അധികമാരോടും ചർച്ചചെയ്യാതെ പ്രധാനമന്ത്രി മൻമോഹൻ സിംഗും അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷും തുടങ്ങിവച്ച ഇന്തോ-അമേരിക്കൻ ആണവകരാറിലെ ഉടമ്പടികൾ ഇരു കൂട്ടരുടേയും പരസ്പരവിരുദ്ധമായ അഭിപ്രായം പുറത്തുവന്നതോടെ വീണ്ടും ദുരൂഹമാകുകയാണ്. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത് കരാറിനെ ബാധിക്കില്ലെന്ന് മൻമോഹൻസിംഗ് ലോകസഭയിലും പുറത്തും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ആണവപരീക്ഷണം നടത്തിയാൽ പിന്മാറുമെന്ന് അമേരിക്ക തുറന്നുപറഞ്ഞതോടെ പുതിയ വിവാദത്തിന് തിരിതെളിഞ്ഞിരിക്കുന്നു. അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ ഇന്ത്യയെ നവലോകത്തേക്ക് കൈപിടിച്ചു നടത്തിയെന്ന് അവകാശപ്പെടുന്ന മൻമോഹൻസിംഗിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഒപ്പം ഹൈഡ് ആക്ടിന്റെയും ദേശതാല്പര്യത്തിന്റെയും പേരിൽ ഇടഞ്ഞു നിൽക്കുന്ന ഇടതുപക്ഷത്തിന് യു.പി.എ മന്ത്രിസഭയെ അടിക്കാൻ പുതിയ വടിയായി മാറുകയാണ് അമേരിക്കയുടെ ഈ പ്രസ്താവന.
നേരത്തെ ഉന്നയിച്ച ആശങ്കകൾ പലതും പരിഹരിച്ചുകൊണ്ടുള്ള കരാറിന്റെ കരടുരൂപമാണ് കഴിഞ്ഞദിവസം ഇരു രാജ്യങ്ങളും ഒപ്പിട്ടതെന്നാണ് ഇരുകൂട്ടരും പറയുന്നത്. ഇന്ത്യക്കുവേണ്ടി പ്രണബ്‌മുഖർജിയും അമേരിക്കക്കുവേണ്ടി കോണ്ടലീസ റൈസും ഒപ്പിട്ട രേഖകൾ ഇരു രാജ്യങ്ങളും ഒരേ സമയമാണ് പുറത്തുവിട്ടത്.
കരാറിനെക്കുറിച്ച് പുറത്തുവിട്ട രേഖകളിലെ ചില കാര്യങ്ങളിൽ വ്യക്തതയില്ലാത്തതും ഇതേപറ്റി ചർച്ച ചെയ്യാമെന്നു സമ്മതിച്ചെങ്കിലും പ്രധാന മന്ത്രി മൻമോഹൻസിംഗ് സ്വീകരിച്ച നിഷേധാത്മക നിലപാടുമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത.് അമേരിക്ക നൽകുന്ന ഇന്ധനം സംസ്‌കരിക്കാൻ ഇന്ത്യയെ അനുവദിക്കില്ല എന്നതായിരുന്നു 2005 ജൂലൈ 18ന് ഒപ്പിട്ട ധാരണയിൽ പ്രത്യേകം എടുത്തു കാണിക്കപ്പെട്ടത്. കൂടാതെ വിരലിലെണ്ണാവുന്ന വ്യവസ്ഥകളെ ഇരുകൂട്ടരും അന്ന് പുറത്തുവിടുകയും ചെയ്തുള്ളൂ. ആണവ കരാറിനെ ചുറ്റിപ്പറ്റി വിവാദം പടർന്നുപിടിക്കാൻ കാരണമായത് ഈ ദുരൂഹതയാണ്. എന്നാൽ പുതിയ ധാരണ പ്രകാരം ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനസംസ്‌കരണത്തിന് ഉപയോഗിക്കാൻ ഇന്ത്യയ്‌ക്ക് അനുവാദം നൽകുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതാണ് കരാറിലെ വ്യവസ്ഥകൾ. അതു ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ സൈനികേതര ആണവ ആവശ്യങ്ങൾക്കു മാത്രമാണ് അമേരിക്ക സഹായിക്കുകയെന്നും സൈനിക ആവശ്യങ്ങൾക്ക് ഇന്ത്യ മുതിർന്നാൽ കരാർ ഉപേക്ഷിക്കുമെന്നുമായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ആ വ്യവസ്ഥയിൽ നിന്നും അമേരിക്ക പിന്മാറിയെന്നാണ് മൻമോഹൻസിംഗും യു.പി.എ സർക്കാരും വ്യക്തമാക്കിയത്. അതിൽ അവ്യക്തതയുണ്ടെന്നും ഇന്ത്യയുടെ ഭാവി ആണവ പരിപാടികളെ തടയിടാനുള്ള വ്യവസ്ഥകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. ഒരുവർഷത്തെ സമയം നൽകി കരാറിൽ നിന്നു പിന്മാറാൻ ഇരുകൂട്ടർക്കും അവകാശമുണ്ട്. നാല്പതുവർഷത്തേക്കാണ് കരാർ വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് പത്തുവർഷം കൂടി നീട്ടുകയുമാവാം.
2006 ഡിസംബറിൽ അമേരിക്കൻ കോൺഗ്രസ് പാസ്സാക്കിയ ഹെന്റി ഹൈഡ് ആക്ടിലെ വ്യവസ്ഥ പ്രത്യക്ഷമായല്ലെങ്കിലും ഇന്ത്യയുടെ സൈനിക ആണവ പരീക്ഷണങ്ങൾക്ക് വിലക്കു കൽപ്പിക്കുന്നതാണെന്നാണ് പ്രധാന ആരോപണം. കരാർ നിർത്തലാക്കിയാൽ, ‘ഹൈഡ് ആക്ട്’ അനുസരിച്ച്, പ്രതിസന്ധി മറികടക്കാൻ അമേരിക്കക്ക് ഇന്ത്യയെ സഹായിക്കേണ്ടതില്ല. പോരാത്തതിന് ഇന്ധനങ്ങൾ നൽകുന്ന മറ്റ് രാഷ്ര്ടസമൂഹങ്ങളുമായി ചേർന്ന് ഇതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. അമേരിക്കയുടെ നയങ്ങളുമായി ഇന്ത്യ യോജിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എല്ലാ വർഷവും നൽകുന്ന റിപ്പോർട്ടുകൂടെ പരിഗണിച്ചേ കോൺഗ്രസ് കരാർ പുതുക്കുകയുള്ളൂ. ആണവകരാറിൽ, വാർഷിക റിപ്പോർട്ടിന്റെ ആവശ്യകതയില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കൻ ഭരണഘടനയനുസരിച്ച്, പ്രസിഡന്റിന് വാർഷിക റിപ്പോർട്ട് നൽകേണ്ട കടമയുണ്ടുതാനും. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളും ഭരണഘടനയും അനുസരിച്ചു നോക്കുമ്പോൾ മൻമോഹൻസിംഗ് പറയുന്നത് പകുതിയിലധികവും അംഗീകരിക്കാൻ പറ്റില്ല എന്നതാണ് സത്യം.
2005ൽ തന്നെ മൻമോഹൻസിംഗും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന വിദഗ്‌ദ്ധർക്കും കരാറിന്റെ കരടിനെ പറ്റി പൂർണ്ണമായ രൂപം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതിനു പുറമെ ഇരുരാജ്യങ്ങളും അതീവരഹസ്യസ്വഭാവത്തിലായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നതും. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ശാസ്ര്തജ്ഞരുടെ സംഘത്തിനു മുന്നിൽ കരാറിലെ വ്യവസ്ഥകൾ സമർപ്പിക്കണമെന്നും പഠന വിധേയമാക്കണമെന്നുമുള്ള ശാസ്ര്ത സാങ്കേതിക ബൗദ്ധിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യവും പ്രധാനമന്ത്രി അന്ന് നിരാകരിച്ചത് പ്രതിഷേധത്തിന് വക നൽകിയിരുന്നു. 123 കരാറിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ദുരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നു മാത്രമല്ല അത് കൂടുതൽ സങ്കീർണ്ണമാവുകയുമാണ് എന്നതാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്. ഇടതുപക്ഷവും ബി.ജെ.പിയും ഇതര കക്ഷികളും മുന്നോട്ടുവച്ച സംശയങ്ങൾക്ക് മറുപടി നൽകുകയെന്ന സാമാന്യ മര്യാദപോലും പ്രധാനമന്ത്രി കാണിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്.
അമേരിക്കയുടെ സമീപകാല ചെയ്തികൾ വച്ചു നോക്കുമ്പോൾ ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് പറയുന്ന കരാർ ഒപ്പിടണമെങ്കിൽ അത് അത്ര തുറന്ന മനസ്സോടെയായിരിക്കില്ല എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. സാമ്പത്തികവും രാഷ്ര്ടീയവുമായി ഇന്ത്യക്ക് ഈയടുത്ത കാലത്ത് വർദ്ധിച്ചു വരുന്ന പ്രാധാന്യവും അമേരിക്കക്ക് ഏഷ്യയിൽ നഷ്ടപ്പെടുന്ന ബഹുമാനവും ഇത്തരമൊരു കരാറിനെ പ്രോത്സാഹിപ്പിക്കാൻ അമേരിക്കയെ നിർബന്ധത്തിലാക്കി എന്നു പറയുന്നതാവും ശരി. സെപ്തംബർ 11 സംഭവത്തിനുശേഷം ഏഷ്യയോട് പ്രത്യേകിച്ചും മുസ്ലീം രാഷ്ര്ടങ്ങളോട് അമേരിക്ക സ്വീകരിച്ച നയം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഇറാഖ് യുദ്ധവും സദ്ദാമിന്റെയും അനുകൂലികളുടേയും വധവും അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളുടെ മേൽ അനുകമ്പ ചൊരിയുന്നതായിരുന്നു. അതേ സമയം അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയും ഇന്ത്യയോട് കൂടുതൽ അടുക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഏഷ്യയിലെ വൻശക്തിയായി വളർന്നുവരുന്ന ചൈനയോട് പാകിസ്ഥാൻ പുലർത്തുന്ന അടുപ്പവും അമേരിക്കക്ക് തലവേദനയാകുന്നുണ്ട്. താലിബാൻ ഭീകരർക്ക് പാകിസ്ഥാൻ അഭയം നൽകുന്നതും അമേരിക്കയെ ചൊടിപ്പിച്ചുവെന്നുവേണം കരുതാൻ.
സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ ചേരിചേരാ പ്രസ്ഥാനവുമായി മുന്നിട്ടിറങ്ങി ലോകരാജ്യങ്ങളുടെ ഇടയിൽ സൽപേര് സമ്പാദിച്ച ഇന്ത്യയോട് കൂട്ടുകൂടുന്നത് എന്തുകൊണ്ടും അമേരിക്കക്ക് ഗുണം ചെയ്യും. ഇങ്ങനെ ഏഷ്യയിൽ നഷ്ടമാകുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് എന്നു പറയാം. ഈ അടിസ്ഥാനത്തിൽ വേണം അമേരിക്കൻ ആണവ വാഹിനിയായ നിമിറ്റ്‌സും ആണവ അന്തർവാഹിനികളും ഉൾപ്പെടുന്ന അടുത്തമാസത്തെ സംയുക്ത സൈനികാഭ്യാസത്തേയും കാണേണ്ടത്.
ആണവസാങ്കേതിക രംഗത്ത് സ്വന്തമായി വ്യക്തിത്വം സ്ഥാപിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യവും അമേരിക്കക്ക് അനുകൂലമായിരുന്നു. നമ്മൾ തോറിയവും പ്ലൂട്ടോണിയവുമൊക്കെ വാങ്ങിയിരുന്ന രാജ്യങ്ങൾ 1974ലേയും 1998ലേയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെ തുടർന്ന് ഉപരോധമേർപ്പെടുത്തുകയോ ഭാഗീകമായി പിന്മാറുകയോ ചെയ്തു. ഈയവസരം മുതലെടുത്താണ് അമേരിക്ക ഇന്ത്യയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. എന്നാൽ ഇന്ത്യ ഒരു ആണവശക്തിയായി വളർന്നു വരുന്നത് അമേരിക്കക്കുമാത്രമല്ല മറ്റു ആണവകശക്തികൾക്കും താല്പര്യമില്ല എന്നത് വസ്തുതയാണ്. ആണവനിർവ്യാപന കരാറിന്റെ പേരിൽ ഇന്ത്യയെ ആണവ പരിപാടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇവരൊക്കെ പലതവണ ശ്രമിച്ചതുമാണ്. അതിൽ വഴങ്ങാത്തതിനാൽ ഇന്ത്യയുമായി സഹകരിക്കേണ്ടതില്ലെന്ന് ആസ്ര്തേലിയയടക്കമുള്ള രാജ്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. ആസ്ര്തേലിയയുടെ ഇപ്പോഴുണ്ടായ മനംമാറ്റവും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ചേർന്ന ഓസ്ര്ടേലിയൻ മന്ത്രിസഭാ യോഗം ഇന്ത്യക്ക് യുറേനിയം നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ കരാർ റദ്ദാക്കുമെന്ന വ്യവസഥ പ്രകാരമായിരിക്കും ഇന്ധനം നൽകുക. യുറേനിയം സമാധാന ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കൂ എന്ന കാര്യം പരിശോധിക്കാൻ ഓസ്ര്ടേലിയൻ നിരീക്ഷകർക്ക് അധികാരം നൽകുന്ന തരത്തിലായിരിക്കും കരാറെന്നും അവർ വ്യക്തമാക്കി. ആണവ മേഖലയിൽ ഇന്ത്യ ഒരു ഉപഭോക്തൃരാജ്യം മാത്രമായിക്കാണാനാണ് മറ്റുള്ളവരുടെ താല്പര്യം.
ഇത്തരമൊരു രാഷ്ര്ടീയ സാഹചര്യത്തിൽ അമേരിക്കയുമായുണ്ടാക്കുന്ന ആണവകരാർ വളരെ സൂക്ഷ്മതയുള്ളതായിരിക്കണമെന്നാണ് നയതന്ത്രവിദഗ്‌ദ്ധരും രാഷ്ര്ടീയകക്ഷികളും ആവശ്യപ്പെടുന്നത്. പക്ഷേ കരാറിനെക്കുറിച്ച് പഠിക്കാനോ കൂടുതൽ ചർച്ചകൾ നടത്താനോ കഴിയാത്തവിധം അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കയുടെ നീക്കം. കരടുരൂപത്തിലെ വ്യവസ്ഥകളിൽ ചിലതു മാത്രമായിരുന്നു ആദ്യം പുറത്തുവിട്ടത്. ഇത്രയും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈഡ് ആക്ടിന്റെ വിവിധ വശങ്ങളെക്കുറിച്ചും ആണവ കരാറിനെക്കുറിച്ചും ഇടതുപക്ഷ കക്ഷികളും ഇതരകക്ഷികളും ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കുക പ്രധാനമന്ത്രിയുടെ കടമയാണ്. ചർച്ച ചെയ്യാമെന്നു വാഗ്‌ദാനം ചെയ്തതല്ലാതെ കൃത്യമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്കും ഇതുവരെ കഴിഞ്ഞില്ല. പാർലമെന്റിന്റെ ഇരുസഭകളും ഇതേ തുടർന്ന് പലതവണ നിർത്തിവെക്കേണ്ടിവരികയും ചെയ്തു.
യു.പി.എ സർക്കാരും അവർക്കു പിന്തുണ നൽകുന്ന ഇടതുപക്ഷവും കനത്ത ഏറ്റുമുട്ടലിന്റെ പാതയിലാണിപ്പോൾ. ആണവകരാറിനെ എതിർത്ത ഇടതുപക്ഷത്തോട് വേണമെങ്കിൽ പിന്തുണ പിൻവലിച്ചോളൂ എന്ന മറുപടിയാണ് മൻമോഹൻസിംഗ് നൽകിയത്. കരാറിനെ എതിർക്കുന്നവരാണ് സഭയിൽ ഭൂരിപക്ഷവും എന്ന കടുത്ത ഭാഷയിലുള്ള മറുപടി സി.പി.എം ജനറൽ സെക്രട്ടറി കാരാട്ടും നൽകി. ഭൂരിപക്ഷം പിന്തുണക്കാത്ത രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന് ആരോപണമുയർന്ന കരാറിനു നേരെയുയർന്ന ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ നിഷേധസ്വഭാവത്തിൽ പ്രതികരിക്കുന്ന പ്രധാനമന്ത്രിയുടെ നയം ബീഭത്സവും പ്രതിഷേധാർഹവുമാണ്. ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണമാണ് ജനങ്ങളും ആഗ്രഹിക്കന്നത്. മൻമോഹൻസിംഗ് തന്നെ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഉദാരവൽക്കരണനയങ്ങൾക്ക് പിന്നീട് സ്വീകാര്യത ലഭിച്ചതുപോലെ ആണവകരാറും കാലക്രമേണ അംഗീകരിക്കപ്പെടും എന്ന അദ്ദേഹത്തിന്റെ നിലപാട് ജനാധിപത്യ മര്യാദകൾക്ക് ചേർന്നതല്ല.
Generated from archived content: politics1_aug17_07.html Author: biminith_bs
Click this button or press Ctrl+G to toggle between Malayalam and English