന്റെ രാഷ്ര്ടീയ രംഗപ്രവേശനം ഉറപ്പായി. 2004 മാർച്ച്‌ 21ന്‌ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കോൺഗ്രസ്സിലെ രാഹുൽ എപ്പിസോഡിന്‌ ഔദ്യോഗിക തുടക്കമായെന്നു പറയാം. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നയിക്കുന്നതിനുള്ള പരിശീലനമായി വേണം കണക്കാക്കാൻ.

രാജീവ്‌ഗാന്ധിയുടെ കാലഘട്ടം ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കമായാണ്‌ കണക്കാക്കപ്പെടുന്നത്‌. അദ്ദേഹം തുടങ്ങിവച്ച വികസനമാതൃകയാണ്‌ പി.വി നരസിംഹറാവുവിലൂടെയും മൻമോഹൻസിംഗിലൂടെയും കോൺഗ്രസ്സ്‌ പിൻതുടർന്നത്‌. ഈ വിപ്ലവത്തിന്‌ രാഹുലിലൂടെ ഒരു ഹൈടെക്ക്‌ മുഖം നൽകുക എന്ന ലക്ഷ്യമാണ്‌ കോൺഗ്രസ്സിന്‌ മുന്നിലുള്ളത്‌. ഹൈടെക്ക്‌ പ്രേമിയും പുതിയ കാലത്തെ മാനേജ്‌മെന്റ്‌ രീതിക്കൊത്ത്‌ വളർന്നവനുമായ രാഹുലിന്‌ അതിന്‌ കഴിയുമെന്ന്‌ രാജ്യത്തെ പുതിയ തലമുറയ്‌ക്ക്‌ മനസ്സിലാക്കിക്കൊടുക്കയാണ്‌ ഇപ്പോൾ കോൺഗ്രസ്സ്‌ നേതൃത്വത്തിന്റെ ദൗത്യം. പുതിയ രാഹുൽ തന്ത്രം ഫലിച്ചാൽ പുതിയ കാലത്തെ പഴഞ്ചൻ രാഷ്ര്ടീയ ചിന്താഗതിയോട്‌ മുഖം തിരിഞ്ഞു നിൽക്കുന്ന യുവാക്കളുടെ വോട്ട്‌ നേടാനും കോൺഗ്രസ്സിനാകും. രാഹുലിന്റെ ഹൈടെക്ക്‌ തന്ത്രമായിരിക്കും വരും വർഷങ്ങളിൽ കോൺഗ്രസ്സിന്റെ ഭാവി നിശ്ചയിക്കുക.

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ നെഹ്‌റുവും ഇന്ദിരയും, ഇന്ദിരയും സഞ്ജയും, ഇന്ദിരയും രാജീവും എന്ന ദ്വന്ദ്വങ്ങൾ പോലെ സോണിയയും രാഹുലും എന്ന പുതിയ കൂട്ടുകെട്ടിന്റെ നാളുകളാണ്‌ ഇനി വരാനുള്ളത്‌. ഒപ്പം പ്രിയങ്കയും ഭർത്താവ്‌ റോബർട്ട്‌ വധേരയുമുണ്ടാകും ഉപദേശക റോളുകളിൽ. ഇനി രാഹുലിന്റെ ടീം കോൺഗ്രസ്സിന്റെ പെർഫോമൻസാണ്‌ വിലയിരുത്തേണ്ടത്‌.

Generated from archived content: politics1_oct6_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here