ഔട്ട് സോഴ്‌സിംഗ് വ്യവസായത്തിൽ അവസാന വാക്കെന്ന ഖ്യാതി വളരെ മുമ്പുതന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്. 1990 കളിൽ ശക്തി പ്രാപിച്ച ഔട്ട് സോഴ്‌സിംഗ് മേഖല കസ്‌റ്റമർ സർവീസും ഡാറ്റാ പ്രൊസസിംഗും കടന്ന് ശാസ്‌ത്രസാങ്കേതിക മേഖലയിലെ ഏതു കഠിനമായ ജോലിയും ചെയ്യാമെന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഔട്ട് സോഴ്‌സിംഗിനെ മൂന്നാം വ്യവസായ വിപ്ലവമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സാമ്പത്തിക ഉപദേശകനായിരുന്ന അലൻ എസ് ബ്ലിന്റർ വിശേഷിപ്പിച്ചത് ശരിയാണെങ്കിൽ ഇന്ത്യയാണ് ആ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയിൽ വരുന്ന മാറ്റങ്ങളും മൾട്ടിനാഷണൽ കമ്പനികളുടെ മാറിയ ആവശ്യങ്ങളും ഔട്ട് സോഴ്‌സിംഗ് മേഖലയിൽ കാതലായ മാറ്റത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം ഇന്ത്യക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനുളള ഇന്ത്യൻ ഐടി കമ്പനികളുടെ നീക്കത്തെ വിലയിരുത്തേണ്ടത്. യൂറോപ്പിലും അമേരിക്കയിലും ബ്രാഞ്ചുകൾ സ്ഥാപിച്ച് ഔട്ട് സോഴ്‌സിംഗ് മേഖലയെ പൂർണ്ണമായും തങ്ങളുടെ വരുതിയിലാക്കാനുളള ശ്രമത്തിലാണ് ഇന്ന് ഇൻഫോസിസും വിപ്രോയും ടാറ്റാ കൺസൾട്ടൻസി സർവീസുമടങ്ങുന്ന ഇന്ത്യയിലെ ഐടി ഭീമന്മാർ.
ലോകത്തിന്റെ ഏതു മൂലയിൽ നിന്നുമുളള ആവശ്യങ്ങളും എപ്പോൾ എവിടെ വച്ചു വേണമെങ്കിലും നിർവ്വഹിക്കാൻ സന്നദ്ധരായിരിക്കേണ്ട സാഹചര്യമാണ് ഇന്നത്തെ ഔട്ട് സോഴ്‌സിംഗ് മേഖലയിലുളളത്. സമയവും സ്ഥലവും ഭാഷയും എല്ലാം ഏറെ പ്രധാനവും. എല്ലാ സേവനങ്ങളും കൂടുതൽ പ്രാദേശികമാക്കുക എന്ന മൾട്ടിനാഷണൽ കമ്പനികളുടെ പുതിയ തന്ത്രങ്ങൾ കൂടെ പ്രാവർത്തികമായപ്പോൾ ഔട്ട് സോഴ്‌സിംഗ് ജോലികൾ ചെയ്യാൻ ഇംഗ്ലീഷ് സംസാരിക്കാത്തവർ കൂടെ അത്യാവശ്യമായി വന്നു. അതോടെ ഇന്ത്യയിലേക്ക് വൻതോതിൽ പ്രവഹിച്ചിരുന്ന ജോലികളുടെ സ്വഭാവവും ഉപഭോക്താക്കളുടെ ആവശ്യവും മാറി. ഇത്തരം ജോലികൾ പലപ്പോഴും ഔട്ട്‌സോഴ്‌സിംഗ് മേഖലയിലെ പുതുമുഖ രാജ്യങ്ങളിലേക്ക് പ്രവഹിച്ചു തുടങ്ങി. ഈ സന്ദർഭത്തിൽ ഈ രംഗത്തെ കുത്തക തകർക്കാൻ മറ്റു രാജ്യങ്ങളെ അനുവദിക്കില്ല എന്ന ചെറിയ സ്വാർത്ഥത കൂടിയായപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് മറ്റു രാജ്യങ്ങളിൽ ആധിപത്യമുറപ്പിക്കേണ്ടിവന്നു.
ബ്രസീലിലും ചിലിയിലും ഉറുഗ്വേയിലുമായി ഏതാണ്ട് 5000ൽ പരം പേർ ഇപ്പോൾ തന്നെ ടാറ്റാ കൺസൾട്ടൻസി സർവീസസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വിപ്രോയുടെ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾ കാനഡയിലും ചൈനയിലും പോർച്ചുഗലിലും സൗദി അറേബ്യയിലും റുമേനിയയിലുമൊക്കെ പ്രവർത്തിക്കുന്നു. അമേരിക്കയിലെ അത്ര വികസിച്ചിട്ടില്ലാത്ത ഇഡാഹോ, വിർജീനിയ, ജ്യോർജ്ജിയ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഔട്ട് സോഴ്‌സിംഗ് ഹബ്ബുകൾ രൂപീകരിക്കാനുളള ശ്രമത്തിലാണ് വിപ്രോ. അതേസമയം ഇൻഫോസിസ് അവരുടെ ബാക്ക് ഓഫീസുകൾക്കായി സ്ഥലം കണ്ടെത്തിയത് മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, തായ്‌ലന്റ്, ചൈന, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും ഒപ്പം അമേരിക്കയിലെ തന്നെ ചെലവു കുറഞ്ഞ സ്‌റ്റേറ്റുകളിലുമാണ്.
ടെലിക്കമ്മ്യൂണിക്കേഷൻ മേഖലയിൽ നേടിയ പുരോഗതിയും ഇംഗ്ലീഷ് ഭാഷയറിയാവുന്നവരുടേയും സാങ്കേതിക വിദഗ്‌ദരുടെയും ലഭ്യതയുമാണ് ഔട്ട് സോഴ്‌സിംഗ് രംഗം ഇന്ത്യയുടെ കുത്തകയാക്കി മാറിയത്. ഇത്തരം ജോലികളിൽ ഇന്ത്യ കാഴ്‌ചവച്ച പ്രൊഫഷണലിസവും ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ക്യാംപസുകൾ സമ്മാനിച്ച മാനേജ്‌മെന്റ് ടെക്‌നിക്കുകളും ഈ രംഗത്ത് വൻതോതിൽ അവസരങ്ങൾ സൃഷ്‌ടിച്ചു. എന്നാൽ അടിക്കടി ഉയരുന്ന ശമ്പളവും ശക്തമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയും ഒപ്പം ചൈന, മൊറോക്കോ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ ഈ മേഖലയിൽ കൈവരിച്ച വളർച്ചയും എല്ലാം ഔട്ട്‌സോഴ്‌സിംഗ് രംഗത്ത് ഇന്ത്യയെ പുതിയ വഴിയിലൂടെ നടക്കാൻ നിർബന്ധിതമാക്കുകയായിരുന്നു. ബാക്ക് ഓഫീസ് വർക്കുകൾക്കു പുറമേ ഗവേഷണവും കഴിവും വേണ്ട കൂടുതൽ കഠിനമായ ജോലികൾ കൂടെ ഇന്ത്യയിലേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചത്.
കാൾസെന്ററിൽ നിന്നും ബോയിംഗ് കോക്ക്‌പിറ്റിലേക്ക്
ഡാറ്റാ എൻട്രി, മെഡിക്കൽ, ബില്ലിംഗ്, കാൾസെന്റർ തുടങ്ങിയ വലിയ തലവേദനയില്ലാത്ത ജോലികളായിരുന്നു ആദ്യകാലത്ത് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്നത്. അമേരിക്കൻ എക്‌സ്‌പ്രസ്, ജി ഇ ക്യാപ്പിറ്റൽ, ബ്രിട്ടീഷ് എയർ വെയ്‌സ് തുടങ്ങിയ കമ്പനികളുടെ ബാക്ക് ഓഫീസ് ജോലികളായിരുന്നു ഇവയിൽ എടുത്തു പറയേണ്ടവ. ഇത്തരം ഐ ടി എനേബിൾഡ് സർവീസുകളും ഡാറ്റാ പ്രൊസസിംഗും പിന്നിട്ട് ഐടി മേഖലയിൽ നമ്മൾ കാലുറപ്പിച്ചത് 1990 കളിലാണ്. ഔട്ട്‌സോഴ്‌സിംഗ് മേഖലയിലെ വൻ വിപ്ലവം തന്നെയായിരുന്നു അത്. ഐടി പഠനം സർവ്വസാധാരണമായതോടെ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങൾ വിട്ട് ഈ രംഗം ഇന്ത്യയുടെ മറ്റു കോണിലേക്കും പടർന്നു. അതോടെ മൂന്ന് ഇന്റർ കോണ്ടിനെന്റൽ കേബിളുകൾ സന്ധിക്കുന്ന കൊച്ചിയും ഇന്ത്യയുടെ ഐടി വാഗ്‌ദാനമായി മാറി.
കുറഞ്ഞ ചെലവിൽ വികസ്വര രാജ്യങ്ങളിലെ മനുഷ്യവിഭവ ശേഷി കിട്ടാവുന്നത്ര ഊറ്റിയെടുക്കുക എന്ന തന്ത്രമായിരുന്നു ആദ്യകാലത്ത് ഔട്ട് സോഴ്‌സിംഗ് ജോലികളുടെ പിന്നിലുണ്ടായിരുന്നത്. എന്നാൽ ആഡംസ്‌മിത്ത് തിയറികളെ പിന്തുടർന്നു വന്ന ഔട്ട് സോഴ്‌സിംഗ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ലോകത്താകമാനം പരന്നു കിടക്കുന്ന വ്യവസായ ചങ്ങലയായി മാറുകയായിരുന്നു. കാൾ സെന്റർ ജോലികളും മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഡോക്യുമെന്റ് മാനേജ്‌മെന്റ് തുടങ്ങിയ ജോലികളും ചെയ്‌തിരുന്ന ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾ കൂടുതൽ ആധുനികവൽക്കരിക്കപ്പെട്ടതോടെയും ജോലികളിൽ പുലർത്തിയ പ്രോഫണലിസത്തിന്റെ മികവുകൊണ്ടും ഭൂമിക്കു കീഴിലുളള എല്ലാ ജോലികളും ചെയ്‌തു തീർക്കാമെന്ന നിലയിലേക്ക് ഇന്ത്യ ഉയരുകയായിരുന്നു.
വെളളക്കാരൻ ചെയ്യുന്ന ജോലികളുടെ സഹായിയായി മാത്രം നമ്മൾ നിന്ന കാലം ചരിത്രമായി എന്നാണ് അടുത്തകാലത്ത് ഇന്ത്യയിലെ ഐ ടി സ്ഥാപനങ്ങൾ നേടിയെടുത്ത് വിജയകരമായി നടപ്പാക്കിയ എയർക്രാഫ്‌റ്റ് എൻജിനീയറിംഗ്, ബാങ്കിംഗ്, ഫാർമസ്യൂട്ടിക്കൽ, ബയോടെക്‌നോളജി രംഗത്തെ പ്രോജക്‌ടുകൾ വെളിപ്പെടുത്തുന്നത്.
നൂറുകണക്കിന് ഇന്ത്യക്കാരാണ് ബോയിംഗ്, എയർബസ് തുടങ്ങിയ വിമാനക്കമ്പനികളുടെയും മോർഗൻ സ്‌റ്റാൻലി പോലുളള ബാങ്കുകളുടെയും ഔട്ട് സോഴ്‌സിംഗ് ജോലികളിൽ മുഴുകിയിരിക്കുന്നത്.
കുറച്ചു വർഷങ്ങൾക്കുമുമ്പ് എയർബസ്, ബോയിംഗ് തുടങ്ങിയ വിമാന കമ്പനികളുട ഡ്രോയിംഗുകൾ ഡിജിറ്റലൈസ് ചെയ്യാനുളള ജോലികൾ ഇന്ത്യൻ കമ്പനികൾക്കു ലഭിച്ചിരുന്നു. പിന്നീട് ബോയിംഗിന്റെ സൂപ്പർ ജംബോയുടെ സുപ്രധാന ജോലികളും ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സൂപ്പർ ജംബോ എ 380ന്റെ കോക്ക് പിറ്റ് സോഫ്‌റ്റ്‌വെയർ രൂപപ്പെടുത്താൻ ബോയിംഗ് ആശ്രയിച്ചത് ടാറ്റാ കൺസൾട്ടൻസിയെയാണ്. അതിന്റെ രൂപകല്‌പനയിൽ സഹായിച്ചത് ഇൻഫോസിസും. ബോയിംഗ് 787 ന്റെ സീറോ വിസിബിലിറ്റി ലാന്റിംഗ് സിസ്‌റ്റം നിർമ്മിക്കാൻ എച്ച് സി എല്ലിനെയാണ് ബോയിംഗ് കണ്ടുപിടിച്ചത്.
മോർഗ്ഗൻ സ്‌റ്റാൻലി പോലുളള ബാങ്കുകൾ അവരുടെ അമേരിക്കൻ സ്‌റ്റോക്കുകൾ അപഗ്രഥിക്കാൻ ഇന്ത്യൻ കമ്പനികളെയാണ് ആശ്രയിച്ചുവരുന്നത്. എലി ലില്ലി എന്ന മരുന്നു കമ്പനി അവർ കണ്ടുപിടിച്ച പ്രോഡക്‌ട് വ്യാവസായികാടിസ്ഥാനത്തിൽ ഉല്‌പാദിപ്പിക്കുന്ന തരത്തിൽ രൂപപ്പെടുത്താൻ പ്രതിവർഷം ഓരോ ശാസ്‌ത്രജ്ഞനും 1.5 മില്ല്യൺ ഡോളർ എന്ന തോതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് കരാർ നൽകി. അതായത് അമേരിക്കക്കാരൻ ആറക്കശമ്പളം വാങ്ങി കുത്തകയാക്കി വച്ചിരുന്ന ജോലികൾ പോലും ഔട്ട് സോഴ്‌സിംഗിലൂടെ ഇന്ത്യക്കാരൻ ചെയ്യുന്നു എന്നു ചുരുക്കം. സിസ്‌ക്കോ പോലുളള കമ്മ്യൂണിക്കേഷൻ ഭീമൻമാർ തങ്ങളുടെ സെക്കന്റ്‌ഹെഡ്‌ക്വാർട്ടേഴ്‌സായാണ് ഇന്ത്യയെ കാണുന്നത്.
ഔട്ട് സോഴ്‌സിംഗ് മാനേജ്‌മെന്റ് രംഗത്തേക്ക്
പുതിയ സാഹചര്യത്തിൽ ടെക്‌നിക്കൽ മേഖലയിൽ മാത്രമല്ല, മാർക്കറ്റ് അനാലിസിസ്, അക്കൗണ്ടിംഗ്, ഹ്യുമൺ റിസോഴ്‌സസ് മാനേജ്‌മെന്റ്, ആരോഗ്യമേഖലകളിലും തദ്ദേശീയരുടെ സഹകരണം ആവശ്യമാണ്. കമ്പനിയുടെയും സ്ഥാപനങ്ങളുടെയും പ്രാദേശിക ഭാഷയിലുളള സോഫ്‌റ്റ്‌വെയർ രൂപപ്പെടുത്താനും മാർക്കറ്റിനെക്കുറിച്ച് പഠിക്കാനുമൊക്കെ ആ ഭാഷയുമായും സംസ്‌കാരവുമായും അടുത്തിടപഴകുന്നവർ ആവശ്യമാണ്. പക്ഷേ ഔട്ട് സോഴ്‌സിംഗ് മേഖലയിലെ പരിചയക്കുറവ് അവർക്ക് വൻ തോതിലുളള ജോലികൾ ചെയ്യാൻ തടസ്സമായി. അത്തരമൊരു സാഹചര്യം ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമായിരുന്നു.
ആവശ്യമുളള രാജ്യങ്ങളിൽ ബ്രാഞ്ചുകൾ സ്ഥാപിക്കുകയും ഇത്തരം ജോലികളിൽ തദ്ദേശീയരുടെ സഹായം തേടുകയും ഇന്ത്യയിൽനിന്നു നേരിട്ടോ വിദ്‌ഗദ്ധരെ അങ്ങോട്ടയച്ചോ അതിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് വിപ്രോയും ഇൻഫോസിസും ഒക്കെ ഇന്ന് പിന്തുടരുന്നത്. അമേരിക്കയിലെ തന്നെ താരതമ്യേന ചെലവുകുറഞ്ഞ പ്രദേശങ്ങളിൽ വിപ്രോയും ഇൻഫോസിസും ബ്രാഞ്ചുകൾ സ്ഥാപിച്ചത് അമേരിക്കയിലാണെന്നതിന്റെ നേട്ടം കൂടി ലഭിക്കാനാണ്. 7000 മൈലുകൾക്കപ്പുറത്തുളള ഇന്ത്യയിലേക്ക് തങ്ങളുടെ ജോലികൾ അയക്കുന്നതിനേക്കാൾ അവർ ഇഷ്‌ടപ്പെടുക തങ്ങളുടെ സംസ്‌കാരവുമായി അടുത്തു കിടക്കുന്ന വെറും, 150 മൈൽ മാത്രം അടുത്തുളള മെക്‌സിക്കോ പോലുളള രാജ്യങ്ങളിലേക്ക് നൽകാനാണ്.
ഫിലിപ്പൈൻസിലും തായ്‌ലന്റിലും പോളണ്ടിലുമൊക്കെയുളള സ്ഥാപനങ്ങളിൽ തദ്ദേശീയർക്ക് പരിശീലനം നൽകി ഇന്ത്യൻ മാനേജർമാരുടെ മേൽനോട്ടത്തിൽ ജോലികൾ മുന്നോട്ടുകൊണ്ടുപോകുകയാണ് ഇൻഫോസിസ് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ ഇന്ത്യയിലെ ഹെഡ്‌ക്വാർട്ടേഴ്‌സുമായി ബന്ധിപ്പിച്ച് ജോലിഭാരം കുറക്കുകയും വേഗതയും ഗുണമേന്മയും വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ലോകത്തെ എല്ലാ ഓഫീസുകളുമായി ബന്ധപ്പെടുത്തുന്നതുവഴി ഓരോ ജോലിയുടേയും സ്വഭാവമനുസരിച്ച് ലോകത്തെല്ലായിടത്തുമുളള ഓഫീസുകളിലുമുളള വിദ്‌ഗദ്ധരുടെ സേവനം ഉപയോഗിക്കുകയുമാകാം.
ഔട്ട്‌സോഴ്‌സിംഗ് ജോലികൾക്ക് ഇന്ത്യൻ ക്യാംപസുകളിൽ നൽകുന്ന പരിശീലനവും അഭിരുചിക്കനുസരിച്ച് ഓരോരുത്തർക്കും ആവശ്യമായ ജോലികൾ നൽകുകയും ചെയ്യുന്ന രീതിയാണ് ഇൻഫോസിസ് അടക്കമുളള നെറ്റ്‌വർക്കുകളുടെ വിജയത്തിന്റെ നട്ടെല്ല്. ഗൂഗിൾ പോലുളള മൾട്ടിനാഷണൽ കമ്പനികളിൽ നിന്നുപോലും ജോലി ഉപേക്ഷിച്ച് ഇൻഫോസിസിലും വിപ്രോയിലുമെത്തുന്നവർ കുറവല്ല. ആറുമാസം കൊണ്ട് ഇൻഫോസിസ് നൽകുന്ന കോച്ചിംഗ് കമ്പ്യൂട്ടർ സയൻസിലെ ബാച്ചിലേഴ്‌സ് ഡിഗ്രിക്ക് സമാനമാണെന്നാണ് ക്യാമ്പസിലെ വിദേശ വിദ്യാർത്ഥികളടക്കമുളളവരുടെ അഭിപ്രായം. ലോകത്താകമാനം പരന്നു കിടക്കുന്ന തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായവരെ പരിശീലിപ്പിച്ചെടുക്കുന്നതു ഇവിടെ നിന്നാണ്. ഇന്ത്യയിലെ ഈ ഹെഡ് ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് മൂന്നാം വ്യാവസായിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് വ്യവസായം ചലിക്കുന്നത്.
ലോകം മുഴുവൻ ബ്രാഞ്ചുകളുളള ഇൻഫോസിസിൽ ഇന്നുളള 75000 ൽപരം ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാർ തന്നെയാണ്. മറ്റു കമ്പനികളും ഇൻഫോസിസിന്റെ പാത പിന്തുടരുന്നു. ഇനിയുളള കാലത്തും ലോകത്തെല്ലായിടത്തുമായി പരന്നു കിടക്കുന്ന ഔട്ട്‌സോഴ്‌സിംഗ് വ്യവസായത്തിന്റെ കേന്ദ്രം ഇന്ത്യയും അത് നിയന്ത്രിക്കുന്നത് ഇന്ത്യക്കാരുമായിരിക്കുമെന്നാണ് ഇന്ത്യൻ ഐ ടി കമ്പനികളുടെ വളർച്ച നൽകുന്ന സൂചന.
Generated from archived content: essay1_mar12_08.html Author: biminith_bs
Click this button or press Ctrl+G to toggle between Malayalam and English