ഭൂപരിഷ്‌കരണ നിയമത്തിലൂടെ പാവങ്ങൾക്ക് ഭൂമി പകുത്തു നൽകിയ അതേ കമ്മ്യൂണിസ്‌റ്റു പാർട്ടി തന്നെ അത് ബലപ്രയോഗത്തിലൂടെ തിരിച്ചെടുത്ത് കുത്തക കമ്പനികൾക്ക് നൽകാൻ ശ്രമിക്കുന്ന ബീഭത്സമായ രംഗങ്ങളാണ് കഴിഞ്ഞദിവസം നന്ദീഗ്രാമിൽ കണ്ടത്. വികസനത്തിനു വേണ്ടി ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന ബുദ്ധദേബ് ഭട്ടാചാര്യയെന്ന ചരിത്രത്തിലെ പ്രമുഖനായ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കവർന്നെടുത്തത് കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന ഇരുപതോളം പേരുടെ ജീവൻ. മാർച്ച് 14നു നടന്ന വെടിവെപ്പിനേക്കുറിച്ചന്വേഷിക്കുന്ന സി ബി ഐ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ ബംഗാളിൽ സി പി എം നടത്തുന്ന പാർട്ടി തീവ്രവാദത്തിന്റെ നേർചിത്രങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ കുത്തകകൾക്ക് ഏറ്റവുമെളുപ്പം അജണ്ടകൾ നടത്താൻ പറ്റിയ പാർട്ടിയാണ് സാമ്രാജ്യത്വം തുലയട്ടെയെന്ന് വിളിച്ചുകൂവുന്ന കമ്മ്യൂണിസ്‌റ്റു പാർട്ടി എന്നത് ഒന്നുകൂടെ അരക്കെട്ടുറപ്പിച്ചിരിക്കുകയാണ്.
വെടിവെപ്പിൽ ബാഹ്യശക്തികളുടെ പങ്ക് വ്യക്തമാണെന്നാണ് സി ബി ഐയുടെ പ്രത്യേക അന്വേഷണ സംഘം നൽകിയ ആദ്യറിപ്പോർട്ടിൽ പറയുന്നത്. സംഭവത്തോടനുബന്ധിച്ച് അറസ്‌റ്റിലായ പത്തുപേരിൽ അഞ്ചുപേർ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യുവജന സംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് സി ബി ഐ വെളിപ്പെടുത്തി. സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത ചില വെടിയുണ്ടകൾ ബംഗാൾ പോലീസിന്റെ ഉപയോഗത്തിൽ ഉള്ളവയല്ലെന്നതാണ് കണ്ടെത്തൽ. വെടിവെപ്പിന്റെ രീതിവച്ച് നോക്കുമ്പോൾ പുറത്തു നിന്നുള്ളവരുടെ വെടിയേറ്റാണ് മിക്കവരും മരിച്ചത്. ആരാണ് ബാഹ്യശക്തികളെന്നു സി ബി ഐ വ്യക്തമായി പറയുന്നില്ലെങ്കിലും സൂചനകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ആരാണെന്നതു വ്യക്തം. കുറച്ചുകാലം മുമ്പ് വയനാട്ടിലെ മുത്തങ്ങയിലുണ്ടായ വെടിവെപ്പിൽ മരിച്ച ആദിവാസികളുടെ ശവകുടീരം കെട്ടി ഫോട്ടോ വെച്ച് വോട്ടു ബാങ്ക് നിറക്കാനിറങ്ങിയ അതേ പാർട്ടിയുടെ അണികൾ തന്നെ നിലനിൽപ്പിനുവേണ്ടി സമരം ചെയ്ത ഗ്രാമീണരെ വെടിവെച്ചു കൊന്നു എന്നു നമ്മൾ വിശ്വസിക്കേണ്ടിവരുന്നു. നന്ദിഗ്രാമിൽ പ്രത്യേക സമ്പദ്‌മേഖലക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തിയ ഗ്രാമീണർക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പിലും സംഘർഷത്തിലുമായി ഒരു സ്ര്തീയുൾപ്പെടെ 14 പേരാണ് മരിച്ചത്. ജനുവരി ആദ്യവാരം നടന്ന സംഘർഷത്തിൽ ആറുപേർ മരിച്ചിരുന്നു.
ഇൻഡോനീഷ്യയിലെ സാലിം ഗ്രൂപ്പിനായി കൃഷിഭൂമി ഏറ്റെടുത്തു നൽകാൻ ബംഗാളിലെ പാവങ്ങളുടെ പാർട്ടിയായ സി പി എമ്മിന്റെ അനുയായികൾ പ്രയത്നം തുടങ്ങിയിട്ട് നാളേറെയായി. സി പി എം പ്രവർത്തകരും ഭൂസംരക്ഷണ സമിതി പ്രവർത്തകരും തമ്മിൽ പലതവണ ഏറ്റുമുട്ടലുകൾ നടന്നു. ഭൂസംരക്ഷണ സേനയുടെ ചില നേതാക്കളെ തട്ടിക്കൊണ്ടുപോയതായും ആരോപണമുണ്ടായിരുന്നു. മൂന്നൂറോളം വരുന്ന സി പി എം അനുയായികൾ സംഘർഷ പ്രദേശങ്ങളിൽ പദ്ധതിയെ എതിർക്കുന്നവരുടെ വീടുകൾ തീവെച്ചു നശിപ്പിച്ചതായി പോലീസ് തന്നെ പ്രസ്താവന ഇറക്കി. സംസ്ഥാന പോലീസ് പാർട്ടിയുടെ ബദൽ പോലീസിന്റെ പിൻതുണയോടെയായിരുന്നു ആക്രമണങ്ങളെ നേരിട്ടത്. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സി പി എം പ്രവർത്തകർ കൈയ്യേറ്റം ചെയ്യുന്നതും നിത്യസംഭവമായി. ഈ സത്യങ്ങളൊക്കെ നിലനിൽക്കെയാണ് പ്രകാശ് കാരാട്ടും കൂട്ടരും മാവോവാദികളും കോൺഗ്രസും ആണ് ഇതിന്റെ ഉത്തരവാദികളെന്ന് ആരോപിക്കുന്നത്.
ഭൂമി കുത്തകാവകാശത്തിനെതിരെ പൊരുതി വീരമൃത്യുവടഞ്ഞ നിരവധി രക്തസാക്ഷികളുടെ നെഞ്ചത്തു ചവിട്ടിയാണ് സി പി എം ബംഗാളിൽ ഭൂമി പിടിച്ചെടുത്തിരിക്കുന്നത്. ടാറ്റായുടെ ചെറു കാർ നിർമ്മാണ ഫാക്ടറിക്കായി 997 ഏക്കർ ഭൂമി സിംഗൂരിൽ വിട്ടുകൊടുത്തുകൊണ്ടുള്ള കരാർ ഈയിടെയാണ് ബുദ്ധദേബ് സർക്കാർ ഒപ്പിട്ടത്. അവിടെയും നടന്നത് ഇതു തന്നെയാണ്. ഗ്രാമീണരുടെ മാത്രമല്ല സാമൂഹികപ്രവർത്തക മേധാ പട്‌കറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെവരെ സി പി എം പ്രവർത്തകർ ആക്രമണം നടത്തി. മൂന്നു പതിറ്റാണ്ടുകാലം തങ്ങളെ അധികാരത്തിലിരുത്തിയ പാവം ഗ്രാമീണരേക്കാൾ വലുത് ടാറ്റയും സലീം ഗ്രൂപ്പുമായി മാറിയിരിക്കുന്നു വിയർപ്പിന്റേയും ചോരയുടേയും മണമുണ്ടായിരുന്ന പ്രസ്ഥാനത്തിന്. ജന്മിമാരുടെ നിലങ്ങൾ പിടിച്ചെടുത്ത അതേ ലാഘവത്തോടെയാണ് അണികൾ സിംഗൂരിലും നന്ദിഗ്രാമിലും വിപ്ലവമുന്നേറ്റങ്ങൾ നടത്തിയത്.
ചൈനയിലെ വിപ്ലവം കണ്ണുംചിമ്മി അനുകരിക്കുന്ന, വിദേശ കുത്തകകൾക്ക് സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കൃഷിഭൂമി അടിയറവയ്‌ക്കുന്ന ബുദ്ധദേബും കൂട്ടരും ഏതു പ്രത്യയശാസ്‌ത്രത്തിന്റെ പ്രവാചകരാണ്. യഥാർത്ഥത്തിൽ ബംഗാളിലെ കമ്മ്യൂണിസ്‌റ്റുപാർട്ടി ആരുടെ പക്ഷത്താണ്. സിംഗൂരിലും നന്ദിഗ്രാമിലും നടക്കുന്ന നീക്കങ്ങളെക്കുറിച്ച് മുന്നണിയിലാലോചിക്കുന്നില്ല എന്ന് പലതവണ പരാതിപറഞ്ഞ സി പി ഐ ദേശീയ ജനറൽ സെക്രട്ടറി എ.ബി ബർദന്റെ വാക്കുകൾ പാർട്ടി ജനപക്ഷം വിട്ടുപോകുന്നു എന്നതിന് വ്യക്തമായ തെളിവാണ്. പാർട്ടിയിലെന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്നതിനെ അടിവരയിടുന്നതാണ് സംഭവത്തിനുശേഷം വിളിച്ചുചേർത്ത മുന്നണിയോഗത്തിൽ ജ്യോതിബസു ബുദ്ധദേബിനും കൂട്ടർക്കുമെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്. ബംഗാളിൽ പാർട്ടിയറിയാതെ പലതും നടക്കുന്നു ചില തത്‌പരകക്ഷികൾ പ്രവർത്തിക്കുന്നു തുടങ്ങി ഈയടുത്തകാലത്തായി ഉയർന്നുവരുന്ന ആരോപണങ്ങൾക്ക് അടിവരയിടുകയായിരുന്നു ബസുവിന്റെ കോപം. ഭരണകക്ഷിയിലെ അംഗങ്ങളെല്ലാം കടുത്ത ഭാഷയിലാണ് സംഭവത്തെ വിമർശിച്ചത്.
ഇന്ന് ബംഗാളിൽ ഉയർന്നു കേൾക്കുന്നത് ബുദ്ധദേവ് രാജിവെയ്‌ക്കണമെന്ന സ്വരമാണ്. മഹാശ്വേതാ ദേവി തൊട്ട് അപർണാസെൻ വരെ ബുദ്ധദേബിനെതിരെ തിരിഞ്ഞു. പാർട്ടി ബുദ്ധിജീവികൾ ധർണ്ണ നടത്തിയും പ്രകടനങ്ങൾ നടത്തിയും പുരസ്‌കാരങ്ങൾ തിരികെ കൊടുത്തും പാർട്ടിയ്‌ക്കെതിരെ രംഗത്തുവന്നു. പാർട്ടിയ്‌ക്കകത്തുനിന്നും പുറത്തുനിന്നും ഇത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായിട്ടും കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും വെറും ഖേദപ്രകടനങ്ങൾ നടത്തി പ്രതിഛായ വർദ്ധിപ്പിക്കാനുള്ള തിടുക്കത്തിലാണ്. തൽക്കാലം ഭൂമി ഏറ്റെടുക്കൽ നിർത്തിയെങ്കിലും പ്രത്യേക സാമ്പത്തിക മേഖല ഉപേക്ഷിക്കില്ലെന്നു കേന്ദ്രസർക്കാരും വ്യക്തമാക്കിയതോടെ നന്ദിഗ്രാം ഇനിയുമാവർത്തിക്കുമെന്ന സൂചനകളാണ് നൽകുന്നത്.
സി പി ഐ, ആർ എസ് പി എന്നീ ഘടകകക്ഷികളോടുപോലും കൂടിയാലോചിക്കാതെ, പാർട്ടിയിലെ ആത്മീയാചാര്യനായ ജ്യോതി ബസുവിനെപ്പോലുമറിയിക്കാതെ തിടുക്കപ്പെട്ട് നന്ദിഗ്രാമിൽ ബലം പ്രയോഗിച്ചത് ഭൂമിയേറ്റെടുക്കാൻ തുനിഞ്ഞത് ഒരു ന്യൂനപക്ഷത്തിന്റെ മാത്രം താൽപര്യപ്രകാരമായിരുന്നു എന്നതാണ് സത്യം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ പറ്റില്ല. ഇൻഡ്യയിലെ കമ്മ്യൂണിസ്‌റ്റുപാർട്ടിയിൽ വികസനമെന്നാൽ ചൈനയിൽ സംഭവിച്ചതുപോലെ മുതലാളിത്തവുമായി കോംപർമൈസ് ചെയ്തുള്ള മുന്നേറ്റമാണെന്ന അബദ്ധധാരണ വച്ചുപുലർത്തുന്ന ഒരു പക്ഷം വളർന്നുവരുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് സിംഗൂരിലേയും നന്ദിഗ്രാമിലേയുമൊക്കെ സംഭവങ്ങൾ. പാർട്ടിയുടെ മൂല്യങ്ങളിൽ മുറുകെ പിടിക്കുന്നവരെ അതിൽ നിന്നൊക്കെ മനഃപൂർവ്വം മാറ്റി നിർത്താനും അക്കൂട്ടർ ശ്രമിക്കുന്നുവെന്നണിയിലുയർന്ന അതേ ആരോപണങ്ങളൊക്കെ ഉയർന്നിരുന്നു. കേരളത്തിലെ പിണറായി പക്ഷവും ബംഗാളിലെ ബുദ്ധദേവിന്റെ കൂട്ടരും ഇവരെ നയിക്കുന്ന യച്ചൂരിയുടേയും കാരാട്ടിന്റെയും നവലിബറൽ തത്വങ്ങളും കമ്മ്യൂണിസ്‌റ്റു പാർട്ടിയെ ഹൈജാക്ക് ചെയ്തു എന്നു പറയുന്നതാവും കൂടുതൽ ശരി.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ സ്ഥാപകരിൽ ഒരാളായ ജ്യോതി ബസു ബംഗാളിലെ ഇടതുമുന്നണി യോഗങ്ങളിൽ നടത്തിയ 35 മിനിറ്റ് നീണ്ട പ്രക്ഷുബ്ധമായ പ്രസംഗത്തിൽ പറഞ്ഞതുപോലെ “ഇങ്ങനെ പോയാൽ ഇടതുമുന്നണി എന്ന ആശയം തന്നെ അന്യം നിന്നുപോകും” അധികം താമസിയാതെ.
Generated from archived content: politics1_mar24_07.html Author: biminith_bs
Click this button or press Ctrl+G to toggle between Malayalam and English