കമ്പോളത്തിന്റെ മായിക ലഹരിയിൽ ആചാരങ്ങളുടെ വിശുദ്ധിയും പൊലിമയും ചോർന്നുപോയ ഒരു ഓണംകൂടി വന്നുചേരുന്നു. ഊഞ്ഞാൽപ്പാട്ടുകളും ഓണക്കളികളും വിസ്‌മൃതിയിലാണ്ടു പോയിരിക്കുന്നു. തെയ്യത്തിന്റെയും തിറയുടെയും സ്വന്തം നാടായ ഉത്തര മലബാറിന്റെ ഓണവിശേഷങ്ങളും ഓർമ്മയായിത്തീരുകയാണ്. വടക്കെ മലബാറിന്റെ സവിശേഷമായ ഓണവിശേഷങ്ങളിലൂടെയുളള ഒരു യാത്രയാണിത്.
പഴയ കാലത്തെ ചിറക്കൽ താലൂക്കിന്റെ കീഴിലുളള പ്രദേശങ്ങളിലാണ് പ്രധാനമായും ഓണത്തിന്റെ സവിശേഷ ആചാരങ്ങൾ നിലനിന്നുപോന്നിരുന്നത്. ചിങ്ങ സംക്രമത്തിനുളള കാലൻവേഷത്തിന്റെ വരവാണ് ആദ്യത്തെ കാഴ്‌ച. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുഴാതി ഭാഗങ്ങളിലെ ശാലിയത്തെരുവുകളിലെ ശാലിയ സമുദായത്തിലെ വലങ്കൈ വിഭാഗത്തിൽ പെട്ടവരുടെ വീടുകളിലാണ് കാലൻവേഷം എത്തുക. അവരുടെ ആരാധനാമൂർത്തികളായ ഗണപതിയുടെയും പുറംകാലന്റെയും പ്രതിരൂപമാണ് ഈ വേഷങ്ങൾ. എല്ലാ ദുരിതങ്ങളെയും രോഗങ്ങളെയും അകറ്റി സർവ്വൈശ്വര്യം കൈവരിക്കുമെന്നാണ് വിശ്വാസം.
തേങ്ങ ഉടച്ച്, അതിൽ തിരി കത്തിച്ച് കാലൻ ഉഴിയും. പിന്നീട് വീട്ടമ്മ ഗുരുസി (ചുണ്ണാമ്പും മഞ്ഞളും വെളളത്തിൽ കലക്കിയാൽ കിട്ടുന്ന ചുവന്ന നിറത്തിലുളള ദ്രാവകം) കലക്കി സ്വന്തം ദേഹം ഉഴിഞ്ഞ് തെക്കോട്ട് മറിക്കുന്നതോടെ ഒരു വീട്ടിലെ ചടങ്ങ് തീരുന്നു. വീണ്ടും ചെണ്ടക്കാരന്റെ അകമ്പടിയോടെ, ഗ്രാമത്തിന്റെ പച്ചപ്പുകൾക്കിടയിലൂടെ കർക്കിടകത്തിന്റെ ചേട്ടകളെ ഒഴിപ്പിച്ച് ചിങ്ങമാസത്തിന്റെ സമൃദ്ധികളെ വരവേൽക്കാൻ കാലൻവേഷം അടുത്ത ഗൃഹത്തിലേക്ക് യാത്രയാകുന്നു.
തളിപ്പറമ്പ്-പയ്യന്നൂർ പ്രദേശങ്ങളിൽ ഉത്രാടനാളിലും തിരുവോണത്തിനും ‘ഓണത്താർ’ എത്തുന്നു.
“ചിങ്ങമാസത്തിലെ ഓണം വന്നാൽ…
മംഗളമായിക്കഴിക്കവേണം….”
എന്നിങ്ങനെ മഹാബലിചരിതം ഉൾക്കൊളളുന്ന ‘ഓണത്താംപാട്ടു’കളുമായി വീട്ടുമുറ്റത്തെത്തുന്ന ഓണത്തെയ്യത്തെ വീട്ടമ്മ നിലവിളക്ക് കൊളുത്തി സ്വീകരിക്കുന്നു. മുഖത്ത് ചായം തേച്ച് ഓണവില്ലുമായി ഓണത്താർ എത്തുന്ന കാഴ്‌ച ഒരു അപൂർവ്വ ദൃശ്യമായിത്തീർന്നിരിക്കുകയാണ്. വണ്ണാൻ, മലയൻ സമുദായത്തിൽപെട്ട കുട്ടികളാണ് സാധാരണയായി ഓണത്തെയ്യം കെട്ടാറുളളത്. നെല്ല്, അരി എന്നിവ നൈവേദ്യങ്ങളായി നൽകാറുണ്ട്. കാലൻവേഷത്തിന്റെ ചടങ്ങുകൾ പോലെ തന്നെ ഓരോ ഗൃഹത്തിലും ചെന്ന് ഗുരുസി കലക്കി വടക്കോട്ട് മറിച്ചുകളയുന്നതോടെ ഗൃഹത്തിലെ എല്ലാ പിശാചുക്കളെയും പുറംതളളി എന്നാണ് വിശ്വാസം.
വടകര-കൊയിലാണ്ടി ഭാഗങ്ങളിൽ കണ്ടുവരുന്ന ഓണപ്പൊട്ടൻ ഉത്തര മലബാറിന്റെ പ്രധാന സവിശേഷതയാണ്. ഓട്ടുമണി കുലുക്കി ഓണക്കുടയും ചൂടി ഓണനാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയുടെ പ്രതിരൂപമായാണ് ഓണപ്പൊട്ടനെ കണ്ടിരുന്നത്. ഒന്നാം ഓണത്തിനും തിരുവോണത്തിനും പുലർകാലത്തുതന്നെ പൊട്ടൻ യാത്ര പുറപ്പെടുന്നു. ചെണ്ടക്കാരന്റെയും സഹായിയുടെയും അകമ്പടിയോടെ ഓണത്തിന്റെ ആഹ്ലാദത്തുടിപ്പുമായി ഓണപ്പൊട്ടൻ വീടുതോറുമെത്തുന്നു. വിളവെടുപ്പ് കഴിഞ്ഞ് പുതിയ നെല്ലിന്റെ അരിഭക്ഷണം കഴിക്കാൻ ഓണനാൾവരെ കാത്തിരിക്കുകയും ഓണനാളിൽ ‘പുത്തരി’ ഉണ്ണുകയും ചെയ്യുന്ന കാർഷിക സംസ്‌കാരത്തിന്റെ ഉൾത്തുടിപ്പുകളേറ്റു വാങ്ങിയിരുന്ന ‘പുത്തരി’ എന്ന ചടങ്ങ് ഇന്ന് ഓർമ്മ മാത്രം.
കാലത്തിന്റെ കുത്തൊഴുക്കിൽ നമുക്ക് നഷ്‌ടപ്പെടുന്നത് നമ്മുടെ സ്വത്വബോധം തന്നെയാണ്. കേരളീയനെ കേരളീയനാക്കുന്ന സവിശേഷ ആചാരങ്ങളെല്ലാം നാം അറപ്പോടെ ഉപേക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അടയാളങ്ങളായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഓർമ്മയിലെങ്കിലും അവശേഷിക്കട്ടെ എന്ന പ്രത്യാശയോടെ ഓണത്തിന്റെ നന്മകളെയെല്ലാം ഒരിക്കൽകൂടി ഏറ്റുവാങ്ങാം.
കടപ്പാട് ഃ മാതൃഭൂമി, കണ്ണൂർ
തെയ്യം കലാകാരൻ ഭരതംകുന്നിൽ കണ്ണൻ, ചുഴലി.
Generated from archived content: onam_essay3.html Author: biju_kunnoth