നന്ദിഗ്രാമിലെ പ്രേതം ആന്ധ്രയിൽ

പട്ടിണിപ്പാവങ്ങൾക്ക്‌ കിടപ്പാടം നൽകുകയെന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത പാർട്ടിയാണ്‌ കമ്മ്യൂണിസ്‌റ്റുപാർട്ടി. കേരളത്തിലോ ത്രിപുരയിലോ ബംഗാളിലോ മാത്രം ഒതുങ്ങുന്ന ഒരു ബ്രാക്കറ്റു പാർട്ടിയായി സി.പി.എമ്മിനെ കാണരുത്‌. പാവങ്ങൾ എന്ന വാക്കുച്ചരിക്കാൻ അവകാശമുള്ള ഏക പാർട്ടി, പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരായ പാർട്ടി. പക്ഷേ ഓരോ സംസ്ഥാനത്തെയും പാവങ്ങൾ വ്യത്യസ്ഥരാണ്‌. ഇടതുപക്ഷം വർഷങ്ങളായി പരാജയം കണ്ടിട്ടില്ലാത്ത ബംഗാളിൽ പാവങ്ങൾ ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പും, ഇന്ത്യയിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ടാറ്റയുമാണ്‌. മുതലാളിമാരെ പാവപ്പെട്ടവരാക്കുക, പാവപ്പെട്ടവർക്കുവേണ്ടി പുതിയ ലോകം കെട്ടിപ്പടുക്കുക. ആചാര്യന്മാർ ഏൽപ്പിച്ച ചരിത്ര ദൗത്യം അല്പമെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞത്‌ ഇന്ത്യയിലെ ചുവപ്പുകോട്ടയായ ബംഗാളിലാണ്‌. അതിർത്തി കടന്നാൽ പാവങ്ങളുടെ നിലവാരം വീണ്ടും താഴേക്കു വരും. അങ്ങനെയല്ലേ വരൂ. അതുകൊണ്ടാണ്‌ അവർക്കു വേണ്ടി ഭൂമി പതിച്ചു നൽകാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്താനായി രാജ്യവ്യാപകമായി സമരം ചെയ്യാൻ പാർട്ടി തീരുമാനിച്ചത്‌. മണിക്കൂറുകൾക്കുള്ളിൽ പുത്തൻ ഭൂപരിഷ്‌കരണ ചരിത്രത്തിലെ രക്തസാക്ഷിപ്പട്ടികയിലേക്ക്‌ ആന്ധ്രാപ്രദേശിൽ നിന്ന്‌ ഒരു സ്ര്തീയടക്കം എട്ടുപേരെയാണ്‌ ലഭിച്ചത്‌.

ഭൂരഹിതർക്ക്‌ ഭൂമിയാവശ്യപ്പെട്ട്‌ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുപാർട്ടികൾ നടത്തിയ ബന്ദാണ്‌ അക്രമാസക്തമായതും ഖമ്മം ജില്ലയിലെ മുഡിഗൊണ്ട ഗ്രാമത്തിലുണ്ടായ പോലീസ്‌ വെടിവെപ്പിൽ എട്ടുപേർ മരിച്ചതും. പോലീസിനു നേരെ കല്ലെറിഞ്ഞ പ്രകടനക്കാർക്കു നേരെ പോലീസ്‌ വെടിവെക്കുകയായിരുന്നെന്ന്‌ റിപ്പോർട്ട്‌. നിനച്ചിരിക്കാതെ വീണുകിട്ടിയ അവസരം ഇടതുപാർട്ടികൾ നന്നായി ഉപയോഗിച്ചു. ബന്ദും പ്രതിഷേധവും ഹർത്താലുമായി ആഘോഷപരിപാടികൾ കൊഴുത്തു. ഡൽഹിയിൽ നിന്ന്‌ മാഡം വിളിച്ചു മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്‌ഡിയെ വിരട്ടി, റെഡ്‌ഡി ജുഡീഷ്യൽ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മരിച്ചവർക്ക്‌ അഞ്ചുലക്ഷം പരിക്കേറ്റവർക്ക്‌ ഒരുലക്ഷം. സി.പി.എം ഉത്തരവാദിത്വം കോൺഗ്രസ്സിന്റെ തലയിൽ വച്ചൊഴിഞ്ഞു. ഒപ്പം കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നും രാജ്യമെങ്ങും പുത്തൻ ഭൂപരിഷ്‌കരണസമരവുമായി മുന്നോട്ടുപോകുമെന്നും കാരാട്ട്‌ വടിവൊത്ത ഭാഷയിൽ പ്രഖ്യാപിച്ചു.

ബംഗാളിനു പുറത്ത്‌ കാരാട്ടും യച്ചൂരിയും കൂട്ടരും പാവപ്പെട്ടവർക്കു ഭൂമി ലഭിക്കാൻ വീറോടെ പൊരുതുമ്പോൾ ഇന്ത്യയിലെ തൊഴിലാളികളുടെ സ്വർഗ്ഗരാജ്യത്ത്‌, അങ്ങ്‌ നന്ദിഗ്രാമിൽ കുത്തകകൾക്കു വേണ്ടി സി.പി.എമ്മുകാരും കിടപ്പാടത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കൽ പ്രതിരോധ സമിതിക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം. നന്ദിഗ്രാമിൽ രണ്ടുപേർ മരിച്ചതിനെതിരെ ഈ നേതാക്കളാരും ഒന്നും പ്രതികരിച്ചു കണ്ടില്ല.

ഇങ്ങ്‌ ആന്ധ്രാപ്രദേശിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന അതേ സമരമാണ്‌ അവിടെ തൃണമൂൽ കോൺഗ്രസ്സിന്‌ മേൽക്കൈയുള്ള ഭൂമി ഏറ്റെടുക്കൽ പ്രതിരോധ സമിതി (ബി.യു.പി.സി)യുടെ നേതൃത്വത്തിൽ നടക്കുന്നത്‌. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിൽ സംഘടിതരായ സി.പി.എംകാരും ബി.യു.പി.സി പ്രവർത്തകരും മുപ്പതു തവണ വെടിവെച്ചു. വെടിവെപ്പിൽ പാടത്തു പണിയെടുത്തിരുന്നവരാണ്‌ മരിച്ചത്‌. നന്ദിഗ്രാമിലും ബന്ദും പ്രതിഷേധവും ആളിക്കത്തി. ബുദ്ധദേബ്‌ സർക്കാരിന്‌ മുൻകരുതലായി 400ഓളം പോലീസുകാരെ വിന്യസിക്കേണ്ടിവന്നു.

കഴിഞ്ഞ മാർച്ച്‌ 14ന്‌ പോലീസും സി.പി.എം പ്രവർത്തകരും ഭൂസംരക്ഷണ സമിതി പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20ൽപരം പേരാണ്‌ മരിച്ചത്‌. തൊട്ടുമുമ്പ്‌ ജനുവരിയിൽ മരിച്ചത്‌ 6 പേർ. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കണക്കിൽപ്പെട്ടും പെടാത്തതുമായി മരിച്ചത്‌ നിരവധി. ഇവരെല്ലാം പ്രത്യയശാസ്ര്തപരമായി പറഞ്ഞാൽ അധ്വാനിക്കുന്ന ജനവിഭാഗം. സി.പി.എമ്മടക്കമുള്ള ഇടതുപാർട്ടികളുടെ ആണിക്കല്ല്‌. നേടാനല്ലാതെ നഷ്ടപ്പെടാനൊന്നുമില്ലാത്തവർ. എന്നാൽ സി.പി.എം തുണക്കുന്നത്‌ ഇന്തോനേഷ്യയിലെ കുത്തക ഭീമൻ സാലിം ഗ്രൂപ്പിനെ, ഒന്നുകൂടെ നന്നായി പറഞ്ഞാൽ സുഹാർത്തോ ഭരണകൂടത്തിന്‌ ഭീഷണി സൃഷ്ടിച്ച അതേ സാലിം ഗ്രൂപ്പിനെ, എന്തൊരു ആദർശധീരത.

കമ്മ്യൂണിസ്‌റ്റുപാർട്ടി കെട്ടിപ്പടുത്ത നേതാക്കളുടെ അന്യം നിന്നുപോകുന്ന കണ്ണികളിൽ പ്രധാനിയായ ജ്യോതിബസുവിന്റെ മലക്കം മറിച്ചിലാണ്‌ ശ്രദ്ധേയം. നന്ദിഗ്രാം വെടിവെപ്പോടെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ബസു ഇന്ന്‌ നന്ദിഗ്രാം സംഭവത്തെ യാതൊരു നാണവുമില്ലാതെ ന്യായീകരിക്കുകയാണ്‌.

നന്ദിഗ്രാം സംഭവത്തിനുശേഷം ഇടതുമുന്നണി എന്ന ആശയം തന്നെ അന്യംനിന്നു പോകുമെന്നു മുന്നണിയോഗത്തിൽ ഗർജ്ജിച്ച അതേ ആർജ്ജവത്തോടെയാണ്‌ ഖമ്മത്തെ വെടിവെപ്പിനെ യാതൊരു വിധത്തിലും ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ കൂട്ടത്തിൽ നന്ദിഗ്രാമിൽ ഒരു വെടിവെപ്പ്‌ അനിവാര്യമായിരുന്നെന്ന്‌ പറഞ്ഞത്‌. സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനെതിരെ മമതാ ബാനർജി ആക്രോശിച്ചതിനു തൊട്ടു പിന്നാലെ തന്നെ ബസു അതു ശരിവെക്കുകയും ചെയ്തു.

ഖമ്മം സംഭവത്തോടെ സ്വന്തം പേരിലുള്ളതും കുടുംബാംഗങ്ങളുടെ പേരിലുള്ളതുമായ ഭൂമി വിട്ടുകൊടുത്ത്‌ നേടിയെടുത്ത സല്പേരാണ്‌ വൈ.എസ്‌ രാജശേഖര റെഡ്‌ഡി കളഞ്ഞുകുളിച്ചത്‌. റെഡ്‌ഡിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു വെടിവെപ്പെന്നാണ്‌ സി.പി.എം ആരോപിക്കുന്നത്‌. അതുകൊണ്ട്‌ അദ്ദേഹം രാജിവെച്ചു പിരിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി. എന്നാൽ കോൺഗ്രസ്‌ നേതാവ്‌ ദ്വിഗ്‌ വിജയ്‌ സിംഗാണെങ്കിൽ സംഭവത്തിൽ ഒരു മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ രക്ഷപ്പെടാനാണ്‌ ശ്രമിക്കുന്നത്‌. സമരക്കാർക്കിടയിൽ മാവോ വാദികൾ നുഴഞ്ഞുകയറിയതാണ്‌ വെടിവെപ്പിനു കാരണമെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. പ്രധാനമന്ത്രി ഇടപെടുന്നതിനു മുമ്പേ ആക്ടിംഗ്‌ പ്രധാനമന്ത്രി സോണിയാഗാന്ധി വിശദീകരണം ആവശ്യപ്പെട്ടതോടെ രാജശേഖര റെഡ്‌ഡിയുടെ രക്തത്തിനു വേണ്ടിയാണ്‌ ചന്ദ്രബാബു നായിഡുവിന്റെയും ബി.ജെ.പിയുടേയും കരുക്കൾ നീക്കുന്നത്‌.

എന്നാൽ രണ്ടു ദിവസത്തെ ഹൈദരാബാദ്‌ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി പ്രശ്നങ്ങളിൽ നേരിട്ടിടപെട്ടതോടെയാണ്‌ കോൺഗ്രസ്‌ നീക്കങ്ങൾക്ക്‌ ദിശാബോധം കിട്ടിയത്‌. സംഭവത്തെ കടുത്തഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്‌ നേരിട്ട്‌ അനുശോചനമറിയിച്ചു. ഒപ്പം സംസ്ഥാനത്ത്‌ സി.പി.എമ്മിന്റെ സമരം മനഃപ്പൂർവ്വം അക്രമാസക്തമാക്കുകയാണെന്നും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കണമെന്നും സൗമ്യമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌ വൈ.എസിന്റെ തല തൽക്കാലം തെറിക്കില്ലെന്നാണ്‌ സൂചിപ്പിക്കുന്നത്‌. അതേസമയം നന്ദിഗ്രാമിൽ കോൺഗ്രസ്സിന്റെ ആക്രമണത്തിന്‌ വിധേയമായ സി.പി.എമ്മിന്‌ ഇതുവെച്ചു മുതലെടുക്കാമെന്ന രാഷ്ര്ടീയ നീക്കത്തിനും തിരിച്ചടി നേരിട്ടു. പ്രതിഷേധ പ്രസ്താവനകളിലെല്ലാം നന്ദിഗ്രാം കടന്നുവരുന്നത്‌ സി.പി.എമ്മിന്റെ വീറു കുറച്ചു എന്നതാണ്‌ സത്യം.

കുത്തകക്കാരിൽ നിന്നും ഭൂമി പാവപ്പെട്ടവർക്ക്‌ പിടിച്ചെടുത്ത്‌ നൽകണമെന്നത്‌ നടപ്പിൽ വരേണ്ടതുതന്നെയാണ്‌. എന്നാൽ ഇതിനകം നാലുലക്ഷത്തിൽ പരം ഏക്കർ ഭൂമി പാവങ്ങൾക്ക്‌ വിതരണം ചെയ്ത ആന്ധ്രാപ്രദേശിൽ നിന്നുതന്നെ ഇത്തരമൊരു നാടകം തുടങ്ങിയതിലെ ഉദ്ദേശ്യ ശുദ്ധിയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. അതു സിഗൂരിലും നന്ദിഗ്രാമിലും പാവങ്ങളുടെ കൃഷിഭൂമി പിടിച്ചെടുത്ത്‌ കുത്തകക്കാർക്കു കൊടുത്ത അതേ പാർട്ടിയുടെ നേതൃത്വത്തിൽ. അതേ സമയം ജന്മിത്തത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച ബീഹാറിലും തമിഴ്‌നാട്ടിലും യു.പിയിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപാർട്ടികളോ അനുകൂലികളോ ചെറുവിരലനക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌. ആന്ധ്രാപ്രദേശിൽ അക്രമം സൃഷ്ടിച്ച സി.പി.എമ്മിന്റെയോ ഇടതുപാർട്ടികളിൽ ഏതെങ്കിലും ഒന്നിന്റെ നേതൃത്വത്തിലോ ബീഹാറിലെ തോക്കും ആയുധങ്ങളുമായി പൊരുതുന്ന ജന്മികൾക്കു മുന്നിൽ സമരത്തിനറങ്ങാനാകുമോ? തമിഴ്‌നാട്ടിലെ ഗൗണ്ടർമാർ അടക്കിവാഴുന്ന കൃഷിഭൂമി പിടിച്ചടക്കാൻ ഒരു ഒറ്റവരി ജാഥയെങ്കിലും നടത്തിയോ?

മറ്റൊരു ബംഗാൾ ഇരട്ടത്താപ്പാണ്‌ സി.പി.എമ്മിന്റെ മറ്റൊരു ശക്തി കേന്ദ്രമായ കേരളത്തിലും സംഭവിക്കുന്നത്‌. സർക്കാർ ഭൂമി കൈയേറിയവരെ ഒതുക്കാനിറങ്ങിയ സി.പി.എം മുഖ്യമന്ത്രിയുടെ ഗതികേട്‌ കണ്ട്‌ ലോകം സഹതപിക്കുകയാണ്‌. ജനപിന്തുണയോടെ മറ്റൊരു ഭൂപരിഷ്‌ക്കരണത്തിനിറങ്ങി അവസാനം സ്വന്തം പാർട്ടിക്കാർ തന്നെ പിന്നിൽ നിന്നു കുത്തി അദ്ദേഹം മിഷൻ മൂന്നാർ തൽക്കാലം നിർത്തിവെച്ചിരിക്കുന്നു. ഇവിടെ കൈയേറ്റക്കാരിൽ പ്രമുഖർ പാർട്ടിയും പാർട്ടു വേണ്ടപ്പെട്ടവരും. ഇടതുപാർട്ടികളിൽ മറ്റൊരു പ്രധാനിയായ സി.പി.ഐ ആണ്‌ കൈയേറൽ ഒഴിപ്പിക്കൽ ദൗത്യത്തിന്‌ തുരങ്കം വെച്ചവരിൽ പ്രധാനി. കേരളത്തിൽ പാവപ്പെട്ടവർക്കു ഭൂമി നൽകാൻ വേണ്ടി അടുത്ത ഭരണകാലത്തായാൽ പോലും സമരം ചെയ്യാൻ സി.പി..എമ്മിന്‌ എന്ത്‌ ധാർമ്മിക അവകാശമാണുണ്ടാകുക.

സാമൂഹ്യ സാമ്പത്തിക മേഖലയിലെ ഒരുമയുടെ പേരിലാണ്‌ കമ്മ്യൂണിസം കൊട്ടിഘോഷിക്കപ്പെടുന്നത്‌. ആ ആദർശത്തിന്റെ പേരിൽ തന്നെയാണ്‌ ഇടതുപക്ഷം ബംഗാളിൽ അനിഷേധ്യരായും ത്രിപുരയിലും കേരളത്തിലും അല്ലാതെയും തുടരുന്നതും. ക്യൂബയിലും ചൈനയിലുമൊക്കെ ഇടതുപക്ഷത്തിന്‌ പകരം വെക്കാൻ മറ്റൊന്നില്ല എന്ന അഹങ്കാരമാണ്‌ കമ്മ്യൂണിസത്തിനു നേരിട്ട അപചയത്തിനു കാരണമെന്ന വീക്ഷണം ബംഗാൾ ശരിവെക്കുകയാണ്‌. മൾട്ടി നാഷണൽ കമ്പനികളെ വെല്ലുന്ന ആസ്തിയുള്ള കേരളത്തിലെ കമ്മ്യൂണിസ്‌റ്റുപാർട്ടി നാശത്തിന്റെ വഴികൾ നമുക്കു മുന്നിൽ അവതരിപ്പിച്ചു തരികയാണ്‌.

Generated from archived content: politics1_aug1_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English