ചാനൽ കിനാവുകൾ

പേടിയില്ലേ എന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. പക്ഷേ പേടിക്കേണ്ടതായിട്ടിനി ഒന്നും ബാക്കിയില്ല അല്ലെങ്കിൽ എന്തിനാണ്‌ ഞാനിനി പേടിക്കുന്നത്‌. ഒരുപക്ഷേ നിങ്ങളെക്കൊണ്ട്‌ ഈ ചോദ്യം ചോദിപ്പിക്കുന്നത്‌ തെരുവീഥികളിൽ ചിതറിക്കിടക്കുന്ന ഈ ശവശരീരങ്ങൾ കാണുന്നതുകൊണ്ടായിരിക്കാം. എവിടെയും കേട്ടിട്ടില്ലല്ലോ ശവശരീരങ്ങൾ ആളുകളെ പേടിപ്പിക്കുന്നതായിട്ട്‌. നമ്മൾ അറിയാതെ പേടിക്കുന്നതല്ലേ. പക്ഷേ ചുടിചോരയുടെ ഈ ഗന്ധമുണ്ടല്ലോ അതെന്നിൽ കനത്ത്‌ മടുപ്പും തലവേദനയും ഉളവാക്കിയിട്ടുണ്ടെന്ന്‌ നേരാണ്‌.

നിരത്തിൽ അവിടവിടെ ശവശരീരങ്ങൾ ചിതറിക്കിടക്കുന്നുണ്ട്‌. കൈകാലുകളും കഴുത്തും ഒക്കെ അറ്റ്‌ അപൂർണ്ണമായ ശവശരീരങ്ങളാണ്‌ മിക്കതും. കൂട്ടത്തിൽ പെണ്ണുങ്ങളുണ്ട്‌. അവർ കുറച്ചുകൂടി വികൃതമാക്കപ്പെട്ടു കിടക്കുന്നവരാണ്‌. ഉണ്ണികളായിരുന്നപ്പോൾ അമ്മയുടെ മാറിലെ പാൽകുംഭങ്ങളായിരുന്നല്ലോ നമ്മെ ജീവിപ്പിച്ചത്‌. അതെല്ലാം ഛേദിക്കപ്പെട്ട നിലയിലായിരുന്നു അവർ. ഞാൻ അവരെ ഒന്നൊന്നായി കടന്നുപോവുകയാണ്‌. വീണുപോയോ എന്ന പേടിയോടെ ഞാൻ പെട്ടെന്ന്‌ അരയിൽ തടവിനോക്കി. ഉണ്ട്‌ അരയിൽ കത്തി ഭദ്രമായി ഇരിപ്പുണ്ട്‌.

ഞാൻ നിസ്സഹായനായിരിക്കാം. എന്നാലും കത്തി അൽപ്പം സുരക്ഷിതത്വം എനിക്കു തരുന്നുണ്ട്‌. നിങ്ങൾ ചിരിച്ചുകൊളളുക. നിങ്ങളുടെ ടെലിവിഷനിൽ ഈ ദൃശ്യങ്ങൾ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ടാവുമെന്ന്‌ എനിക്കറിയാം. ഏതെങ്കിലും ഒരു കൊടുവാൾ എന്റെ ജീവൻ അടുത്ത നിമിഷം നശിപ്പിക്കുമെന്ന്‌ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവും. നിങ്ങൾ അക്ഷമരായിരിക്കാം. ഈ ദൃശ്യം കൂടി കഴിഞ്ഞിട്ടുവേണം നിങ്ങൾക്ക്‌ കുളിക്കാനും പല്ലുതേക്കാനും പോകാൻ. ശരിയല്ലേ.

കൂട്ടരേ ഞാൻ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു വെറും മനുഷ്യനാണ്‌. എന്റെ ജന്മത്തെക്കുറിച്ച്‌ ഒരു പുരുഷനും സ്‌ത്രീയും സ്‌നേഹിച്ചതുകൊണ്ട്‌ ഞാനുണ്ടായി എന്നേ എനിക്കു പറയാനാവൂ. എനിക്ക്‌ മുദ്രാവാക്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ. വല്ലപ്പോഴും ഞാൻ എന്റെ ആരാധനാലയത്തിൽ പ്രാർത്ഥിക്കാൻ പോവാറുണ്ടായിരുന്നു. അത്‌ എന്റെ ഭാര്യക്കുവേണ്ടിയാണ്‌. ഞാൻ നഗരത്തിൽ ഒരു ഫാക്‌ടറി ജോലിക്കാരനാണ്‌. ഞാൻ കഠിനമായി അധ്വാനിക്കുന്നു. രാത്രിയിലായിരിക്കും എന്റെ ഡ്യൂട്ടി. എന്റെ അധ്വാനത്തിനനുസരിച്ച്‌ എനിക്ക്‌ ശമ്പളമില്ല. പക്ഷേ മുതലാളിയോട്‌ എനിക്ക്‌ ദേഷ്യമൊന്നുമില്ല. സ്‌നേഹമാണുതാനും. കാരണം എന്നെപ്പോലെ ഒരുപാടുപേരുടെ അന്നദാതാവാണ്‌ അദ്ദേഹം. പിന്നെ ഭാര്യക്കുവേണ്ടി ഞാൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നുപറഞ്ഞില്ലേ. അപ്പോൾ ഞാൻ പ്രാർത്ഥിക്കാറുളളത്‌ ഒന്നുമാത്രമാണ്‌. എന്റെ ഫാക്‌ടറിയിൽ ഒരിക്കലും പണിമുടക്കുണ്ടാവരുതേ എന്ന്‌.

എന്റെ പായാരം പറച്ചിൽ നിങ്ങൾക്ക്‌ ഇഷ്‌ടപ്പെടുന്നുണ്ടാവില്ല. ഇത്രയും കാര്യങ്ങളിൽ നിന്ന്‌ നിങ്ങൾക്ക്‌ ഒരു കാര്യത്തിലേ താൽപ്പര്യം തോന്നുന്നുളളൂ എന്നുവരാം. അത്‌ ഞാൻ പോവുന്ന ആരാധനാലയം പളളിയാണോ അമ്പലമാണോ എന്നുമാത്രമാവും. ചാനലുകൾ എന്റെ ശരീരത്തിൽ മതത്തിന്റേതായൊരു ചിഹ്നമെങ്കിലും ശേഷിക്കുന്നുണ്ടോ എന്നു തിരയുകയാവും. എന്റെ ശരീരത്തിൽ ആകെയുളളത്‌ വസ്‌ത്രങ്ങളും വിയർപ്പിന്റെ ഉപ്പുരസവും മാത്രം. പിന്നെ ഒന്നുളളത്‌ എന്റെ കൈവിരലുകളിൽ കിടക്കുന്ന വിവാഹമോതിരമാണ്‌. പല ബുദ്ധിമുട്ടുകൾ വന്നപ്പോഴും അതു വിൽക്കാൻ മാത്രം ഭാര്യ സമ്മതിച്ചില്ല. അവളുടെ കഴുത്തിലെ മാല വിൽക്കുകയുകം താലിമാത്രം ചരടിൽ കോർത്ത്‌ കഴുത്തിലിടുകയും ചെയ്‌തു. അവളൊരിക്കലും ഇല്ലായ്‌മകൾ എന്നോട്‌ പറഞ്ഞിട്ടില്ല. രാത്രികളിൽ എന്റെ മുഖത്തുനോക്കിയിരുന്ന്‌ വെറുതെ ചിരിച്ചു. പിറക്കാൻ പോകുന്ന കുഞ്ഞ്‌ നിങ്ങളേക്കാൾ കേമനായിരിക്കുമെന്ന്‌ അവൾ പറഞ്ഞു. ഞാൻ ഒരു കാര്യത്തിലും കേമനായിരുന്നില്ല. എങ്കിലും അവൾക്ക്‌ ഞാൻ പ്രിയപ്പെട്ടവനായിരുന്നു. അവളുടെ സ്‌നേഹമോർത്ത്‌ നിശബ്‌ദ രാത്രികളിൽ ഞാൻ വെറുതെ കിടന്ന്‌ കരയാറുണ്ടായിരുന്നു.

നിങ്ങൾക്ക്‌ സൂക്ഷിച്ചുനോക്കിയാൽ ബോധ്യമാവും, വല്ലാത്ത ഒരു മന്ദിപ്പ്‌ എന്നെ ബാധിച്ചിട്ടില്ലേ. ഞാൻ ഒരു സ്വപ്‌നത്തിലെന്ന പോലെയാണ്‌ പോകുന്നത്‌. നഗരത്തിൽ ഫാക്‌ടറി ജോലി കഴിഞ്ഞ്‌ രാവിലെ പുറപ്പെടാൻ നേരം പത്രങ്ങളിൽ നിന്നാണ്‌ ഞാൻ വാർത്തയറിഞ്ഞത്‌. എന്റെ പരിചയക്കാരെല്ലാം ഭീതിയോടെ എന്നെ തടഞ്ഞുവെച്ചു. നാട്ടിലേക്ക്‌ പോകരുതെന്ന്‌ തടസ്സപ്പെടുത്തി. അവിടെ ഇപ്പോഴും കലാപം തുടർന്നു കൊണ്ടിരിക്കുകയാണ്‌. അവർ എനിക്ക്‌ ചൂടുചായയും ദോശയും മേടിച്ചുതന്നു. തട്ടുകടയിൽ എന്റെ മുന്നിൽ കിടന്ന പത്രത്തിലെ വലിയ ഫോട്ടോ ഒൻപത്‌ മാസം ഗർഭിണിയായ ഒരു സ്‌ത്രീയുടെ ചോരയിൽക്കുളിച്ച മൃതശരീരമായിരുന്നു. തൊട്ടരികെ കലാപകാരികൾക്കിടയിൽ നീളമുളള ആയുധവും കയ്യിൽ പിടിച്ച്‌ ഭിന്ന മതസ്ഥനായ എന്റെ സുഹൃത്തും. മൃതയായ ആ സ്‌ത്രീ എന്റെ ഭാര്യയാണെന്ന്‌ ആരോടും എനിക്ക്‌ പറയാൻ കഴിഞ്ഞില്ല. എനിക്ക്‌ ശബ്‌ദങ്ങളില്ലാതെ ഞാൻ തിരിച്ചുപോവുകയായിരുന്നു. കുറേക്കഴിഞ്ഞ്‌ ഞാൻ അവരോട്‌ യാത്ര പറഞ്ഞു. നഗരത്തിലൂടെ വെറുതെ അലഞ്ഞു നടന്നു. അടഞ്ഞു കിടക്കുന്ന പഴകിയ കടയുടെ മുന്നിൽ വെട്ടുകത്തികളും മൂർച്ചയുളള കഠാരകളുമായി ഒരു വിൽപ്പനക്കാരനുണ്ടായിരുന്നു. ഞാൻ ഉണ്ടായിരുന്ന പണമെല്ലാം കൂട്ടി മൂർച്ചയേറിയ ഒരു കത്തിവാങ്ങി അരയിൽ സൂക്ഷിച്ചു. പിന്നീട്‌ പല വാഹനങ്ങൾ മാറിക്കയറി ഇപ്പോൾ എന്റെ തെരുവിലൂടെ ഞാൻ നടന്നുപോവുകയാണ്‌.

ഇപ്പോൾ നിങ്ങൾക്ക്‌ അൽപ്പം ഉൽസാഹം കൂടിയിട്ടുണ്ടാവണം. കാരണമുണ്ട്‌. എന്റെ നിറഗർഭിണിയായ ഭാര്യ കൊല്ലപ്പെട്ടു എന്ന്‌ നിങ്ങൾക്കറിയാം. ഞാനൊരു കഠാര അരയിൽ ഒളിപ്പിച്ചിട്ടുമുണ്ട്‌. അപ്പോൾ ഞാൻ ആരെയോ തേടി നടക്കുകയാണെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നു. കൊലപാതകങ്ങൾ കണ്ടുകൊണ്ടിരിക്കാൻ നിങ്ങൾക്കിഷ്‌ടമായിരിക്കുമല്ലോ. കണ്ണൂരും മാറാടും ഒക്കെ നിങ്ങളെ ഒരുപാട്‌ ഹരം പിടിപ്പിച്ചിട്ടില്ലേ. പക്ഷേ അന്നൊക്കെ ഞാൻ ഓർത്തത്‌ അതൊക്കെ എത്ര ദൂരെയുളള സ്ഥലങ്ങളാണ്‌ എന്നാണ്‌. എന്റെ ഗ്രാമം ഒരു പാവം നാണം കുണുങ്ങിപ്പെണ്ണായിരുന്നു. ഏതു മനുഷ്യസമൂഹത്തിലും മാറാടുകൾ പതിയിരിപ്പുണ്ടോ? അങ്ങിനെ വിശ്വസിക്കുകയേയുളളൂ നിർവ്വാഹം.

ഒരു വെളളിടി പ്രപഞ്ചത്തിലേക്ക്‌ കൈവിട്ട്‌ പോയതിനുശേഷം എന്നപോലെ കനത്ത നിശബ്‌ദതയാണിവിടെ. ഒരുപക്ഷേ ഇരുപുറവുമുളള വീടുകളിൽ ആരെങ്കിലുമൊക്കെ ഭീതിയോടെ ഒളിച്ചിരിപ്പുണ്ടാവാം. എന്റെ സ്‌നേഹിതരായ ആളുകൾ സ്വപ്‌നത്തിലെന്നപോലെ ഞാനിങ്ങനെ പോവുന്നതുകണ്ട്‌ നിസ്സഹായരായി അടക്കിപ്പിടിച്ച നിലവിളിയോടെയായിരിക്കാം. ആർക്കും ശബ്‌ദം പുറത്തേക്കുവിടാൻ വയ്യ. ശബ്‌ദങ്ങൾ ഒരു സ്വാതന്ത്ര്യമാണ്‌. നോക്കൂ, നമുക്ക്‌ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടിരിക്കുന്ന അവസ്ഥ എത്ര ഭയാനകമാണ്‌.

ചിലപ്പോൾ പോലീസു വണ്ടികൾ എന്നെ കടന്നുപോവുന്നുണ്ട്‌. പേടിച്ചരണ്ട ചില കുട്ടികൾ വൈദ്യുതി വെളിച്ചത്തിൽ അകപ്പെട്ട എലികളെപ്പോലെ പരക്കം പായുന്നുണ്ട്‌. എവിടെ നിന്നൊക്കെയോ വിദൂരതയിൽ നിന്ന്‌ കരച്ചിലുകൾ ഉയരുന്നുണ്ട്‌. ഓടിയോടി ആളുകൾ കടന്നുപോവുന്നുണ്ട്‌. ആരും എന്നെ നോക്കുന്നില്ല. എന്റെ കൈകളിൽ പ്രത്യക്ഷത്തിൽ ആയുധങ്ങളൊന്നും കാണാനില്ലാത്തതുകൊണ്ട്‌ ആരും പിന്തിരിഞ്ഞോടുന്നില്ല.

ഇപ്പോൾ നിങ്ങളുടെ ടെലിവിഷനിലെ ദൃശ്യങ്ങൾ സംഘർഷാത്മകമായി വരുന്നത്‌ അറിയുന്നുണ്ടാവും. എന്റെ മുന്നിൽ അതായത്‌ ഒരേറ്‌ ദൂരത്തിൽ എട്ടുപത്താളുകളുടെ ഒരു സംഘം നടന്നു നീങ്ങുന്നുണ്ട്‌. അവരുടെ കൈകളിൽ പല ആകൃതിയിലുളള ആയുധങ്ങൾ കാണുന്നു. അവർ കഠിനമായി ഗർജ്ജിക്കുകയും ആയുധങ്ങൾ അനാവശ്യമായി അന്തരീക്ഷത്തിൽ ആഞ്ഞുവീശുകയും ചെയ്യുന്നുണ്ട്‌. അവർക്കുമുന്നിലേക്ക്‌ വിജനമായ തെരുവുകൾ. ഒറ്റപ്പെട്ട ചില ശവങ്ങളല്ലാതെ ഒന്നും കാണുന്നില്ല. എന്നെ കടന്നുപോയ ഏതാനും പോലീസു വണ്ടികൾ അതേപോലെ തന്നെ അവരെ കടന്നുപോയി എന്നേ കരുതാനാവൂ. അഥവാ പോലീസുകാർ ജീവനിൽ ഭയമില്ലാത്തവരാകണോ?

നിങ്ങളിപ്പോൾ മുൾമുനയിൽ ആയിരിക്കുമെന്ന്‌ എനിക്കറിയാം. കാരണം ഒരു ആക്ഷൻ ചിത്രത്തിലെന്നപോലെയാണ്‌ ടെലിവിഷനിലെ രംഗം. ചോരയിൽക്കുളിച്ച ആയുധങ്ങളേന്തിയ ആളുകൾക്കു പിന്നിൽ അരയിൽ ഒരു കഠാര മാത്രം കരുതി ഏകനായ ഞാൻ. എന്റെ ധൈര്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടാവാം. പക്ഷേ എന്നിൽ നിങ്ങൾക്ക്‌ യാതൊരു പ്രതീക്ഷയുമില്ല. ചോരമരവിപ്പിക്കുന്ന ഒരു ഭീകരദൃശ്യം കാണാൻ കഴിയുക എന്നുമാത്രമാണ്‌ നിങ്ങളുടെ താൽപ്പര്യം.

സംഘത്തിൽ നിന്ന്‌ പെട്ടെന്ന്‌ ഒരാൾ തിരിഞ്ഞുനോക്കി. പത്രത്തിൽ കണ്ട, ഞാൻ നേരത്തെ സൂചിപ്പിച്ച, എന്റെ സുഹൃത്ത്‌ തന്നെ. ഇപ്പോഴങ്ങനെ ആകാൻ ഇടയില്ല. സുഹൃത്ത്‌ എന്നുപറഞ്ഞതിൽ അൽപ്പം അസ്വസ്ഥത നിങ്ങൾക്ക്‌ തോന്നുന്നുണ്ടാവും. ഹരിദാസൻ എന്നോ അബ്‌ദുളള എന്നോ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക്‌ ഒരു ഏകദേശരൂപം കിട്ടുമായിരുന്നു അല്ലേ.

സുഹൃത്തും സംഘവും അവിടെ നിൽക്കുകയും ഞാൻ അടുത്തുകൊണ്ടിരിക്കുകയും ചെയ്‌തു. ആത്മവിശ്വാസം കൊണ്ടെന്നപോലെ സുഹൃത്ത്‌ സംഘത്തിൽ നിന്ന്‌ മുന്നിലേക്ക്‌ വന്നു. അയാളുടെ കയ്യിൽ ഒരു നീണ്ട മിനുത്ത വടിവാളാണ്‌. ചോരയിൽ കുളിച്ച ഭീകരമായ ഒരു രൂപമാണ്‌ അയാളുടേത്‌. ഞാൻ അരയിൽ ഒന്നുകൂടി നോക്കി. ഉണ്ട്‌ എന്റെ കഠാര നഷ്‌ടപ്പെട്ടിട്ടില്ല. നിങ്ങൾ ആകാംക്ഷയുടെ മുൾമുനയിൽ തന്നെ ഇരുന്നുകൊളളുക.

ഞങ്ങൾ മുഖത്തോടുമുഖം നോക്കിനിന്നു. ഏതു നിമിഷവും ഉപയോഗിക്കാവുന്ന രീതിയിൽ അയാൾ വടിവാൾ നീട്ടി പിടിച്ചിരുന്നു.

എന്റെ ഹൃദയം ഒരു തിരയേറ്റം പോലെ ഇരമ്പുന്നുണ്ടായിരുന്നു. ഒരുപക്ഷേ അയാളുടേതും. അയാളോട്‌ വേണമെങ്കിൽ ചങ്കുപൊട്ടുമാറ്‌ എനിക്ക്‌ പലതും ചോദിക്കാമായിരുന്നു. രണ്ടുമതമായത്‌ നമ്മുടെ കുറ്റം കൊണ്ടാണോ. നമ്മൾ എത്ര സ്വപ്‌നങ്ങൾ പങ്കുവെച്ചിട്ടുണ്ട്‌. എന്റെ അമ്മ എത്രയോ തവണ നിന്റെ വിശപ്പടക്കിയിട്ടുണ്ട്‌. കളിപ്പന്തുകൾക്കു പിൻപേ എത്രയോ കാതം നാം ഓടിതളർന്നിട്ടുണ്ട്‌. പ്രിയപ്പെട്ടവർ മരിച്ചുപോയപ്പോൾ ഹൃദയം നൊന്ത്‌ പരസ്‌പരം നിലവിളിച്ചിട്ടുണ്ട്‌. പക്ഷേ ഞാൻ പറഞ്ഞത്‌ ഇത്രമാത്രം.

“കൂട്ടുകാരാ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ മുഖം എനിക്കൊന്ന്‌ കാണണമെന്നുണ്ടായിരുന്നു.”

സുഹൃത്ത്‌ പെട്ടെന്ന്‌ ഒന്നു തളർന്നതുപോലെ തോന്നി. ഞാൻ അരയിൽ നിന്ന്‌ കഠാരയെടുത്തു. ഞങ്ങളിപ്പോൾ മുഖാമുഖമാണ്‌. നിങ്ങളിപ്പോൾ ഉദ്വേഗത്തിന്റെ മുൾമുനയിലായിരിക്കും. വടിവാളിന്റെ സംഘത്തിലുളളവർ മുന്നോട്ടുവരികയാണ്‌.

ഞാൻ കഠാര വീശി. നിങ്ങൾ അമ്പരന്നുപോയിരിക്കും. സംശയിക്കേണ്ട. എന്റെ നെഞ്ചിലേക്കു തന്നെ. ചുവന്ന ചോരയൊഴുകി. വേണമെങ്കിൽ ചുവന്ന ചോര എന്ന പ്രയോഗം ഒഴിവാക്കാം. ആരുടെ ചോരയാണ്‌ അങ്ങനെയല്ലാത്തത്‌?

ഞാൻ കുഴഞ്ഞ്‌ നിലത്ത്‌ വീണുകഴിഞ്ഞു. പക്ഷേ എന്താണെന്ന്‌ അറിയില്ല. എന്നെപ്പോലെ സുഹൃത്തിന്റെ കയ്യിലെ വടിവാളും നിലത്തേക്ക്‌ വീണു. ലോകത്തിന്റെ മായക്കാഴ്‌ചകളെല്ലാം എന്റെ കണ്ണിൽനിന്ന്‌ പിൻവാങ്ങുകയാണ്‌. ഒരിക്കൽക്കൂടി ഭാര്യയുടെ മുഖമൊന്നു കാണുവാൻ എനിക്ക്‌ ആശ തോന്നി.

എങ്കിലും നിങ്ങളോട്‌ ഒരുവാക്ക്‌. കുളിയോ പല്ലുതേപ്പോ ഞാൻ കാരണം വൈകിയതിൽ സദയം ക്ഷമിക്കുക.

Generated from archived content: story1_june26_08.html Author: biju_poykayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English