സ്നേഹഹത്യ

പേരിലുളള ഒരുമയല്ല ഞാനും അയാളുമായുളള അടുപ്പത്തിന്‌ കാരണം. ഒരു പേരിലെന്തിരിക്കുന്നു. സ്നേഹജൻ എന്നുപേരുളള എത്രയെത്ര മനുഷ്യരെ ഞാൻ ഇക്കാലത്തിനിടയ്‌ക്ക്‌ കണ്ടിരിക്കുന്നു. അവരോടൊത്ത്‌ ദിനങ്ങൾ ചിലവഴിച്ചിട്ടുണ്ട്‌. എന്നിട്ടും അവരോടൊന്നും ഇത്രയധികം അടുപ്പം തോന്നിയിട്ടില്ലല്ലോ. ചിലപ്പോൾ വാർദ്ധക്യം ബാധിച്ച എന്റെ മനസ്സിന്റെ പശ്‌ചാത്താപചിന്തകളാണ്‌ ഒരു കുറ്റവാളിയോട്‌ അടുത്തുപെരുമാറുവാൻ എന്നെ പ്രേരിപ്പിച്ചതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടാകാം. നിങ്ങളുടെ ഊഹം തെറ്റാണ്‌. അയാളെക്കാൾ സ്‌നേഹത്തോടെ, ബഹുമാനത്തോടെ എത്രയോ കുറ്റവാളികൾ എന്നോടുപെരുമാറുന്നു. അവരോടൊന്നും ഒരു പരിധിക്കപ്പുറം ഞാൻ മനസ്സുകൊണ്ട്‌ അടുത്തിട്ടില്ല. ഒരു ജയിൽ അധികാരി എന്ന നിലയിൽ എന്നിലുണ്ടാകുന്ന ഔദ്യോഗികമായ എല്ലാ നാട്യങ്ങളും അയാൾ തിരിച്ചറിയുന്നു.

തികഞ്ഞ നിസ്സംഗതയാണ്‌ അവന്റെ മുഖത്ത്‌. അതുതന്നെയാണ്‌ മുഖ്യമായും എന്നെ ആകർഷിച്ചത്‌. ഒരിക്കലും ആധിപിടിച്ച വാക്കുകൾ പറഞ്ഞുകൊണ്ടോ, അസംഭവ്യങ്ങളായ ആഗ്രഹങ്ങൾ ആവശ്യപ്പെട്ടുകൊണ്ടോ അവൻ എന്നെ ബുദ്ധിമുട്ടിച്ചില്ല. ഈ ജയിലിലെ ചുറ്റുപാടുകളോട്‌ അവൻ വളരെവേഗം പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതുവരെ ആർക്കും ഇതിത്ര പെട്ടെന്ന്‌ സാധിച്ചിട്ടില്ല. പ്രതിഷേധങ്ങൾ, കരച്ചിലുകൾ, ചെറിയ ശബ്‌ദത്തിൽ ഒതുങ്ങി അമരുന്ന ആത്‌മഗതങ്ങൾ, ഒരു സാധാരണ ജയിൽപ്പുളളിയിൽ നിന്നുണ്ടാകുന്ന ഇത്തരം പൊരുത്തപ്പെടലിന്റെ ഘട്ടങ്ങളൊന്നും അവനെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവന്റെ വിവേകമായിരിക്കാം തികഞ്ഞ നിസ്സംഗതയിലേക്ക്‌ അവനെ നയിച്ചത്‌. ഞാൻ കണ്ടിട്ടുളളതിൽ ഏറ്റവും വിദ്യാഭ്യാസമുളള ജയിൽപുളളിയും അവനാണല്ലോ.

സ്‌നേഹജന്‌ കുറച്ചു ദിവസങ്ങളെ ഭൂമിയിൽ ബാക്കിയുളളൂ എന്ന്‌ നമുക്കെല്ലാം അറിയാം. അയാൾക്കും അതു നല്ലതുപോലെ അറിയാം. ഇതിനിടെ സ്‌നേഹജന്റെ സംഭാഷണങ്ങളിലൊക്കെ ഇക്കാര്യം കടന്നുവരുന്നുണ്ട്‌. എന്നോട്‌ ഓർമ്മപ്പെടുത്തുന്നതുപോലെ. പരസ്‌പരവിരുദ്ധമായ പല പ്രസ്താവനകളും ഞാൻ അവനിൽനിന്ന്‌ കേട്ടിട്ടുണ്ട്‌. ചിലപ്പോൾ എങ്ങും തൊടാതെയുളള സംഭാഷണ ശകലങ്ങൾ. അതെല്ലാംകേട്ട്‌ അർത്ഥംകിട്ടാതെ അവനെ നോക്കുമ്പോൾ അവൻ ചിരിച്ചുകൊണ്ടുപറയും.

“ഭ്രാന്തൊന്നും ഇല്ല്യ എനിക്ക്‌, എന്താ അങ്ങനെ തോന്ന്‌ണ്‌ണ്ടോ?”

“ഇല്ല; നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാകുന്നില്ല.”

“എല്ലാവരും പറയുന്നത്‌ സാറിന്‌ മനസ്സിലായീന്ന്‌ വര്യോ?, സാറിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത സംഗതികള്‌ സാറിന്‌ ശരിക്കങ്ങ്‌ട്‌ മനസിലാക്കാൻ പറ്റ്യോ?”

“ഇല്ല.”

സംഭാഷണങ്ങളൊക്കെ ഇത്തരത്തിലാണ്‌ അവസാനിക്കാറുളളത്‌. പക്ഷേ ഈയിടെ അയാളുടെ സംസാരം മരണത്തിലേക്കും ആഗ്രഹങ്ങളിലേക്കും എത്തിനോക്കുന്നു. അങ്ങനെയാണ്‌ അവൻ തന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച്‌ എന്നോട്‌ സൂചിപ്പിച്ചതും. അതു പറയുമ്പോൾ നിസ്സംഗമായ അവന്റെ മുഖം പെട്ടെന്ന്‌ വിവർണമായി. അവൻ പറഞ്ഞു.

“സാറെ, ഒന്നും ഇതുവരെ ഞാൻ സാറിനോട്‌ ആവശ്യപ്പെട്ടിട്ടില്ലല്ലോ”

“ഇല്ല”

“എനിക്ക്‌ ഒരു ഉപകാരം ചെയ്യാമോ?”

ഞാൻ വല്ലാതായി. എന്താണിവൻ പറയാൻ പോകുന്നത്‌? അവന്റെ മുഖത്ത്‌ സംശയത്തോടെ സൂക്ഷിച്ച്‌ നോക്കി.

“പറയൂ, എനിക്ക്‌ കഴിയുമെങ്കിൽ….”

“കഴിയും. സാറിന്‌ മാത്രമേ അതു കഴിയൂ, എന്റെ ആഗ്രഹം സാധിച്ചുതരുമെന്ന്‌ എനിക്ക്‌ ഉറപ്പുതരണം.”

ഞാൻ വല്ലാതെ ചിന്താക്കുഴപ്പത്തിലായി. ഇത്രയധികം മുഖവുരയോടെ എന്താണിയാൾ പറയാൻ പോകുന്നത്‌?

ചെറിയ കിതപ്പോടെ അയാൾ ആഗ്രഹം പറഞ്ഞുതീർത്തു. അത്ഭുതത്തോടെ കുറച്ചുസമയം അവനെത്തന്നെ നോക്കിക്കൊണ്ട്‌ ഞാൻ നിന്നു. ഇങ്ങനെ ഒരാവശ്യം തന്റെ ഔദ്യോഗികജീവിതത്തിനിടയിൽ ആരും ഉന്നയിച്ചിട്ടില്ല. സ്‌നേഹജൻ എന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട്‌ നിശബ്‌ദനായി നിന്നു. ഞാനൊന്നും പറഞ്ഞില്ല.

“വരൂ, നമുക്ക്‌ കുറച്ചുദൂരംകൂടി നടക്കാം.”

അയാൾ എന്റെ കൂടെ നടക്കാൻ തുടങ്ങി. ഇവിടെ ഈ ഭീമൻ മതിൽക്കെട്ടിനുളളിൽ അയാളെയും കൂട്ടി ഞാൻ വെറുതെ നടക്കാറുണ്ട്‌.

“സ്‌നേഹജാ, ജയിലിന്റെ ഈ ഭാഗത്തുളള മതിൽ പൊളിച്ചിട്ടിരിക്കുന്നു. നിങ്ങൾക്ക്‌ നഗരത്തിന്റെ മുഖം ഇതിലൂടെ കാണാം.”

“വേണ്ട, ഇതിനുളളിലുളളതിനേക്കാൾ കൂടുതലായി അവിടെയെന്താണ്‌? ഈ മതിൽക്കെട്ട്‌ പൊളിക്കുന്നത്‌ അതിനേക്കാൾ വലുപ്പമുളള ഒന്ന്‌ പടുത്തുയർത്താനല്ലെ?”

ഞാൻ മറുപടിയില്ലാതെനിന്നു. അതെ, ഈ മതിൽക്കെട്ട്‌ പൊളിച്ചുമാറ്റുന്നത്‌ അതിന്റെ ബലഹീനത പരിഗണിച്ചാണ്‌. അടുത്തുതന്നെ ആർക്കും മറികടക്കാൻ കഴിയാത്ത ഒരു ഉറച്ച മതിൽ അവിടെ പൊങ്ങിവരും. സ്‌നേഹജനോട്‌ ഇതിനെക്കുറിച്ച്‌ പറയണ്ടായിരുന്നു. ഒരു ജയിൽപ്പുളളിക്ക്‌ മതിൽക്കെട്ടിന്റെ വലുപ്പം വർദ്ധിപ്പിക്കുന്നതിൽ എന്ത്‌ ഉത്‌കണ്‌ഠയാണുണ്ടാവുക?

“കൂടുതൽ ചുവരുകൾ ഇനിയും ഉയർന്നുവരും. ഞാനെന്റെ ആഗ്രഹം സൂചിപ്പിച്ചതുമുതൽ നമുക്കിടയിലും ഒരു മതിൽ…..?”

“അതെ, ശരിയാണ്‌”

“എന്തുകൊണ്ട്‌? അല്ലെങ്കിൽത്തന്നെ നാം തമ്മിലുളള ബന്ധത്തിന്റെ പൊരുളെന്ത്‌? എന്റെ ആഗ്രഹം പറഞ്ഞപ്പോൾ മുതൽ താങ്കളിലുണ്ടായ അകൽച്ച ഞാനറിയുന്നു. ഒന്നും എനിക്ക്‌ വേണമെന്നില്ല. എങ്കിലും താങ്കളുമായുളള ബന്ധത്തിന്റെ അർത്ഥശൂന്യത എന്നെ ലജ്ജാലുവാക്കുന്നു.”

“സ്‌നേഹജൻ നീ എന്താണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌? നീ എല്ലാം എന്നോട്‌ തുറന്നു പറയൂ. നീയെന്തിനാണ്‌ പുറത്തു കടക്കുന്നത്‌?”

“ഈ സ്‌നേഹം എനിക്കൊരിക്കലും മതിൽക്കെട്ടിന്‌ പുറത്തു ലഭിക്കില്ല. ഞാൻ തീർച്ചയായും മടങ്ങിവരും. ഞാൻ എല്ലാം തുറന്നുപറയണോ? ഒരു പക്ഷെ എന്റെ ആവശ്യങ്ങൾ കേട്ടയുടനെ താങ്കളെന്നോട്‌ പൊട്ടിത്തെറിച്ചാലോ? എല്ലാം നിഷേധിച്ച്‌ ക്രൂദ്ധനായി എന്നെ ചീത്തവിളിച്ച്‌…”

“ഇല്ല സ്‌നേഹജൻ അങ്ങനെ ഒരിക്കലും ഉണ്ടാകില്ല.” ഞാൻ ഉറപ്പുനൽകി.

“നിങ്ങളുടെ ജീവിതം പലതവണയായി വ്യഥകളുടെ ചെറിയ ചെറിയ അധ്യായങ്ങൾപോലെ എനിക്ക്‌ പറഞ്ഞുതന്നില്ലേ, അതിനിടയിൽ എപ്പോഴെങ്കിലും ഞാൻ നിന്നോട്‌ പൊട്ടിത്തെറിച്ചിട്ടുണ്ടോ? നിന്റെ വാക്കുകൾക്ക്‌ ചെവി കൊടുക്കാതെ പിണങ്ങിപ്പോയിട്ടുണ്ടോ?”

അവൻ മിണ്ടാതെ നിന്നു.

“പറയൂ, നിനക്കെന്തും എന്നോട്‌ തുറന്നു പറയാം.”

അയാൾ സംശയങ്ങളുടെ ചോദ്യങ്ങൾക്കു പിറകേ എല്ലാം തുറന്നുപറയാൻ തുടങ്ങി. ഒടുവിൽ അയാൾ ഇങ്ങനെ അവസാനിപ്പിച്ചു.

“സർ, ഇനിയെങ്കിലും ഉറപ്പു തരൂ. യാദൃച്ഛികമായി സംഭവിക്കുന്ന ഒരു പിഴവുപോലെ എന്നെ പുറത്തെത്തിക്കില്ലേ, ഞാൻ തിരിച്ചുവരും. പുറംലോകത്തെക്കാൾ എനിക്കിവിടെ സുരക്ഷിതത്വമുണ്ട്‌. പറയൂ, എന്നെ സഹായിക്കാൻ കഴിയുമോ?”

“കഴിയും” ഞാൻ പറഞ്ഞു. അവൻ എന്റെ കൈകൾ നെഞ്ചോട്‌ ചേർത്തു പിടിച്ചു. അവന്റെ കണ്ണുകൾ സജലങ്ങളായി.

* * * * *

രാത്രി മഴയുടെ ശബ്‌ദം കരച്ചിൽപോലെ തോന്നി. കണ്ണീരുപോലെ മഴ പെയ്‌തിറങ്ങി. ഭാര്യ ഉറങ്ങിയിരിക്കുന്നു. മക്കളും ഉറങ്ങിയിട്ടുണ്ടാകും. ഞാൻ കട്ടിലിൽ കണ്ണും മിഴിച്ച്‌ കിടന്നു. എനിക്ക്‌ ഉറങ്ങാൻ കഴിയുന്നില്ല. മനസ്സ്‌ ‘സ്‌നേഹജ’നിൽ തന്നെ പറ്റി നിൽക്കുന്നു. ശബ്‌ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തുകടന്നു.

സ്‌നേഹജൻ പുറത്ത്‌ എത്തിക്കഴിഞ്ഞിരിക്കുമോ? അതോ അവൻ പിടിക്കപ്പെട്ടുവോ? നാളെ രാവിലെ ജയിൽ അധികൃതർ ഒരു ഞെട്ടലോടെ എന്നെ അറിയിക്കുന്ന വാർത്ത, എന്തായിരിക്കും അത്‌? പുറത്ത്‌ വീടുകളിലെ പ്രകാശം അണഞ്ഞിരുന്നു. ഈ നഗരം മുഴുവൻ ഉറങ്ങിയിരിക്കുന്നു. ഞാൻ, ഒരു കളളനെപോലെ, രാത്രിയിൽ സ്വസ്ഥതനഷ്‌ടപ്പെട്ട്‌ ഉറക്കം നഷ്‌ടപ്പെട്ട്‌, വേണ്ടായിരുന്നു. അരുതാത്തതൊക്കെയും ചെയ്‌തു തീർത്തിട്ട്‌ ഇനിയെന്തിന്‌ അവയെക്കുറിച്ചോർത്ത്‌ വ്യാകുലപ്പെടണം?.

അടുത്ത വീട്ടിലെ പട്ടി വലിയ ശബ്‌ദത്തിൽ കുരയ്‌ക്കുന്നു. ടോർച്ച്‌ തെളിച്ചുകൊണ്ട്‌ പുറത്തേക്കിറങ്ങവേ.. വരാന്തയിൽ ഒരാൾ!

“ആ…. ആരാദ്‌?”

“ഞാനാണ്‌ സ്‌നേഹജൻ”

“ങേ?”

“സാർ ഞാൻ പോകുന്നു. നാളെ രാത്രി സാറ്‌ അവിടെ വരണം”.

എന്റെ ഉളളിൽ ഭയം ത്രസിച്ചുകയറി. “നീ വേഗം പോകൂ.” എന്റെ ശബ്‌ദം ഇടറിയിരുന്നു. എന്റെ മുഖത്തേക്ക്‌ ഒന്നുസൂക്ഷിച്ച്‌ നോക്കിയതിനുശേഷം അവൻ ഇരുട്ടിലേക്ക്‌ ഓടിയിറങ്ങി.

അയാൾ പറഞ്ഞത്‌ ഞാൻ അനുസരിക്കണോ? അവിടെ, ആ കുഗ്രാമത്തിൽ എന്നെ ആർക്കാണ്‌ തിരിച്ചറിയാൻ കഴിയുക? സ്‌നേഹജനല്ലാതെ മറ്റാരെങ്കിലും എന്നെ തിരിച്ചറിഞ്ഞാൽ… അയാളുടെ ഏറ്റവും വലിയ ആഗ്രഹമാണ്‌ അത്‌. കാവിലെ തെയ്യത്തിന്‌ എന്റെ സാന്നിധ്യം ഇല്ലാതിരുന്നാൽ അവൻ എന്തെങ്കിലും അവിവേകം പ്രവൃത്തിക്കുമോ? പോവുകതന്നെ. സ്‌നേഹജൻ കിതപ്പോടെ എന്നോട്‌ പറഞ്ഞത്‌ ഞാനോർക്കുന്നു.

“എനിക്ക്‌ മനസ്സുകൊണ്ട്‌ ഛർദ്ദിക്കണം സാർ. എനിക്ക്‌ കിട്ടിയ വിദ്യാഭ്യാസം, അതോടൊപ്പം എന്നിൽ വളർന്നുവന്ന കുബുദ്ധി എല്ലാം എനിക്ക്‌ ഛർദ്ദിച്ചുകളയണം. എന്റെ ഭഗവതീടെ അടുത്തേക്ക്‌ ഒന്നുകൂടി തിരിച്ചുപോകണം. എപ്പോഴോ പുച്‌ഛത്തോടെ വലിച്ചെറിഞ്ഞിട്ട്‌, ഔന്നത്യമെന്നു കരുതി നഗരത്തിന്റെ നാട്യങ്ങളിലേക്ക്‌ ലയിക്കുമ്പോഴും അമ്മയുടെ ആ ആടയാഭരണങ്ങൾ എന്റെയുളളിൽ ഓർമ്മകളായി സ്‌പന്ദിച്ചിരുന്നു. ആ ചുവന്നപട്ടും കുങ്കുമവും എടുത്തണിയണം. മഞ്ഞൾപൊടിയിൽ ലയിക്കണം. വാളെടുത്ത്‌, പൂവും പ്രസാദവും വാരിയെറിഞ്ഞ്‌ ചിലമ്പൊച്ചയിൽ ഉറഞ്ഞുതുളളിക്കൊണ്ട്‌, ആ നന്മയുളള പഴമയിൽ ഒന്നുകൂടി ആവേശത്തോടെ തിമിർക്കണം. ഭഗവതിയമ്മയായി ഒന്നുകൂടി…..”

* * * * *

ഭഗവതി പുറപ്പെടുകയായി. വാദ്യമേളങ്ങൾ ഉയർന്നുപൊങ്ങി. ജനക്കൂട്ടം ആകാംക്ഷയോടെ ഒന്നിളകി നിന്നു. കണ്ണുകൾ തിരുമുറ്റത്തേക്ക്‌ മിഴിച്ച്‌ ശക്‌തിസ്വരൂപിണിയായ അമ്മയുടെ പുറപ്പാട്‌ കാണുവാനായി ഒരുങ്ങിനിന്നു. തോറ്റങ്ങളുടെ അകമ്പടിയോടെ, കടും ചുവപ്പുവർണ്ണത്തിലുളള ഉടയാടകളും ചാർത്തി ഭഗവതി! ഞാൻ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ട്‌ കടന്നുനിന്നു. ഭഗവതി ഉറഞ്ഞാടാൻ തുടങ്ങി. കാഴ്‌ചക്കാരുടെ ഭക്‌തിയുടെ നിറവിൽ നിന്ന്‌ അമ്മയുടെ തിരുമുറ്റത്ത്‌ നൃത്തച്ചുവടുകൾ മുറുകി. അമ്മയുടെ അനുഗ്രഹം ആൾക്കൂട്ടത്തിനുമുകളിൽ പ്രസാദമായി തെറിച്ചുവീണു.

വാദ്യക്കാരുടെയും കർമ്മികളുടെയും മുഖത്ത്‌ ആദ്യമുണ്ടായിരുന്ന ഭീതി കുറഞ്ഞുവന്നു. പൊടുന്നനെ തെയ്യച്ചടങ്ങുകളെല്ലാം വിസ്‌മരിച്ച്‌ ഭഗവതി മുൻനിരയിൽ നിൽക്കുന്ന ഒരു വൃദ്ധയുടെ അരികിലേക്ക്‌ പാഞ്ഞടുത്തു. അവർ അമ്പരന്ന്‌ കൈകൂപ്പി നിന്നു. ഭഗവതി അരുൾ ചെയ്യാൻ തുടങ്ങി.

“അമ്മ ധനംകൊണ്ടും സഹായംകൊണ്ടും എന്നും അനുഗ്രഹിച്ചില്ലേ, പിന്നെയും പൈതങ്ങൾക്ക്‌ സന്താപമെന്തിന്‌?”

വൃദ്ധയുടെ കണ്ണുകൾ നിറയുകയും ചുണ്ടുകൾ എന്തോ പറയുവാനെന്നപോലെ വിറയ്‌ക്കുകയും ചെയ്യുന്നു.

“പൈതങ്ങളെ, കരച്ചിലും നിലവിളികളും അമ്മയുടെ ഉത്‌സവമുറ്റത്ത്‌ എന്തിന്‌?”

“എന്റെ ഭഗോതിയേ… ആകെയുളെളാരു ആൺതരിയെ കാരാഗ്രഹത്തിലടച്ചില്ലേ നീ. എന്നിട്ടും ഒന്നുമറിയാത്തതുപോലെ എന്നോടെന്തിന്‌? അടിയങ്ങളെ ഇനിയും തീ തീറ്റിക്കണോ അമ്മേ, എന്നെ ഇവിടെയിട്ട്‌ നീറ്റുന്നതെന്തിന്‌…”

വാക്കുകൾക്കു പിറകെ അണപൊട്ടിയ ദുഃഖം നിലവിളിയായി വന്നു. തെയ്യം വൃദ്ധയുടെ കൈകൾ നെഞ്ചോടു ചേർത്തു പിടിച്ചു. ഭഗവതിയുടെ കണ്ണുകൾ നിറഞ്ഞു. പൊടുന്നനെ ഭഗവതി വൃദ്ധയെ ഉപേക്ഷിച്ച്‌ തിരുമുറ്റത്തേക്ക്‌ കുതിച്ചു. ആകാശത്തെ കീറിമുറിക്കുമാറ്‌ വാൾ വീശി. “പൈതങ്ങളെ” എന്ന്‌ ഉച്ചത്തിൽ വിളിച്ചു കൊണ്ടേയിരുന്നു.

പൊടുന്നനെ അപ്രതീക്ഷിതമായി ഭഗവതിയുടെ വാൾത്തല സ്വന്തം നെഞ്ചിലേക്ക്‌! ഒരു പിടച്ചിൽ.

തിരുമുറ്റം ചോരക്കളമായി. ജനക്കൂട്ടം ഭയവിഹ്വലരായി നാലുപാടും പാഞ്ഞുകൊണ്ടിരുന്നു. ചിലർ ഭഗവതിയുടെ അടുത്തേക്ക്‌ ഓടിയടുത്തു. എങ്ങും പരിഭ്രാന്തി പടരവെ ഞാൻ അവിടെനിന്ന്‌ ഇറങ്ങിനടക്കാൻ തുടങ്ങി. ഇരുട്ടിലേക്ക്‌.

Generated from archived content: snehahatya.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here