വെളളിത്തിരയിൽ ഒരു സാഹിത്യസ്പർശം

എൻ. ശശിധരൻ എന്ന പേര്‌ മലയാള സാഹിത്യത്തിന്‌ അപരിചിതമല്ല. സാഹിത്യനിരൂപണരംഗത്തും നാടകരംഗത്തും ഇപ്പോൾ തിരക്കഥാരചനയിലും ശശിധരന്റെ സാന്നിധ്യം പ്രകടമാണ്‌. സംസ്ഥാന അമേച്വർ നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘കേളു’വിലൂടെ ശശിധരനും ഇ.പി.രാജഗോപാലനും നാടകരംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ-രാഷ്‌ട്രീയ സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌ ശശിധരൻ തിരക്കഥ രചിച്ച ‘നെയ്‌ത്തുകാരൻ’. ‘നെയ്‌ത്തുകാരൻ’ ഒരു രാഷ്‌ട്രീയ സിനിമയുടെ ലേബലിൽ ഒതുങ്ങിപ്പോവുന്ന ഒരു സൃഷ്‌ടിയല്ലെന്ന്‌ അതിനെക്കുറിച്ച്‌ വന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ശ്രീ.എൻ.ശശിധരൻ സിനിമ, നാടകം, സാഹിത്യം എന്നിവയെക്കുറിച്ച്‌ നമ്മോട്‌ സംസാരിക്കുന്നു.

ചോഃ കാലത്തിന്റെ ആസുരതകൾ, ജീവിതത്തിൽ നിറയുന്ന അസ്വസ്ഥതകൾ, കാലിക സാമൂഹ്യാവസ്ഥകൾ -ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ട്‌ സഞ്ചരിക്കുകയാണ്‌ മലയാള സിനിമ. പുതിയ സിനിമകളുടെ ഇതിവൃത്തങ്ങളൊന്നുംതന്നെ ജീവിതത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ വ്യാകുലപ്പെടുന്നില്ല. താങ്കളുടെ ‘നെയ്‌ത്തുകാരന്‌’ ഇത്തരം പതിവ്‌ രീതികളിൽ നിന്ന്‌ വേറിട്ട്‌ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടോ? ‘നെയ്‌ത്തുകാരനെ’ മുൻനിർത്തി സിനിമയുടെ നവഭാവുകത്വം, പ്രതിരോധം, സാമൂഹ്യപ്രതിബദ്ധത എന്നിവയെക്കുറിച്ച്‌ സംസാരിക്കാമോ?

ഉഃ മലയാള സിനിമയുടെ വർത്തമാന സാഹചര്യങ്ങൾ നല്ല സിനിമയുടെ നിർമ്മിതിക്കും പ്രദർശനത്തിനും ഒട്ടും സഹായകരമല്ല. ജീവിതയാഥാർത്ഥ്യങ്ങൾക്ക്‌ ബദലായി നിർമ്മിച്ചെടുക്കുന്ന കപടവും ജനവിരുദ്ധവുമായ ഒരു പ്രതിയാഥാർത്ഥ്യത്തിലാണ്‌ മലയാള സിനിമാ വ്യവസായം നിലനിൽക്കുന്നത്‌ തന്നെ. അതുകൊണ്ട്‌ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുക എന്ന കലാകാരന്റെ അടിസ്ഥാനപരമായ ബാധ്യത ഏറ്റെടുക്കേണ്ട പ്രശ്‌നം മുഖ്യധാര സിനിമാപ്രവർത്തകർക്ക്‌ ഇല്ല. ‘നെയ്‌ത്തുകാരൻ’ അത്തരത്തിലുളള ഒരു ശ്രമമാണ്‌ എന്നു പറയാം. ‘നെയ്‌ത്തുകാരനെ’ മുൻനിർത്തി ഭാവുകത്വം, പ്രതിരോധം, പ്രതിബദ്ധത തുടങ്ങിയവയെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആളല്ല.

ചോഃ ഒരു നല്ല സിനിമയ്‌ക്ക്‌ കഥ ആവശ്യമാണെന്ന്‌ തോന്നുന്നുവോ? കഥ പറഞ്ഞു തീർക്കുവാനുളള ഒരു മാധ്യമം മാത്രമായി ഒതുങ്ങുകയാണോ സിനിമ?

ഉഃ സിനിമയ്‌ക്ക്‌ കഥ വേണമെന്നില്ല; സാഹിത്യരൂപമെന്ന നിലയിൽ ഫിക്ഷൻ എന്ന്‌ വ്യവഹരിക്കപ്പെട്ടുവരുന്ന സംവർഗ്ഗമാണ്‌ ‘കഥ’ എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കിൽ കഥ&നോവൽ തുടങ്ങിയവയുടെ ആഖ്യാനരീതിയല്ല സിനിമയുടേത്‌. അതിന്‌ സ്വന്തമായ ഒരു ആഖ്യാനശാസ്‌ത്രം ഉണ്ട്‌. പക്ഷേ, ഏത്‌ സിനിമയും ഒരു നല്ല പ്രമേയം ആവശ്യപ്പെടുന്നുണ്ട്‌. ആ പ്രമേയത്തിന്റെ ശക്തിയും മൗലികതയും സിനിമയുടെ അനന്യതയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നു.

സിനിമകൾ കഥ പറയുന്നില്ല. മാധ്യമപരമായ ദൃശ്യസാധ്യതകൾക്ക്‌ അനുസരിച്ച്‌ സിനിമയുടെ കഥയെ പാകപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ ഏത്‌ നല്ല സിനിമയ്‌ക്കും ‘കഥ’യെ അതിജീവിക്കുന്ന ഒരു ദൃശ്യവ്യാഖ്യാനമുണ്ടാകും. നല്ല കഥകൾ പലപ്പോഴും നല്ല സിനിമകളായിത്തീരുന്നില്ല.

‘നമ്മുടെ കച്ചവട സിനിമകളിൽപോലും “കഥ പറഞ്ഞുതീർക്കാനുളള ഒരു മാധ്യമം” മാത്രമായി തീരുന്നില്ല സിനിമ. ചലച്ചിത്രഭാഷയുടെ രൂപപരവും സൗന്ദര്യശാസ്‌ത്രപരവുമായ വികാസങ്ങൾ മുഖ്യധാര സിനിമയും ഉൾക്കൊണ്ടു തുടങ്ങിയിരിക്കുന്നു.

ചോഃ ഒരു കാലത്ത്‌ സമൂഹത്തോട്‌ നിരന്തരം സംവദിച്ചിരുന്ന നാടകവേദികൾ ഇന്ന്‌ നിർജ്ജീവമാണ്‌. പരമ്പരകളെപ്പോലെ, പൈങ്കിളിക്കഥപോലെ ’കണ്ണീർപാത്ര‘ങ്ങളായി അധഃപതിച്ചിരിക്കുന്നു പ്രൊഫഷണൽ നാടകവേദി. ഇത്തരം നിർജ്ജീവതയെ എങ്ങനെ വിലയിരുത്തുന്നു?

ഉഃ പ്രേക്ഷകർക്കും കലാകാരന്മാർക്കുമിടയിൽ അദൃശ്യമായ ഒരു ജൈവബന്ധം സൃഷ്‌ടിക്കുന്ന കാഴ്‌ചയുടെ കലയാണ്‌ നാടകം. എന്നാൽ നാടകത്തിലെ കാഴ്‌ച കേവലമായ കാഴ്‌ചയല്ല. സമൂഹം എന്ന പൊതുവായ ഒരിടം ലക്ഷ്യംവച്ചാണ്‌ ഏത്‌ നാടകക്കാഴ്‌ചയും ഒരുക്കപ്പെടുന്നത്‌. നിലനിൽക്കുന്ന സമൂഹത്തിന്റെ പൊതുവായ മൂല്യവ്യവസ്ഥയ്‌ക്കും പ്രത്യയശാസ്‌ത്രധാരകൾക്കുമിടയിൽ ഏതെങ്കിലും തരത്തിലുളള ഒരിടപെടൽ ഏത്‌ നാടകവും സാധ്യമാക്കുന്നുണ്ട്‌. അതുകൊണ്ട്‌ നാടകം കേവലമായ കാഴ്‌ചയല്ല, കാഴ്‌ചയെ കാഴ്‌ചപ്പാടാക്കുന്ന കലയാണ്‌ എന്ന്‌ പറയാം.

നാടകവേദിയുടെ ഇന്നത്തെ അപചയത്തിന്റെ കാരണം തീർത്തും സാമൂഹികമാണ്‌. പ്രൊഫഷണൽ എന്ന പേരിൽ അറിയപ്പെടുന്ന കച്ചവടനാടകസംഘങ്ങൾ നാടകവേദിയിലെ യഥാർത്ഥമായ ശൂന്യതകൾ മുതലെടുക്കുന്നു എന്നേയുളളൂ. അതിവേഗം അരാഷ്‌ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ആത്മീയ ശൂന്യതകൾ അവർ ’ക്യാഷ്‌‘ ചെയ്യുന്നു എന്നുമാത്രം. വർത്തമാനകാലജീവിതത്തിന്റേയും സാമൂഹികയാഥാർത്ഥ്യങ്ങളുടെയും യഥാർത്ഥസംഘർഷങ്ങൾ അരങ്ങിലെത്തിക്കാൻ കഴിഞ്ഞാൽ ഈ ഇക്കിളിനാടകങ്ങളെ ജനങ്ങൾ തിരസ്‌ക്കരിക്കുമെന്ന്‌ തീർച്ച.

ചോഃ പുതിയ കാലത്ത്‌ നാടകത്തെക്കാൾ മികച്ച മാധ്യമം സിനിമയാണെന്ന്‌ കരുതുന്നുവോ?

ഉഃ സിനിമയുടെ ദൃശ്യപരതയ്‌ക്ക്‌ ദേശഭാഷാഭേദങ്ങളില്ലാത്ത സാർവ്വലൗകികമായ സംവേദന സാധ്യതകളുണ്ട്‌. അതുകൊണ്ട്‌ സിനിമ എന്ന കലാരൂപത്തിന്‌ എക്കാലത്തെയും മനുഷ്യാവസ്ഥയുടെ മൂർത്തചിത്രങ്ങൾ ആവിഷ്‌ക്കരിക്കാൻ കഴിയും.

എന്നാൽ മറ്റൊരു മാധ്യമത്തിനുമില്ലാത്ത ചില സവിശേഷതകൾ നാടകത്തിനുണ്ട്‌. മുമ്പേ പറഞ്ഞ ’ജൈവപരത‘ നാടകത്തിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. പ്രേക്ഷകനെ നിഷ്‌ക്രിയനും പ്രതികരണശേഷിയറ്റവനുമാക്കിത്തീർക്കുന്ന ഇലക്‌ട്രോണിക്‌ മാധ്യകങ്ങളിൽനിന്ന്‌ കലയുടെ യഥാർത്ഥമായ ജനകീയതയും കൂട്ടായ്‌മയും അനുഭവിപ്പിക്കുന്ന നാടകത്തിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌ അനിവാര്യമായിത്തീരും എന്ന്‌ ഞാൻ വിശ്വസിക്കുന്നു.

ചോഃ അനാവശ്യമായ വിവാദങ്ങളിലാണ്‌ മലയാള കഥാസാഹിത്യം. ഇത്തരം മൂല്യച്യുതിയെക്കുറിച്ച്‌…

ഉഃ എല്ലാ വിവാദങ്ങളും മാധ്യമങ്ങളുടെ സൃഷ്‌ടിയാണ്‌. എഴുന്നളളിച്ചു നടക്കാൻ വിഗ്രഹങ്ങൾ ഉണ്ടെങ്കിലേ മാധ്യമങ്ങളുടെ ഉൽപ്പാദന-വിതരണ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയുളളൂ. എന്നാൽ യഥാർത്ഥസാഹിത്യം ഈ ദൂഷിതവലയങ്ങൾക്ക്‌ അപ്പുറത്താണ്‌. കഥയിലും കവിതയിലും നോവലുകളിലും നാടകങ്ങളിലുമെല്ലാം നമ്മുടെ കാലത്തിന്റെ യഥാർത്ഥസ്പന്ദനങ്ങൾ ഉളള രചനകൾ ഉണ്ടാകുന്നുണ്ട്‌. മാധ്യമ താൽപര്യങ്ങൾക്കിടയിൽ അവ താൽക്കാലികമായി പിൻതളളപ്പെടുന്നുണ്ടാവാം. പക്ഷേ, നാളേയ്‌ക്കുവേണ്ടി കാലം അവ ബാക്കിനിർത്തും എന്ന്‌ എനിക്കുറപ്പുണ്ട്‌.

വിലാസം

എൻ.ശശിധരൻ,

’കൈലാസം‘,

കാവുംഭാഗം,

തലശ്ശേരി -670 110.

Generated from archived content: interview_nsasidharan.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here