വി.എസ്‌. മൂന്നാറിലും സ്മാർട്ട്‌

കമ്മ്യൂണിസ്‌റ്റു പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ കാടുകളും മലകളും ചില്ലറ സഹായങ്ങളൊന്നുമല്ല ചെയ്തത്‌ എന്നതിന്‌ കേരളത്തിൽ മാത്രമല്ല ലോകത്താകമാനം തെളിവുകൾ നിരവധിയുണ്ട്‌. കമ്മ്യൂണിസ്‌റ്റുകാർ തലതൊട്ടപ്പനായി പടം വരച്ചുവച്ച്‌ പൂജിക്കുന്ന ചെഗുവേര തൊട്ട്‌ കേരളത്തിലെ സാധാരണക്കാരിൽ സാധാരണക്കാരനായ വി.എസ്‌. അച്യുതാനന്ദൻ വരെ എത്ര പേരാണ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന കാലത്ത്‌ ഈ കാടുകളിലും മലകളിലും ഒളിവിൽ പാർത്തത്‌. കാടിനോടും മലകളോടും കമ്മ്യൂണിസ്‌റ്റുകാർക്കുള്ള സ്നേഹം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നാണ്‌ മൂന്നാറിലെ കൈയേറ്റത്തെ തുടർന്നുള്ള രാഷ്‌ട്രീയ നാടകങ്ങൾ കാണിക്കുന്നത്‌. ഭൂമി കൈയേറ്റങ്ങൾക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ സമരം നയിച്ച വി.എസ്‌. അച്യുതാനന്ദൻ പാർട്ടിയിലും മന്ത്രിസഭയിലും ഇപ്പോഴും ഒറ്റക്കാണ്‌ എന്നതാണ്‌ അടുത്ത ദിവസത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. അന്നത്തെപ്പോലെ ഇന്നും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ തിരിഞ്ഞ പട ഇപ്പോഴും പിറകെയുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയം. പാവങ്ങളുടെ ഭൂമിക്കായ്‌ പൊരുതി ചരിത്രത്തിൽ ഇടം നേടിയവർ മുതലാളിമാർക്കും മാഫിയകൾക്കുമായി പൊരുതുന്ന കാഴ്‌ചയാണ്‌ മൂന്നാർ കുടിയൊഴിപ്പിക്കലുമായ്‌ ബന്ധപ്പെട്ട്‌ നടക്കുന്നത്‌ എന്നതാണ്‌ ലജ്ജാവഹം.

മൂന്നാറിൽ കോൺഗ്രസ്സെന്നോ സി.പി.ഐ. എന്നോ സി.പി.എം. എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും ആളുകൾ കയ്യേറിയതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്‌ വിനയായത്‌. ഇവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കയ്യേറിയ സ്ഥലങ്ങളെല്ലാം പൊളിച്ചു കളയുമെന്നും വേണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം വരെ നടത്തുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മതികെട്ടാനിലും മുല്ലപ്പെരിയാറിലും ഒക്കെ ചുറുചുറുക്കോടെ ഓടിക്കയറിയ ആ പഴയ വി.എസ്‌. അച്യുതാനന്ദനെയാണ്‌ മൂന്നാറിൽ കണ്ടത്‌. രാവിലെ ഒമ്പതു മണിക്ക്‌ മൂന്നാറിലെത്തിയ അദ്ദേഹം ഉച്ചക്ക്‌ മൂന്നുവരെ കൈയേറ്റങ്ങൾ ഓടി നടന്നു കണ്ടു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി. ഹരനെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ ഉടൻ തന്നെ റിപ്പോർട്ടും വാങ്ങിച്ചു. താമസിയാതെ കൈയേറ്റ സ്ഥലം ഇടിച്ചു തകർക്കാൻ മൂന്നംഗ സംഘത്തേയും നിയോഗിച്ചു. അത്ര പെട്ടെന്ന്‌ എല്ലാം സംഭവിക്കുമെന്ന്‌ സത്യത്തിൽ മുന്നണിയിൽ ആരും കരുതിയിരുന്നില്ല. സ്മാർട്ട്‌ സിറ്റി ഒത്തു തീർപ്പായതോടെ സ്മാർട്ടായ വി.എസ്‌. മൂന്നാറിലും ജനങ്ങളുടെ കൈയടി വാങ്ങി.

വി.എസ്‌. പെട്ടെന്നാണ്‌ രാഷ്‌ട്രീയപരമായി ശക്തനായി മാറിയത്‌. മൂന്നാറിൽ നടക്കുന്നത്‌ എന്താണെന്ന്‌ വ്യക്തമായി ജനങ്ങളെ ബോധ്യമാക്കിക്കൊടുക്കാൻ കഴിഞ്ഞുവെന്നത്‌ ഒന്നാമത്തെ നേട്ടം. സംഭവ സ്ഥലം സന്ദർശിച്ച്‌ പതിവുരീതിയിൽ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ റിപ്പോർട്ടുവാങ്ങി അതു പഠിച്ച്‌ കൈയേറിയവർക്കു രക്ഷപ്പെടാൻ സമയം നൽകാതെ പൊളിച്ചു നീക്കൽ നടപടികൾ തുടങ്ങിയെന്നത്‌ രണ്ടാമത്തെ നേട്ടം. ഇവ രണ്ടും ജനങ്ങളിൽ ഈയിടെ വി.എസ്‌. എന്ന ബിംബത്തിനേറ്റ മങ്ങലിനുമേൽ സൂര്യപ്രഭ ചൊരിയുന്നതായിരുന്നു. ഇനിയുമൊന്നുകൂടെ കടന്നു കളിക്കുവാൻ വി.എസ്‌. തയ്യാറായി എന്നതാണ്‌ പിണറായി പക്ഷത്തെ മാത്രമല്ല എൽ.ഡി.എഫിനെ ഒന്നടങ്കം ചൊടിപ്പിച്ചത്‌. വി.എസ്‌. മൂന്നാർ ഉടച്ചുവാർക്കാൻ ഏൽപ്പിച്ചിരിക്കുന്നത്‌ ഐ.ജി. ഋഷിരാജ്‌ സിംഗ്‌, രാജു നാരായണസ്വാമി ഐ.എ.എസ്‌, കെ. സുരേഷ്‌കുമാർ ഐ.എ.എസ്‌. എന്നിവരെയാണ്‌ എന്നതാണ്‌ ഇവർക്ക്‌ തലവേദനയായത്‌.

ഒഴിപ്പിക്കൽ നടപടിക്കായുള്ള നാനൂറിൽ പരം വരുന്ന പോലീസിനെ ഋഷിരാജ്‌ സിംഗ്‌ നയിക്കും എന്നതു തന്നെ മൂന്നാർ ഓപ്പറേഷനു കരുത്തു പകരുമെന്നതിൽ സംശയമില്ല. തൊട്ടതെല്ലാം പൊന്നാക്കിയതിന്റെ പേരിൽ ശാസനയും സ്ഥലം മാറ്റവുമൊക്കെ വാങ്ങി പ്രശസ്തി പിടിച്ചുപറ്റിയ ആളാണ്‌ സിംഗ്‌. വ്യാജ സി.ഡി. – റിയാൻ സ്‌റ്റുഡിയോ വിവാദം തന്നെ ഉദാഹരണം. വ്യാജ സി.ഡി. കേസ്‌ ഒതുക്കിത്തീർക്കാൻ പാർട്ടി നേതാക്കൾ തന്നെ മുന്നിട്ടിറങ്ങിയതും അതിലൂടെ ഋഷിരാജ്‌ സിംഗ്‌ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിണറായി പക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവും ആയ ആളാണ്‌. രാജു നാരായണസ്വാമി കേരള കേഡറിൽ കയറിയതു മുതൽ ജോലിയിലെ കണിശതക്കും മുഖം നോക്കാതെ നടപടിയെടുക്കുന്നതിലും പേരു കേട്ടയാൾ, അദ്ദേഹമാണ്‌ പുതിയ ഇടുക്കി കളക്ടർ. വി.എസിന്റെ മാനസപുത്രനായ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറാണ്‌ ദൗത്യ സംഘത്തിലെ സ്പെഷ്യൽ ഓഫീസർ. ഇതിനു പുറമെ ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ വിഹരിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ ഒന്നടങ്കം മാറ്റി നിയമിക്കാനും കർശന നടപടിയെടുക്കാനും തീരുമാനമായി. ഇവരുടെ കണിശതക്കു മുന്നിൽ അടിയറവു പറയേണ്ടിവരുമെന്നതു തന്നെയാണ്‌ ഇതു സംബന്ധിച്ച ഇടതുമുന്നണി യോഗത്തിൽ പിണറായി സംഘം കടുത്ത പ്രതിഷേധമുയർത്തിയതിനു കാരണവും. പ്രായക്കുറവ്‌, പക്വതയില്ലായ്മ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളാണ്‌ പിണറായിയും ഒപ്പമുള്ള ഭൂരിപക്ഷം ബ്രാക്കറ്റു പാർട്ടികളും ഇവർക്കുമേൽ ചാർത്തിയത്‌.

വല്ലാത്ത ഒരു ഗതികേടായിരുന്നു പിണറായി വിജയന്‌. മൂന്നാർ പ്രശ്നം വന്നതു മുതൽ അത്‌ വലതുപക്ഷത്തിന്റെ തലയിൽ വെച്ചൊഴിയാൻ അദ്ദേഹം പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവിൽ വി.എസിന്റെ പ്രസ്താവനകൂടി വന്നതോടെ സംഗതി ക്ലീൻ. അങ്ങനെയാണ്‌ പാത്രക്കടവു പദ്ധതിക്കുവേണ്ടി പരിസ്ഥിതി പ്രവർത്തകരെ ചീത്തവിളിച്ചു നടന്ന പിണറായി വിജയന്‌ പെട്ടെന്നു പരിസ്ഥിതി സ്നേഹിയാവേണ്ടിവന്നത്‌. പരിസ്ഥിതിയെ തകിടം മറിക്കുന്ന തരത്തിൽ മൂന്നാറിൽ നടക്കുന്ന അനധികൃത കയ്യേറ്റങ്ങൾ ഇടിച്ചു നിരത്തണമെന്നാണ്‌ സംഭവസ്ഥലം സന്ദർശിച്ച സാക്ഷാൽ പിണറായി വിജയൻ ആക്രോശിച്ചത്‌. എന്തൊരു പ്രകൃതി സ്നേഹം, ആ സ്നേഹത്തിനു മുന്നിൽ വി.എസ്‌. അച്യുതാനന്ദൻ വരെ കൈകൂപ്പി നിന്നു പോയിട്ടുണ്ടാകണം. വി.എസ്സിനു പിന്നാലെ മൂന്നാറിൽ ഓടിയെത്തിയ പിണറായി കണ്ടത്‌ യു.ഡി.എഫ്‌. കക്ഷികൾ കൈയ്യേറിയ ഭൂമിയായിരുന്നത്രേ. എല്ലാത്തിനു മുകളിലും യു.ഡി.എഫ്‌. വക കൈയ്യേറിയ ഭൂമി എന്നു ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ടായിരുന്നോ ആവോ? ലക്ഷ്മി എസ്‌റ്റേറ്റ്‌ മേഖലയിൽ യു.ഡി.എഫുകാരുടെ ലിസ്‌റ്റും പിണറായി പുറത്തു വിട്ടു. എന്നിട്ടും മറ്റു പാർട്ടിക്കാർ ആരും ഭൂമി കയ്യേറിയോ എന്നൊരു ചെറിയ സംശയം പോലും അദ്ദേഹത്തിനു തോന്നിയില്ല. തൊട്ടു പിന്നാലെയെത്തിയ പി.പി. തങ്കച്ചനടങ്ങുന്ന യു.ഡി.എഫ്‌. സംഘം കയ്യേറിയ ഇരുപത്തിനാലോളം സി.പി.എം. പ്രവർത്തകരുടേയും ബന്ധുക്കളുടേയും ലിസ്‌റ്റ്‌ മാധ്യമങ്ങൾക്കു കൈമാറി. പിണറായി ആരോപിച്ചതുപോലെ തനിക്ക്‌ അങ്ങനെയൊരു ബന്ധുവില്ലെന്നും പറ്റുമെങ്കിൽ തെളിയിക്കട്ടേയെന്നും വെല്ലുവിളിച്ചു. ഇതിൽ ആരു പറയുന്നതു വിശ്വസിക്കണമന്ന കൺഫ്യൂഷനിലാണ്‌ കേരളം.

ചൊക്രമുടിയെന്ന സ്ഥലത്ത്‌ സി.പി.എം. നേതാവിന്റെ സഹോദരൻ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അയാൾ മുമ്പ്‌ സി.പി.എമ്മിൽ നിന്ന്‌ പുറത്താക്കപ്പെട്ടയാളാണെന്നുമാണ്‌ വി.എസ്‌. കണ്ടെത്തിയത്‌. വി.എസിന്റെ കണ്ടെത്തലുകൾ പാർട്ടിയെ തളർത്തും എന്നറിയാവുന്ന നേതാക്കൾ അദ്ദേഹത്തെ ഇതിൽ നിന്ന്‌ പിന്തിരിപ്പിക്കാൻ ആവതു ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ്‌ സുരക്ഷാ കാരണങ്ങളും മറ്റും പറഞ്ഞ്‌ പാർട്ടിക്കാരുടെ സ്വന്തക്കാരുടെ സ്ഥലം കയ്യേറ്റം വി.എസ്‌. കാണാതിരിക്കാൻ ഉദ്യോഗസ്ഥരും മറ്റും കിണഞ്ഞു പരിശ്രമിച്ചത്‌. പോതമേട്ടിലേക്കുള്ള വഴിമധ്യേ തടസ്സം നിന്ന സി.പി.എം. എം.എൽ.എമാരും പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരുമൊക്കെ ഒടുവിൽ പിൻ വാങ്ങേണ്ടിവന്നു. ബി.സി.ജി. ഗ്രൂപ്പ്‌ കൈയ്യേറിയ സ്ഥലം കണ്ട വി.എസ്‌. പിറുപിറുത്തുകൊണ്ടാണ്‌ തിരിച്ചുപോന്നത്‌. ചൊക്രമുടിയിലെ സി.പി.എം. നേതാവിന്റെ സഹോദരൻ കൈയ്യേറിയ 30 ഏക്കർ സ്ഥലമാണ്‌ ആദ്യം ഒഴിപ്പിച്ചത്‌. ഈ നാടകങ്ങളുടെ പുതിയ രംഗങ്ങളാണ്‌ തിരുവനന്തപുരത്ത്‌ എൽ.ഡി.എഫ്‌. യോഗത്തിൽ നടന്നത്‌.

കാട്ടുകള്ളന്മാരാണ്‌ കേരളം മുമ്പു ഭരിച്ചിരുന്ന യു.ഡി.എഫുകാരും ഇപ്പോ ഭരിക്കുന്ന സി.പി.എമ്മുകാരുമെന്ന്‌ മനസ്സിലാക്കാൻ കേരള രാഷ്‌ട്രീയ ചരിത്രം മുഴുവൻ കലക്കിക്കുടിക്കേണ്ട കാര്യമൊന്നുമില്ല. കഴിഞ്ഞ സർക്കാരിന്റെ അഞ്ചുവർഷവും ഈ സർക്കാരിന്റെ ഇത്രയും കാലവും ഒന്നു വിശകലനം ചെയ്താൽ മതി. മതികെട്ടാനിൽ വൻ ഭൂമി കയ്യേറ്റം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വലിയ സംഭവങ്ങളിലൊന്നായിരുന്നു. അന്നത്തെ റവന്യു മന്ത്രി കെ.എം.മാണി കുറ്റാരോപിതനുമായിരുന്നു. അന്ന്‌ മതികെട്ടാൻ സന്ദർശിച്ച അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസിന്‌ എല്ലാ പാർട്ടിക്കാരും പങ്കാളികളാണെന്ന്‌ മനസ്സിലായതാണ്‌. മതികെട്ടാനെതിരെ കർശന നടപടിയെടുക്കുമെന്ന്‌ ആണയിട്ടു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കുപോലും പിന്നെ മൗനം പാലിക്കേണ്ടിവന്നു. പിന്നീടുവന്ന ഉമ്മൻ ചാണ്ടി അങ്ങനെയൊരു സംഭവം നടന്നതായി ഭാവിച്ചതേയില്ല. ക്രമേണ വി.എസ്‌. അച്യുതാനന്ദൻ പോലും ഇക്കാര്യം മറന്നു. മതികെട്ടാനിൽ പിന്നീടെന്തു സംഭവിച്ചു എന്നത്‌ കേരളത്തിൽ എത്ര പേർക്കറിയാം. ഭൂമി കയ്യേറുന്നവന്‌ പാർട്ടിയും പതാകയുമില്ല എന്നത്‌ ആർക്കുമറിയാവുന്ന കാര്യമാണ്‌.

മൂന്നാറിലും കൈയേറ്റത്തിനു പിന്നിലുള്ളത്‌ വൻ രാഷ്‌ട്രീയ മാഫിയയാണെന്നത്‌ പകൽ പോലെ വ്യക്തമാണ്‌. കോടികളുമായി റിയൽ എസ്‌റ്റേറ്റ്‌ റിസോർട്ട്‌ മാഫിയകൾ രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ്‌ അണിയറക്കഥകൾ. അല്ലെന്നു വിശ്വസിക്കാൻ ന്യായവുമില്ല. സർവീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ ഘടകകക്ഷികൾ ഒന്നടങ്കം മുന്നോട്ടുവരണമെങ്കിൽ ഇതിനു പിന്നിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നതു വ്യക്തമാണ്‌. അല്ലെങ്കിൽ കൈയേറ്റങ്ങൾ ഇടിച്ചു നിരത്തണമെന്നു ഗർജ്ജിച്ച പിണറായി സിംഹം പോലും എന്തിന്‌ ഇവരെ പേടിക്കണം. സമ്മർദ്ദങ്ങൾക്കു വഴങ്ങി വി.എസ്‌. പിന്നോട്ടു പോകുകയാണെങ്കിൽ മൂന്നാർ മറ്റൊരു ദുരന്തമായി ചരിത്രത്തിലവശേഷിക്കും എന്നതിൽ സംശയമില്ല. മറിച്ച്‌ മുഖം നോക്കാതെ വമ്പൻ സ്രാവുകളെ വീഴ്‌ത്തിയാൽ അത്‌ വി.എസിന്റെ കിരീടത്തിലെ ഒരു പൊൻതൂവലായിരിക്കും.

Generated from archived content: politics1_may12_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here