രണ്ടുകോടിയും പാർട്ടിയും മാധ്യമസിൻഡിക്കേറ്റും

നേര്‌ നേരത്തേ അറിയിക്കലാണ്‌ പത്ര ധർമ്മം. അതിന്‌ സാന്റിയാഗോ മാർട്ടിനേപ്പോലെ ഇത്തിരി കള്ളത്തരം കാണിക്കുന്നവരിൽ നിന്നു ചിലപ്പോൾ രണ്ടോ മൂന്നോ കോടിയൊക്കെ വാങ്ങിയെന്നിരിക്കും. മഞ്ഞപ്പത്രങ്ങളും നീലപ്പത്രങ്ങളും ജനങ്ങളിലെത്തുന്നതിനു മുമ്പ്‌ നേര്‌ ജനങ്ങളിലെത്തിക്കുകയാണ്‌ പ്രധാനം. ഇതൊക്കെ ചോദിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ ആരാണ്‌ അധികാരം നൽകിയത്‌. പാർട്ടിയെപ്പറ്റി കുറ്റം പറഞ്ഞാൽ ചിലപ്പോൾ തന്തക്കുവരെ വിളിച്ചെന്നിരിക്കും. അധികാരം കൈയിലുണ്ടെങ്കിൽ ആർക്കും ആരെയും തന്തക്കു വിളിക്കാം. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിയും ജയരാജവൃന്ദവും കഴിഞ്ഞ കുറേ നാളായി ചെയ്തുവരുന്നത്‌ അതാണ്‌.

പൊതുജനം കഴുതകളാണെന്നാണ്‌ പണ്ടൊരു കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ പറഞ്ഞത്‌. അതുകൊണ്ടുതന്നെ ആർക്കു നേരെ കൊഞ്ഞനം കുത്തിയാലും എന്തു കള്ളത്തരം പറഞ്ഞാലും അവരത്‌ വിശ്വസിച്ചു കൊള്ളും. ആ വിചാരമാണ്‌ മേൽപ്പറഞ്ഞ കണ്ണൂർ ലോബിയെ മുന്നോട്ട്‌ നയിക്കുന്നത്‌. സാന്റിയാഗോ മാർട്ടിൻ എന്നയാൾ ലോട്ടറി തട്ടിപ്പുകാരനാണെന്ന്‌ പാർട്ടി സമ്മതിക്കുന്നു. അയാളുടെ കയ്യിൽ നിന്നു പണം വാങ്ങിയത്‌ ശുദ്ധ അസംബന്ധമാണെന്നു സമ്മതിക്കുക മാത്രമല്ല അതു തിരിച്ചു കൊടുക്കാനും പാർട്ടി തീരുമാനിച്ചു. ലിസിൽ നിന്നും ഒരു കോടി വാങ്ങിയ വേണുഗോപാലിനെ പാർട്ടി സസ്‌പെന്റു ചെയ്തു. സാന്റിയാഗോ മാർട്ടിൻ സംഭവവും പാർട്ടി അന്വേഷിക്കുമെന്നും വേണ്ടിവന്നാൽ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാം അതു കൊണ്ട്‌ തീർക്കേണ്ടതാണ്‌ സാമാന്യ ജനാധിപത്യ ബോധമുള്ള ഒരു പാർട്ടി. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പറഞ്ഞപോലെ കുട്ടികൾ തെറ്റു കാണിച്ചാൽ മാതാപിതാക്കൾ ശാസിക്കും, അതിനെന്താണ്‌ കുഴപ്പം. പക്ഷേ കാര്യങ്ങൾ അവിടെക്കൊണ്ടു തീരുന്നില്ല. പിണറായി വിജയന്റെ നേതൃത്വത്തിൽ മാധ്യമങ്ങളുടെ നേരെ നടക്കുന്ന ആക്രമണം കൂടുതൽ ശക്തിയായി തുടരുകയാണ്‌.

ഇത്തവണ ആക്രമണത്തിന്‌ തുടക്കമിട്ടത്‌ സഖാവ്‌ പി. ജയരാജനാണ്‌. അഴിമതി പുറത്തുകൊണ്ടുവന്ന മാതൃഭൂമി ദിനപത്രത്തെ നിയമസഭയിൽ അദ്ദേഹം മഞ്ഞപ്പത്രമെന്ന്‌ വിളിച്ച്‌ ആക്ഷേപിച്ചതാണ്‌ തുടക്കം. തൊട്ടു പിന്നാലെ മാതൃഭൂമി ദേശീയ ദിനപത്രമാണെന്നും ജയരാജനെ പ്രതിപക്ഷം പ്രകോപിപ്പിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു പോയതാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല. എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല, പറഞ്ഞതു തന്നെ ഇനിയും പറയും എന്നു ജയരാജൻ വെല്ലുവിളിച്ചു. 2005 മെയ്‌ ജൂൺ മാസങ്ങളിലെ പത്രങ്ങൾ സഖാവ്‌ ജയരാജൻ തപ്പിയെടുത്തു വായിക്കുന്നത്‌ നന്നായിരിക്കും. കാരണം അന്ന്‌ കണ്ണൂരിലെ കൂത്തുപ്പറമ്പിലും അഴീക്കോട്ടും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയമായിരുന്നു. ഈ പറയുന്ന മാധ്യമങ്ങൾ പ്രത്യേകിച്ച്‌ മാതൃഭൂമി കൂത്തുപറമ്പിൽ മത്സരിച്ച പി. ജയരാജനും അഴീക്കോട്ട്‌ മത്സരിച്ച പുതുമുഖം പ്രഭാകരനും അത്ര ചെറുതല്ലാത്ത എക്സ്‌പോഷറാണ്‌ കൊടുത്തത്‌. ഫലം പുറത്തുവന്നതിന്റെ പിറ്റേദിവസത്തെ മാതൃഭൂമി പത്രവും ജയരാജൻ ചില്ലിട്ട്‌ സൂക്ഷിക്കാതിരിക്കില്ല. പിന്നീടിങ്ങോട്ട്‌ പലതവണ പി. ജയരാജന്റെ പേരിലുള്ള ലേഖനങ്ങളും ഇപ്പറഞ്ഞ പത്രങ്ങളിലൊക്കെ വന്നിരുന്നു എന്നതും അദ്ദേഹം മറന്നു കാണില്ല. നന്ദി കാണിക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ വേണം.

രണ്ടാമത്തെ ഊഴം ഇ.പി. ജയരാജൻ എന്ന ദേശാഭിമാനിയുടെ ജനറൽ മാനേജരുടേതായിരുന്നു. വാങ്ങിയത്‌ ബോണ്ടാണെന്നും അല്ലെന്നും സംഭാവനയാണെന്നുമൊക്കെ പല തവണ കുട്ടിക്കരണം മറിഞ്ഞശേഷമാണ്‌ സ്വബോധത്തോടെ എന്തെങ്കിലും പറയാനുള്ള ശേഷി ഈ ജയരാജൻ സഖാവിനുണ്ടായത്‌. ഒപ്പം മാധ്യമങ്ങളെ തെറി പറയാൻ കിട്ടിയ അവസരവും അദ്ദേഹം വെറുതെ കളഞ്ഞില്ല. ദേശാഭിമാനി വിരുദ്ധ അപസ്മാരം എന്നൊക്കെയാണ്‌ അദ്ദേഹം ആ രോഗത്തെ പേരിട്ടു വിളിച്ചത്‌. ഒരു തട്ടിപ്പുകാരന്റെ കൈയിൽ നിന്നും വെറും രണ്ടുകോടി വാങ്ങിയ വെറുമൊരു മോഷ്ടാവായ തങ്ങളെ കള്ളനെന്നു വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ എന്നൊക്കെയാണ്‌ ഈയടുത്ത ദിവസങ്ങളിലായി പാർട്ടി സംസ്ഥാന സെക്രട്ടറിയും ദേശാഭിമാനി ജനറൽ മാനേജരും പാർട്ടി പത്രം വഴി ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടിരിക്കുന്നത്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയെന്ന പാവങ്ങളുടെ പാർട്ടി അത്താഴപ്പട്ടിണിക്കാരിൽ നിന്നും പാട്ടപ്പിരിവു നടത്തിയുണ്ടാക്കിയ പത്രത്തിന്റെ തലപ്പത്തിരിക്കുന്നവർ കാണിച്ചത്‌ ശുദ്ധ തോന്നിവാസമാണെന്ന്‌ ഏത്‌ മന്ദബുദ്ധിക്കും മനസ്സിലാകും. സ്വന്തം ജീവിതമാർഗ്ഗമായ പശുവിനെ സംഭാവന നൽകിയ പാവം പാലോറ മാത എന്തു വിഡ്‌ഢിയാണെന്നാണ്‌ നേതാക്കൾ ആണയിട്ടു പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

കമ്മ്യൂണിസ്‌റ്റുകാരെന്നു വിളിക്കാവുന്നതിൽ അവശേഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്‌ പ്രകാശ്‌ കാരാട്ട്‌. സെക്രട്ടറിയേറ്റ്‌ യോഗത്തിലും സംസ്ഥാന സമിതിയിലും കടുത്ത എതിർപ്പാണ്‌ ദേശാഭിമാനി പ്രശ്നത്തിൽ ഉണ്ടായത്‌. എന്നിട്ടും പിണറായി വിജയൻ കോഴവാങ്ങിയതിനെ ശക്തമായി ന്യായീകരിച്ചു. രണ്ടുകോടി വാങ്ങിയതിനെതിരെ കാരാട്ട്‌ ശക്തമായി രംഗത്തു വന്നതോടെയാണ്‌ പണം തിരിച്ചു നൽകാൻ പാർട്ടി തീരുമാനിച്ചത്‌. കണ്ടകശനി പിടികൂടിയ പിണറായിക്ക്‌ ഇത്‌ സാമാന്യം വലിയ തിരിച്ചടിയായിരുന്നു. തുടർന്നുള്ള യോഗങ്ങളിൽ പിണറായി സ്വീകരിച്ച നിലപാട്‌ കൗതുകമുണർത്തുന്നതായിരുന്നു. ഒരു കൂട്ടർ മാതൃഭൂമിയെ ദേശീയ ദിനപ്പത്രമെന്നും ഒരാൾ മഞ്ഞപ്പത്രമെന്നും വിളിക്കുമ്പോൾ പിണറായി വളരെ കഷ്ടപ്പെട്ടു പറഞ്ഞത്‌ മാതൃഭൂമി മഞ്ഞയും ദേശീയവും കലർന്ന ഒരു പ്രത്യേകതരം പത്രമാണെന്നാണ്‌.

പക്ഷേ അന്നു പാലിച്ച സംയമനം പിണറായി തുടർന്നു പാലിച്ചില്ല. അധികം താമസിയാതെ മാതൃഭൂമി പത്രത്തിനെതിരെയും എഡിറ്ററെയും പേരെടുത്തും പുലഭ്യം പറഞ്ഞുകൊണ്ട്‌ പിണറായി രംഗത്തു വന്നത്‌. മാധ്യമസിൻഡിക്കേറ്റ്‌, മാധ്യമ ചെറ്റത്തരം എന്നീ ശ്രേണിയിലേക്ക്‌ കൂടുതൽ ബീഭത്സമായ പ്രയോഗങ്ങളുമായാണ്‌ പിണറായി അടുത്ത വെടിക്കെട്ട്‌ തുടങ്ങിയത്‌. താൻ ഏതു നാട്ടിലാണ്‌ ജീവിക്കുന്നത്‌, താനെന്താണ്‌ പാർട്ടിയെക്കുറിച്ച്‌ ധരിച്ചത്‌ എന്നൊക്കെയാണ്‌ പത്രത്തിന്റെ എഡിറ്ററെ പിണറായി വെല്ലുവിളിച്ചത്‌. ഒരു സംസ്ഥാന സെക്രട്ടറിയിൽ നിന്നും അമ്പതു രൂപയ്‌ക്ക്‌ പുലഭ്യം പറയുന്ന കവലപ്രസംഗകനിലേക്കുള്ള ദൂരമെത്രയാണ്‌ എന്ന ചോദ്യത്തിന്റെ അനുയോജ്യമായ ഉത്തരമാണ്‌ ഇപ്പോൾ പിണറായി.

കേരളത്തിന്റെ സമീപകാല രാഷ്ര്ടീയ ചരിത്രത്തിൽ മാധ്യമങ്ങളെ തെറിവിളിച്ച രണ്ടുപേർ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനുമാണ്‌. രണ്ടും രണ്ട്‌ പ്രത്യയശാസ്ര്തത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കൈകോർത്തവർ, ഒരേ തോണിയിൽ സഞ്ചരിക്കുന്നവർ. കുഞ്ഞാലിക്കുട്ടിയുടെ കേസ്‌ അല്പം നാറ്റക്കേസാണ്‌. പച്ചക്കൊടിയുടെ ബലത്തിൽ മാധ്യമപ്രവർത്തകരെ നാടു മുഴുവൻ ഓടിച്ചിട്ടു തല്ലി. കഴിഞ്ഞ തിരഞ്ഞെടുപ്പിനു എട്ടു നിലയിൽ പൊട്ടിയ അദ്ദേഹത്തെ ഇപ്പോൾ മഷിയിട്ടു നോക്കിയാൽ പോലും കാണുമോ എന്നു സംശയമാണ്‌. മാധ്യമങ്ങളോടുള്ള പിണറായിയുടെ വിരോധമെന്താണെന്ന്‌ സാമാന്യ രാഷ്ര്ടീയ ബോധമുള്ള ആർക്കും അറിയാം. പിണറായിക്കു മാത്രമല്ല പൊതുപ്രവർത്തനം ഒരു മറയാക്കിവെക്കുന്ന പലർക്കും മാധ്യമങ്ങൾ ശത്രുക്കൾ തന്നെയാണെന്നാണ്‌ കാലം നമ്മെ പഠിപ്പിച്ചത്‌. ആരെന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്‌ലിൻ കേസ്‌ മാധ്യമങ്ങളിൽ ചർച്ചയായതാണ്‌ തന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്‌ എന്ന്‌ പിണറായി വിജയൻ വിശ്വസിക്കുന്നു. തന്നെക്കുറിച്ചു മാത്രം പറയുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത കെടുത്തി നഷ്ടപ്പെട്ട ഇമേജ്‌ തിരിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ മാധ്യമസിൻഡിക്കേറ്റ്‌, സി.ഐ.ഐ ചാരന്മാർ തുടങ്ങിയ പ്രസ്താവനകൾ എന്നതാണ്‌ സത്യം. എ.ഡി.ബി വായ്പയടക്കം സർക്കാർ സംവിധാനത്തിൽ വിദേശ ശക്തികൾ നേരിട്ടുതന്നെ ഇടപെടുന്ന പുതിയ കാലത്ത്‌ സി.ഐ.ഐ വെറുതെ മാധ്യമങ്ങളെ വശത്താക്കി വളഞ്ഞ വഴിക്കു മൂക്കു പിടിക്കില്ല എന്ന്‌ മനസ്സിലാക്കാൻ തലക്കകത്ത്‌ വളരെ കുറച്ചു മാത്രം വിവരം മതി.

കള്ളത്തരം കാണിച്ചവനേ പേടിക്കേണ്ട കാര്യമുള്ളൂ. കുഞ്ഞാലിക്കുട്ടി ചെയ്തതും പിണറായി ചെയ്യുന്നതും അതാണ്‌. എന്നാൽ പിണറായിയുടെ തന്ത്രങ്ങൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌. പിണറായിയുടെ മാധ്യമ വിമർശനം തന്നെ ഏറ്റുപിടിക്കാൻ അധികമാരും മുന്നോട്ടു വന്നില്ല. മാധ്യമസിൻഡിക്കേറ്റ്‌ എന്ന രീതിയിൽ പ്രസ്താവന ഇറക്കിയ വി.എസ്‌ പക്ഷേ അതിൽ നിന്ന്‌ പിന്മാറിയതും പിണറായിക്ക്‌ തിരിച്ചടിയായി മാറി. ഒരു കാലത്ത്‌ പിണറായിയുടെ വലം കൈയായിരുന്ന കോടിയേരിയും ഇപ്പോൾ പിണറായിയെ വിട്ട ലക്ഷണമാണ്‌. ദേശാഭിമാനി പ്രശ്നത്തിൽ പിണറായിയെടുത്തതിൽ നിന്നും കടകവിരുദ്ധമായ നിലപാടാണ്‌ കോടിയേരി എടുത്തത്‌. പാർട്ടിയുടെ അംഗീകൃത മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായി ദേശാഭിമാനി പണം വാങ്ങിയത്‌ ശരിയായില്ലെന്നും നടപടിയെടുക്കുമെന്നൊക്കെ പറഞ്ഞ അദ്ദേഹം അതിനു തൊട്ടു പിന്നാലെ പത്രപ്രവർത്തകർക്ക്‌ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മാധ്യമങ്ങൾക്കു നേരെയുള്ള പിണറായിയുടെ പടയോട്ടം മൂന്നു ജയരാജന്മാരും ഒരു സുധാകരനും എന്ന മട്ടിൽ ചുരുങ്ങിയിരിക്കുകയാണ്‌.

മാതൃഭൂമി സംഭവവും സഭയിലെ ഇറങ്ങിപ്പോക്കും തിരിച്ചടിയായത്‌ പിണറായിയുടെ ഈ പടയോട്ടത്തിനാണ്‌. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തുള്ളവരും മാതൃഭൂമിക്കും മാധ്യമങ്ങൾക്കും നേരെയുള്ള നീക്കത്തിനെ അപലപിച്ചു എന്നതും ശ്രദ്ധേമാണ്‌. മൂന്നാർ ഭൂമി കൈയേറ്റവും സി.പി.എമ്മിന്റെ റിസോർട്ടും ദേശാഭിമാനി സംഭവവുമൊക്കെ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതു ശരിയാണെന്നു തന്നെ പിന്നീട്‌ തെളിയിച്ചു. മൂന്നാർ തുടക്കത്തിൽ കത്തിക്കയറിയെങ്കിലും പിന്നീട്‌ കൂട്ടത്തിലുള്ളവർ തന്നെ പാരവെച്ചു മന്ദഗതിയിലാക്കി. സി.പി.എം റിസോർട്ട്‌ പൂട്ടി. ഇപ്പോഴിതാ ലോട്ടറി രാജാവിന്റെ കൈയിൽ നിന്നു വാങ്ങിയ രണ്ടുകോടിയും തിരിച്ചു നൽകാൻപോകുന്നു. ഈ സാഹചര്യത്തിൽ പിണറായിയും കൂട്ടരും പറയുന്നതാണോ ശരി അതോ മാധ്യമങ്ങൾ പറയുന്നതാണോ ശരിയെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യമാകും.

തങ്ങൾക്ക്‌ തിരിച്ചടി നേരിടുമ്പോൾ മാധ്യമങ്ങളെയും ജുഡീഷ്യറിയേയും ചീത്തവിളിക്കുക വേണമെങ്കിൽ ചീഫ്‌ ജസ്‌റ്റിസിനെ തന്നെ കായലിലെറിയുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാർ ഈയിടെയായി പരീക്ഷിച്ചുപോരുന്ന ചില പുതിയ അടവുകളാണ്‌. മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വിമർശിച്ചത്‌ ചിലപ്പോൾ കെ. കരുണാകരനെയായിരിക്കും. അദ്ദേഹമടക്കം ആരും മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല. കോടതികൾ പ്രസ്ഥാനങ്ങളെയും സർക്കാരുകളെയും വിമർശിക്കുന്നതും ആദ്യമായൊന്നുമല്ല. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ വിളിച്ചുപറയുന്ന പാർട്ടിയെ മാത്രം ആരും വിമർശിക്കരുത്‌ എന്നു പറയുന്നത്‌ ജനാധിപത്യരാജ്യത്ത്‌ നടപ്പുള്ള കാര്യമല്ല. ലോട്ടറിക്കേസിൽ തന്നെ ഈ സർക്കാരിനെ വിമർശിച്ചിട്ടുള്ളയാളാണ്‌ ജസ്‌റ്റിസ്‌ വി.കെ. ബാലി. അദ്ദേഹത്തെയാണ്‌ പാർട്ടിയുടെ ആശീർവാദത്തോടെ കുട്ടിസഖാക്കൾ പ്രതീകാത്മകമായി കായലിൽ തള്ളിയത്‌. സി.പി.എമ്മിലെ ഒരു വിഭാഗം വച്ചുപുലർത്തുന്ന ഈ അസഹിഷ്ണുത പ്രോത്സാഹപ്പിക്കത്തക്കതല്ല.

പണ്ടുണ്ടായിരുന്ന കമ്മ്യൂണിസ്‌റ്റുകാർ പാർട്ടിയെന്താണെന്നും തങ്ങളുടെ ലക്ഷ്യമെന്താണെന്നുമൊക്കെ പറഞ്ഞു നടന്ന്‌ തൊണ്ടയിലെ വെള്ളം വറ്റിച്ചവരാണ്‌. പാർട്ടിയെക്കുറിച്ച്‌ നിങ്ങൾക്ക്‌ ഒരു ചുക്കുമറിയില്ല. കമ്മ്യൂണിസ്‌റ്റുപാർട്ടിയെന്നാൽ ചുവന്ന കൊടിയിൽ അരിവാളും ചുറ്റികയും നക്ഷത്രവുമുള്ള പാർട്ടിയാണെന്ന്‌ മനസ്സിലാക്കിയാൽ മതി എന്നൊക്കെയാണ്‌ ഇന്നുള്ളവർ പറയുന്നത്‌. പിണറായിയും കൂട്ടരും പ്രതിനിധീകരിക്കുന്ന പാർട്ടിയെന്താണെന്ന്‌ മനസ്സിലാക്കിക്കൊടുക്കണമെങ്കിൽ റഷ്യയിലും ജർമനിയിലും സ്വഭാവികമായും അല്ലാതെയും മരിച്ച തലതൊട്ടപ്പന്മാർ ഒന്നുകൂടെ ജനിച്ച്‌ കമ്മ്യൂണിസമെന്താണെന്ന്‌ വീണ്ടും എഴുതിപ്പിടിപ്പിക്കേണ്ടിവരും. എന്നാലേ ഈയടുത്ത കാലത്ത്‌ പാർട്ടിയും പത്രവും ചെയ്ത വൃത്തികേടുകളെ ന്യായീകരിക്കാൻ സാമാന്യം തൊലിക്കട്ടിയുള്ളവനെങ്കിലും സാധിക്കൂ.

Generated from archived content: politics1_july6_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English