“സംഗീതം, സ്‌നേഹം, ഈശ്വരൻ” – കൈതപ്രവുമായി മുഖാമുഖം

“ശ്രുതി അച്‌ഛനാണ്‌, താളം അമ്മയും. ശ്രുതി പ്രപഞ്ചത്തിന്റെ ഹൃദയരാഗമാണ്‌. അത്‌ ദൈവികമായ ഒരു വരദാനമാണ്‌. നമ്മൾ നമ്മുടേതായ ശ്രുതിയിലേക്ക്‌ വരുകയും അത്‌ പ്രപഞ്ചത്തിന്റെ ശ്രുതിയിൽ എത്തിച്ചു ചേർക്കുകയും ചെയ്യുന്നതാണ്‌ ശ്രുതിശുദ്ധമായ സംഗീതം എന്നു പറയുന്നത്‌. അതിന്‌ ഗുരുത്വവും അച്ചടക്കവും ഉണ്ടായേ പറ്റൂ. ഏറ്റവും കൂടുതൽ സൂക്ഷ്‌മവും ഏറ്റവും കൂടുതൽ ഭാവനിർഭരവുമാണ്‌ സംഗീതം. മനുഷ്യർ കേൾക്കുകയും അവർ ആനന്ദിക്കുകയും അവർ സ്‌നേഹത്തിന്റെ ശ്രുതിയിലേക്ക്‌ ലയിക്കുകയും ചെയ്യുന്ന ഒരു ശബ്‌ദവും സ്‌നേഹത്തിന്റെ ഭാവവും ഒക്കെ ഒരു സംഗീതജ്ഞന്‌ അത്യാവശ്യമാണ്‌. അതില്ലെങ്കിൽ അയാൾ ആയിരങ്ങളുടെ കൂട്ടത്തിൽ ഒരാളായിത്തീരും.”

സംഗീതം, ഗുരു, ഈശ്വരൻ, സ്‌നേഹം ഇവയെല്ലാം നന്മയുടെ വിവിധ രൂപങ്ങളാണെന്ന്‌ ഏറ്റുപറയുംവിധം സംഗീതത്തിന്‌ ഇങ്ങനെ ഒരു നിർവ്വചനം നൽകുന്നത്‌ ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി. തെയ്യത്തെയും തോറ്റം പാട്ടുകളെയും നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിന്റെ നാഡികളായ പുഴകളെയും ഒക്കെ സിനിമാഗാനങ്ങളിൽ സന്നിവേശിപ്പിച്ച ഉത്തര മലബാറിന്റെ സ്വന്തം ഗാനരചയിതാവ്‌, ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായി നടത്തിയ ഹൃദ്യമായ കൂടിക്കാഴ്‌ചയിൽ നിന്നും പ്രസക്തഭാഗങ്ങൾ.

ബാല്യത്തിലെ സംഗീതാഭ്യസനത്തെക്കുറിച്ചും നാടിന്റെ, തന്റെ ഗ്രാമത്തിന്റെ ഈണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു തുടങ്ങി.

“വളരെ പ്രതികൂലമായ സാഹചര്യമായിരുന്നു, സംഗീതലോകത്തിലേയ്‌ക്ക്‌ കടന്നുവരുമ്പോൾ ഉണ്ടായിരുന്നത്‌. പക്ഷേ, കുടുംബപരമായ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു. അച്‌ഛൻ സംഗീതജ്ഞനായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അടുക്കൽ പതിനാല്‌ വർഷം സംഗീതം പഠിച്ചിട്ടുളള ആളായിരുന്നു അച്‌ഛൻ. പിന്നെ മുത്തച്ഛൻ വേദസംഗീതജ്ഞനായിരുന്നു. വേദങ്ങൾ വളരെ മധുരമായി ആലപിക്കുമായിരുന്നു. അങ്ങനെയൊരു മുത്തച്‌ഛൻ പാരമ്പര്യം എനിക്കുണ്ട്‌. അച്‌ഛന്റെ അടുക്കൽ നിന്നായിരുന്നു സംഗീതം പഠിക്കേണ്ടിയിരുന്നത്‌. പക്ഷേ അച്‌ഛന്‌ അസുഖമായിരുന്നു. നാട്ടിൽ, അച്‌ഛന്റെ ശിഷ്യന്മാരുടെ അടുക്കൽ നിന്നൊന്നും എനിക്ക്‌ സംഗീതം കിട്ടിയില്ല. അത്‌ അവിടെനിന്നും പുറത്തേക്ക്‌ പോകാൻ ഇടയാക്കി. ഗുരുകുലവാസമായിട്ടാണ്‌ സംഗീതം അഭ്യസിച്ചത്‌. അനുഭവജ്ഞാനവും.”

പുതിയ ഗാനരചനാ സമ്പ്രദായങ്ങളെക്കുറിച്ചും സംഗീതത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും ഉളള ലേഖകന്റെ ആശങ്ക, കൈതപ്രത്തെ വാചാലനാക്കി.

“സമ്പ്രദായങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. പക്ഷേ പ്രതിഭ എന്നത്‌ മാറാൻ പാടില്ല. സിനിമാഗാനങ്ങളിൽ രചനാരീതി, ധൃതി, അതിന്റെ പ്രശ്‌നങ്ങൾ ഇതൊക്കെ ഉണ്ടാകും. അതിന്റെയൊക്കെ കൂടെ ഒഴുകാൻ കഴിയാത്തവർ ഇതിന്‌ പുറപ്പെടരുത്‌. പുതിയ കാലത്ത്‌ നഷ്‌ടപ്പെടുന്നത്‌ സ്വന്തം അസ്ഥിത്വമാണ്‌. സ്വന്തം മനുഷ്യത്വമോ സ്‌നേഹമോ എഴുതാനോ പാടാനോ ഉളള മനസ്സാണ്‌ ഇല്ലാത്തത്‌. നാം എഴുതാൻ തയ്യാറല്ല. നാം എപ്പോഴും എഴുതാൻ തയ്യാറാണെങ്കിൽ, പറയുമ്പോൾ തന്നെ നമുക്ക്‌ എഴുതാൻ കഴിയും. നാം പലപ്പോഴും വേറൊരുത്തന്റെ പോക്കറ്റിനെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവയെക്കുറിച്ച്‌ അസൂയപ്പെട്ടുകൊണ്ടിരിക്കുന്നു. അതല്ലാത്ത ഒരു മാനസികാന്തരീക്ഷം ഉണ്ടാക്കിയെടുക്കണം.”

കാലത്തിനൊത്തുളള ചുവടുമാറ്റങ്ങൾ പ്രതിഭയെ ബാധിക്കരുതെന്നും അവ സൃഷ്‌ടികളെ ബാധിക്കുന്നുണ്ടാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൈതപ്രത്തിന്റെ ഗാനങ്ങളിൽ നിന്ന്‌ വായിച്ചെടുക്കാവുന്ന ഗ്രാമചാരുതയും തെയ്യച്ചുവടുകളും തെളിയിക്കുന്നത്‌ അദ്ദേഹത്തിന്റെ ഗാനങ്ങളെ ഉത്തരമലബാറിന്റെ സാംസ്‌ക്കാരിക പശ്‌ചാത്തലം എത്രയധികം സ്വാധീനിച്ചിരിക്കുന്നു എന്നതാണ്‌. തന്റെ ഗ്രാമത്തെക്കുറിച്ച്‌ കവിയുടെ ഓർമ.

“കൈതപ്രം, വളരെ മനോഹരമായ ഒരു ഗ്രാമാന്തരീക്ഷമുണ്ടവിടെ. വടക്കോട്ടൊഴുകുന്ന പുഴ, ഇല്ലങ്ങൾ, തറവാടുകൾ, വേദാലാപനങ്ങളുടെ അന്തരീക്ഷം, കുന്നുകൾ, ഏഴിമല, തെയ്യം, കേരളം കണ്ടിട്ടുളള ഏറ്റവും മനോഹരമായ ദൃശ്യപാരമ്പര്യമാണ്‌ തെയ്യത്തിനുളളത്‌. അങ്ങനെ വലിയൊരു പശ്‌ചാത്തലം. എന്റെ പാട്ടുകളിൽ ഇതൊക്കെ സ്വാഭാവികമായും കടന്നുവരുന്നു. നമ്മളനുഭവിക്കാത്തതൊന്നും പറയാൻ കഴിയില്ലല്ലോ? ലോകത്തെ നമ്മൾ അനുഭവിച്ച പശ്ചാത്തലത്തിലൂടെ കാണലാണ്‌ എന്റെ ഗാനരചന അല്ലെങ്കിൽ സംഗീതം.”

സംഗീതരംഗത്ത്‌ കാലാനുസൃതമായി ഉണ്ടായിട്ടുളള മാറ്റങ്ങൾ നൽകിയത്‌ വളർച്ചയാണോ തളർച്ചയാണോ എന്ന ചോദ്യത്തിനോട്‌ അദ്ദേഹം പ്രതികരിച്ചതിങ്ങനെഃ

“അതു നമുക്ക്‌ പറയാൻ പറ്റില്ല. നല്ലതും ചീത്തയും ഉണ്ട്‌. അത്‌ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്‌. കാലത്തിന്റെ ഒഴുക്കാണത്‌. പക്ഷേ ഒറ്റപ്പെട്ട വ്യക്തിത്വങ്ങൾ; ചെമ്പൈ വൈദ്യനാഥ അയ്യര്‌, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‌, മധുരമണി അയ്യര്‌, എം.ഡി രാമനാഥൻ, ജി.എൻ.ബി, അരീക്കുടി രാമനാഥ അയ്യര്‌, ബാലമുരളീകൃഷ്‌ണ തുടങ്ങിയവർ. സംഗീതമറിയാവുന്ന ഏതൊരാൾക്കും തിരിച്ചറിയാവുന്ന ഒരു വ്യക്തിത്വം ഇവർക്കുണ്ട്‌. ഇന്ന്‌ അത്തരം വ്യക്തിത്വങ്ങളുടെ ഒരു പരമ്പര പറയാൻ കുറവാണ്‌. പക്ഷേ ഇന്ന്‌ അത്‌ കൂടുതൽ വികസിച്ചിട്ടുണ്ട്‌. എന്നുകരുതി സംഗീതം ചീത്തയായെന്ന്‌ പറയാൻ കഴിയില്ല.”

ഗാനരചനയിലെ തന്റെ രീതികളെക്കുറിച്ചും അദ്ദേഹം യാദൃശ്ചികമായി സംസാരിക്കാനിടയായി.

“ഒരുപാട്‌ എഴുതേണ്ട ആവശ്യമൊന്നുമില്ല. നാലുമിനുട്ടുകൊണ്ട്‌ നമുക്ക്‌ ഒരു പ്രപഞ്ചം ഉണ്ടാക്കാൻ കഴിയണം. അല്ലാതെ കുറെ ഡ്യൂപ്പ്‌വേഡുകൾ എഴുതിപ്പിടിപ്പിച്ച പാട്ടുകളൊന്നും രക്ഷപ്പെടുകയില്ല.

എല്ലാകാലത്തും നല്ല പാട്ടുകൾ എണ്ണത്തിൽ കുറവാണ്‌. വയലാറിന്റെ അല്ലെങ്കിൽ ഭാസ്‌ക്കരൻമാഷിന്റെ പെട്ടെന്ന്‌ പറയാൻ കഴിയുന്നത്‌ ഒരു ഇരുപത്‌ പാട്ടുകളായിരിക്കും. എന്റേതായി ചൂണ്ടിക്കാണിക്കാൻ ഒരു അഞ്ചുപാട്ടുകളുണ്ടെങ്കിൽ അതുമതി.”

നല്ല പാട്ടുകൾ കുറയാൻ കാരണം ട്യൂൺ ചെയ്‌ത്‌ എഴുതുന്നതുകൊണ്ടല്ലേ എന്ന്‌ ഞാൻ സംശയം പ്രകടിപ്പിച്ചു.

“ട്യൂൺ ഒരു ലക്ഷ്‌മണ രേഖയാക്കേണ്ട ആവശ്യമൊന്നുമില്ല. ട്യൂൺ ചെയ്‌തെഴുതിയിട്ടും നല്ല കറകളഞ്ഞ പാട്ടുകൾ ഉണ്ടായിട്ടില്ലേ?

‘കാടാറുമാസം നാടാറുമാസം…..

കണ്ണീർക്കടൽക്കരെ താമസം’ എന്നു തുടങ്ങുന്ന പാട്ടൊക്കെ പണ്ട്‌ ട്യൂൺ ചെയ്‌ത്‌ എഴുതിയതല്ലേ. ‘കണ്ടു കണ്ടു കണ്ടില്ല…’ ഈ ഗാനം നമ്മെ എവിടെയോ സ്‌പർശിക്കുന്നില്ലേ. ട്യൂൺ ചെയ്‌തെഴുതിയിട്ടും സൂപ്പർഹിറ്റായ പാട്ടല്ലേ അത്‌? ‘കണ്ണകി’യിലെ പാട്ടുകൾ എന്റെ അനിയൻ വിശ്വനാഥൻ ട്യൂൺ ചെയ്‌ത്‌ ഞാനെഴുതിയ പാട്ടുകളാണ്‌.

എല്ലാവരും പരസ്‌പരം സഹകരിച്ച്‌ ഒത്തൊരുമയോടെ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുളള ഈഗോ പ്രശ്‌നവും ഉണ്ടാകില്ല.”

ശ്രീ.വിശ്വനാഥൻ നമ്പൂതിരിയും ‘കണ്ണകി’യിലൂടെ സിനിമാഗാനരംഗത്ത്‌ ശ്രദ്ധേയമായ സ്ഥാനം കണ്ടെത്താൻ ശ്രമിച്ചു. ‘കണ്ണകി’യിലെ ഗാനത്തിന്‌ കഴിഞ്ഞവർഷത്തെ സംസ്ഥാന ഗവൺമെന്റിന്റെ പുരസ്‌ക്കാരവും ശ്രീ.വിശ്വനാഥന്‌ ലഭിച്ചു. അനുജന്റെ തുടക്കത്തെക്കുറിച്ച്‌ കൈതപ്രംഃ

“‘കണ്ണകി’ അവന്‌ നല്ലൊരവസരമായി. സിനിമാരംഗത്തെ ഭാവിയ്‌ക്ക്‌ പ്രതിഭ മാത്രം പോര. ഭാഗ്യം, നല്ല അവസരങ്ങൾ. ജയരാജിനെപ്പോലുളള ഒരു പ്രതിഭയുടെ കൂടെയല്ലാതെ മറ്റേതെങ്കിലും ഒരാളുടെ കൂടെ രണ്ട്‌ സിനിമകൾ ചെയ്യുകയാണെങ്കിലും അവന്റെ തുടക്കം ശരിയാകുമായിരുന്നില്ല.”

ഭാവിയിലെ തന്റെ സംഗീതശ്രമങ്ങളെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ച്ചപ്പാടുകൾ ശ്രീ ദാമോദരൻ നമ്പൂതിരിക്കുണ്ട്‌. സംഗീതരംഗത്തേക്കുളള പുതിയ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും യാതൊരു ലാഭേച്ഛയുമില്ലാതെ ഒരു സംഗീത കലാകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ അദ്ദേഹം തുടക്കമിട്ടു. ഇന്ന്‌ ഈ കലാകേന്ദ്രത്തിന്‌ കേരളത്തിൽ മൂന്ന്‌ സെന്ററുകളുണ്ട്‌. തന്റെ സംഗീതശ്രമങ്ങളെക്കുറിച്ച്‌ ശ്രീ കൈതപ്രംഃ

“കലാകേന്ദ്രം കേരളമൊട്ടുക്കും വ്യാപിപ്പിക്കണം. കലാകേന്ദ്രം മദ്രാസിലും തുടങ്ങാൻ പദ്ധതിയുണ്ട്‌. നല്ല മനസ്സുളള കുറച്ചാൾക്കാർ മാത്രം മതി. ഇത്‌ നടത്തിക്കൊണ്ടുപോകാൻ എനിക്ക്‌ പേടിയേ ഇല്ല. എനിക്കത്‌ ഒരു ചെറിയ കുട്ടിയെക്കൊണ്ട്‌ പാട്ടുപാടിക്കുന്നതു പോലെയാണ്‌. അവൾ&അവൻ അതുകൊണ്ട്‌ ജീവിക്കണോ എന്നുളളത്‌ അവൻ&അവൾ നിശ്ചയിക്കേണ്ട കാര്യമാണ്‌. ഞാൻ പാട്ടുപാടി, പാട്ടെഴുതി സമ്പാദിക്കുകയും സമൂഹത്തിൽ മാന്യനാവാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ടായില്ല.

”തന്നാൽക്കരേറേണ്ടവരെത്രപേരോ

താഴത്ത്‌ പാഴ്‌ച്ചേറിലമർന്നിരിക്കെ

താനൊറ്റയിൽ ബ്രഹ്‌മപദം കൊതിക്കും

തപോനിധിക്കെന്തൊരു ചാരിതാർത്ഥ്യം“ എന്നു കേട്ടിട്ടില്ലേ. എനിക്ക്‌ കൈപിടിച്ചുയർത്താൻ കഴിയുന്നവരെ ഞാൻ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നു. ഒരു സീനിയർ എന്ന നിലയ്‌ക്ക്‌ എന്റെ ദൗത്യവുമാണത്‌. എന്റെ സ്‌നേഹത്തിന്റെ ഭാഗം കൂടിയാണത്‌.”

ഇനിയങ്ങോട്ടുളള അദ്ദേഹത്തിന്റെ സംഗീതശ്രമങ്ങൾ പുതുപ്രതിഭകൾക്ക്‌ പ്രചോദനമാകുംവിധം നന്മയുടെ, സ്‌നേഹത്തിന്റെ, സംഗീതത്തിന്റെ വഴിയിലൂടെ മുന്നേറട്ടെ എന്ന്‌ നമുക്കാശംസിക്കാം. കലുഷിതമായ പുതിയകാലത്ത്‌ സംഗീതവും സ്‌നേഹവും നന്മയും എല്ലാം അണയാതിരിക്കട്ടെ.

Generated from archived content: inter_kaithapram.html Author: bijukchuzhali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here