രാഹുൽജീ… അങ്ങ്‌ നഗ്നനാണ്‌

രാഷ്‌ട്രീയത്തിൽ അല്പജ്ഞാനിയാണ്‌ രാഹുൽ എന്ന്‌ ഇന്ത്യയിലെ ഏതു കോൺഗ്രസ്സുകാരനുമറിയാം. നെഹ്‌റു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ബാബറി മസ്‌ജിദ്‌ പൊളിക്കപ്പെടില്ലായിരുന്നു എന്ന രാഹുൽ വചനം കേട്ട്‌ ഇനിയും തലക്കകത്ത്‌ ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത കോൺഗ്രസ്സുകാർ മൂക്കത്തു വിരൽവെച്ചു പോയിട്ടുണ്ടാകും. മൂക്കിനുമുകളിൽ നിന്ന്‌ വിരൽ എടുക്കുന്നതിനു മുമ്പ്‌ ദാ വരുന്നു അടുത്ത വെടി. 1971ൽ പാക്കിസ്ഥാനെ വിഭജിച്ച്‌ ബംഗ്ലാദേശ്‌ രൂപവൽക്കരിച്ചത്‌ നെഹ്‌റു കുടുംബമായിരുന്നത്രേ. നോബൽ സമ്മാനം ലഭിക്കേണ്ട കണ്ടുപിടിത്തം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടിത്തന്നതും നെഹ്‌റു കുടുംബമാണെന്നാണ്‌ രാഹുലിന്റെ വാദം. ഗാന്ധിജിയുടെ പ്രയത്നമല്ല മുത്തച്ഛൻ നെഹ്‌റുവിന്റെ പ്രയത്നമൊന്നുകൊണ്ടു മാത്രമാണ്‌ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതെന്ന്‌ രാഹുൽ എടുത്തു പറയാതിരുന്നത്‌ ഭാഗ്യം, അല്ലെങ്കിൽ രാജ്യത്താകമാനം കോൺഗ്രസ്സാപ്പീസുകളിലും ഭക്തരുടെ വീടുകളിലും വഴിയരുകിലും വെച്ച ഗാന്ധി ചിത്രങ്ങളും പ്രതിമകളും എടുത്ത്‌ തോട്ടിൽ കളയേണ്ടിവന്നേനെ കോൺഗ്രസ്സുകാർക്ക്‌. പറഞ്ഞത്‌ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനല്ലേ. ഓച്‌ഛാനിച്ച്‌ കേട്ടിരുന്ന്‌ പറയുന്നത്‌ അനുസരിച്ചുള്ള ശീലമല്ലേയുള്ളൂ.

കോൺഗ്രസ്സ്‌ പ്രസ്ഥാനം നെഹ്‌റു കുടുംബത്തിന്റെ തറവാട്ടു സ്വത്തായി അവർ തന്നെ പണ്ടേ തീറെഴുതികൊടുത്തതാണ്‌. രാജീവ്‌ഗാന്ധിയുടെ മരണശേഷം പാർട്ടിയും പ്രസ്ഥാനവും ഒന്നും വേണ്ട ജീവൻ മാത്രം മതിയെന്ന്‌ മനസാ ഉറപ്പിച്ച്‌ രാഷ്‌ട്രീയ വനവാസം സ്വയം സ്വീകരിച്ച അമ്മയെയും മകനേയും കോൺഗ്രസ്സിന്റെ താക്കോൽ സ്ഥാനത്തു പ്രതിഷ്‌ഠിച്ച കോൺഗ്രസുകാർക്ക്‌ ഇതല്ലാതെ എന്തു ചെയ്യാൻ കഴിയും. അതുകൊണ്ടാണ്‌ രാഹുലിന്റെ വിഡ്‌ഢിത്തങ്ങൾ കേട്ടിട്ടും രാഹുലാണ്‌ യു.പിയുടെ ഭാവിയെന്ന്‌ മൻമോഹൻ സിംഗ്‌ തട്ടിവിട്ടതും തഴക്കവും പഴക്കവുമുള്ള പ്രണബ്‌ മുഖർജിയും, ശിവരാജ്‌ പാട്ടീലുമടക്കമുള്ളവർ കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചതും.

ന്യൂഡൽഹിയിലെ പ്രസിദ്ധമായ മോഡേൺ സ്‌കൂളിലും അച്ഛൻ പഠിച്ചിരുന്ന ഡൂൺ സ്‌കൂളിലും പിന്നെ ഹാർവാർഡിലുമൊന്നും രാഹുൽ ഇന്ത്യാ ചരിത്രം പഠിച്ചുകാണില്ല. രാഷ്‌ട്രീയത്തിലിറങ്ങി മൂന്നോ നാലോ വർഷങ്ങൾക്കകം പഠിച്ചെടുക്കാവുന്നതാണോ ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രം. എങ്കിലും ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം അടച്ചുപൂട്ടി സീൽചെയ്ത ബാബറി മസ്‌ജിദ്‌ കവാടം തുറന്നു കൊടുക്കാനും തർക്കഭൂമിയിൽ ശിലാന്യാസം നടത്താനും അനുമതി നൽകിയത്‌ അച്ഛൻ രാജീവ്‌ ഗാന്ധിയുടെ കാലത്താണെന്ന്‌ മനസ്സിലാക്കാൻ യു.പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാഷ്‌ട്രീയ നേതാവ്‌ മറന്നുപോയത്‌ കഷ്ടം. അന്ന്‌ ബി.ജെ.പിയും മറ്റ്‌ ഹിന്ദു സംഘടനകളും അടക്കിവെച്ചിരുന്ന വോട്ടാണ്‌ അച്ഛൻ ലക്ഷ്യമിട്ടിരുന്നതെന്നും രാഷ്‌ട്രീയത്തിൽ എബിസിഡി പഠിച്ചുവരുന്ന രാഹുൽ മനസ്സിലാക്കേണ്ടതായിരുന്നു. ഒപ്പം ഇന്ത്യാ-പാക്‌ യുദ്ധവും ബംഗ്ലാദേശിന്റെ ഉദയവും വായിച്ചു മനസ്സിലാക്കുന്നതും നന്നാവും. ഇനിയൊരബദ്ധവും പറ്റരുതല്ലോ?

തന്റെ കുടുംബം ഒരു കാര്യം ചെയ്യാമെന്നു വിചാരിച്ചാൽ അതു ചെയ്തിരിക്കുമെന്നു പറഞ്ഞാണ്‌ രാഹുൽ വിവാദമായ തന്റെ രണ്ടാമത്തെ പ്രസംഗം തുടങ്ങിയത്‌. എന്തിനും പോരുന്നവരാണ്‌ നെഹ്‌റു കുടുംബം. ഈ മുന്നിൽ നിൽക്കുന്നവരും വേദിയിലിരിക്കുന്നവരുമായ എല്ലാവരും നെഹ്‌റു കുടുംബത്തിന്റെ പരിചാരകരാണ്‌. ഞങ്ങൾ പറയും നിങ്ങൾ അനുസരിച്ചു കൊള്ളുക…. ഇത്രയും കൂടെ രാഹുൽ മനസിൽ കരുതിക്കാണും, അല്ലെങ്കിൽ അങ്ങനെ കൂട്ടി വായിച്ചുകൊള്ളണം. ബദായൂണിലെ തിരഞ്ഞെടുപ്പ്‌ റാലിയിലെ അന്നത്തെ പ്രസംഗം അത്തരമൊരു അരിസ്‌റ്റോക്രസി തലക്കു പിടിച്ച പ്രസംഗമായിരുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ട്‌ പാകിസ്താൻ മണിക്കൂറുകൾക്കകം തന്നെ പ്രതിഷേധമറിയിച്ചു. പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ കൈകടത്തുന്നുവെന്നതിന്‌ തെളിവാണ്‌ ഇതെന്നാണ്‌ പാക്‌ വിദേശ കാര്യ വക്താവ്‌ തസ്നീം അസ്ലം പ്രതികരിച്ചത്‌. കാശ്മീർ പ്രശ്നത്തിൽ ലോകരാഷ്‌ട്രങ്ങൾ പാകിസ്താനെ പ്രതിസ്ഥാനത്തു നിർത്തി ഇന്ത്യക്ക്‌ അനുകൂലമായി നിലപാടെടുക്കുമ്പോൾ ചെറുതായെങ്കിലും ഇന്ത്യയ്‌ക്കെതിരെ തിരിയാൻ പാകിസ്താന്‌ രാഹുൽ വഴിമരുന്നിട്ടു കൊടുത്തു. കടുത്ത വർഗ്ഗീയ വിഭജനം നിലനിൽക്കുന്ന ഉത്തർപ്രദേശിൽ രാഹുലിന്റെ പ്രസ്താവന ബി.ജെ.പിയും ആയുധമാക്കിയിരിക്കുകയാണ്‌. ഇന്ത്യാവിഭജനവും സിഖ്‌ വിരുദ്ധ കലാപവും ശ്രീലങ്കയിൽ ഇന്ത്യൻ സേനയെ അയച്ചതുമൊക്കെ കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ച്‌ വോട്ടുവാങ്ങാനാണ്‌ ബി.ജെ.പിയുടെ നീക്കം. പറഞ്ഞത്‌ ബാബറി മസ്‌ജിദിനെ കുറിച്ചാണെന്നതും ബി.ജെ.പിക്ക്‌ ഗുണം ചെയ്യും.

ശ്രീലങ്കയിൽ പുലികളെ ഒതുക്കാൻ സഹായം നൽകിയതിനുള്ള പ്രത്യാഘാതമായായിരുന്നു ശ്രീ പെരുംപുത്തൂരിൽ രാജീവ്‌ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമായത്‌ എന്നത്‌ ഒരുപക്ഷേ ചരിത്രത്തിൽ അധികമൊന്നും ജ്ഞാനമില്ലാത്ത രാഹുലിനുപോലും അറിയുമായിരിക്കും. ഇന്ത്യൻ വംശജരെ അടിച്ചമർത്താൻ ഇന്ത്യക്കാരനും നെഹ്‌റു കുടുംബത്തിലെ എന്തിനും പോന്നയാളിൽ ഒരാളുമായ രാജീവ്‌ സഹായം പ്രഖ്യാപിച്ചപ്പോഴേ എൽ.ടി.ടി.ഇക്കാർ നെഹ്‌റു കുടുംബത്തെ ഉടലോടെ സ്വർഗ്ഗത്തിലയക്കുമെന്നു പ്രഖ്യാപിച്ചതാണ്‌. ഡൂൺ സ്‌കൂളിൽ നിന്നും എന്തിനായിരുന്നു പേരു വെട്ടി വീട്ടിലിരുത്തി പഠിപ്പിച്ചതെന്നും കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രിസ്ഥാനവും വേണ്ടെന്നുവച്ച്‌ വീട്ടിലിരുന്നതെന്നും രാഹുൽ അമ്മ സോണിയയോട്‌ ചോദിച്ചു മനസ്സിലാക്കുന്നതു നന്നായിരിക്കും. അത്യാവശ്യ ചരിത്ര ജ്ഞാനം അതിൽ നിന്നു കിട്ടും.

കോൺഗ്രസിന്റെ മേൽ നെഹ്‌റു കുടുംബത്തിന്റെ നിയന്ത്രണം ഇല്ലാതിരുന്ന കാലത്ത്‌ ആ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പ്‌ ജനങ്ങൾക്ക്‌ മനസ്സിലാക്കി കൊടുക്കാൻ ഗ്രൂപ്പും ഉപഗ്രൂപ്പുകളും രൂപീകരിച്ച്‌ നേതാക്കന്മാർ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്‌. ഇങ്ങനെ വർഗസ്നേഹം കാണിച്ച നേതാക്കന്മാരെയും ഉപഗ്രഹങ്ങളെയുമൊന്നും നിലക്കു നിർത്താൻ നരസിംഹറാവുവിനോ സീതാറാം കേസരിക്കോ ഒന്നും കഴിഞ്ഞുമില്ല. ഒടുവിൽ ചെറിയ ചെറിയ കഷ്ണങ്ങളായി പ്രസ്ഥാനം വഴിമാറുമെന്ന നില വന്നപ്പോഴാണ്‌ സമ്മർദ്ദങ്ങൾക്ക്‌ വഴങ്ങി സോണിയാഗാന്ധി കോൺഗ്രസ്‌ അധ്യക്ഷയാവാമെന്നേറ്റത്‌. പിന്നീട്‌ കണ്ടതെല്ലാം ഇന്ത്യയിലെ രാഷ്‌ട്രീയ നാടകങ്ങളിലെ മറക്കാനാവാത്ത ഏടുകളായിരുന്നു. സോണിയയ്‌ക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു, ഒപ്പം എതിർത്തവരെയെല്ലാം പടിക്കു പുറത്തു തള്ളാനും ഇവർ മറന്നില്ല. ദോഷം പറയരുതല്ലോ, സോണിയയുടെ സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ കോൺഗ്രസ്‌ ഇന്ന്‌ കാണുന്നപോലെ നിലനിൽക്കുമായിരുന്നില്ല എന്നത്‌ സത്യം.

അങ്ങനെ ഗാന്ധി കുടുംബത്തോടുള്ള അടിമത്തം കോൺഗ്രസുകാർ ഒരിക്കൽ കൂടെ കാണിച്ചുകൊടുത്തു. പ്രിയങ്കാ ഗാന്ധിയെ ഇന്ദിരാഗാന്ധിയുടെ പിൻതുടർച്ചക്കാരിയെന്നുവരെ പുകഴ്‌ത്തി പാർട്ടിയിലിറക്കുകയായിരുന്നു ആദ്യലക്ഷ്യമെങ്കിലും അത്‌ തുടക്കത്തിലേ തന്നെ പാളി. പ്രിയങ്കയുടെ പടങ്ങൾ ഫ്രെയിം ചെയ്ത്‌ വീട്ടിനു മുന്നിൽ സ്ഥാപിക്കാനും പൂവിട്ട്‌ പൂജിക്കാനും അക്കാലത്ത്‌ കോൺഗ്രസുകാർ മറന്നിരുന്നില്ല. പിന്നീട്‌ ന്യൂഡൽഹിയിൽ സോണിയാഗാന്ധിക്കു ചുറ്റും കറങ്ങുന്ന ചില ഉപഗ്രഹങ്ങളുടെ ബുദ്ധിയാകണം വിദേശവാസം മതിയാക്കി ഇന്ത്യയിലെത്തിയ രാഹുലിനെ അമ്മയോടൊപ്പം കോൺഗ്രസ്‌ മീറ്റീംഗുകളിലും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങാൻ കാരണമായത്‌. രാജീവിന്റെ പിന്മുറക്കാരനായി വാഴ്‌ത്തപ്പെട്ട രാഹുൽ തന്റെ സാന്നിധ്യം ഉണ്ടായിരുന്ന വേദികളിലെല്ലാം വൻ ജനാവലികണ്ട്‌ അമ്പരന്നിരിക്കണം. രാഹുൽപോലും അറിയാതെ വളരെ പെട്ടെന്നായിരുന്നു രാജീവിന്റെ സ്വന്തം മണ്ഡലമായ അമേത്തിയിൽ നിന്നും വൻഭൂരിപക്ഷത്തോടെ തന്നെ വിജയിച്ചതും കോൺഗ്രസിലെ പ്രമുഖനായതും.

നെഹ്‌റു കുടുംബമില്ലാതെ കോൺഗ്രസ്‌ മാത്രമല്ല ഭാരതം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ഇങ്ങനെ വെറും മൂന്നോ നാലോ വർഷത്തെ രാഷ്‌ട്രീയം ജ്ഞാനം കൊണ്ട്‌ രാഹുലിന്‌ തോന്നിയിട്ടുണ്ടെങ്കിൽ അതിനെ കുറ്റം പറയാനാവില്ല. അത്രയും അടിമത്തമാണ്‌ ഇന്നത്തെ കോൺസ്രുകാർ സോണിയയോടും കുടുംബത്തോടും കാണിച്ചത്‌, ഇന്നും കാണിക്കുന്നതും. ഇത്തരം അടിമത്തം ഒരു തരം രാഷ്‌ട്രീയ ഏകാധിപത്യത്തിലേക്കേ നയിക്കൂ എന്ന്‌ കോൺഗ്രസിലെ തലക്കകത്തു വെളിവുള്ള മുതിർന്ന നേതാക്കളെങ്കിലും മനസ്സിലാക്കണം. സമയം കിട്ടുമ്പോൾ ഒന്നും മിണ്ടാതെ രാഹുലിനെ അടുത്ത രാജാവാണെന്ന്‌ വാഴ്‌ത്തുന്നതിനു പകരം രാജാവ്‌ നഗ്നനാണെന്ന്‌ ചെവിയിലെങ്കിലും പറഞ്ഞുകൊടുക്കാൻ നട്ടെല്ലുള്ള നേതാക്കളാരെങ്കിലും മുന്നോട്ടു വരണം. കോൺഗ്രസിന്റെ ഭാവി ശോഭനമാക്കാൻ അത്‌ ഉപകരിക്കും.

Generated from archived content: politics1_apr24_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English