മഴ പെയ്യുകയാണ്‌.

ഷഫീക്ക്‌ അലി നഗരത്തിലെ ബസ്‌സ്‌റ്റാൻഡിൽ നിൽക്കാൻ തുടങ്ങിയിട്ട്‌ മൂന്നുമണിക്കൂറായി.. എങ്കിലും അയാളുടെ കണ്ണുകളിൽ അസ്വസ്ഥതയുടെ അണുപോലുമില്ല, അത്‌ പ്രതീക്ഷാനിർഭരമാണ്‌. പ്രായത്തിന്റെ ആധിക്യം അലിയെ ബാധിക്കുന്നതേയില്ല. അലിയോട്‌ ഒരു ചെറുപ്പക്കാരൻ ചോദിച്ചു.

“ആരെയോ കാത്തു നിൽക്കുകയാണല്ലോ?”

“അതെ” അലി പിന്നെ ഒന്നും ശബ്‌ദിച്ചില്ല. അയാൾ ദൂരെ മാറിപ്പോകുകയും അലിയുടെ കണ്ണുകൾ ബസ്സിൽ നിന്നിറങ്ങുന്നവരുടെ മുഖങ്ങളിൽ ആകുലതയോടെ അലഞ്ഞുതിരിയുകയും ചെയ്‌തു. സമയം വീണ്ടും ഇഴയുകയാണ്‌.

അലിയുടെ കണ്ണുകളിലെ പ്രതീക്ഷ മെല്ലെമെല്ലെ ഇല്ലാതായി. എങ്കിലും അയാൾ ക്ഷമിച്ചു.

“ഇല്ല, ഇപ്പോഴെത്തിയ ബസ്സിനും അവൻ വന്നിട്ടില്ല”. അലി അസ്വസ്ഥതയോടെ മന്ത്രിച്ചു. ഇറങ്ങുമ്പോൾ മകൾ പറഞ്ഞതാണ്‌,

“വേണ്ട, എവിടെയും പോകണ്ട. പണ്ടെങ്ങോ കഴിഞ്ഞ ഒരു സൗഹൃദം ഇനിയും അറുത്തുവിടാനായില്ലേ? സൗഹൃദങ്ങൾ ഒരു ബാധ്യതയാണ്‌.”

അവൾ അങ്ങനെ പറയുന്നതിൽ അലിക്ക്‌ അത്ഭുതമില്ല. ഈ വാർദ്ധക്യത്തിലും അലി തന്റെ കൂട്ടുകാരനെ പ്രതീക്ഷിച്ച്‌ വീണ്ടും ശ്രദ്ധയോടെ ബസ്സുകളിലേയ്‌ക്ക്‌ നോക്കി നിൽക്കുകയാണ്‌.

ചെറുപ്പക്കാരൻ വീണ്ടും അലിയുടെ അടുത്തേക്ക്‌ വന്നു അയാൾ പറഞ്ഞു.

“നിങ്ങൾ കാത്തുനിൽക്കുന്നയാൾ വരില്ല. നിങ്ങളെ അയാൾ ചതിച്ചതായിരിക്കും”

അലിയ്‌ക്ക്‌ അതിഷ്‌ടപ്പെട്ടില്ല. ഷഫീക്ക്‌ അലി മുഖവും വീർപ്പിച്ച്‌ നിൽക്കുകയാണ്‌.

ചെറുപ്പക്കാരൻ തുടർന്നു.

“നിങ്ങൾ കാത്തുനിൽക്കുന്നത്‌ ആരെയാണ്‌? സുഹൃത്തിനെയോ? മകളെയോ?”

“സുഹൃത്തിനെ” അലി യുവാവിനെ ഒഴിവാക്കാനെന്നമട്ടിൽ അലസമായി പറഞ്ഞു.

“ഇത്രയും സമയം നിങ്ങളെ മുഷിപ്പിച്ച ഒരു സുഹൃത്ത്‌ നിങ്ങൾക്കില്ലെന്നുകരുതിക്കൂടെ?”

അലി അയാളോടു മറുപടി ഒന്നും പറഞ്ഞില്ല. ഷഫീക്ക്‌ അലി, അയാളുടെ ഊന്നുവടിയിൽ പ്രതീക്ഷകളുടെ നോക്കുകുത്തിയായി നഗരത്തിൽ ഒറ്റപ്പെട്ടു.

അലി തരിശുഭൂമിയാകുകയാണ്‌.

ഓർമ്മകളുടെ പഴംപുരാണങ്ങളിലെ സൗഹൃദം ചിതറിത്തെറിക്കുകയും അവ ഒരു ശിലാഫലകം പോലെ ഘനം പ്രാപിക്കുകയും ചെയ്‌തു.

അയാൾ വീട്ടിലേക്ക്‌ നടക്കാൻ തുടങ്ങി. നടക്കുമ്പോൾ അയാൾ മനസിൽ കരുതി.

ഉടൻ വീട്ടിലെത്തണം. തന്റെ കിടക്കയിൽ കമിഴ്‌ന്നു കിടക്കണം. അവിടെയുളള കമ്പിളിപ്പുതപ്പിന്റെ ചൂടും കണ്ണുനീരിന്റെ നനവും ചുടുനിശ്വാസത്തിന്റെ സ്വാർത്ഥതയും, ഇതൊക്കെ….

ഇതൊക്കെ മാത്രം മതി എനിക്ക്‌.

പ്രഭാകരനെ അത്ര പെട്ടെന്ന്‌ മറക്കാൻ കഴിയുമോ? അവൻ വരാതിരുന്നതെന്തുകൊണ്ടാണ്‌? അവൻ തന്നെയല്ലെ കത്തിൽ എല്ലാം വിശദമായി എഴുതിയത്‌?

എന്തൊക്കെയോ നിന്നോടുതുറന്നുപറയണമെന്നും വാക്കുകളെക്കാൾ എന്റെ കണ്ണുകൾക്ക്‌ അവ നിന്നോട്‌ വിവരിക്കാൻ കഴിയുമെന്നും പ്രഭാകരനെഴുതിയതല്ലെ, ഒപ്പം ഒരു ഫോൺനമ്പറും ഉണ്ടായിരുന്നു. അലി കത്ത്‌ ഒന്നുകൂടി എടുത്തു പരിശോധിച്ചു. ഫോൺ നമ്പർ കണ്ടു.

റിസീവറിനടുത്തേക്ക്‌ കൈ നീങ്ങുമ്പോൾ മനസ്സ്‌ വിലക്കി. വേണ്ട. അവൻ ചതിച്ചതല്ലേ, പിന്നെയുമെന്തിന്‌ ഇങ്ങനെയൊരു ബന്ധം?

പക്ഷേ ഇനിയും അണഞ്ഞിട്ടില്ലാത്ത ഓർമ്മകളുടെ സ്നേഹം വിതറുന്ന തിരി അയാളിൽ വീണ്ടും സംശയങ്ങളുണർത്തി.

ഒരു പക്ഷേ എന്തെങ്കിലും അപകടം….

അയാൾ റിസീവർ എടുത്തു. അതിന്റെ അങ്ങേത്തലയ്‌ക്കൽ പ്രഭാകരന്റെ ശബ്‌ദം കൊതിച്ചു.

“ബിസ്‌മില്ല ടെക്സറ്റയിൽസ്‌ എം.ഡി. സ്‌പീക്കിംഗ്‌”

“പ്രഭാകരനല്ലേ?” ഫോണിന്റെ ഇരു ഭാഗവും ഒരേ സമയം ശബ്ദിച്ചു.

“പ്രഭാകരനല്ലേ?” അലി വീണ്ടും ചോദിച്ചു.

“പ്രഭാകരന്റെ മകനാണ്‌. അച്ഛൻ ടൂറിലാണ്‌, കുറച്ച്‌ സുഹൃത്തുക്കളെ കാണാൻ പോയിരിക്കുകയാണ്‌.”

“എപ്പോഴാണ്‌ പോയത്‌?​‍്‌”

“ഇന്നലെ, രണ്ടുമൂന്നുപേരെ കാണാനുണ്ടെന്നു പറഞ്ഞിരുന്നു, നിങ്ങളാരാണ്‌”

“ഞാൻ ഒരു സുഹൃത്താണ്‌, പേര്‌ അലി”

“ശരി, ഓ.കെ” അയാൾ റിസീവർ വച്ചു. അലിയും.

നാളെ എത്തുമായിരിക്കും..

അയാൾ ആശ്വസിച്ചു. പിന്നെ കട്ടിലിൽപോയിക്കിടന്നു.

പതിനൊന്നുമണിയായി, രാവിലെ നിൽക്കുവാൻ തുടങ്ങിയതാണ്‌ അലി സ്വയം പിറുപുറുത്തു. തിരുവനന്തപുരത്തുനിന്ന്‌ വന്നിരുന്ന ഒരു ബസ്സിൽ നിന്ന്‌ ഇറങ്ങിയ ഒരാൾ ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ ചുറ്റും നോക്കുന്നത്‌ അലി കണ്ടു.

അത്‌ പ്രഭാകരനാണ്‌!

അലി വേഗം അയാളുടെ അടുത്തേയ്‌ക്കു നടന്നു.

പ്രഭാകരൻ അലിയെ കണ്ടു.

ഇരുവരും ഒരു നിമിഷം ഗദ്‌ഗദങ്ങളിൽ കുരുങ്ങി.

വാക്കുകൾ സന്തോഷം തട്ടിയെടുത്തു.

നനയുന്ന കണ്ണുകൾ മാത്രം!

പ്രഭാകരനാണ്‌ ആദ്യം പറഞ്ഞത്‌.

“അലീ, വരൂ നമുക്കു കുറച്ചു നടക്കാം.”

അലി മറുത്തൊന്നും പറഞ്ഞില്ല. അയാളുടെ കൂടെ നടന്നു.

പ്രഭാകരന്റെ ഉത്സാഹത്തിമിർപ്പിന്‌ വാർദ്ധക്യം ഇത്രയധികം മാറ്റം വരുത്തുമോ?

അവന്റെ കണ്ണുകളിൽ നിന്ന്‌ സദാപെയ്‌തിറങ്ങുന്ന കുസൃതി മുഖത്തെ നുണക്കുഴികൾ ഒക്കെ…..

പ്രായം ഇതൊക്കെ തട്ടിയെറിയാൻ മാത്രം ശക്തനാണോ?

അലി അമ്പരപ്പിന്റെ വക്കിലായിരുന്നു.

പ്രഭാകരൻ ഗൗരവസ്വരത്തിൽ പറയാൻ തുടങ്ങുകയാണ്‌.

“വെളിച്ചത്തിന്റെ കുന്നിൻപുറങ്ങളിൽ നിന്ന്‌ ഇരുളിന്റെ താഴ്‌വരകളിലേയ്‌ക്ക്‌ ഇറങ്ങിച്ചെന്നവരാണു നാം, പിന്നെയും കുറച്ചുകാലം ആ പ്രകാശം…. പക്ഷേ ഇരുളിനപ്പുറം പ്രതീക്ഷയുടെ പളുങ്കുകൊട്ടാരമുണ്ടായിരുന്നു……

ഇല്ല, അലീ പളുങ്കുകൊട്ടാരങ്ങളിൽ കാത്തിരുന്നത്‌ ക്രൗര്യത്തിന്റെ ദംഷ്‌ട്രകൾ….

ബിരുദവിദ്യാർത്ഥിയായിരിക്കുമ്പോൾ ഞാൻ ചൊല്ലിയ കവിത നീ ഓർക്കുന്നുണ്ടോ, എനിയ്‌ക്ക്‌ ഓർമ്മയുണ്ടത്‌, ഇന്റഗ്രൽ ലൈഫ്‌ ഫ്രം ഡേറ്റ്‌ ഓഫ്‌ ബർത്ത്‌ റ്റു ഡേറ്റ്‌ ഓഫ്‌ ഡത്ത്‌ ഈസ്‌ ഈക്വൽ റ്റു സീറോ&പ്ലസ്‌ കൊച്ചുകൊച്ചു സന്തോഷങ്ങൾ” അതു തമാശയല്ല, അനുഭവങ്ങൾ എന്റെ കവിതയെ സ്ഥിരീകരിക്കുന്നു. ഇന്ന്‌, ഒരു ദിവസം ‘മയൂർ വിഹാറിൽ’ മറ്റൊരു ദിവസം ‘കരോൾ ബാഗിൽ’, അതേ അലി ഞാനിന്നൊരു വാടകയിനമാണ്‌“

”എനിക്കൊന്നും മനസ്സിലാകുന്നില്ല, പ്രഭ“ അലി അസ്വസ്ഥതയോടെ പറഞ്ഞു.

”മനസ്സിലാക്കാതിരിക്കുന്നതാണ്‌ നല്ലത്‌, അലീ ഈ വയസ്സുകാലത്ത്‌ ചിന്തകൾ നിഷിദ്ധമാക്കണം. ഏതായാലും ഇനി ഞാനെങ്ങോട്ടുമില്ല, അവർ, എന്റെ മക്കൾ ഒരു ദിവസം, എന്നെ പത്രത്താളുകളിൽ വിസ്‌മയമാക്കും.“ അലിയ്‌ക്ക്‌ മടുത്തുകഴിഞ്ഞിരുന്നു. ഇവൻ ഒരു പാടു മാറിയിരിക്കുന്നു.

”വരൂ, നമുക്ക്‌ വീട്ടിലേക്ക്‌ പോകാം“ അലി പറഞ്ഞു.

”വീട്‌!“ പ്രഭാകരന്റെ ശബ്‌ദത്തിന്റെ നിമ്‌ന്നോന്നതങ്ങളിൽ പരിഹാസവും ചോദ്യങ്ങളും മുഴച്ചു നിന്നു.

”ഇല്ല, ഞാൻ വരുന്നില്ല, നിന്നെ വേദനിപ്പിക്കാനല്ല ഞാൻ പറയുന്നത്‌, നിന്നെക്കാണാനാണ്‌ ഞാൻ വന്നത്‌ നിന്റെ മക്കളെയോ സ്വത്തിനെയോ അല്ല, ഞാൻ പോകുകയാണ്‌“.

പ്രഭാകരൻ ഒരു ബസ്സിനടുത്തേക്ക്‌ നടന്നടുക്കുന്നത്‌ അലി കണ്ടു. അവൻ വളരെ വലുതാകുന്നതുപോലെ അലിക്കു തോന്നി.

***********

കിടക്കയിൽ അലി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സുമുഴുവൻ പ്രഭാകരന്റെ വാക്കുകളിലെ ഗഹനതയാണ്‌. ചിന്തിക്കുമ്പോൾ അവയുടെ ആഴം കൂടുകയാണ്‌. അവനെ മനസ്സിലാക്കാൻ തനിക്കു കഴിയുന്നില്ലല്ലോ!

അലിയുടെ ദിവസങ്ങളിൽ വീണ്ടും വെളിച്ചത്തിന്റെ കുന്നിൻപുറങ്ങളിലെ പ്രഭാപൂരം കുറഞ്ഞു തുടങ്ങി. ദിവസങ്ങൾ യാന്ത്രികതയാകുകയാണ്‌. ദിനപത്രത്തിൽ, അയാൾ മുഴുകി.

”അച്ഛാ, ചായ“ മകൾ ഷഹീദയാണ്‌.

അയാൾ അതുവാങ്ങി. പ്രഭാകരൻ വീട്ടിൽ എത്തിക്കാണുമോ? ചായയ്‌ക്കിടയിൽ സംശയത്തിന്റെ ഒരു നുറുങ്ങുകഷ്ണം മനസ്സിൽ തികട്ടി വന്നു. അയാൾ ഫോണിനടുത്തേയ്‌ക്ക്‌ നടന്നു.

”ഹലോ, പ്രഭാകരനല്ലേ“

”അല്ല, മകനാണ്‌“, ശബ്‌ദം കർക്കശമായിരുന്നു.

”ഞാൻ അലി, പ്രഭാകരന്റെ ഒരു സുഹൃത്താണ്‌ പ്രഭാകരൻ എത്തിയില്ലേ“

”നിങ്ങൾക്കെന്താണ്‌ അയാളിവിടെ എത്തിച്ചേരാത്തതിൽ ഇത്ര ധൃതി, എവിടെയെങ്കിലും പോയ്‌ക്കോട്ടെ, പ്രഭാകരൻ! സുഹൃത്ത്‌! ഹോ.“

അലിയ്‌ക്ക്‌ വാക്കുകളില്ലാതായി. പ്രഭാകരന്റെ വാക്കുകളുടെ ആഴങ്ങളിൽ നുരഞ്ഞു പൊങ്ങുന്ന ജീവിതം അലി കണ്ടു.

”എന്താണു കാര്യമെടോ“ അങ്ങേത്തലയ്‌ക്കൽ റിസീവർ ഒരു വലിയ ശബ്‌ദത്തോടെ പതിയുന്നത്‌ അലി അറിഞ്ഞു. പ്രഭാകരൻ നടന്നു പോയത്‌ എവിടേയ്‌ക്കാണ്‌? പത്രത്താളുകളിലെ………

Generated from archived content: mazhapeyyukayanu.html Author: bijukchuzhali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here