‘അന്യരാ’കാതിരിക്കുവാൻ ചില ഓർമ്മപ്പെടുത്തലുകൾ

//s’A True of present and future’ഡഡപ, ഇത്‌ ആക്രോശങ്ങളുടെയും വിലാപങ്ങളുടെയും കാലം‘ എന്നീ പരസ്യവാചകങ്ങളുമായാണ്‌ ലെനിൻ രാജേന്ദ്രന്റെ അന്യർ എന്ന ചലച്ചിത്രം തീയേറ്ററിലെത്തിയത്‌. ഭൂരിപക്ഷ -ന്യൂനപക്ഷ വർഗ്ഗീയതയുടെ പരീക്ഷണശാലകളായ ഗുജറാത്തും മാറാടും അവശേഷിപ്പിച്ച ജീവിതങ്ങളുടെ ദുരന്തക്കാഴ്‌ച്ചകളിലൂടെ കടന്നുപോകുന്ന ഈ ചിത്രം പരസ്യവാചകത്തിന്റെ അർത്ഥസമ്പുഷ്‌ടത ഏറെക്കുറെ അന്വർത്ഥമാക്കുന്നുണ്ട്‌. ജാതി-മത പുനരുത്ഥാനശ്രമങ്ങൾ അതിദ്രുതം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഗുജറാത്തിലെ ചോരച്ചാലുകൾ മാറാടിലേക്കും ഒഴുകിയെത്തുമ്പോൾ ഒരു അനിഷ്‌ട യാഥാർത്ഥ്യത്തിന്റെ എല്ലാവിധ ഭയപ്പെടുത്തലുകളോടും കൂടി ’അന്യർ‘ പ്രേക്ഷകരിലൂടെ കടന്നുപോകുന്നു.

ടി.വി. ജേണലിസ്‌റ്റായ റസിയാബാനു ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച്‌ തയ്യാറാക്കുന്ന ഒരു പ്രൊജക്‌ടിന്റെ പ്രവർത്തനങ്ങളിലൂടെയാണ്‌ ചലച്ചിത്രം വികസിക്കുന്നത്‌. ഗുജറാത്തിലെ വംശഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയശേഷം മാറാടിനുശേഷം കേരളത്തിന്റെ സാമൂഹ്യമനഃശാസ്‌ത്രത്തിലുണ്ടായ വ്യതിയാനങ്ങൾ പഠിക്കാൻ അവൾ കേരളത്തിലുടനീളം ഒരു യാത്ര നടത്താൻ തീരുമാനിക്കുന്നു. അതിനിടയിൽ വർഗ്ഗീയവാദികളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്ന ഒരു ’ഇടുങ്ങിയ ചിന്താഗതി‘യുളള സമകാലിക കേരളത്തെ ചലച്ചിത്രകാരൻ വരച്ചിടുന്നു.

സ്‌ത്രീയും മതവുംഃ

മൈമൂന എന്ന കൂട്ടുകാരിയുടെ വിവാഹത്തിന്‌ ഗുജറാത്തിലെത്തുന്ന റസിയാബാനുവിന്‌ കലാപത്തിന്റെ ദൃശ്യങ്ങൾ കാണേണ്ടി വരുന്നു. മൈമൂനയുടെ വരൻ കലാപത്തിൽ കൊല ചെയ്യപ്പെട്ടു എന്ന വാർത്ത ഒരു കുതിച്ചുപായുന്ന ട്രെയിനിന്റെ ശബ്‌ദ പശ്ചാത്തലത്തിൽ ഏവരും അറിയുന്നു. ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ വർഗ്ഗീയതയും സ്‌ത്രീയ്‌ക്ക്‌ നൽകുന്നത്‌ കൊടിയ പീഡനങ്ങൾ മാത്രമാണ്‌.

ആശ്രിതർ നഷ്‌ടപ്പെട്ട്‌ ജീവിതത്തിന്‌ മുന്നിൽ കണ്ണും തുറിച്ച്‌ നിൽക്കുന്ന സ്‌ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്‌ എല്ലാ കലാപങ്ങളും അവശേഷിപ്പിച്ചു പോയിട്ടുളളത്‌. ഗുജറാത്തിലെയും മാറാട്ടിലെയും ഓരോ വീട്ടിലെയും കുട്ടികളും സ്‌ത്രീകളും അനുഭവിക്കുന്ന മാനസികാവസ്ഥ എത്രപേർ മനസ്സിലാക്കുന്നുണ്ട്‌? ഭീതിനിറഞ്ഞ സ്വപ്‌നങ്ങൾ കണ്ട്‌ ഞെട്ടിയുണരുന്ന, മനസ്സിന്റെ അരക്ഷിതബോധത്താൽ വ്യാകുലപ്പെട്ട്‌ നീറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ സൃഷ്‌ടിച്ചെടുക്കാൻ ഏത്‌ മതബോധമാണ്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌? ഒരു മതനിരപേക്ഷ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചതിന്‌ റസിയാബാനുവിന്‌ സ്വമതത്തിലെ മതാത്മകരാഷ്‌ട്രീയ കക്ഷികളിൽ നിന്ന്‌ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ ചലച്ചിത്രത്തിൽ കാണാം. ക്യാമ്പസ്‌ രാഷ്‌ട്രീയ നിരോധനം മതാത്മകരാഷ്‌ട്രീയത്തിന്റെ വളർച്ചയ്‌ക്കു പ്രേരണ നൽകുമെന്നു മാത്രമല്ല വർഗ്ഗീയതയ്‌ക്കെതിരെയുളള പ്രതിരോധശ്രമങ്ങളെയും കൂട്ടായ്‌മകളെയും ഇല്ലാതാക്കുകയും ചെയ്യും. തന്റെ സഹപ്രവർത്തകനായ പ്രകാശിനൊപ്പം പ്രവർത്തിച്ചതിന്‌ റസിയയ്‌ക്കു നേരെ പൗരോഹിത്യത്തിന്റെ കപട സദാചാരബോധവും വാളോങ്ങുന്നു. സൂരജ്‌-റസിയാ സുഹൃത്തുക്കളുടെ ഇടയിൽ വിളളലുകളുണ്ടാകുന്നത്‌ ചലച്ചിത്രത്തിലെ ഒരു പ്രധാന സംഭവമാണ്‌. ഉപരിപ്ലവമായ സൗഹൃദനാട്യങ്ങൾക്കിടയിൽ ആസക്തിയുടെ മുളളുകൾ പൊന്തിവരുന്നുവെന്ന്‌ ചലച്ചിത്രകാരൻ സംശയിക്കുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗ്ഗീയതയുടെ വക്താക്കളെല്ലാം തന്നെ ആഗോള മൂലധനവ്യാപനത്തിന്റെയും ഫാസിസ്‌റ്റ്‌ ശക്തികളുടെയും ഉത്‌പന്നങ്ങളാണ്‌. ഇന്ത്യയ്‌ക്കൊരു ഹിറ്റ്‌ലറില്ലാത്തതാണ്‌ നമ്മുടെ ദുരന്തമെന്ന്‌ കണ്ടെത്തുമ്പോൾ അവർ ആരുടെ പിൻതുടർച്ചക്കാരാണെന്ന്‌ വ്യക്തമാകുന്നു. രാഘവ്‌ജി എന്ന യുവാവ്‌ അലസമായി ഒരു മരച്ചുവട്ടിൽ ഇരിക്കവെയാണ്‌ കലാപകാരികൾ അയാളെ പിടിച്ചെടുക്കുന്നത്‌.

അലസമായ മനസ്സും ശരീരവുമാണ്‌ ഫാഷിസ്‌റ്റ്‌ ആശയപ്രചരണത്തിനും അതിന്റെ പ്രയോഗത്തിനും ഏറ്റവും അനുയോജ്യം. രാഘവ്‌ജിയുടെ മകൻ മിടുക്കനായിരുന്നിട്ടും കലാപത്തിലേക്ക്‌ വലിച്ചെറിയപ്പെട്ടത്‌ ദരിദ്രനായതുകൊണ്ടാണെന്ന്‌ ചിത്രത്തിൽ സൂചന നൽകുന്നുണ്ട്‌. ഹിന്ദു – മുസ്ലീം ജനവിഭാഗങ്ങളിൽനിന്നും വർഗ്ഗീയ കൊലപാതകങ്ങൾക്ക്‌ ഇരകളാകുകയും പ്രതിചേർക്കപ്പെടുകയും ചെയ്യപ്പെടുന്നവർ ഏറ്റവും ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും തൊഴിലാളികളുമാണ്‌ എന്ന യാഥാർത്ഥ്യം കണ്ടെത്തുവാനാണ്‌ ഈ സൂചന വഴി ലെനിൻ രാജേന്ദ്രൻ ശ്രമിക്കുന്നതെന്ന്‌ തോന്നുന്നു. റസിയാബാനുവിന്റെ ചാനലിലെ ഗുണശേഖരൻ എന്ന മാധ്യമ ബിസിനസ്സുകാരൻ മാധ്യമരംഗത്തുളള വർഗ്ഗീയ വിഷബീജങ്ങളുടെ പ്രതിനിധിയാണ്‌. ഗോധ്‌രാ സംഭവത്തിനെതിരായിട്ടുളള സ്വാഭാവികമായ പ്രതിഷേധം മാത്രമാണ്‌ ഗുജറാത്തിലെ വംശഹത്യ എന്ന്‌ അയാൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്‌. റസിയയുടെ പ്രവർത്തനങ്ങൾക്ക്‌ ഇടയ്‌ക്കിടെ വിഘാതമാകുന്നത്‌ ഗുണശേഖരനാണ്‌. കച്ചവട സിനിമകളിലെ ഹൈന്ദവബിംബങ്ങളുടെ അതിപ്രസരവും ചലച്ചിത്രത്തിൽ വിമർശന വിധേയമാകുന്നുണ്ട്‌.

റസിയാബാനു ഗുജറാത്തിൽ നടത്തിയ ധീരമായ പത്രപ്രവർത്തനം ഒരു ’ആഘോഷ‘മാക്കി മാറ്റുവാൻ അവരുടെ ചീഫ്‌ പറയുന്നു. ആഘോഷങ്ങളിൽ മാത്രം അഭിരമിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയാണ്‌ അയാൾ. പ്രവൃത്തി ദിവസങ്ങളെ വെറുക്കുകയും ആഘോഷങ്ങളെ വല്ലാതെ ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരു മനഃശാസ്‌ത്രപരിസരം മലയാളികൾക്കിടയിൽ ഉണ്ടെന്ന്‌ സമീപകാലത്ത്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

വളരെ ഗൗരവപൂർണ്ണമായ തന്റെ ദൗത്യം പൂർത്തിയാക്കുവാനുളള പരിശ്രമത്തിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കവെ റസിയാബാനുവിനെ പിന്തിരിപ്പിക്കാനായി ’സിനിമസാല‘ എന്ന കോമഡി പരിപാടിയുടെ മുഴുവൻ ഉത്തരവാദിത്വങ്ങളും അവൾക്കു നൽകുന്നത്‌ ഗുണശേഖരൻ എന്ന മേലുദ്യോഗസ്ഥനാണ്‌. നമ്മുടെ ദൃശ്യമാധ്യമങ്ങളൊക്കെയും നമ്മെ നിരന്തരം ചിരിപ്പിച്ചു കൊണ്ടേയിരിക്കുവാനുളള വിഭവങ്ങളൊരുക്കുന്നുണ്ട്‌. നിലയ്‌ക്കാത്ത, ചിന്താരഹിതമായ വിഡ്‌ഢിച്ചിരികളാൽ കേരളത്തിലെ സ്വീകരണമുറികൾ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ മാറാട്‌ എന്ന സ്ഥലത്ത്‌ ചോരചിന്തിയത്‌ എന്നത്‌ ഏറെ പ്രസക്തമായ ഒരു വസ്‌തുതയാകുന്നു. ഗുണശേഖരൻ എന്ന മാധ്യമ ബിസിനസ്സുകാരനും അയാളുടെ ദൃശ്യമാധ്യമവും നമ്മെ നിർത്താതെ ചിരിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതെന്തിനാണെന്നുളള ചോദ്യം ’അന്യർ‘ എന്ന ചലച്ചിത്രം ബാക്കി വയ്‌ക്കുന്നുണ്ട്‌.

“റസിയാബാനു, ആരാണ്‌ തന്റെ സ്വപ്‌നത്തെ സ്‌പോൺസർ ചെയ്യുക?” എന്ന ടെലിവിഷൻ ചാനലിലെ മേധാവിയുടെ ചോദ്യത്തിനു മുന്നിൽ അവൾ പകച്ചുനിന്നു. എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനുതകുന്ന സെക്‌സും മസാലയും ക്രൈമും ഒന്നുമില്ലാത്ത പച്ചയായ യാഥാർത്ഥ്യങ്ങളെ ആരാണ്‌ സ്‌പോൺസർ ചെയ്യുക? യുദ്ധങ്ങളും സ്‌ഫോടനങ്ങളും ഒരു വെടിക്കെട്ടിന്റെ നയനാനന്ദകരമായ പ്രതീതിയോടെ എല്ലാവിധ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുംവിധം അവതരിപ്പിക്കുവാനാണ്‌ വൻകിട ദൃശ്യമാധ്യമങ്ങളുടെ ശ്രമം. “ഇതൊരു ഹോം ചാനലാണ്‌, ഇതിൽ രാഷ്‌ട്രീയമില്ല. അതുമല്ല റസിയാ നിന്റെ പരിപാടിയ്‌ക്ക്‌ സ്‌പോൺസറെ കിട്ടുന്നുമില്ല” എന്ന ചീഫിന്റെ മറുപടിയോടെ അവളുടെ പ്രവർത്തനങ്ങളെല്ലാം വൃഥാവിലാകുന്നു.

ഒടുവിൽ സുഹൃത്ത്‌ സൂരജിന്റെ സഹായത്തോടെ തന്റെ ഡോക്യുമെന്ററി ചിത്രം പൂർത്തിയാക്കുകയും അത്‌ പ്രദർശനത്തിനെത്തിക്കുകയും ചെയ്യുന്നു. പ്രദർശനവേദിയിലെ പ്രേക്ഷകർ അവളുടെ ശ്രമങ്ങളോട്‌ തികഞ്ഞ വിമുഖത പ്രകടിപ്പിക്കുന്നു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ അവരെല്ലാം പ്രദർശനവേദിയിൽ നിന്ന്‌ എഴുന്നേറ്റു പോകുന്നു.

സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തത്തെയാണ്‌ ചലച്ചിത്രകാരൻ അവസാനരംഗങ്ങളിലൂടെ വരച്ചിടുന്നത്‌. ഇത്തരം സാമൂഹിക പ്രശ്‌നങ്ങളോടുളള ആൾക്കൂട്ടത്തിന്റെ അപകടകരമായ വിമുഖത വർഗ്ഗീയവാദികളുടെ വളർച്ചയ്‌ക്ക്‌ ഏറെ സഹായകമാകുന്നുണ്ട്‌. ’അന്യർ‘ എന്ന ചലച്ചിത്രം കേരളത്തിന്റെ, ഇന്ത്യയുടെ സാമൂഹിക രാഷ്‌ട്രീയ പരിസരം സൂക്ഷ്‌മമായി നിരീക്ഷിക്കുവാനുളള ഒരു ധീരമായ ശ്രമമാണ്‌. മനുഷ്യന്റെ വിശ്വാസങ്ങളെയും അനുഷ്‌ഠാനങ്ങളെയുമൊക്കെ രാഷ്‌ട്രീയത്തിന്റെ സംഘർഷഭൂമിയിലേക്ക്‌ വലിച്ചിഴയ്‌ക്കുന്ന മതാത്മക രാഷ്‌ട്രീയമാണ്‌ ജീവിതത്തെ കുരുതിക്കളമാക്കുന്നത്‌. അതുവഴി ജനാധിപത്യത്തെ തകർക്കുക എന്നതും വളരെ ആസൂത്രിതമായ ഒരു ശ്രമമാണ്‌. ഉപരിപ്ലവമായ മതേതരത്വനാട്യങ്ങൾക്കപ്പുറം ഓരോ മനുഷ്യന്റെയും മനസ്സിലുയർന്നു വരേണ്ടുന്ന മതേതരചിന്തയുടെ സ്‌നേഹശീതളിമയാണ്‌ ശരിയായ മതബോധവും സാഹോദര്യവും വളർത്തിയെടുക്കുക. കാലത്തിന്റെ സ്‌പന്ദനങ്ങളെ ഉൾക്കൊളളുകയും ഭാവിയുടെ നന്മയ്‌ക്കായി ചില ഓർമ്മപ്പെടുത്തലുകൾ നൽകുകയും ചെയ്യുന്ന ധീരമായ ഒരു ചലച്ചിത്ര ശ്രമമാണ്‌ ’അന്യർ‘.

Generated from archived content: sep18_cinema.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here