നോവൽ – 3

ഒരു ദിവസം നമ്മൾ ഇരുവരും നാട്ടിൽ എത്തുവാൻ രാത്രിയേറെ വൈകിയിരുന്നു. ചെറുകുന്ന്‌ അമ്പലത്തില്‌ ഉത്സവം കാണാൻ പോയിവരുമ്പോൾ വണ്ടിയിടിച്ച്‌ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹനേട്ടന്റെ കൂടെ പോയി മടങ്ങിയെത്താനാണ്‌ ഏറെ വൈകിയത്‌. ഏകദേശം രാത്രി 1 മണിയോളം ആയിക്കാണും. ക്ലബ്ബ്‌ കെട്ടിടത്തിന്റെ രണ്ടാം നിലയായ എ.പി.രാമേട്ടൻ സ്‌മാരക ഹാളിൽനിന്ന്‌ ഒച്ചയനക്കം കേട്ടാണ്‌ നമ്മൾക്ക്‌ സംശയമായത്‌. കയറി നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന്‌ സാക്ഷയിട്ടുണ്ടായിരുന്നു. മുട്ടി വിളിച്ചുനോക്കി. ഏറെനേരം പ്രതികരണമൊന്നുമില്ല. പിന്നെ ഉച്ചത്തിൽ വിളിക്കാൻ തുടങ്ങവെ വാതിൽ തുറന്നു. രാജീവനും സുഗന്ധിചേച്ചിയും!

അവർക്ക്‌ തോന്നിയതിനേക്കാൾ വലിയ ഒരു ഭാരം നമുക്ക്‌ ഉളളിൽ അനുഭവപ്പെട്ടു. എം.വി.രാമേട്ടൻ സ്‌മാരകഹാളിൽ… ഇവരെ ഇവിടെനിന്ന്‌ പിടികൂടിയെന്നറിഞ്ഞാൽ സമരവീര്യത്തിന്റെ ആയിരം തീനാമ്പുകൾ നമ്മെ ഏൽപ്പിച്ചുപോയ രാമേട്ടനെ ഇത്രയേറെ അപമാനിക്കാനില്ല. കൂടെ അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതി പ്രവർത്തകൻ ആണെന്നുകൂടി പത്രവാർത്തയെങ്ങാനും വന്നുപോയാൽ ചരിത്രത്തിലൂടെ നടന്നുപോയ അപ്പുമാസ്‌റ്ററെ തെരുവിൽ നഗ്‌നനാക്കി മർദ്ദിക്കുന്നതിന്‌ തുല്യമായിരിക്കും അത്‌. ശൂന്യത നിറഞ്ഞ ഭൂതകാലത്തിനും പ്രതീക്ഷയറ്റ ഭാവികാലത്തിനുമിടയ്‌​‍്‌ക്ക്‌ പൊളളുന്ന ഒരു വർത്തമാനകാല നിമിഷത്തിൽ നാം അൽപ്പനേരം പകച്ചു നിന്നുപോയി. ഒന്നും ചെയ്യാൻ കഴിയാതെ!

സുഗന്ധിചേച്ചി വീട്ടിലേക്ക്‌ പോയി. രാജീവനെയും കൂട്ടി മങ്ങിയ നിലാവെളിച്ചത്ത്‌ നമ്മൾ ശ്രീധരൻ മാഷിന്റെ വീട്ടിലേക്ക്‌ പോയി.

മാഷ്‌ എഴുന്നേറ്റു വന്നു. കാര്യങ്ങൾ മാഷോട്‌ വിശദീകരിച്ചു പറഞ്ഞു. ഏറെനേരത്തെ മൗനത്തിനുശേഷം മാഷ്‌ ഇങ്ങനെ പറഞ്ഞു തുടങ്ങി.

“ശിവദാസാ, രാജീവൻ ഇപ്പോൾ ചെയ്‌തത്‌ തെറ്റല്ലാ എന്നൊന്നും ഞാൻ പറയുന്നില്ല. ഒരു തെറ്റൊക്കെ ആർക്കും പറ്റൂല്ലേ ശിവദാസാ? അവന്റെ പ്രായവും അങ്ങനെയല്ലേ? നാട്ടിലിപ്പം സാമാന്യം നല്ല വെലയുണ്ടവന്‌. അവന്റെ പെങ്ങളെ കല്യാണമൊക്കെ കഴിയാനും ഉണ്ട്‌. ആ നിലയ്‌ക്ക്‌ നിങ്ങളായിട്ട്‌ അവന്റെ ജീവിതം തകർത്തു കളയണോ എന്നാണ്‌ എനിക്ക്‌ ചോദിക്കാനുളളത്‌.”

നമ്മൾ ഇരുവരും ഒന്നും പറയാനാകാതെ ഇരുന്നുപോയി. ശ്രീധരൻ മാഷ്‌ വളരെ പ്രാക്‌ടിക്കലായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം നീ തിരിച്ചു വരുമ്പോൾ പറഞ്ഞതും എനിക്കോർമ്മയുണ്ട്‌. ശ്രീധരൻ മാഷ്‌ടെ വീട്ടിൽ നിന്നിറങ്ങിയിട്ടും ക്ലബ്ബിന്റെ മുകളിൽ ആകാശത്തേക്ക്‌ കണ്ണുമിഴിച്ച്‌ നമ്മൾ ഏറെനേരം കിടന്നു.

എ.പി. രാമേട്ടൻ, അപ്പുമാസ്‌റ്റർ, കെ.വി. കുഞ്ഞിമൂസ, പി.സി.സുമേഷ്‌,… ഓർമ്മകളിൽ തീപ്പന്തം ജ്വലിപ്പിച്ചുകൊണ്ട്‌ അവരൊക്കെയും നമ്മൾക്കരികിലൂടെ കടന്നുപോകുന്നതുപോലെ തോന്നി. വഴിതെറ്റാതെ, കാലിടറാതെ നമുക്കു മുമ്പേ കാലത്തെ നയിച്ചവർ. നാട്ടിലെ ഓരോ കൊച്ചുകുടിലിലും അറിവിന്റെ മൺചെരാതുകൾ കൊളുത്തിയിട്ടവർ ഓർമ്മകളുടെ ഇരമ്പൽ അവസാനിച്ചത്‌ പിറ്റേന്നാൾ നേരം വെളുത്തപ്പോൾ മാത്രമായിരുന്നുവല്ലോ.

അതിനുശേഷം വിളിച്ചുകൂട്ടിയ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയോഗത്തിൽ രാജീവനെ ക്ലബ്ബിൽ നിന്ന്‌ പുറത്താക്കണമെന്നുളള നമ്മുടെ ആവശ്യത്തെ ശ്രീധരൻമാഷ്‌ ഒഴികെ എല്ലാവരും എതിർത്തു. മാഷ്‌ ഏതോ ചില ഒത്തുതീർപ്പുകളുടെ, പൊരുത്തപ്പെടലിന്റെ അസ്വസ്ഥജനകമായ ഒരു മൗനത്തിന്റെ വാത്‌മീകത്തിലായിരുന്നു. മൗനത്തിന്റെ വാത്‌മീകത്തിനുളളിൽ!

വിജയനും ബാലനും ചേർന്ന്‌ എന്നെ നോവിക്കുംവിധം എന്തൊക്കെയോ പറഞ്ഞു. രാജീവനോട്‌ എനിക്ക്‌ വ്യക്തിപരമായ വിരോധമാണെന്നായിരുന്നു രവിയുടെ ആരോപണം. എല്ലാറ്റിനും സ്വയം മറുപടി പറഞ്ഞുകൊണ്ട്‌ ഭ്രാന്തുപിടിപ്പിക്കുന്ന ഒരു നിശ്ശബ്‌ദതയെ വാരിപ്പുതച്ചുകൊണ്ടിരിക്കുവാനെ നമുക്ക്‌ കഴിഞ്ഞുളളൂ.

രാജീവൻ അപ്പുമാസ്‌റ്റർ സ്‌മാരക കലാസമിതിയിൽ തുടരുക തന്നെ ചെയ്‌തു. പിന്നീടിങ്ങോട്ട്‌ താളപ്പിഴകളുടെ ശവഘോഷയാത്രയായിരുന്നു. ചരിത്രത്തിന്റെ തിരിച്ചൊഴുക്ക്‌, ഉരുൾപൊട്ടൽ പോലെ എല്ലാറ്റിനെയും ഉലച്ചു കളഞ്ഞുവല്ലോ.

Generated from archived content: nandi3.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here