അവർക്കിടയിൽ

അതിർത്തിയിലെ വന ഗന്ധമുള്ള തണുത്ത കാറ്റ്‌ മുഖത്തടിച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി അഭിലാഷിന്‌. ചാറൽ മാത്രമുണ്ടായിരുന്ന മഴ ചുരം കഴിഞ്ഞപ്പോൾ വയസ്സറിയിച്ചതു പോലെ തിമർത്തു പെയ്യുന്നു.. ജനാലയിലൂടെ അകത്തേക്കു വരുന്ന മഴതുള്ളികൾ കുറ്റിതാടികൾ വളർന്ന മുഖത്തേക്കും കണ്ണടയിലേക്കും മടിയിൽ വെച്ച ബാഗിലേക്കും ചെറുതായി വീഴുന്നെങ്കിലും അതൊന്നും സാരമാക്കാതെയിരുന്ന്‌ മഴയെയും കാറ്റിനെയും ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസങ്ങളായി അഭിലാഷിനു തീരെ അപരിചിതമായിരുന്നു ഇത്തരമൊരു സുഖമുള്ള കാലാവസ്‌ഥ കോയമ്പത്തുരിലെ പഴമാർട്ടിനുള്ളിലെ ലോഡ്‌ജിലെ ഇടുങ്ങിയ മുറിയിൽ കൂട്ടുകാരനായ മുസ്‌തഫയുടെ കട്ടിലിനു താഴെ വെറും നിലത്ത്‌ പേപ്പർ വിരിച്ച്‌ കിടന്നുറങ്ങിയും പകൽ പുറത്തിറങ്ങാതെയും, മൊബൈൽ ഫോണിലെ സിം കാർഡ്‌ ഊരി വെച്ചും ഒളിച്ചു താമസിക്കുകയായിരുന്നു അവൻ.

“ആ ഗ്ലാസ്‌ ജനൽ ഒന്നു താഴ്‌ത്താമോ…… വല്ലാത്ത തണുപ്പ്‌….”

അടുത്തിരുന്ന അറുപതിനോട്‌ അടുത്തുവരുന്ന ഒരു മനുഷ്യൻ അഭിലാഷിനോട്‌ ചോദിച്ചു. അടുത്തിരുന്ന ഭാര്യയുടെ ഒരു കണ്ണ്‌ പച്ചതുണി വെച്ച്‌ അതിനു മുകളിൽ അവർക്ക്‌ ചേരാത്ത ഒരു കറുത്ത കണ്ണട വെച്ചിരിക്കുന്നു.

“കണ്ണ്‌ ഓപ്പറേഷൻ കഴിഞ്ഞിട്ട്‌ വരുകയാണ്‌…. തണുപ്പടിച്ച്‌ വല്ല നീർവീഴ്‌ചയും വരുമോന്നാ…..”

മധ്യവയസ്സു കഴിഞ്ഞ അവരെ അഭിലാഷ്‌ ഒന്നു നോക്കി. തന്റെ അമ്മയോളം പ്രായം വരും കയ്യിൽ അരവിന്ദാശുപത്രിയുടെ ഒരു ബാഗ്‌, ഗ്ലാസ്‌ ഷട്ടറിട്ടു. അവരൊന്നു അവനെ നോക്കി ചിരിച്ചു. തന്റെ അച്ഛനും അമ്മയും ഇങ്ങനെ യാത്ര ചെയ്യുന്നതാലോചിച്ചു. കൂടെ ഏഴു വർഷം മുമ്പ്‌ മരിച്ചു പോയ അച്ഛൻ കൂടെയുണ്ടെങ്കിലോയെന്ന്‌ വല്ലാതെ ആഗ്രഹിച്ചു.

വീണ്ടു വിചാരങ്ങളുണ്ടാക്കിയ ഞെട്ടലോടെ അഭിലാഷ്‌ തന്റെ ആഗ്രഹങ്ങളെ തിരിച്ചിട്ടു വേണ്ട അച്‌​‍്‌ഛൻ മരിച്ചതു നന്നായി എന്നു കരുതാനേ നിർവ്വാഹമുള്ളു താനിപ്പോൾ കടന്നു പോയ അവസ്‌ഥകളിൽ.

തിരിച്ചു ചെല്ലാതിരിക്കാൻ മാത്രം അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ബേബിയേട്ടനെ മാ​‍ുസ്‌തഫ വിളിച്ചുറപ്പിച്ചുവെങ്കിലും, വരും വരായ്‌കകളെ കുറിച്ചാധിപിടിച്ച്‌ തണുത്തുറഞ്ഞ പത്തുദിവസങ്ങൾക്കു അവസാനം കുറിച്ച്‌ ടിക്കറ്റെടുക്കാൻ കോയമ്പത്തൂരിൽ നിന്നും പാലക്കാട്‌വരെയേ ആദ്യം തോന്നിയുള്ളൂ. ഭീതി തന്നെയായിരുന്നു വൈകുന്നേരം റെയിൽവേ സ്‌റ്റേഷനിലേക്ക്‌ വരുമ്പോഴും, എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നു മുഴുവനറിയാത്ത വല്ലാത്ത ഒരു അസ്വസ്‌ഥത.

തിക്കിതിരക്കിയെടുത്ത ടിക്കറ്റിനു ബാക്കി കിട്ടിയ നാണയങ്ങൾ കൊണ്ട്‌ ടെലിഫോൺ ബൂത്തിൽ കയറിയപ്പോഴും കൈ വിറക്കുന്നുണ്ടോയെന്ന സംശയത്തിലായിരുന്നു അഭിലാഷ്‌. മറുവശത്ത്‌ ബേബിയേട്ടന്റെ കനമുള്ള സ്വരം കേട്ടപ്പോഴും വരണ്ട തൊണ്ടയോടെയാണ്‌ ചോദിച്ചത്‌.

“ഹലോ ബേബ്യേട്ടനല്ലേ….”

“താനിത്‌ എവിടെയാ ഡോ… എത്ര ദിവസമായി… വിളിച്ചിട്ട്‌ കിട്ടുന്നുമില്ല….”

“മൊബൈൽ ഓഫായിരുന്നു…. എന്തായി കാര്യങ്ങൾ….”

“താനൊന്നും പേടിക്കേണ്ട…. ഞാനതിനെ പാക്ക്‌ ചെയ്‌തു….”

അഭിലാഷിന്റെ നെഞ്ചിലൂടെ ഒരു തണുത്ത കാറ്റ്‌ കടന്നുപോയി.

“എന്തു ചെയ്‌തു….”

“അതൊന്നും താനിപ്പോ അറിയേണ്ട…. വേഗം ഇങ്ങോട്ട്‌ വരാൻ നോക്ക്‌…..

”എന്താ ചെയ്‌തതെന്നു പറയൂ…..“

”കാശെറിഞ്ഞാ… എന്താ ഡാ ഇവിടെ നടക്കാത്തത്‌…..“

ഒരു ഊരാക്കുരുക്കഴിക്കുന്നതിന്റെ വിദഗ്‌തയിൽ ബേബിയേട്ടൻ വിവരിച്ചത്‌ അവസാനിപ്പിച്ചു.

”ഉം…“

പുറത്തെ പൊടിമഴയുടെ കുളിര്‌ അപ്പോഴാണ്‌ മനസ്സിൽ പെയ്‌തത്‌.

”അതു ഞാൻ നിന്റെ ശമ്പളത്തീന്ന്‌ പിടിക്കും ട്ടാ…..“

ബേബിയേട്ടനുള്ളിലെ സൂപ്പർമാർക്കറ്റ്‌ മാനേജർ എഴുന്നേറ്റു, എന്നിട്ട്‌ തുടർന്നു.

”റഹീംക്ക വിളിച്ചിരുന്നു നിന്നോട്‌ ഒരു മാസത്തിനുള്ളിൽ എയർടിക്കറ്റിനുള്ള കാശ്‌ ഉണ്ടാക്കിക്കോളാൻ പറഞ്ഞു….“

വെയിൽ വേവിച്ച മണ്ണിൽ പെട്ടന്നുണ്ടായ പൊടിമഴയുണ്ടാക്കിയ ഊഷരത അസ്വസ്‌ഥമായ അന്തരീക്ഷത്തിലും ഉള്ളിലെ പെരുമഴയുമാണ്‌, വീണ്ടും പോയി ടിക്കറ്റ്‌ എറണാകുളത്തേയ്‌ക്ക്‌ മാറ്റി. കൂടെ സ്‌റ്റേഷനിലെ കാന്റീനിൽ നിന്നും ഒരു കുപ്പി കോളയും ആട്ടിറച്ചിയുടെ നാലു കട്‌ലറ്റും വാങ്ങി കഴിച്ചു. ഏറെ ദിവസങ്ങൾക്കു ശേഷമാണ്‌ രുചികരമായ ഭക്ഷണം കഴിച്ചതായി തോന്നിയത്‌, ട്രെയിനിൽ കയറുമ്പോൾ ജീവിതം ഇത്ര സുഖകരവും ലാഘവുമാണോയെന്നു അഭിലാഷിനു ഒരു പുതിയ തിരിച്ചറിവായിരുന്നു.

മുന്നിലിരിക്കുന്ന സീറ്റിലെ പാതി നരച്ച താടിയുള്ള മനുഷ്യനെയോ, അയാളുടെ പർദ്ദ ധരിച്ച ഭാര്യയേയും കുട്ടികളെയും ശ്രദ്ധിക്കാതെ ബാക്കി കോള കൂടി കുടിച്ച്‌ കുപ്പി ബാഗിൽ വെച്ചു. പേഴ്‌സ്‌ തുറന്ന്‌ ഇത്രയും ദിവസം അതിൽ ശ്രദ്ധിക്കപ്പെടാതെയിരുന്ന ഡോക്‌ടർ സിസിലി മാത്യുവിന്റെ ക്ലീനിക്കിന്റെ അഡ്‌മിഷൻ ടിക്കറ്റ്‌ ചുരുട്ടി ഗ്ലാസ്സ്‌ ജനൽ കുറച്ച്‌ ഉയർത്തി പുറത്തേക്കിട്ടു. പണമെണ്ണിനോക്കി ഏതാണ്ട്‌ അറുനൂറു രൂപയേ ചിലവായിട്ടുള്ളൂ. ബേബിയേട്ടനിൽ നിന്നും വാങ്ങിയ 1200 രൂപയും സ്വന്തം കയ്യിലുണ്ടായിരുന്നതും ബാക്കിയായി ദിലീപിന്റെ കയ്യിൽ നിന്നും അഭിമാനമൊന്നും നോക്കാതെ, എങ്ങനെയെങ്കിലും എന്റെ മാനം രക്ഷിക്കാൻ സഹായക്കഡായെന്നു കരഞ്ഞു പറഞ്ഞു വാങ്ങിയതും ചേർത്ത്‌ സിസിലി ഡോക്‌ടറുടെ ഫീസായ 2500 രൂപയിൽ ബാക്കിയുണ്ട്‌. കടം കൊടുത്ത്‌ തീർക്കാം എന്ന സമാധാനത്തോടെ പേഴ്‌സ്‌ പോക്കറ്റിൽ തിരുകി. ചെരുപ്പിൽ നടന്നും കാൽ സ്വതന്ത്രമാക്കി സീറ്റിൽ ചമ്രം പടഞ്ഞിരുന്നു. അടുത്തിരുന്നയാൾ സ്വല്‌പം നീങ്ങി കൊടുത്തു. മടിയിൽ വെച്ച്‌ ബാഗ്‌ ഭദ്രമായി പിടിച്ച്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കി. ഇരുട്ടും മഴയും അവ്യക്തമാക്കിയ മഞ്ഞവെളിച്ചത്തിന്റെ പൊട്ടുകൾ നോക്കിയിരുന്നു.

”എവിടെയാ…. ജോലി ചെയ്യുന്നത്‌….“

തൊട്ടടുത്തിരുന്ന മധ്യവയസ്‌കനാണ്‌. വായിച്ചു കഴിഞ്ഞ്‌ വാരിക മടക്കി പിടിച്ചിരിക്കുന്നു.

”എറണാകുളത്ത്‌ ഒരു സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റാണ്‌…“

സൂപ്പർമാർക്കറ്റിലെ പാക്കിങ്ങിലെയും സെയിൽസിലെയും ലേഡീസ്‌ സൂപ്പർവൈസർ ശോഭന ചേച്ചി പറഞ്ഞിരുന്നതു അതാണ്‌.

”ഡാ, നീയിവിടുത്തെ അക്കൗണ്ടന്റാ, അതിന്റെ നിലയ്‌ക്ക്‌ നിന്നോ….“

കണ്ണിലെ കള്ളത്തരം കൂടിയായപ്പോൾ താക്കീതായി.

”നിനക്ക്‌ ഒരു നേരമ്പോക്കാണെങ്കീ അതിന്റെ രീതിയിൽ മതി. ഞാൻ കുറച്ചായി കാണുന്നു…..“

നെറ്റിയിൽ ഭഗവതികാവിലെ രക്തചന്ദനത്തിന്റെ നനവു മാറുന്നതിനു മുമ്പേ, ശോഭന ചേച്ചിയുടെ നെറ്റി ചുളിഞ്ഞിരുന്നു.

ലീവ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വന്ന ഷൈനി, അക്കൗണ്ടിന്റെ ക്യാബിനിൽ നിന്നു പോകുന്നതു കണ്ട്‌, മാനേജറോടുള്ള പരാതിയും.

”അതൊക്കെ ഒരു തമാശല്ലേ ചേച്ചി…..“ ഒഴിഞ്ഞു മാറുമ്പോഴും ഒരു കുസൃതി ചിരിയുണ്ടായിരുന്നു.

ട്രെയിൻ ഒന്നു കുലുങ്ങി. അതിന്റെ താളാത്മകമായ ശബ്‌ദത്തോടെ വേഗതയുടെ പാര്യമത്തിലെത്തിയിരുന്നു.

”എങ്ങനെ നല്ല സാലറിയൊക്കെയുണ്ടോ…..“

മധ്യവയസ്‌കൻ അഭിലാഷിനെ വിടാൻ ഭാവമില്ല.

”ആ…. ജീവിച്ചു പോവാം……“ അഭിലാഷ്‌ അയാളെ അവഗണിക്കാൻ ശ്രമിച്ചു പുറത്തേക്ക്‌ നോക്കി.

”സൂപ്പർ മാർക്കറ്റിലൊക്കെ അക്കൗണ്ട്‌സിൽ എത്ര കിട്ടും….. അതു കൊണ്ടൊക്കെ അവിടെ ജീവിക്കാൻ പറ്റുമോ….“

ഒരു ബിരുദം പോലും പാസാവാത്ത തനിക്ക്‌ ഇതു തന്നെ ധാരാളമെന്ന നിലയ്‌ക്ക്‌ അഭിലാഷ്‌ ഒന്നു പുഞ്ചിരിച്ചു.

”എന്റെ ഇളയ മകൻ നിങ്ങളുടെയത്ര പ്രായമേ ഉള്ളൂ…. ഇപ്പോ ബാംഗ്ലൂരിലാ….. ഇൻഫോസിസിൽ……“

അഴിക്കുന്ന പൊതിയിലെ ദുർഗന്ധം ബോധ്യമായി. സമയം കൊല്ലാൻ അയാളെ പ്രലോഭിപ്പിക്കാൻ തീരുമാനിച്ചു. അയാളുടെ സാമീപ്യം കാറ്റോ തണലോ നൽകാതെ ജൈവീകമായി ഒന്നിനെയും സംതൃപ്‌തി പെടുത്താനാവാത്ത ഒരു മരത്തിനു കീഴിൽ നട്ടുച്ചക്കു നിൽക്കുന്നതു പോലെ അഭിലാഷിനു തോന്നി.

”മകൻ എവിടെയോ പഠിച്ചിരുന്നത്‌…..“ വിഷയം സാമ്പത്തിക കാര്യങ്ങളിൽ നിന്നും മാറ്റാനായി ശ്രമിച്ചു.

”അവൻ കോയമ്പത്തൂരിനടുത്ത്‌ എട്ടിമടയിലെ ഐയിംസ്സിലാ കോഴ്‌സ്‌ ചെയ്‌തത്‌….. അന്നു തന്നെ ഏതാണ്ട്‌ ഒരു അഞ്ചെട്ട്‌ ലക്ഷം ചിലവായി…..“

കിളവനെന്നു ഇപ്പോൾ അഭിലാഷിനു വിളിക്കാൻ തോന്നുന്ന മധ്യവയസ്‌കൻ വീണ്ടും തുടങ്ങിയിടത്തുതന്നെ എത്തി.

സൂപ്പർമാർക്കറ്റിന്റെ പടിഞ്ഞാറെ മൂലയിലുള്ള കോസ്‌മെറ്റിക്ക്‌ സെക്ഷ്‌നിലെ ഷെൽഫുകളിലെ പുതിയ സാധനങ്ങൾ വെക്കുകയും, പഴയതിലെ പൊടി തുടച്ച്‌ മുന്നോട്ട്‌ വെക്കുകയായിരുന്നു ഷൈനി. സൂപ്പർവൈസർ ശോഭനചേച്ചിയുടെ ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമസമയവും, കസ്‌റ്റമറുടെ കാര്യമായ തിരക്കില്ലാത്ത ഇത്തരം ഉച്ചകഴിഞ്ഞ നേരത്താണ്‌ അവൾക്ക്‌ അഭിലാഷിനോട്‌ സംസാരിക്കാൻ കഴിയുക. കൂടാതെ ആരും ശ്രദ്ധിക്കുന്നില്ലെന്നുണ്ടെങ്കിൽ വേദനിക്കാത്ത അവന്റെ മീശകൊണ്ട്‌ അവളുടെ കഴുത്തിലൊരിക്കിളിയോ…. അല്ലെങ്കിൽ അവളുടെ നനുത്ത ചുണ്ടുകൾ കൊണ്ടവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ അവന്റെ കവിളിലൊരു ചുംബനമോ..

”തൊഴുത്തിലാ തൂങ്ങീത്‌….അച്‌ഛൻ, …. രാവിലെ അമ്മ പയ്യിനെ കറക്കാമ്പോയപ്പോഴാ കണ്ടത്‌….“

അഭിലാഷിന്റെ മുഖത്തു നോക്കാതെ, നിർവ്വികാരമായ സ്വരത്തോടെ അവൾ പറഞ്ഞു. ഒരു പക്ഷെ ഷൈനി തന്റെ മുഖത്ത്‌ നോക്കിയിരുന്നെങ്കിൽ വിതുമ്പി പോയേനെയെന്നു അഭിലാഷ്‌ ഭയപ്പെട്ടിരുന്നു.

തിളങ്ങുന്ന പാക്കറ്റുകളിലെ സൗന്ദര്യവർദ്ധക ക്രീമുകൾ ഒരേ തരത്തിൽ അടുക്കി വെക്കുമ്പോൾ ഷൈനിയുടെ രക്തം വാർന്ന്‌ മുഖം മരവിച്ച പോലെയാകുന്നത്‌ അഭിലാഷ്‌ ശ്രദ്ധിച്ചിരുന്നു. കൂടെ ഒരു കാര്യത്തിനു കൂടി അടിവരയിട്ടു. ചോദിക്കാനും പറയാനും അവളുടെ കുടുംബത്തിൽ ഒരു ആണൊരുത്തനില്ല എന്ന ഉറപ്പ്‌.

”അതിന്റെ തലേന്നാളാ…. ബാങ്കിന്ന്‌ ആൾക്കാര്‌ വന്നിട്ട്‌ ഉമ്മറത്തെ വാതിലിൽ നോട്ടീസ്സൊട്ടിച്ചത്‌…. വാഴ വെക്കാൻ ലോണെടുത്ത്‌ തിരിച്ചടയ്‌ക്കാൻ പറ്റാഞ്ഞിട്ട്‌…..“

ഒരു നെടുവീർപ്പ്‌ വെടിഞ്ഞ നിശ്ശബ്‌ദതയ്‌ക്കു ശേഷമാണ്‌ ചോദിച്ചത്‌.

”പിന്നെ നീ പഠിക്കാൻ പോയില്ലെ….“

ആശ്വസിപ്പിക്കാനല്ല, വിഷയം മാറ്റാനാണ്‌, തെല്ലിട മാത്രമെങ്കിലും അവളുടെ ദുഃഖത്തിന്റെ ആ നീലിച്ച മുഖം അഭിലാഷിനു വിരസമായി തോന്നി.

”ഡിഗ്രിക്ക്‌ പോയി ഒരു കൊല്ലം…. പിന്നെ അമ്മ പറഞ്ഞു എത്തില്ല്യാന്ന്‌ താഴേം രണ്ടണംണ്ടേയ്‌….“

”അതു കൊണ്ടല്ലേ എനിക്ക്‌ നിന്നെ കിട്ടിയത്‌…..“

അവനൊരു കാമുകനായി ആരും കാണാതെ പൊടി നിറഞ്ഞ അവളുടെ കൈകളിൽ പതുക്കെ പിടിച്ചു. നീലിച്ച അവളുടെ മുഖത്തേയ്‌ക്ക്‌ രക്തം ഇരച്ചു കയറി കവിളുകൾ തുടുക്കുന്നതും. മഷിയെഴുതിയ വിടർന്ന കണ്ണുകളിൽ വെള്ളം നിറയുന്നതും നോക്കി ആസ്വദിച്ച്‌ അഭിലാഷ്‌ നിന്നു.

”ഇത്‌ നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരുടെ കാലമാണ്‌. കഴിവും യോഗ്യതയുമുള്ള ചെറുപ്പക്കാരുടെ, താങ്കളൊക്കെ ഇനിയും ശ്രമിക്കണം….“

മധ്യവസ്‌കൻ അഭിലാഷിനെ ഉപദേശിച്ചു നന്നാക്കാൻ തീരുമാനിച്ചതു പോലെ തന്നെയായിരുന്നു. കാലം നൽകിയ പുതിയ സാധ്യതകളുടെ അയാളിലെ അറിവുകൾ വിളമ്പി കൊണ്ടിരിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഒരു ഇരയെ കിട്ടിയപോലെ അവനിരുന്നു.

”സർ എവിടെയാ ജോലി ചെയ്തിരുന്നത്‌…..“ അവസാനം അവനും മടുപ്പോടെ തിരിച്ചു ചോദിച്ചു.

”ഞാൻ ബാങ്കിലായിരുന്നു. ഇപ്പോൾ വി.ആർ.എസ്സ്‌. എടുത്തു. അല്ലെങ്കിൽ അവർ നോർത്തിലേക്ക്‌ സ്‌ഥലം മാറ്റികളയും……“

അഭിലാഷൊന്നു പുഞ്ചിരിച്ചു. എന്നിട്ടയാളുടെ കൈയിൽ നിന്നും വാരിക വാങ്ങി, തുറന്നു നോക്കി. മലയാള സാഹിത്യ വാരിക വായിച്ചാൽ മനസ്സിലാവില്ലായെന്നു മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു. വായിക്കാൻ തുടങ്ങി. അത്രയേറെ മടുത്തിരുന്നു കിളവനെന്നു വിളിക്കാൻ തീരുമാനിച്ച മധ്യവയസ്‌കന്റെ സാമീപ്യം. ഇരുട്ടിൽ ഏതോക്കെയോ സ്‌റ്റേഷനുകൾ കടന്നു പോവുകയും മുന്നിലിരുന്ന പർദ ധരിച്ച സ്‌ത്രീയും ഭർത്താവും കുട്ടികളും ഇറങ്ങുകയും ചെയ്‌തു. ഒരു വലിയ സ്‌റ്റേഷനെത്തിയപ്പോൾ മധവ്യസ്‌കനും ഭാര്യയും പേരു ചോദിച്ചു വ്യക്തിപരമായി പരിചയപ്പെടുകയും, എഴുന്നേറ്റ്‌ വീണ്ടും കാണാമെന്നു യാത്രപറഞ്ഞു. അഭിലാഷ്‌ വാരിക നന്ദി പറഞ്ഞു തിരിച്ചു കൊടുത്തപ്പോൾ പരിചയപ്പെട്ടതിന്റെ ഓർമ്മക്ക്‌ കൈയിൽ വെച്ചു കൊള്ളാൻ പറഞ്ഞു…. കമ്പാർട്ട്‌മെന്റ്‌ ഏതാണ്ട്‌ ശൂന്യമായതു പോലെ തോന്നി.

മഴ തോർന്നിരിക്കുന്നു. കണക്ഷൻ ട്രെയിനിനായി പത്തു നിമിഷം കാത്തു നിൽക്കുമ്പോൾ അഭിലാഷ്‌ ഫ്ലാറ്റ്‌ഫോമിലിറങ്ങി നോക്കി. ”ഷൊർണൂർ ജംഗ്‌ക്ഷൻ“ എന്ന ബോർഡ്‌ മനസ്സിൽ ഒരു ചൂണ്ട കൊളുത്തി വലിച്ചതു പോലെ, ഇവിടെ നിന്ന്‌ ഏറെ ദൂരെയല്ല ഷൈനിയുടെ വീട്‌. നന്നായി വിശന്നിരുന്നെങ്കിലും മുൻകരുതലിന്റെ ഭാഗമായെന്നോണം കാന്റീനിൽ പോവാതെ കാപ്പി വിൽപനക്കാരനിൽ നിന്നു ചായയും ഉഴുന്നു വടയും വാങ്ങി കഴിച്ചു. രാത്രിയാത്രക്കാർ മറ്റുള്ള ഫ്ലാറ്റ്‌ ഫോമുകളിൽ തിങ്ങി നിന്നിരുന്നെങ്കിലും പാസഞ്ചറായതിനാലാവാം കംമ്പാർട്ടുമെന്റിൽ യാത്രക്കാർ കുറവായിരുന്നു. ചെരുപ്പഴിച്ചു വെച്ച്‌ മുന്നിലെ സീറ്റിലേക്ക്‌ കാൽ കയറ്റിവെച്ച്‌ വിശാലമായി ഇരുന്നു. അപ്പോഴാണ്‌ അവർ കയറി വന്നത്‌.

നാല്‌പതിനോടടുത്ത്‌ പ്രായം വരുന്ന ഒരു വശത്ത്‌ ബാഗ്‌ തൂക്കിയ അച്‌ഛനും അയാളുടെ എട്ടുവയസ്സോളം തോന്നിക്കുന്ന മുൻ നിരയിലെ ചെറുതായി പല്ലു പൊന്തിയ ആൺകുട്ടിയും. അധികം മുഷിയാത്ത മുണ്ടും ഷർട്ടും ധരിച്ച, അയാളുടെ മുഖത്തെയും തലയിലെയും ഇഴകൾക്കിടയിൽ നരയുടെ വെള്ളി വരകൾ എടുത്തു കാണിക്കുന്നതുപോലെ തോന്നി. ഒരാഴ്‌ചയെങ്കിലുമായി ക്ഷൗരം ചെയ്യാത്തതുകൊണ്ടോ വല്ലാതെ ഉറക്കമിളച്ചതിന്റെയോ ഏറെ യാത്ര ചെയ്‌തതിന്റെയോ ക്ഷീണം ആ മുഖത്ത്‌ കാണാമായിരുന്നു. മഴയ്‌ക്കു ശേഷമുളള തണുത്ത കാറ്റിൽ നിന്ന്‌ രക്ഷനേടാൻ കർച്ചീഫ്‌ കൊണ്ട്‌ സ്‌കാർഫ്‌ കെട്ടിയ ആ കുട്ടി അവന്റെ ജീൻസ്‌ പാന്റ്‌ നനയാതിരിക്കാൻ മടക്കി വെച്ചിരിക്കുന്നു.

അയാൾ അഭിലാഷിനോടൊന്ന്‌ പുഞ്ചിരിച്ച്‌ മകനോടൊപ്പം മുന്നിലിത്തെ സീറ്റിലിരുന്നു. മുണ്ടിന്റെ തലപ്പെടുത്ത്‌ മകന്റെ മുഖവും കൈയും തുടച്ചുകൊടുത്ത്‌, ബാഗിൽ നിന്ന്‌ ഒരു പ്ലാസ്‌റ്റിക്‌ കവർ എടുത്ത്‌ കയ്യിലുണ്ടായിരുന്ന നനഞ്ഞ കുട പൊതിഞ്ഞ്‌ വെച്ചു. യാത്രക്കായി കരുതിയ കുപ്പിവെള്ളത്തിൽ ബാക്കിയുണ്ടായിരുന്നത്‌ ഒരു കവിൾ കുടിച്ച്‌, പോക്കറ്റിൽ നിന്ന്‌ ഒരു ഗുളികയെടുത്ത്‌ മകനു കൊടുത്ത്‌ വെള്ളക്കുപ്പി അവന്റെ കൈയിൽ കൊടുത്തു. പുറത്ത്‌ നല്ല തണുപ്പായതിനാൽ അഭിലാഷിന്റെ അനുവാദത്തോടെ ഫാൻ ഒരെണ്ണം ഓഫ്‌ ചെയ്‌ത്‌ മടിയിൽ മകനെ തലവെച്ചു കിടക്കാൻ അനുവദിച്ച്‌ പുറത്തേയ്‌ക്ക്‌ നോക്കിയിരുന്നു.

അവിചാരിതമായാണ്‌, ഷൈനിക്ക്‌ അന്ന്‌ സ്‌ഥിരം പോകാറുള്ള മലബാർ എക്‌സ്‌പ്രസ്സ്‌ കിട്ടാതിരിക്കാൻ കാരണം അഭിലാഷിന്റെ മനഃപൂർവ്വമുള്ള ഉപേക്ഷയല്ല. നഗരത്തിലെ ഗതാഗതക്കുരുക്കും വരുന്ന വഴിക്ക്‌ അവന്റെ വക ഷൈനിക്കായി മുന്നൂറിൽ താഴെ വരുന്ന ചുരിദാറും തിരഞ്ഞെടുക്കുന്നതിനിടയിൽ ട്രെയിൻ പോയിരുന്നു. ഗുരുവായൂർ പാസഞ്ചർ എന്ന ഒരേ ഒരു മാർഗ്ഗത്തിനു മുമ്പിൽ നിൽക്കുമ്പോഴാണ്‌ പുതിയ സാധ്യതകൾ അഭിലാഷിനു മുന്നിൽ തെളിഞ്ഞു വന്നത്‌.

”നമുക്കൊന്ന്‌ ഗുരുവായൂർ പോയാലോ……“

”വേണ്ടാ…… ഞാനില്ലാ….. ആരെങ്കിലും അറിഞ്ഞാ…..“ പേടിയോടെ ഷൈനി പറഞ്ഞു.

ആരെങ്കിലും അറിയുന്നതാണ്‌ പ്രശ്‌നം എന്ന ബോധ്യത്തോടെ അവളെ വിശ്വാസത്തിലെടുത്തു. തുടർന്നു നിരവധി തവണ ഗുരുവായൂർ പാസഞ്ചർ ഷൊർണ്ണൂർ കടന്നു പോവുമ്പോൾ ഷാളുകൊണ്ട്‌ മൂടി തന്റെ മടിയിൽ തലവെച്ചു കിടന്നതോർത്തപ്പോൾ അഭിലാഷിനു വല്ലാത്തൊരു ജാള്യത തോന്നി. ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വരുമെന്നു പേടിച്ച ശല്യം ഒഴിവായി കിട്ടിയല്ലോയെന്ന സാമാധാനവും അറിയാതൊരു പുഞ്ചിരി ചുണ്ടിൽ വിടർന്നു.

അഭിലാഷിന്റെ ചിരി കണ്ടതു കൊണ്ടാവാം മുന്നിലിരുന്ന അയാളും ചിരിച്ചു.

മുകളിലെ ബർത്തിൽ നിന്നൊരാൾ അണ്ണാനെപോലെ താഴെയ്‌ക്ക്‌ ഊർന്നിറങ്ങിയപ്പോൾ അയാൾക്ക്‌ അഭിലാഷിന്റെ മുഷിഞ്ഞ ജീൻസിനെ ചവിട്ടാതിരിക്കാനായില്ല.

”സോറി….“ അഭിലാഷിന്റെ ജീൻസിലെ പൊടി തട്ടികളഞ്ഞ്‌ സൗഹൃദഭാവത്തിൽ ചിരിച്ചു.

മകനെ മടിയിൽ കിടത്തികൊണ്ട്‌ തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ്‌ സിഗരറ്റെടുത്ത്‌ ഒരെണ്ണം ചുണ്ടിൽ വെച്ചു കത്തിച്ചു. മഴ പെയ്‌തു തീർന്നതിന്റെ തണുപ്പും നീങ്ങികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നുള്ള തണുത്ത കാറ്റും അഭിലാഷിന്റെ സിരകളെ മരവിപ്പിച്ചിരുന്നു. ഒരു സിഗരറ്റിനായി വല്ലാതെ കൊതിച്ച്‌, ആശ്രദ്ധമായി പുകയെടുത്തു വിടുന്ന അയാളുടെ വരണ്ട കറുപ്പ്‌ നിറത്തിലുള്ള ചുണ്ടുകളിലേക്ക്‌ നോക്കി.

”വലിക്കുമോ….“ , അയാൾ പാക്കറ്റെടുത്ത്‌ അഭിലാഷിനു നീട്ടി.

”വല്ലാത്ത തണുപ്പ്‌…….“ നീട്ടിയ പാക്കറ്റിൽ നിന്ന്‌ ഒരെണ്ണമെടുത്ത്‌ ലൈറ്റർ വാങ്ങി കത്തിച്ച്‌, അഭിലാഷ്‌ തിരിച്ചുകൊടുത്തു.

രാജീവിനെന്നാണ്‌ അയാളുടെ പേര്‌ മകൻ ആദിത്യനും. ഷൊർണ്ണൂരിൽ നിന്നും ഏതാണ്ട്‌ ആറു കിലോമീറ്റർ അകലെയുള്ള ഭാര്യവീട്ടിൽ നിന്നു വരികയാണ്‌. എറണാകുളത്ത്‌ ഒരു പൊതുമേഖലാ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നു. അവിടെതന്നെ ഇടത്തരക്കാരുടെ ഒരു ഫ്ലാറ്റ്‌ വാടകക്കെടുത്ത്‌ താമസിക്കുന്നു. മകൻ കുറച്ചു ദിവസമായി ഭാര്യവീട്ടിലാണ്‌ അവനെകൂട്ടി കൊണ്ടു പോകുവാൻ വന്നതാണ്‌. ഓഫീസിൽ ഓഡിറ്റായതിനാൽ അവധിയുമില്ല. പരശുറാം എക്‌സ്‌പ്രസ്സിനു വന്ന്‌ ഓട്ടോറിക്ഷയെടുത്ത്‌ പോയി അതിൽ തന്നെ തിരികെ വരികയാണ്‌ ചെയ്‌തത്‌.

രാജീവനോട്‌ സംസാരിക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു മാനസികമായ ഒരു ബന്ധം തോന്നി അഭിലാഷിന്‌, അറിയാതെ അതിനെ പറ്റി ആലോചിച്ചു പോവുകയും ചെയ്‌തു. പിന്നീടവർ അഭിലാഷ്‌ ജോലി ചെയ്യുന്ന സ്‌ഥാപനത്തെപറ്റിയും, വളരുന്ന നഗരത്തിന്റെ അനിയന്ത്രിത വികസനത്തെ കുറിച്ചും, മഴപെയ്‌താൽ വെള്ളക്കെട്ടുകളുണ്ടാവുന്ന വിവിധ ഭാഗങ്ങളെ പറ്റി, രാവിലെയും വൈകുന്നേരത്തെയും ഗതാഗതക്കുരുക്കുകളെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ആളൊഴിഞ്ഞ ചെറിയ സ്‌റ്റേഷനുകളിൽ ട്രയിൽ നിർത്തുകയും, അതൊന്നും യാത്രക്കാരായ തങ്ങളെ ബാധിക്കുന്നില്ലെന്ന ചിന്തയിൽ ഇടയ്‌ക്ക്‌ പുറത്തെ മങ്ങിയ മഞ്ഞ ലൈറ്റുമാത്രം തെളിയിച്ച റെയിലോരങ്ങളിലെ വീടുകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന പാടങ്ങളിലേക്ക്‌ നോക്കിയും സംസാരിച്ച്‌ എറണാകുളത്തെത്താൻ കാത്തിരുന്നു.

പെട്ടെന്ന്‌ ഉറങ്ങി കിടന്നിരുന്ന രാജീവിന്റെ മകൻ വല്ലാത്ത ശബ്‌ദത്തോടെ ഓക്കാനിച്ച്‌ എഴുന്നേൽക്കുകയും, അഭിലാഷ്‌ കാൽ നീട്ടി വെച്ചിരിക്കുന്നിടത്തേയ്‌ക്ക്‌ ഛർദ്ദിക്കുകയും ചെയ്‌തു. മഞ്ഞ നിറത്തിലുള്ള ആ കുഴമ്പു രൂപത്തിലുള്ള ദ്രാവകം മുട്ടിനു താഴെ അഭിലാഷിന്റെ ജീൻസിനെ നനച്ചു. ആദ്യ മാത്രയിൽ വല്ലാത്തെ അറപ്പു തോന്നിയെങ്കിലും, മകൻ അറിയാതെ ചെയ്‌തു പോയ തെറ്റിന്റെ കുറ്റബോധത്തേടെയുള്ള രാജീവിന്റെ മുഖവും, ശരീരങ്ങൾ തിരസ്‌കരിക്കുമ്പോഴുണ്ടാക്കുന്ന ചില ജീവിത യാഥാർത്ഥ്യങ്ങളുടെ നിസ്സഹായതയുമായി ഇനിയും ഛർദ്ദിച്ചേക്കുമെന്ന അസ്വസ്‌ഥതയുടെ മുഖവുമായി നിൽക്കുന്ന എട്ടുവയസുകാരെനെയും കണ്ടപ്പോൾ അഭിലാഷിന്റെ മനസ്സലിഞ്ഞു.

”സാരമില്ല…… സുഖമില്ലാഞ്ഞിട്ടല്ലേ…..“ ക്ഷമപറയാൻ വാക്കുകളില്ലാതെ നിൽക്കുന്ന രാജീവിനെ നോക്കി കൊണ്ട്‌ പറഞ്ഞു.

മകനെ കൂട്ടികൊണ്ട്‌ പോയി വായും മുഖവും കഴുകി കൊടുക്കുമ്പോഴും, കക്കൂസിൽ കയറി അഭിലാഷ്‌ കഴുകി വൃത്തിയാക്കുമ്പോഴും രാജീവൻ മറ്റൊരാളെ ബുദ്ധിമുട്ടിച്ചതിന്റെ വേദനയുമായി കൂടെയുണ്ടായിരുന്നു.മകനു ബാഗിൽ നിന്നു കുടിക്കാൻ വെള്ളമെടുത്ത്‌ കൊടുത്ത്‌ ഇവിടെ ഛർദ്ദിച്ചു വൃത്തികേടായതിനാൽ തൊട്ടപ്പുറത്തുള്ള എതിർവശത്ത്‌ ഒരു വയസ്സൻ കിടക്കുന്ന വാതിലിനോട്‌ ചേർന്ന സീറ്റിലേക്ക്‌ പോകാമെന്നും അയാൾ അഭിലാഷിനോട്‌ പറഞ്ഞു.

രോഗം മനുഷ്യനെ നിസ്സഹായനാക്കിയതിന്റെ സഹതാപം പോലെ അഭിലാഷിനു രാജീവിന്റെ മകനോട്‌ വല്ലാത്തൊരു സഹതാപത്തോടു കൂടിയ അടുപ്പം തോന്നിച്ചു. ഗാഢ നിദ്രയിലായിരുന്ന എതിർവശത്തുള്ള വയസ്സനെ ഗൗനിക്കാതെ കാറ്റടിക്കാതിരിക്കാൻ ജനൽ ഗ്ലാസ്സുകൾ താഴ്‌ത്തി, ജനലിനോട്‌ അടുത്തുള്ള സീറ്റിൽ രാജീവിന്റെ മകനെ ഇരുത്തി അവന്റെ ചുമലിൽ കയ്യിട്ടു കൊണ്ട്‌ സമാധാനിപ്പിക്കാനെന്നവണ്ണം പിടിച്ചിരുന്നു. ശാരീരികാസ്വാസ്‌ഥ്യങ്ങൾ ഉറക്കം കെടുത്തിയ അവനോട്‌ വേറെ എന്തെങ്കിലും വിഷമമുണ്ടോയെന്നോക്കെ ചോദിച്ച്‌ ആ കുട്ടിയുടെ വിശ്വാസം നേടിയെടുക്കാൻ പോലും അഭിലാഷിനായിരുന്നു. തന്റെ ദേഹത്തും ബാഗിലുമൊക്കെ പുരണ്ട അഴുക്ക്‌ കഴുകി വരുമ്പോഴേക്കും സുഹൃത്തുക്കളായി മാറിയവരെ കണ്ട്‌ ചിരിച്ചുകൊണ്ട്‌ രാജീവൻ പറഞ്ഞു.

”അവൻ അങ്ങനെ തന്നെയാ…. ആരോടും പെട്ടന്ന്‌ അടുക്കും…..“

”എന്താ പറ്റീയത്‌…….. യാത്ര ചെയ്യുമ്പോൾ ഇങ്ങനെയുണ്ടാവാറുണ്ടോ…..“ അസ്വഭാവികമായതിനാൽ അഭിലാഷ്‌ അന്വേഷിച്ചു.

”അങ്ങനെയൊന്നുമില്ല…., ഈയ്യിടെയായി അവനൊരു ഫുഡ്‌ പോയ്‌സണിങ്ങുണ്ടായി…. അതിനുശേഷം ഇടയ്‌ക്കൊക്കെ…..“ രാജീവൻ ഒഴിഞ്ഞുമാറുന്നതു പോലെ പറഞ്ഞ്‌, മകനിൽ നിന്നും വെള്ളത്തിന്റെ കുപ്പി തിരികെ വാങ്ങി.

”അല്ല അങ്കിളേ…. അമ്മ എനിക്ക്‌ വിഷം തന്നിട്ടുണ്ട്‌…. പെപ്‌സിയിൽ ഒഴിച്ചിട്ട്‌…..“രാജീവിന്റെ മകനായിരുന്നു മറുപടി പറഞ്ഞത്‌.

തരിച്ചിരുന്നു പോയ അഭിലാഷ്‌, കേട്ടതു യാത്ഥാർത്ഥ്യമാണോയെന്ന നിലയിൽ രാജീവിനെ നോക്കി. ചെയ്യാത്ത തെറ്റുകൾ പോലും ഏറ്റു പറഞ്ഞ മാപ്പുസാക്ഷിപോലെ രാജീവിന്റെ മുഖം വിവർണ്ണമായി, ചിലമ്പുന്ന സ്വരത്തോടെ ആർദ്രമായി അയാൾ വിളിച്ചു.

”ആദീ………….“

സ്വരത്തിലെ ദുഃഖവും താക്കീതും തിരിച്ചറിഞ്ഞ അഭിലാഷ്‌ ഏറെ കഴിഞ്ഞാണ്‌ ചോദിച്ചത്‌.

”ആദീയുടെ…..അമ്മ………..“

”ഷീ കമിറ്റണ്ട്‌ സൂയിസൈഡ്‌…….. ഏതാണ്ട്‌ ഒരു മാസത്തോളമായി….“ നിർവികാരമായ സ്വരത്തോടെ രാജീവൻ തുടർന്നു.

”അവർക്ക്‌ നല്ല സുഖമില്ലായിരുന്നു…….. മാനസികമായി ഒരു ഡിപ്രഷൻ….“

രാജീവൻ ഒന്നു നിർത്തി. ഒരു സിഗരെറ്റെടുത്ത്‌ ചുണ്ടിൽ വെച്ചു ഒന്നു അഭിലാഷിനും നീട്ടിയെങ്കിലും അവൻ വേണ്ടെന്നു പറഞ്ഞു. നെഞ്ചിൽ കൂനയായി കിടന്ന സങ്കടത്തിനുമേൽ ചൂടുള്ള പുക കയറ്റി വിട്ടു. ഉള്ളിൽ എല്ലാം ആളിക്കത്തി, വായിലൂടെയും മൂക്കിലൂടെയും കടും പുക പുറത്തേക്കു വന്നു.

”അന്നു രാവിലെ ഞാൻ തിരുവനന്തപുരത്ത്‌ നിന്ന്‌ വിളിച്ചപ്പോൾ ഒരു സർപ്രൈസ്‌ ഉണ്ടെന്നു പറഞ്ഞിരുന്നു അവൾ…….“

എന്നു തുടങ്ങിയ രാജീവൻ, യാതൊരു മുൻപരിചയവുമില്ലാത്ത അഭിലാഷിനു മുന്നിൽ എല്ലാം തുറന്നു പറയുമ്പോൾ സംസാരിക്കുകയായിരുന്നില്ല. ജീവിതത്തിന്റെ സത്യസന്ധതകൾക്കു മുന്നിൽ സ്വയം എരിഞ്ഞു തീരുകയാണെന്നു തോന്നി. അയാളുടെ സാമീപ്യം അഭിലാഷിനു ജീവിതത്തിന്റെ വരണ്ട പിന്നാമ്പുറങ്ങൾ കാണിച്ചു കൊടുത്തു. മുറപ്പെണ്ണിനെ അവളുടെ വിദ്യാഭ്യാസ കാലത്തു തന്നെ വിവാഹം കഴിച്ചതും, ജീവിതം നഗരത്തിലേക്ക്‌ പറിച്ചെറിയപ്പെട്ടതും തിളങ്ങുന്ന ജീവിതം മോഹിച്ച്‌ ആകസ്‌മികമായി ക്രൂരമായ സാമ്പത്തിക വഞ്ചനക്കു വിധേയയായി ഭാര്യക്കു മാനസികാസ്വസ്ഥ്യമുണ്ടായതുമെല്ലാം രാജീവൻ വിവരിക്കുമ്പോൾ എത്രയോ കാലമായി ആരോടും പറയാനാവാതെ, നല്ല ഒരു കേൾവിക്കാരനെയും അന്വേഷിച്ചു നടക്കുന്ന പോലെയോ, അല്ലെങ്കിൽ താൻ പറയുന്നതിനൊന്നു ചെവി കൊടുക്കാനാരുമില്ലാത്തതിന്റെ വിഷമമോ എല്ലാം തീർക്കുകയായിരുന്നോ.

”ഞാൻ വൈകീട്ട്‌ എത്തുമ്പോഴെയ്‌ക്കും, കണ്ടത്‌ വിഷം അകത്തു ചെന്ന്‌ പകുതി മരിച്ച ഇവനെയും, ബെഡ്‌റൂമിലെ ഫാനിൽ ഹാങ്ങ്‌ ചെയ്‌തിരുന്ന അവളെയുമാണ്‌…..“

എന്നു നിർവ്വികാരതയോടെ പറഞ്ഞവസാനിപ്പിക്കുന്ന രാജീവനിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നു തോന്നി അഭിലാഷിന്‌, ഒരു ഭർത്താവ്‌, അച്ഛൻ, സർക്കാരുദ്യോഗസ്‌ഥൻ എന്നീ നിലകളിൽ ഏറ്റിരിക്കുന്ന എല്ലാവിധ ഉത്തരവാദിത്വങ്ങളും പരമാവധി നന്നായി തന്നെ ചെയ്‌തു തീർക്കാൻ ശ്രമിക്കുന്ന അയാൾക്ക്‌ ഒരു മനുഷ്യനെന്ന നിലക്ക്‌ വ്യക്തിപരമായി സംഭവിക്കുന്ന നഷ്‌ടങ്ങളെക്കുറിച്ച്‌ ഒട്ടും വേവലാതി തോന്നിയിരുന്നില്ലെന്നു അയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാനായി.

സിസിലി ഡോക്‌ടറുടെ ക്ലിനിക്കിൽ നിന്ന്‌ അബോർഷനു സമ്മതിക്കാതെ മുജീബിന്റെ ഓട്ടോറിക്ഷയിൽ തിരിച്ചു വരുമ്പോൾ ആളൊഴിഞ്ഞ പണിതീരാത്ത ഫ്ലാറ്റിനടുത്ത്‌ നിർത്തി, ഷൈനിയോട്‌ ഏറെ അനുനയത്തിലും, യാചനയോടും അഭിലാഷ്‌ പറഞ്ഞു നോക്കി.

”നമ്മുക്ക്‌ രണ്ട്‌പേർക്കും കൂടി ജീവിക്കാനുള്ള അവസ്‌ഥയുണ്ടോയെന്ന്‌ നീയൊന്ന്‌ ആലോചിക്ക്‌……..“

ഒട്ടും സമ്മതിക്കാതെ വന്നപ്പോൾ, സ്വല്‌പം ഭീഷണിയുടെ സ്വരത്തോടു കൂടി നിർബന്ധിക്കുമ്പോൾ ഷൈനി പറഞ്ഞു.

”ഇനി ന്റെ കുട്ടീനെ ഇല്ല്യാതാക്കാൻ പറഞ്ഞാ, ങ്‌ഹാ…. എന്നെ കാണില്യാ….“ വിതുമ്പുന്ന സ്വരത്തിൽ ഭീഷണി മണത്തപ്പോൾ, വാശിയായി.

”എന്നാ എവിടെയെങ്കിലും പോയി ചാവടീ….“

”ചാവുക മാത്രമല്ല…..കാണിച്ചു തരാം….ഞാൻ….“

ഐലൈനറെഴുതിയ വിടർന്നു നിറഞ്ഞ കണ്ണുകളിലെ നിശ്ചയദാർഡ്യം കണ്ടപ്പോൾ, കാലിലൂടെ തണുപ്പ്‌ അരിച്ചു കയറുന്നതു തിരിച്ചറിഞ്ഞു.

നയത്തിൽ അവളെ ഹോസ്‌റ്റലിൽ കൊണ്ടു പോയാക്കി. രാത്രി തന്നെ ബേബിയേട്ടന്റെ വീട്ടിലേക്ക്‌ ഓടിപോയി കാലു പിടിച്ച്‌ യാചിച്ചു കരഞ്ഞു പറഞ്ഞതും, ശോഭന ചേച്ചിയെ വിളിച്ച്‌ രാത്രി മുഴുവൻ ഷൈനിയെ പ്രത്യേകം ശ്രദ്ധിക്കാനേല്‌പിച്ചതും പെട്ടെന്നു മനസ്സിലേക്കു വന്നപ്പോൾ അഭിലാഷ്‌ അസ്വസ്‌ഥനായി. സംഭവത്തിന്റെ ഗൗരവ സ്വഭാവം മനസ്സിലാക്കി ബേബിയേട്ടൻ കോയമ്പത്തൂരിൽ മുസ്‌തഫയുടെ അടുത്തേയ്‌ക്ക്‌, പുലർച്ച ഫ്രൂട്ട്‌ ഇറക്കാൻ വന്ന ടെമ്പോ ട്രക്കറിൽ കയറ്റി അയച്ചതോർക്കുമ്പോൾ തലനാരുകൾ ഫിലിമെന്റുപോലെ ചുട്ടുപഴുക്കുന്നതായി തോന്നി.

അസ്വസ്‌ഥതയോടെ പുറത്തേക്ക്‌ നോക്കി. ട്രെയിൻ ആളൊഴിഞ്ഞ ഏതോ ഒരു സ്‌റ്റേഷനിൽ നിൽക്കുകയാണ്‌.

”പോസ്‌റ്റ്‌മാർട്ടം റിപ്പോർട്ട്‌ കിട്ടിയപ്പോഴാ….. അറിഞ്ഞത്‌, അവൾ പ്രഗ്‌നന്റായിരുന്നു…..“

രാജീവൻ തുടരുക തന്നെയായിരുന്നു.

”വൈകുന്നേരം എന്നോട്‌ പറയാൻ വെച്ച സർപ്രൈസായിരുന്നു…..“

പുറത്തേക്കു നോക്കുമ്പോൾ അയാളുടെ കണ്ണുനിറഞ്ഞെന്നു തോന്നി. ചുണ്ടുകടിച്ചു. കുറേശ്ശെ നരച്ച മീശയും താടിയും ഒന്നായതു പോലെ. മകനെ തന്നോട്‌ കൂടുതൽ ചേർത്തു പിടിച്ചുകൊണ്ട്‌ ഇടറുന്ന ശബ്‌ദത്തിൽ തുടർന്നു.

”അറിയാതെയാണെങ്കിലും….. അവൾ ആ കുഞ്ഞിനെ കൂടി…….“

രണ്ടുപേർക്കുമിടയിൽ ആരോടും ചോദിക്കാതെ വല്ലാത്തൊരു നിശ്ശബ്‌ദത കയറി വന്നു. ആരും കയറാനും ഇറങ്ങാനുമില്ലാതെ വിജനമായ ഫ്ലാറ്റ്‌ ഫോമിൽ നിന്നെന്നപ്പോലെ മഴ മാറിയ അന്തരീക്ഷത്തിൽ നിന്നും, അഭിലാഷിനു സ്വയം തിരിച്ചറിയാനാവാത്ത വിധത്തിൽ ഇതുവരെ ജീവിതത്തിലനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം ആലിംഗനം ചെയ്‌തു ശ്വാസം മുട്ടിക്കുന്നതുപോലെ തോന്നി, ഈ തണുത്ത കാറ്റിൽ നിന്നും രക്ഷിക്കാനെത്തും പോലെ.

ട്രെയിൻ മുന്നോട്ട്‌ നീങ്ങുമ്പോൾ പുറത്തേക്ക്‌ നോക്കികൊണ്ട്‌ അറിയാതെ അഭിലാഷ്‌ ചോദിച്ചു.

”ഇത്‌ ഏതാ സ്‌റ്റേഷൻ…“

രാജീവൻ സ്‌ഥലത്തിന്റെ പേരു പറഞ്ഞു.

അതെ, ഇവിടെ തന്നെയിറങ്ങാം, ഇവിടെ നിന്ന്‌ എത്ര ദൂരമുണ്ടായാലും ശരി എത്രയും പെട്ടന്ന്‌ ഷൈനിയുടെ അടുത്ത്‌ എത്തണം. അഭിലാഷ്‌ മനസിലുറപ്പിച്ചു.

”എനിക്ക്‌ ഇവിടെയാണ്‌ ഇറങ്ങേണ്ടത്‌…..“

പെട്ടന്ന്‌ അഭിലാഷ്‌ പറഞ്ഞു. രാജീവനു എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ്‌ എഴുന്നേറ്റ്‌ വാതിലിനു നേരെ ഓടി.

സാമാന്യ വേഗതയിലേക്കെത്തി നീങ്ങുന്ന ട്രെയിനിൽ നിന്ന്‌, ഫ്ലാറ്റ്‌ ഫോമിലേക്ക്‌ തെറിച്ചു വീഴുന്ന അയാളെ രാജീവിനും മകനും ഗ്ലാസ്‌ താഴ്‌ത്തി ജനാലയിലൂടെ മങ്ങിയ വെളിച്ചത്തിൽ അത്ഭുതത്തോടെ നോക്കി.

Generated from archived content: story_competition16.html Author: biju_p_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English