‘കല്ലുരുട്ടി’യുടെ വിലാപങ്ങൾ

മലയാള നാടകവേദിയിൽ പുതിയ പരീക്ഷണശ്രമങ്ങളുമായി ഇന്നും സജീവമായി പ്രവർത്തിക്കുന്ന ശ്രീ. കാവാലം നാരായണപ്പണിക്കരുടെ ‘കല്ലുരുട്ടി’ എന്ന നാടകം തനതായ കേരളീയ സൃഷ്‌ടിയാണ്‌. നാടോടികലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌ നൃത്ത സംഗീത വാദ്യങ്ങളുടെ അകമ്പടിയോടെയാണ്‌ കാവാലം നാടകങ്ങൾ അരങ്ങിലെത്തുന്നത്‌. കാവാലം നാടകങ്ങളുടെ സവിശേഷതകൾ എല്ലാം ഒത്തിണങ്ങുന്ന ഒരു സൃഷ്‌ടിയാണ്‌ സോപാനം തീയേറ്റർ അവതരിപ്പിച്ചുവരുന്ന ‘കല്ലുരുട്ടി’.

‘കല്ലുരുട്ടി’യുടെ കഥാതന്തു സ്വീകരിച്ചിരിക്കുന്നത്‌ നാടൻ കലകളുടെ ഉർവ്വരഭൂമിയായ വടക്കെ മലബാറിൽ നിന്നാണ്‌. മാവിലരുടെ കല്ലുരുട്ടി എന്നും പഞ്ചുരുളി എന്നും പേരുളള രണ്ടു തെയ്യങ്ങളുടെ കഥയെ ആധാരമാക്കിയുളള നാടകമാണ്‌ കല്ലുരുട്ടി. പ്രകൃതിയ്‌ക്ക്‌ ഏറ്റവും പ്രിയങ്കരിയാണ്‌ കല്ലുരുട്ടി. അവൾക്ക്‌ രണ്ട്‌ സഹോദരന്മാരുണ്ട്‌, പഞ്ചുരുളികൾ. അവർ രണ്ടാണെങ്കിലും ഒന്നുതന്നെയാണ്‌. അവർ മൂവരും ഒരുമിച്ചു നിന്നാൽ അടുപ്പൂട്ടി മലകളാണ്‌. കല്ലുരുട്ടി വെറുതെ കല്ലുരുട്ടിയാൽപോലും പ്രകൃതി അത്‌ സ്‌നേഹപൂർവ്വം സ്വീകരിക്കും. അവളോട്‌ ആരെങ്കിലും അത്യാചാരം അനുഷ്‌ഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ പ്രകൃതിയുടെ പ്രതികരണം അതിരൂക്ഷമായിരിക്കും. ഭരണവർഗ്ഗത്തിന്റെ പ്രതീകമായ ഉഗ്രാണി കടത്തുകടന്ന്‌ കാട്ടിലേക്കെത്തുമ്പോൾ പാവപ്പെട്ട മാവിലരുടെ ശാന്തത ഹനിയ്‌ക്കപ്പെടുന്നു. കാടിന്റെ ഏതോ ഭാഗത്ത്‌ നട്ടുവളർത്തിയ കഞ്ചാവ്‌, അതിന്റെ ഗുണവും മണവുമറിയാത്ത പഞ്ചുരുളികൾ അത്‌ താങ്ങി നടക്കുന്ന കഴുതകളാകുന്നു. റാക്കിന്റെ ലഹരിയിൽ അവരെ മയക്കി കാട്ടിൽ നിന്നകറ്റുന്ന അയാൾ, ഉഗ്രാണി, കല്ലുരുട്ടിയെ തന്റെ കാമവെറിയുമായി സമീപിക്കുന്നു. കല്ലുരുട്ടിയുടെ മാന്ത്രികശക്തിയാൽ ഉഗ്രാണിയുടെ ഇച്ഛ ഫലിക്കാതെ പോകുന്നു. ഉഗ്രാണി തന്റെ വൈരാഗ്യം തീർക്കുന്നത്‌ പഞ്ചുരുളി സഹോദരൻമാരോടാണ്‌. കഞ്ചാവുകടത്തിയെന്നും വിലക്കേർപ്പെടുത്തിയ സ്ഥലത്തുനിന്നും മീൻ പിടിച്ചു എന്ന കുറ്റത്താലും ഉഗ്രാണി അവരെ കോട്ടയ്‌ക്കുളളിലടക്കുന്നു. തന്റെ പ്രിയപ്പെട്ട സഹോദരരെ തേടി അലയുന്ന കല്ലുരുട്ടിയ്‌ക്ക്‌ നദി വഴിമാറിക്കൊടുക്കുന്നു. കല്ലുരുട്ടി കല്ലുരുട്ടിക്കൊണ്ട്‌ തന്റെ സഹോദരരെ ബന്ധവിമുക്തരാക്കുന്നു. മടക്കയാത്രയിൽ കല്ലുരുട്ടിയ്‌ക്ക്‌ ഏറ്റുമുട്ടേണ്ടി വരുന്നത്‌ മാന്ത്രികനായ ഉമ്പ്രാശനോടാണ്‌. തന്റെ ചാരിത്രസംരക്ഷണത്തിനുളള പോരാട്ടത്തിനൊടുവിൽ കല്ലുരുട്ടി തെയ്യമായി മാറുന്നു. ഇത്രയുമാണ്‌ കല്ലുരുട്ടി എന്ന നാടകത്തിന്റെ ഇതിവൃത്തം.

തെയ്യചുവടുകളും തോറ്റംപാട്ടിന്റെ ഈണങ്ങളും വടക്കെ മലബാറിന്റെ തനത്‌ ഭാഷയും ‘കല്ലുരുട്ടി’യ്‌ക്ക്‌ മിഴിവേകുന്നു. നാടകത്തിന്റെ ഇതിവൃത്തവും വടക്കെ മലബാറിന്റെ സംസ്‌കൃതിയിൽ നിന്ന്‌ കടം കൊണ്ടതാവുമ്പോൾ ‘കല്ലുരുട്ടി’ ഏറെ മികവു പുലർത്തുന്നു. താളവും ചലനവും നൃത്തവും സംഗീതവും ഒക്കെ ഒന്നുചേർന്നു നിൽക്കുന്ന ഒരു ശിൽപ്പമാണ്‌ ഓരോ കാവാലം നാടകവും. നാടകത്തിലെ ഉമ്പ്രാശനെന്ന കഥാപാത്രത്തിന്റെ രംഗചലനങ്ങൾ ആവർത്തിച്ചുളള അഭിനയപാഠങ്ങൾ കാവാലം നാടകത്തെ എങ്ങനെ മുഴുമിപ്പിക്കുന്നു എന്ന്‌ വ്യക്തമാക്കുന്നു. നാടകത്തിന്റെ സംഗീത സംവിധാനവും കാവാലം തന്നെ നിർവ്വഹിച്ചിരിക്കുന്നു.

‘കല്ലുരുട്ടി’യുടെ വിലാപങ്ങൾക്ക്‌ പുതിയ കാലത്ത്‌ ഏറെ പ്രസക്തിയുണ്ട്‌. ഉഗ്രാണിയുടെ പ്രലോഭനങ്ങളിൽ വീണുപോകുന്ന തന്റെ സഹോദരന്മാരോട്‌ കല്ലുരുട്ടി ചോദിക്കുന്ന ചോദ്യം-

“എന്റെ നേരാങ്ങളമാർക്ക്‌ കണ്ണോണ്ട്‌ നേർക്കാഴ്‌ചയും മൂക്കോണ്ട്‌ നേർമണവും കിട്ടാണ്ടായാ…?”- വഴിതെറ്റിപ്പോകുന്ന യുവത്വങ്ങളിലേക്കുളള നാടകകൃത്തിന്റെ നേരിട്ടുളള ഇടപെടലാണ്‌. ഭരണവർഗ്ഗത്തിന്റെ കൊളളരുതായ്‌മയ്‌ക്കും ദുർനടപ്പുകൾക്കുമെതിരെ കാവാലം നാടകങ്ങൾ എന്നും ശക്തമായി ശബ്‌ദിച്ചിട്ടുണ്ട്‌. ‘കല്ലുരുട്ടി’യിലെ ഉഗ്രാണി ഭരണവർഗ്ഗത്തിന്റെ ചീഞ്ഞുനാറുന്ന മുഖങ്ങളിലൊന്നാണ്‌. ഭരണവർഗ്ഗം അടിസ്ഥാനവർഗ്ഗത്തിനുമേൽ അധീശത്വം സ്ഥാപിക്കാനും തങ്ങളുടെ ഇംഗിത സാധൂകരണത്തിനുമായി മതത്തെയും ജനവർഗ്ഗത്തിന്റെ വിശ്വാസപ്രമാണങ്ങളെയും എങ്ങനെയൊക്കെ ദുരുപയോഗപ്പെടുത്തുന്നു എന്ന്‌ ഉഗ്രാണിയുടേയും ഉമ്പ്രാശന്റെയും ചെയ്‌തികൾ വ്യക്തമാക്കുന്നു.

‘കല്ലുരുട്ടി’-ഒരു സ്‌ത്രീപക്ഷ രചന എന്ന കോണിലൂടെ വീക്ഷിക്കുമ്പോൾ നാടകത്തിന്‌ പുതിയ മാനങ്ങളുണ്ടാകുന്നു. ഒരു ചോക്‌ലേറ്റിലോ ഐസ്‌ക്രീമിലോ മയങ്ങിവീഴാൻ മാത്രം ദുർബ്ബലമല്ല കേരളീയ സ്‌ത്രീത്വം എന്ന്‌ കല്ലുരുട്ടി എന്ന കേന്ദ്രകഥാപാത്രം ഓർമ്മിപ്പിക്കുന്നുണ്ട്‌. കടത്തു കടന്ന്‌ വന്ന്‌ കല്ലുരുട്ടിയ്‌ക്ക്‌ കുപ്പിവളകളും ചാന്തും മറ്റും കാഴ്‌ച്ച വയ്‌ക്കുന്ന ഉഗ്രാണിയുടെ പ്രലോഭനങ്ങൾ അവൾ തിരിച്ചറിയുന്നു. ഉഗ്രാണിയുടെ സഹായഭ്യർത്ഥനമാനിച്ച്‌ കല്ലുരുട്ടിയെ സമീപിക്കുന്ന ഉമ്പ്രാശൻ പുതിയ മാധ്യമസംസ്‌ക്കാരത്തിന്റെയും കപടവും കൃത്രിമവുമായ ഒരു ആത്‌മീയ ബോധത്തിന്റെയും പ്രതീകമാണ്‌. നമ്മുടെ യുവത്വങ്ങൾ അതിഭീകരമായ, കപടമായ ഭക്താന്ധതയിലേക്ക്‌ നടന്നുപോകുന്ന പുതിയ കാലത്ത്‌ ഇത്തരം ഓർമ്മപ്പെടുത്തലുകൾ ഉചിതം തന്നെ.

കേരളീയന്റെ സാംസ്‌കാരിക പശ്ചാത്തലം എത്രമേൽ അധഃപതിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന്‌ അടുത്തിടെ വന്ന പത്രവാർത്തകൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്‌. പ്രകൃതിയെയും ഭാഷയെയും തളളിപ്പറയാൻ മലയാളിയ്‌ക്ക്‌ പ്രചോദനമേകുന്നത്‌ നമ്മുടെമേൽ അധീശത്വം നേടിയിരിക്കുന്ന ഒരു പുതിയ സംസ്‌ക്കാരമാണ്‌. അതിനെ തിരിച്ചറിയുകയാണ്‌ ഓരോ ഭാഷാസ്‌നേഹിയും ആദ്യം ചെയ്യേണ്ടുന്ന കർത്തവ്യം. അത്തരമൊരു തിരിച്ചറിവിലേയ്‌ക്ക്‌ കൂടി പ്രേക്ഷകനെ കൊണ്ടുചെന്നെത്തിക്കാൻ ‘കല്ലുരുട്ടി’യ്‌ക്ക്‌ കഴിയുന്നുണ്ട്‌.

നിഷ്‌ക്കളങ്കമായ ഒരു സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അധിനിവേശത്തിന്റെ കഥയാണ്‌ ‘കല്ലുരുട്ടി’. വിവിധ കാലങ്ങളിൽ, വിവിധ അവസ്ഥാന്തരങ്ങളിൽ വിഭിന്നമായ വായന ആവശ്യപ്പെടുന്ന ‘കല്ലുരുട്ടി’ ഒരു കലാസൃഷ്‌ടിയുടെ എല്ലാതരത്തിലുളള ദൗത്യങ്ങളും നിറവേറ്റാൻ ഏറെക്കുറെ ശ്രമിക്കുന്നു.

Generated from archived content: essay_kallurutty.html Author: bijukchuzhali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English