ഏറെ നാൾ കഴിയുന്നതിന് മുമ്പുതന്നെ ക്ലബ്ബിന് ഒരു മൂന്നാമത്തെ നില കെട്ടിടം പണിയാനുളള ആലോചനകൾ ഉണ്ടായി. ശ്രീധരൻ മാഷാണ് ഒരു യോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. മൂന്നാംനില ശീതികരിച്ച ഒരു ഓഡിറ്റോറിയമാക്കി തീർക്കാമെന്നും അതിൽ സുകുമാരകലകളായ നൃത്തനൃത്ത്യങ്ങളെയും മറ്റ് പാരമ്പര്യകലകളെയും വളർത്തുന്നതിന്റെ ഭാഗമായി, സ്‌റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാമെന്നും മാഷ് അഭിപ്രായപ്പെട്ടു.
“നമുക്ക് അതിന് എക്‌സ്‌ക്ലൂസീവ് ക്ലബ്ബ് എന്ന് പേരിടാം. മികച്ച ഭൗതിക സൗകര്യങ്ങളോടെ സുഖകരമായി കലാപരിപാടികൾ ആസ്വദിക്കാനുളള സൗകര്യമൊരുക്കണം. പ്രശസ്ത സിനിമാനടിമാരുടെ നൃത്തങ്ങൾ, പ്രശസ്തരുടെ സംഗീതകച്ചേരികൾ, കേരളത്തിൽ തന്നെ അറിയപ്പെടുന്ന മിമിക്രിതാരങ്ങളുടെ കലാപരിപാടികൾ തുടങ്ങി വ്യത്യസ്‌തമായ ഒരു ദൃശ്യസംസ്‌കാരമാണ് അവിടെ ഉണ്ടാകേണ്ടത്. പരിപാടികൾ സംഘടിപ്പിക്കുന്നത് വളരെ ചിലവേറിയ പദ്ധതിയായതിനാൽ നല്ല തുക ടിക്കറ്റിന് ഈടാക്കേണ്ടിയും വരും. അതിന് കെൽപ്പുളളവരെ മാത്രം ഉദ്ദേശിച്ചാണ് പ്രസ്തുതപദ്ധതിയും. ക്ലബ്ബിന് വളരെവേഗം മികച്ച സാമ്പത്തികലാഭം ഉണ്ടാക്കാൻ ഇതിലും നന്നായി മറ്റൊരു പരിപാടി ഉണ്ടെന്നു തോന്നുന്നില്ല്‌ല്ല. പക്ഷേ ആദ്യം നമുക്ക് മൂന്നാംനില കെട്ടിടം പണിയണം. അതിന് പണം കണ്ടെത്തണം. അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതി ഇവിടുത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ സാംസ്‌കാരികമായ ‘അവയവം’ എന്നതുപോലുളള പ്രശസ്തമായ സംഘടന ആയതിനാൽ പണം കണ്ടെത്തുക എളുപ്പമാണ്.”
ശ്രീധരൻ മാഷുടെ വാക്കുകൾ അവസാനിച്ചപ്പോഴേക്കും കമ്മറ്റി അംഗങ്ങൾക്കിടയിൽ ചെറിയ മുറുമുറുപ്പ് ഉണ്ടായെങ്കിലും എല്ലാവരും പ്രസ്തുത തീരുമാനത്തെ അംഗീകരിക്കാൻ ഒരുക്കമായിരുന്നു. അപ്പോഴാണ് നീ എഴുന്നേറ്റ് നിന്ന് ശ്രീധരൻ മാഷോട് അൽപ്പം ശബ്‌ദമുയർത്തിത്തന്നെ സംസാരിക്കാൻ തുടങ്ങിയത്.
“ഈ കലാസമിതിയുടെ സെക്രട്ടറിയായി ആറുവർഷത്തിൽ അധികമായി മാഷ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനലക്ഷ്യത്തെക്കുറിച്ചും വർഗ്ഗതാല്പര്യങ്ങളെക്കുറിച്ചും ഒന്നുംതന്നെ മാഷിന്റെയടുക്കൽ വ്യക്തമാക്കി തരേണ്ടതില്ല എന്നു തോന്നുന്നു. ക്ലബ്ബ് ഇന്നേവരെ നടത്തിയിട്ടുളള എല്ലാ പ്രവർത്തനങ്ങളും അതിന്റെ ലക്ഷ്യബോധത്തിലും വർഗ്ഗബോധത്തിലും അടിയുറച്ചുളളതുമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഒരു പദ്ധതിയിലെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല.”
തുടർന്നും നീ എന്തൊക്കെയോ പറയാനൊരുങ്ങവേ ശ്രീധരൻമാഷ് ക്രൂദ്ധനായി എഴുന്നേറ്റ് ആജ്ഞാസ്വരത്തിൽ പറഞ്ഞു.
“പ്രേംജിത്തേ നീ അവിടെ ഇരിക്ക്. നിന്നെക്കാൾ കൂടുതൽ വിവരവും വിദ്യാഭ്യാസവുമുളളവർ തന്നെയാണ് ഇവിടെ ഇരിക്കുന്നവരെല്ലാം. നീ പറഞ്ഞതിന് മറുപടി ഞാൻ പറയാം.” മാഷ് എഴുന്നേറ്റ് നിന്ന് എല്ലാവരോടുമായി പറഞ്ഞു തുടങ്ങി.
“നമ്മുടെ ഈ കലാസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് ഈ നാട്ടിലെ അമ്പതോ അമ്പത്തഞ്ചോ ശതമാനം വരുന്ന ആളുകൾ മാത്രമാണല്ലോ. അതെന്തുകൊണ്ടാണ് അങ്ങിനെ ആയിപ്പോയത്? അതു മാറ്റിയെടുക്കണം. നാം ഇനിയും ആരെയും അകറ്റി നിർത്തേണ്ട ആവശ്യമൊന്നുമില്ല.
നമ്മുടെ കലാസമിതിയുമായി അകന്നു നിൽക്കുന്ന ചന്ദ്രഹാസൻനായരെ പോലെയും ചന്ദ്രശേഖരമേനോനെപ്പോലെയും ഒക്കെയുളള നാട്ടിലെ പ്രമുഖരെയും ഈ സംരംഭവുമായി അടുപ്പിക്കേണ്ടതുണ്ട്. അതിന് തെരുവ് നാടകങ്ങൾ പോരാ, അമേച്ച്വർ സമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികളോ രാഷ്‌ട്രീയ പ്രസംഗങ്ങളോ പോരാ. സിനിമാറ്റിക് ഡാൻസും നൃത്തനൃത്ത്യങ്ങളും സംഗീതക്കച്ചേരികളും തന്നെ വേണം. തെരുവ് നാടകങ്ങളും മറ്റും സാധാരണക്കാരുടെ സാമൂഹികബോധത്തെ ശക്തിപ്പെടുത്തുമാറ് സജീവമായി കൊണ്ടുപോകണം. അതിന് പ്രേംജിത്തിനെയും ശിവദാസനെയും പോലുളള ചെറുപ്പക്കാർ മുന്നിട്ടിറങ്ങി പ്രവർത്തിക്കും എന്നെനിക്കറിയാം. പക്ഷേ ‘എക്‌സ്‌ക്ലൂസ്സീവ് ക്ലബ്ബ്’, വില നൽകിയുളള കലാപ്രദർശനങ്ങളും ആഘോഷങ്ങളും മുമ്പുപറഞ്ഞതുപോലെയുളള പൗരപ്രമുഖന്മാരെ ഉദ്ദേശിച്ചുളളതാണ്. അങ്ങനെ എല്ലാ വൈരുദ്ധ്യങ്ങളും മറന്ന് സകലരെയും പങ്കാളികളാക്കി കലാസമിതിയുടെ സമഗ്രമായ വികസനമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം പ്രവർത്തനങ്ങളെ എതിർക്കുന്നതിൽ എന്ത് ഔചിത്യമാണുളളത് പ്രേംജിത്തേ?”
അത്രയും പറഞ്ഞുകഴിഞ്ഞ് ശ്രീധരൻമാസ്‌റ്റർ കസേരയിലിരുന്നതും അടക്കാനാവാത്ത ക്ഷോഭത്തോടെ നീ സംസാരിക്കാൻ തുടങ്ങി.
“ശ്രീധരൻമാഷുടെ ന്യായീകരണങ്ങൾ മനോഹരമായി. രണ്ടുമൂന്നു വർഷത്തിനുളളിൽ അപ്പുമാസ്‌റ്റർ കലാസമിതി നാലാംനിലയിൽ ഒരു ആശ്രമം കൂടി തുടങ്ങിക്കൂടെന്നില്ല അല്ലേ മാഷേ. പിന്നീടൊരിക്കൽ അഞ്ചാംനില വേശ്യാലയം ആക്കിത്തീർക്കുവാനും തലമുതിർന്ന ആൾക്കാർ തന്നെ മുന്നിട്ടിറങ്ങുമ്പോൾ മറുത്ത് ഒരു വാക്കു പറയാൻ ആരും ഉണ്ടാകരുത്. ഞാൻ ഈ നിമിഷം കലാസമിതിയിൽ നിന്ന് ഒഴിവാകുകയാണ്. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ആത്മഹത്യാമുനമ്പിലേക്ക് സ്വയം നടന്നുകയറാൻ ഞാനില്ല.”
അത്രയും പറഞ്ഞ് നീ യോഗത്തിൽ നിന്നിറങ്ങിപ്പോയി. അതേ യോഗത്തിൽ വച്ചുതന്നെ നിന്നെ കലാസമിതിയിൽനിന്ന് പുറത്താക്കാനുളള നടപടികൾ തുടങ്ങി.
ശ്രീധരൻമാഷ് നിന്നെ ‘മര്യാദയില്ലാത്ത മൃഗം’ എന്ന് വിശേഷിപ്പിച്ചപ്പോൾ എനിക്ക് മാഷോട് ചിലത് പറയാതിരിക്കാൻ കഴിഞ്ഞില്ല.
“മര്യാദ! മര്യാദ രാമന്മാരായി ജീവിച്ചുപോയ ആളുകളാണോ മാഷേ ഈ ലോകത്തെ ഇങ്ങനെയൊക്കെ മാറ്റിത്തീർത്തത്? നമ്മുടെ അപ്പുമാഷും രാമേട്ടനും സെയ്‌താലിക്കുട്ടീം നാട്ടുകാരുടെ മുന്നില് എപ്പോഴെങ്കിലും മര്യാദക്കാരായിട്ടുണ്ടോ? രാവിലെ എഴുന്നേറ്റ് കുളിച്ച്, കുറിതൊട്ട് പകലന്തിയോളം ജോലിക്കുപോയി തിരിച്ചുവന്ന് രാത്രിയിൽ ഭാര്യയുമായി രമിച്ച് കിടന്നുറങ്ങിയെഴുന്നേൽക്കുന്ന മര്യാദരാമന്മാർക്കുവേണ്ടി ആരെയും ഭയക്കാതെ തെരുവുകളിൽ സ്വാതന്ത്ര്യത്തിന്റെ ജീവവായു പടർത്തിയതും അവരുടെ ജീവിതത്തിന് അർത്ഥവും വ്യാപ്തിയുമുണ്ടാക്കിയതും നമുക്കുമുമ്പേ നടന്നുപോയ കുറെ തെമ്മാടികളാണ്. അവരുടെ ഓർമ്മകളിൽ നിന്നാർജ്ജിച്ച ഊർജ്ജത്തിന്റെ അവശേഷിപ്പുകളാണ് ഈ കൂട്ടായ്‌മയെപ്പോലും നിലനിർത്തുന്നത്.”
പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു. ശ്രീധരൻമാഷുടെ മുഖം വലിഞ്ഞുമുറുകുന്നത് ഞാൻ കണ്ടു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എന്നെ ഒരു അന്യനെപ്പോലെ നോക്കാൻ തുടങ്ങി. സഹിച്ചും നയിച്ചും ഉണ്ടാക്കിയ ഈ കലാസമിതി കെട്ടിക്കാഴ്‌ച്ചകൾക്കുവേണ്ടി അത്രയെളുപ്പത്തിൽ എറിഞ്ഞുകൊടുക്കുവാൻ ഞാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് അന്ന് ഞാൻ നിന്റെ കൂടെ ഇറങ്ങിവരാതിരുന്നതും. പക്ഷേ ഒഴുക്കിനെതിരെ നീന്തുക അത്രയൊന്നും എളുപ്പമല്ലല്ലോ.
Generated from archived content: nandi4.html Author: biju_kunnoth