തകർച്ച നേരിടുന്ന കേരളാ മോഡൽ

സാമൂഹ്യജീവിതത്തിലായാലും ഭൂപ്രകൃതിയുടെ കാര്യത്തിലായാലും ദൈവത്തിന്റെ സ്വന്തം നാടാണ്‌ കേരളമെന്നാണ്‌ വർഷങ്ങളായി നമ്മൾ മേനി പറയുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിൽ നമ്മൾ നേടിയ പുരോഗതി ലോകത്തിനു മുന്നിൽ ഒരു മാതൃകയാക്കി അവതരിപ്പിക്കപ്പെട്ടു. അതിനെ കേരളാ മോഡൽ എന്ന്‌ ഓമനപ്പേരിട്ടു വിളിച്ചു. പുതിയ കാലത്തെ ഉപഭോഗസംസ്‌കാരവുമായി പൊരുത്തപ്പെട്ടുവരുന്ന നമ്മൾ മൊത്തം ചിലവിന്റെ നല്ലൊരു പങ്കും ഇപ്പോഴും സാമൂഹികവികസനത്തിനാണ്‌ ചിലവഴിക്കുന്നത്‌. എന്നാൽ ജീവിതനിലവാരത്തിൽ അമേരിക്കയോട്‌ കിടപിടിക്കുന്നുവെങ്കിലും ജനജീവിതം ഇപ്പോഴും പ്രതിസന്ധികൾക്കിടയിലാണ്‌. അടിസ്ഥാനവികസനവും പൊതുനന്മയും ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങിയ ആ പഴയകാലത്തിന്റെ പേരിൽ ഇപ്പോൾ ഊറ്റം കൊള്ളുന്നത്‌ വിഢിത്തമാണെന്നാണ്‌ ഈയടുത്തകാലത്ത്‌ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌.

കേരളാ മോഡൽ നമുക്കു സമ്മാനിച്ചത്‌ ഉയർന്ന ആരോഗ്യവും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും സാമൂഹിക സുരക്ഷിതത്വവുമാണ്‌. മലയാളിയുടെ ശരാശരി ആയുസ്സ്‌ 74 വയസ്സായി വർദ്ധിപ്പിക്കാൻ നമുക്കു കഴിഞ്ഞു, അതായത്‌ ദേശീയ ശരാശരിയേക്കാൾ 11വയസ്സ്‌ കൂടുതൽ, അമേരിക്കക്കാരുടെ ശരാശരി ആയുസ്സിന്റെ തൊട്ടടുത്ത്‌ (77). സാക്ഷരതാ നിരക്ക്‌ 91 ശതമാനം, ദേശീയ ശരാശരിയേക്കാൾ 26 ശതമാനം (അമേരിക്കയുടേത്‌ 99 ശതമാനം).

ഒരു ഇന്ത്യൻ സംസ്ഥാനം ചെലവിടുന്ന ശരാശരിയേക്കാൾ 36 ശതമാനം കൂടുതലാണ്‌ വിദ്യാഭ്യാസത്തിനു വേണ്ടി കേരളം ചിലവിടുന്നത്‌, ആരോഗ്യ രക്ഷയ്‌ക്കുവേണ്ടി 46 ശതമാനവും. പാവപ്പെട്ടവരുടെ കാര്യത്തിലാണെങ്കിലും സർക്കാർ ഇടപെട്ടാൽ ജീവിത നിലവാരം മെച്ചപ്പെടുത്താനാവുമെന്ന്‌ പ്ലാനിംഗ്‌ബോർഡ്‌ വൈസ്‌ ചെയർമാൻ പ്രഭാത്‌ പട്‌നായിക്ക്‌ പറയുന്നു. വളർച്ചാനിരക്കുകളുമായി ബന്ധപ്പെട്ടതല്ല കേരളീയരുടെ ജീവിത നിലവാരം. “ജനിച്ച അതേ വർഷം ശിശുക്കൾ മരിക്കുന്നില്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏതാണ്ട്‌ ഒരേജീവിത സാഹചര്യം, അവർക്ക്‌ തുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നു, ഉയർന്ന ആയുസ്സും, വികസിത രാജ്യങ്ങളിലെവിടെയും കാണാത്ത പ്രത്യേകതയാണിത്‌” മൗണ്ട്‌ ക്ലെയർ സർവ്വകലാശാലയിലെ നരവംശ ശാസ്ര്തജ്ഞൻ റിച്ചാർഡ്‌ ഫ്രാങ്കി സാക്ഷ്യപ്പെടുത്തുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ ഭൂപരിഷ്‌ക്കരണം നടത്തി പാവപ്പെട്ടവർക്ക്‌ ഭൂമി നൽകിയതും ഇത്രയേറെ ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. കേരളാ മോഡൽ വികസന മാതൃകയെപ്പറ്റിയുള്ള വിവരണങ്ങൾക്കു മാത്രം ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.

പക്ഷേ കേരളാ മോഡൽ പുസ്തകങ്ങളിലൊതുങ്ങുന്നുവെന്നാണ്‌ സമീപകാലം യാഥാർത്ഥ്യം. കേരളാ മോഡലിലൂടെ നേടിയെടുത്ത വിദ്യാസമ്പന്നർ നമുക്ക്‌ താങ്ങാവുന്നതിലുമപ്പുറമാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ സർക്കാരിനു തന്നെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ജോലി നൽകാൻ കഴിയുന്നില്ല. പ്രധാന തൊഴിൽ ദാതാക്കളായി വളർന്നുവരുന്ന ഐ.ടി അനുബന്ധ മേഖലയുടെ മുഖ്യപങ്കും സ്വകാര്യമേഖലയിലാണ്‌. വളരുന്ന നാടിനൊപ്പം സഞ്ചരിക്കാനാകാതെ സർക്കാർ വീർപ്പുമുട്ടുന്നു. സ്മാർട്ട്‌സിറ്റിക്കും ടെക്നോപാക്കുകൾക്കും താങ്ങാനാവാത്ത ഐ ടി വിദഗ്‌ദരെയാണ്‌ കേരളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽപോലും ചെലവിടാൻ പണമില്ലാതെ സ്വകാര്യമേഖലയ്‌ക്ക്‌ ഇഷ്ടദാനം ചെയ്യുന്നു. യൂണിയൻ പ്രവർത്തനവും അനാവശ്യ സമരങ്ങളും സൃഷ്ടിച്ച മന്ദത തൊഴിൽമേഖലയിൽ മാറിവരുന്നതേയുള്ളൂ. തൊഴിലറിയാവുന്നവർ ഇഷ്ടംപോലെ, തൊഴിലിനു മാത്രം ക്ഷാമം, അതാണ്‌ ഇന്നത്തെ കേരളത്തിലെ അവസ്ഥ. അതു തന്നെയാണ്‌ നല്ലൊരു ശതമാനം പേരെയും പ്രവാസികളാക്കി മാറ്റിയത്‌. സാമൂഹ്യസാമ്പത്തിക മണ്ഡലങ്ങളിൽ അതു സൃഷ്ടിച്ച മാറ്റം എടുത്തു പറയേണ്ടതാണ്‌.

കേരളത്തിന്റെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തിയതിനു പിന്നിൽ വിദേശമലയാളികളുടെ പങ്ക്‌ ചെറുതല്ല. പ്രത്യേകിച്ചും ഗൾഫ്‌ മലയാളികളുടെ. കേരളത്തെ രണ്ടാക്കി വിഭജിച്ചാൽ വടക്ക്‌ മലബാറിലെ സാമ്പത്തിക അടിത്തറ ഗൾഫ്‌ പണമാണെന്നും തെക്ക്‌ തിരുവിതാംകൂറിന്റെ മുഖ്യ സാമ്പത്തിക അടിത്തറ യൂറോപ്പ്‌-അമേരിക്കൻ പണമാണെന്നും പറയാം. പക്ഷേ സാമ്പത്തികമായി വളർച്ച പ്രാപിച്ചു എന്നു പറയുന്നുണ്ടെങ്കിലും സാമൂഹികമായി നമ്മൾ പിന്നോട്ടു പോകുകയാണെന്നും അങ്ങനെ കേരളാ മോഡൽ തകർച്ച നേരിടുകയുമാണെന്നുമാണ്‌ ഈയിടെ ന്യൂയോർക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌.

സർക്കാരുദ്യോഗം എന്ന ലക്ഷ്യത്തിൽ നിന്നും യുവതലമുറ മാറിച്ചിന്തിച്ചു തുടങ്ങിയിട്ട്‌ അധിക നാളായില്ല. പക്ഷേ തൊഴിൽ തേടിയുള്ള യാത്ര നല്ല വിദ്യാഭ്യാസം ലഭിച്ചവരെയും ഏതു തൊഴിലും ചെയ്യിക്കുന്ന അവസ്ഥയിലേക്ക്‌ തള്ളിവിട്ടു. ഗൾഫ്‌ നാടുകളിലെ മരുഭൂമിയിൽ മണിക്കൂറിന്‌ വെറും ഒരു ഡോളറിനുവരെ ജോലിചെയ്യേണ്ട ഗതികേട്‌ മലയാളിക്കുണ്ടായി. കേരളത്തിലെ ഏതാണ്ട്‌ മൂന്നിലൊരു കുടുംബവും ജീവിച്ചുപോകുന്നത്‌ വിദേശസമ്പത്തിന്റെ ബലത്തിലാണ്‌.

പട്ടിണികിടന്നു മരിച്ചാലും ജനങ്ങൾ മറുനാടുകളിലേക്ക്‌ പാലായനം ചെയ്യില്ല. കേരളാ മോഡൽ വായിക്കാൻ കൊള്ളാം പക്ഷേ നടപ്പിൽ വരുത്താൻ കഴിയില്ല, സി.ഡി.എസിലെ ഡെമോഗ്രാഫർ ഇരുദയ രാജൻ പറയുന്നു. ഇത്തരം വിദേശപണം അടിസ്ഥാനമായുള്ള സമ്പദ്‌ വ്യവസ്ഥ ജനജീവിതത്തെ നയിക്കുന്നത്‌ മറ്റൊരു ദിശയിലാണ്‌. സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസമണ്ഡലങ്ങളിലെ സമാനത എന്ന ലക്ഷ്യം പക്ഷേ തകർന്നു തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ഈ സാമൂഹ്യവ്യവസ്ഥ വെളിപ്പെടുത്തുന്നത്‌. യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറിച്ചു നടുന്നവരുടെയും ഗൾഫിലേക്കു ജോലി തേടിപ്പോകുന്നവരുടേയും കുടുംബജീവിതം പുതിയ മാനങ്ങൾ തേടുകയാണ്‌.

ഗൾഫിൽ ജോലിചെയ്യുന്നവർ കുടുംബത്തിന്റെ ഒരു ധനാഗമനമാർഗ്ഗമായി മാത്രമാണ്‌ ജീവിക്കുന്നത്‌ എന്നു പറയാം. അവർ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്‌ വർഷത്തിൽ വെറും മൂന്നോ നാലോ ആഴ്‌ചകൾ മാത്രം. നാട്ടിൽ വന്നാൽ ഒരു ഗൃഹനാഥന്റെ വേഷം അഭിനയിക്കാൻ ലഭിക്കുക വിരലിലെണ്ണാവുന്ന ദിവസങ്ങളായിരിക്കും. ഇത്രയും ദിവസം ഒരു ഗസ്‌റ്റ്‌ അപ്പിയറൻസും ബാക്കി ടെലി അപ്പിയറൻസും വഴിയാണ്‌ അച്ഛനായും മകനായും മകളായുമൊക്കെ ഗൾഫ്‌ മലയാളികൾ ജീവിക്കുന്നത്‌. ആധുനിക മൊഡ്യുലാർ കിച്ചണും കാറും മക്കളുടെ ഉയർന്ന വിദ്യാഭ്യാസവും എല്ലാം താങ്ങണമെങ്കിൽ ഗൾഫുകാരന്‌ ഇത്തരമൊരു ജീവിതം നയിച്ചേ പറ്റൂ. അച്ഛന്റെ സ്നേഹവും ഭർത്താവിന്റെ സ്നേഹവും മകന്റെ സ്നേഹവും ഒപ്പം ഉയർന്ന കുടുംബജീവിതവും ഒന്നിച്ചു പൊരുത്തപ്പെട്ടുപോകില്ല എന്നതാണ്‌ ഗൾഫ്‌ മലയാളി നേരിടുന്ന പ്രശ്നം. ഒരുപാട്‌ സാമൂഹിക പ്രശ്നങ്ങളാണ്‌ ഈ ജീവിതം സൃഷ്ടിക്കുന്നത്‌. ഒരാളുടെ അധ്വാനത്തിൽ നിന്നും പലരുടേയും ജീവിതം കെട്ടിപ്പടുക്കേണ്ടിവരിക എന്നത്‌ കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ച സംഭവങ്ങൾ നിരവധിയാണ്‌. ഗൾഫിലെ ജോലി സാഹചര്യങ്ങൾ മാറിയതും വരുമാനമറിയാതെ ചിലവുചെയ്ത്‌ കൂടുതൽ പ്രാരാബ്ദങ്ങൾ തലയിൽ കയറ്റിവച്ച്‌ രണ്ടോ മൂന്നോ വർഷം കാശുണ്ടാക്കാൻ പോയി ഗൾഫിൽ ജീവിതകാലം മുഴുവൻ കുടുങ്ങിപ്പോകുന്നവരുടെ കഥകൾ നിരവധി.

എന്നാൽ അമേരിക്കൻ യൂറോപ്യൻ മലയാളികളുടെ ജീവിതം ഒരു പറിച്ചു നടലാണ്‌ എന്നു പറയാം. കുടുംബത്തോടെയുള്ള പറിച്ചു നടൽ. ഗൾഫ്‌ മലയാളികൾ നാട്ടിലെത്തുന്നത്‌ വർഷത്തിലൊരിക്കലാണെങ്കിൽ ഇവർ നാലോ അഞ്ചോ വർഷത്തിലൊരിക്കലായേക്കാം. കുടുംബത്തോടെ ചേക്കേറുന്നതുകൊണ്ട്‌ വർഷത്തിലൊരിക്കലുള്ള വരവ്‌ അത്ര എളുപ്പമായെന്നും വരില്ല. പ്രായമായ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ മാത്രമായിരിക്കും കേരളത്തിലുണ്ടാകുക. ചിലപ്പോൾ അവരും കൂടെ പറിച്ചു നടപ്പെട്ടെന്നിരിക്കും. വർഷങ്ങൾക്കുശേഷം റിട്ടയേർഡ്‌ ലൈഫ്‌ കേരളത്തിലാവാമെന്നു കരുതി നാട്ടിലേക്കെത്തുമ്പോഴേക്കും വിദേശത്തു ജനിച്ചുവളർന്ന മക്കൾക്ക്‌ പൊരുത്തക്കേടുകളും നിരവധിയായിരിക്കും. നേഴ്‌സിംഗ്‌ ഹോസ്‌പിറ്റാലിറ്റി രംഗത്ത്‌ ഇന്ത്യക്കാർക്ക്‌ വൻജോലി സാധ്യത വന്നതോടെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും പറിച്ചു നടപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഒപ്പം ഇത്തരം സമ്പത്ത്‌ ജനജീവിതത്തെയും ബാധിക്കുന്നു. വിവാഹം പലപ്പോഴും ഒരു വിദേശസ്വപ്നം യാഥാർത്ഥ്യമാക്കാനുള്ളതായി മാറുകയും, അവ കുടുംബബന്ധങ്ങൾ തകരുന്നതു വരെയെത്തിയെന്ന്‌ അമേരിക്കയിൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തിരുവിതാംകൂറിലെയും മലബാറിലേയും സമ്പന്നഗ്രാമങ്ങളുടെ പ്രധാന ധനാഗമനമാർഗ്ഗവും വിദേശപണമാണ്‌.

കേരളീയരുടെ കടന്നു കയറ്റത്തിന്‌ പ്രസിദ്ധി നേടിയിരിക്കുന്നത്‌ ഗൾഫ്‌ മേഖലയിൽ തന്നെയാണ്‌. 1980കളിൽ ഇരട്ടിയായിരുന്ന വിദേശത്തു ജോലിചെയ്യുന്നവരുടെ എണ്ണം 1990കളിൽ മൂന്നിരട്ടിയായി വർദ്ധിച്ചു. ഉയർന്ന വിദ്യാഭ്യാസനിലവാരമുള്ള കേരളത്തിലുള്ളവരിൽ ബഹുഭൂരിപക്ഷവും ജോലിചെയ്യുന്നത്‌ കൺസ്ര്ടക്ഷൻ കമ്പനികളിലും ഗൾഫിലെ പൊരിവെയിലത്തുമാണെന്ന്‌ ചുരുക്കം.

പ്രവാസികളുടെ പണമാണ്‌ കേരളത്തിലെ സാമ്പത്തിക മേഖലയുടെ ആണിക്കല്ല്‌ എന്ന്‌ വിദഗ്‌ദർ അഭിപ്രായപ്പെടുന്നു. അഞ്ച്‌ ബില്ല്യൺ ഡോളറാണ്‌ പ്രവാസികൾ കേരളത്തിലേക്ക്‌ അയക്കുന്നത്‌. പ്രവാസികളുടെ ജീവിതനിലവാരവും സ്വദേശികളേക്കാൾ മൂന്നിരട്ടി കൂടുതലാണുതാനും. കാറുകളും ഒന്നിൽ കൂടുതൽ ഫോണുകളും ആധുനിക ഗൃഹോപകരണങ്ങളും അടങ്ങിയ ആർഭാടപൂർവ്വമായ ജീവിതമാണ്‌ ഇവർ നയിക്കുന്നത്‌. “സുന്ദരനും ദുബായിൽ ജോലി ചെയ്യുന്നവനുമായ യുവാവിന്‌…” എന്നു തുടങ്ങുന്ന പരസ്യങ്ങൾ പത്രങ്ങളിൽ പെരുകുന്നതിൽ നിന്നു തന്നെ മാറിയ മലയാളി മനസ്സിനെ നമുക്ക്‌ വായിച്ചെടുക്കാം. കേരളത്തിലെ ഉന്നതനിലവാരമുള്ള ജീവിതത്തിനു പിന്നിൽ ഗൾഫ്‌ പണം തന്നെയാണെന്നാണ്‌ കേരള സർവ്വകലാശാലയിലെ സാമ്പത്തിക വിദഗ്‌ദനായ ബി.എ പ്രകാശിന്റെയും അഭിപ്രായം.

അതേസമയം കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ ദേശീയ ശരാശരിയേക്കാൾ നാലുമടങ്ങ്‌ കൂടുതലാണ്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്‌. അതിനുപിന്നിൽ പണത്തോടുള്ള അമിതതാല്പര്യവും മാറിയ ജീവിതത്തോടുള്ള പൊരുത്തക്കേടുകളും ഒറ്റപ്പെടലുമാണ്‌. അത്തരമൊരു കഥയാണ്‌ ഷേർലി ജസ്‌റ്റസിന്റേത്‌. നാല്പത്തിയഞ്ചുകാരിയായ ഷേർളിയുടെ ഭർത്താവ്‌ മസ്‌ക്കറ്റിൽ ട്രക്ക്‌ ഡ്രൈവറാണ്‌. അതുകൊണ്ടുതന്നെ മൂന്നു പെൺകുട്ടികളുടെ പഠിത്തമടക്കമുള്ള ഉത്തരവാദിത്തം അവർക്ക്‌ ഏൽക്കേണ്ടിവന്നു. മൂത്തമകളായ സുജിയുടെ പുറത്തുപോയി പഠിക്കാനുള്ള മോഹം എതിർത്തതിനെതുടർന്ന്‌ അവൾ ആത്മഹത്യ ചെയ്തു. ഭർത്താവ്‌ സ്ഥലത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന്‌ അവർ പറയുന്നു. പ്രവാസി കുടുംബങ്ങളുടെ അരക്ഷിതാവസ്ഥ സൂചിപ്പിക്കുന്ന ഇത്തരം സംഭവങ്ങളും നിരവധി. പെട്ടെന്നുണ്ടാകുന്ന ധനം കുടുംബബന്ധങ്ങളെ ബാധിക്കുന്ന സംഭവങ്ങളും കുറവല്ല.

പ്രവാസികൾ അയക്കുന്ന പണത്തിന്റെ അത്ര ചെറുതല്ലാത്ത പങ്ക്‌ ചെലവഴിക്കുന്നത്‌ കുട്ടികളുടെ പഠനത്തിനു വേണ്ടിയാണ്‌. അതുകൊണ്ടുതന്നെ എൻ.ആർ.ഐ സീറ്റുകൾക്ക്‌ താങ്ങാനാവാത്ത ഫീസ്‌ അടക്കേണ്ടിവരുമ്പോൾ കൂടുതൽ കാലം പലർക്കും വിദേശത്തു കഴിയുകയും ചെയ്യേണ്ടിവരുന്നു. വിദ്യാസമ്പന്നരായ കേരളീയർ ജോലി തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്‌. അത്‌ കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രവാസത്തിലേക്ക്‌ ഒരു തലമുറയെ തള്ളിയിടുകയും ചെയ്യുന്ന ഈ പ്രക്രിയ പരസ്പര പൂരകമായി തുടരുകയാണ്‌.

“ടെറസിൻ വീടും കാറും ഫ്രിഡ്‌ജും പണമുള്ളോനു ലഭിച്ചാൽ നാടിൻ വികസനമാണെന്നോർത്തു നടക്കണ” എന്ന അവസ്ഥ പക്ഷേ അധികമൊന്നും മാറിയിട്ടില്ല. സാമൂഹികജീവിതത്തിൽ എൻ.ആർ.ഐ എന്നു പേരിട്ടുവിളിക്കുന്ന ഒരു കൂട്ടം സമ്പന്നമാകുകയും ഉയർന്ന ജീവിതം നയിക്കുകയും ചെയ്യുന്നുവെങ്കിലും കേരളത്തിലെ സ്വദേശികളുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന്‌ പറയാൻ കഴിയില്ല. തികച്ചും സാമൂഹികമായ അസമത്വമാണ്‌ വിദേശപണം സൃഷ്ടിക്കുന്നത്‌.

കേരളീയരുടെ ജീവിതം ഏഷ്യൻ ഡെവലപ്പ്‌മെന്റ്‌ ബാങ്കിലും മറ്റു വിദേശ രാജ്യങ്ങളിലും പണയം വച്ചിരിക്കുകയാണ്‌. കഴിഞ്ഞ ആന്റണി സർക്കാർ ധവളപത്രമിറക്കി ഖജനാവിൽ അഞ്ചു പൈസയില്ലെന്നു പ്രഖ്യാപിച്ച്‌ തൊട്ടുപിന്നാലെ വന്ന കമ്മ്യൂണിസ്‌റ്റു സർക്കാർ യാഥാർത്ഥ്യമാക്കിയ എ.ഡി.ബി വായ്പ തന്നെ കേരളാ മോഡലിനെ കടന്നാക്രമിക്കുമെന്നുറപ്പാണ്‌. എ.ഡി.ബി വായ്പ തരണമെങ്കിൽ അവരുടെ നിയമങ്ങൾ പാലിക്കപ്പെടണമെന്നാണ്‌ ചട്ടം. അവരുടെ ആവശ്യങ്ങളിൽ പ്രധാനം ആരോഗ്യം വിദ്യാഭ്യാസം സാമൂഹിക സേവനം പോലുള്ള നഷ്ടകച്ചവടത്തിൽ നിന്നും സർക്കാരിനെ മാറ്റിനിർത്തി അവ സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുത്ത്‌ സർക്കാരിനെ ലാഭത്തിലാക്കുക അതുവഴി വാങ്ങിയ പണവും അതിന്റെ പലിശയും പലിശയുടെ പലിശയും തിരിച്ചടക്കാൻ പ്രാപ്തമാക്കുക എന്നതാണ്‌. പൊതു ടാപ്പിന്‌ പണം കൊടുക്കേണ്ടിവരുന്നതിനേച്ചൊല്ലിയുള്ള വിവാദങ്ങൾക്ക്‌ തിരശ്ശീല ഇനിയും വീണിട്ടില്ല എന്നതും ഓർക്കുക. ജലനിധിയും ജപ്പാൻ കുടിവെള്ളവും മറ്റും ഉണ്ടാക്കിയിരിക്കുന്ന ബാധ്യതകൾ വേറെ.

സർക്കാരും ശാസ്ര്തസാഹിത്യപരിഷത്ത്‌ പോലുള്ള സന്നദ്ധ സംഘടനകളും മുന്നിട്ടറങ്ങി ആരോഗ്യമേഖലയെ നല്ല നിലവാരത്തിലെത്തിച്ചിരിന്നു. മലേറിയയും വസൂരിയുമൊക്കെ തുടച്ചു നീക്കിയ ചരിത്രമാണ്‌ നമുക്കുള്ളത്‌. കോളറക്കും മറ്റു സാംക്രമിക രോഗങ്ങൾക്കുമെതിരെ ശക്തമായ ജനസമ്പർക്ക പരിപാടികൾ തന്നെ നടന്നിരുന്നു. എന്നാൽ ഇന്ന്‌ ഡങ്കിപ്പനി, എലിപ്പനി മെനിഞ്ഞ്‌ജൈറ്റിസ്‌, ചിക്കുൻ ഗുനിയ തുടങ്ങി പേരുള്ളതും പേരില്ലാത്തതുമായ നിരവധി രോഗങ്ങളുടെ വിളഭൂമിയാണ്‌ കേരളം. കഴിഞ്ഞമാസങ്ങളിൽ 700ഓളം പേർ ചിക്കുൻഗുനിയ കാരണം മരിച്ചതായാണ്‌ റിപ്പോർട്ട്‌. 16 ലക്ഷത്തോളം പേർക്ക്‌ ഗുനിയ പിടിപെട്ടു. ചിക്കുൻഗുനിയ എന്നൊരു രോഗം ഉണ്ടോ എന്നതായിരുന്നു ആദ്യകാലത്തെ സംശയം.

രോഗം കണ്ടുപിടിച്ചിട്ടും അതിനെതിരെ ഫലപ്രദമായി എന്തെങ്കിലും ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെട്ടു. സാമൂഹികപ്രതിബദ്ധതയുള്ള സമൂഹം മൂലധനലോകത്തിനു വേണ്ടി മാറ്റി രചിക്കപ്പെടുന്നതിന്റെ നേർക്കാഴ്‌ചകളായി മാറുകയാണ്‌ കേരളം. സാമൂഹ്യരംഗത്തു പ്രവർത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നു. ഇത്തരം പരിപാടികളിൽ നിന്ന്‌ സർക്കാരും മാറി നിൽക്കുന്നു. കേരളാ മോഡൽ വിളംബരം ചെയ്ത ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്‌.

1975ലെ ഐക്യരാഷ്ര്ടസഭാ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ‘കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മേഖലയിലെ പ്രശംസനീയമായ മുന്നേറ്റ’ത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്‌. ബിൽ മക്‌ കിബ്ബൈൻ എന്ന അമേരിക്കൻ ചിന്തകന്റെ വാക്കുകളിൽ പറഞ്ഞാൽ “താഴ്‌ന്ന സാമ്പത്തിക നിലവാരമുള്ള കേരളത്തിന്‌ നിലവാരമുള്ള ജീവിതം കെട്ടിപ്പൊക്കാൻ കഴിഞ്ഞു” പക്ഷേ അതിന്നൊരു സ്വപ്നം മാത്രമാണ്‌. അമർത്യ സെൻ സൂചിപ്പിച്ച കേരളാ മോഡൽഎന്ന ‘സമുന്നതമായ സാമൂഹ്യനേട്ടം തകർച്ചയിലാണ്‌’. കേരളാ മോഡൽ ഇന്ന്‌ പ്രശസ്തരുടെ പുസ്തകങ്ങളിലേയും ലോകാരോഗ്യസംഘടനകളുടെ റിപ്പോർട്ടുകളിലേയും അക്ഷരങ്ങൾ മാത്രമാണ്‌.

Generated from archived content: essay1_sept13_07.html Author: biminith_bs

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here