കാട്ടുമണ്ണിലെ കഥയുറവുകൾ – പി.വത്സലയുമായി മുഖാമുഖം

കാട്ടരുവിയുടെ ഊഷ്‌മളതയും മണ്ണിന്റെ സ്‌നേഹമസൃണമായ ഗന്ധവും പ്രകൃതിയുടെ സംഗീതവും നിറഞ്ഞ പി.വത്‌സലയുടെ സർഗ്ഗസൃഷ്‌ടികൾ ഇന്നും നന്മയുടെ വെളിച്ചം പരത്തുന്നു. അനുഭവങ്ങളുടെ പരപ്പുകൊണ്ട്‌, പ്രൊഫഷണലിസത്തിന്റെ പഴക്കംകൊണ്ട്‌ വത്‌സലയുടെ കഥകൾ തീർക്കുന്ന വിസ്‌മയജാലകങ്ങൾ മലയാളിയ്‌ക്ക്‌ സുപരിചിതമാണ്‌. ഗ്രാമീണതയുടെ, പ്രകൃതിയുടെ തുടിപ്പുകൾക്കുമീതെ, മനുഷ്യനും പ്രകൃതിയും ഒന്നുചേർന്ന്‌ കഴിഞ്ഞുപോന്നിരുന്ന താളനിബന്ധമായ ജീവിതോത്സവങ്ങൾക്കുമീതെ ആർത്തി പിടിച്ച നഗരം ഇരച്ചുകയറുമ്പോൾ വല്ലാതെ പിടഞ്ഞുപോകുന്ന സർഗ്ഗാത്മക മനസ്സ്‌ വത്സലക്കഥകളിൽ ഉടനീളം കാണാൻ കഴിയുന്നു. നോവലിസ്‌റ്റും കഥാകൃത്തുമായ പി.വത്‌സല തന്റെ എഴുത്തിനെക്കുറിച്ച്‌, പുതിയ ജീവിതപരിസരങ്ങളെക്കുറിച്ച്‌, പ്രകൃതിയെക്കുറിച്ച്‌ വാചാലയാകുന്നു.

വായനയിലൂടെ ആയിരുന്നു വത്‌സല രചനയുടെ ലോകത്ത്‌ എത്തുന്നത്‌. കഥയുടെ വിശാലഭൂമികയാണ്‌ തന്റെ പ്രതിഭയുടെ ആർജ്ജവമത്രയും ഉൾക്കൊളളുന്നത്‌ എന്ന്‌ തിരിച്ചറിയുന്നതിന്‌ മുമ്പ്‌ കവിതയും നിരൂപണവും ഒന്നും വത്‌സലയ്‌ക്ക്‌ അന്യമായിരുന്നില്ല. തികച്ചും വൈയ്യക്തികമായ സംഘർഷങ്ങളാണ്‌ വത്‌സലക്കഥകളിൽ ഏറെയും കാണാൻ കഴിയുക. പക്ഷേ ഇതിവൃത്തം വൈയ്യക്തികമായാലും അത്‌ എത്രത്തോളം സത്യസന്ധമാണോ അത്രത്തോളം തന്നെ അവ ‘പൊതു’വായ ഒന്നായിത്തീരും എന്നതാണ്‌ വത്‌സലക്കഥകൾ തെളിയിക്കുന്നത്‌. ഈ യാദൃശ്ചികതയെക്കുറിച്ച്‌ കഥാകൃത്ത്‌ പറയുന്നതിങ്ങനെയാണ്‌ഃ

“എന്റെ കഥകളിലും നോവലുകളിലും അധികവും തികച്ചും വ്യക്തിപരമായ അനുഭവങ്ങൾ മാത്രമാണ്‌. അങ്ങനെയല്ലാത്തവ ഉണ്ടോ എന്നുതന്നെ സംശയമാണ്‌. കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും അധികവും ഞാൻ കണ്ടിട്ടുളളതോ കേട്ടറിഞ്ഞതോ ആണ്‌. നിങ്ങൾ പറഞ്ഞതുപോലെ എന്റെ സൃഷ്‌ടികൾ പൊതുവായി തീരുന്നുവെങ്കിൽ ഏറെ സന്തോഷം. അങ്ങനെയാണ്‌ ആകേണ്ടതും. എന്റെ കഥകളിലൂടെ ഞാൻ പങ്കുവെയ്‌ക്കുന്നത്‌ വെറും പുറംജീവിതത്തിന്റെ സംഘർഷങ്ങളല്ല, ആന്തരികജീവിതത്തിന്റെ സംഘർഷങ്ങളും ചിന്തകളും തിരിച്ചറിവുകളുമാണ്‌.”

രചനാവേളയിൽ ഇതിവൃത്തത്തിൽ മാത്രമാണ്‌ ഏറെ ശ്രദ്ധ ചെലുത്താറുളളതെന്ന്‌ വത്‌സല അഭിപ്രായപ്പെട്ടു. വത്‌സലക്കഥകളുടെ ഘടന ഏതൊരു നവകഥാകൃത്തിനും പാഠമാക്കാവുന്നതാണ്‌. ഘടന വളരെ നാച്ച്വറലായി രൂപപ്പെട്ടുവരുന്ന ഒന്നാണെന്നും അത്തരം കാര്യങ്ങളിൽ ഏറെ ശ്രദ്ധിച്ചാൽ സൃഷ്‌ടി വെറും കൃത്രിമമായിത്തീരുമെന്നും കഥാകൃത്ത്‌ അഭിപ്രായപ്പെട്ടു.

സാഹിത്യത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ചും രചനാസങ്കേതങ്ങളെക്കുറിച്ചുമുളള ചിന്തകളൊന്നും വത്‌സലയുടെ കഥകളുടെ സ്വാഭാവികത നഷ്‌ടപ്പെടുത്താറില്ല. സാഹിത്യത്തിലെ ആൺപെൺ വിഭജനങ്ങളും മറ്റും ഈ കഥാകാരിയുടെ സർഗ്ഗാത്മകമനസ്സിനെ ബാധിച്ചിട്ടുമില്ല.

“ഞാൻ ജീവിതത്തെക്കുറിച്ച്‌ എഴുതുന്നു. സിദ്ധാന്തങ്ങൾ വച്ച്‌ ഇഴകീറി പരിശോധിച്ചിട്ടൊന്നുമല്ല എഴുതുന്നത്‌. എഴുത്ത്‌ ജീവിതത്തിൽ നിന്ന്‌ തുടങ്ങുന്നു. സിദ്ധാന്തങ്ങളും സങ്കേതങ്ങളുമെല്ലാം നിരൂപകരുടെ വിഷയമാണ്‌.”

പെണ്ണെഴുത്ത്‌, ദളിതെഴുത്ത്‌ അങ്ങനെയൊക്കെ വിഭജനം ആവശ്യമുണ്ടോ?

“ഒരു സ്‌ത്രീ എഴുതുമ്പോൾതന്നെ അതിൽ സ്‌ത്രീപക്ഷ നിലപാടുകൾ ഉണ്ടാകും. എല്ലാവരും എഴുതുന്നത്‌ ജീവിതത്തെക്കുറിച്ചുതന്നെയാണ്‌ ദളിതൻ അവന്റെ ജീവിതത്തെക്കുറിച്ച്‌, ദരിദ്രൻ അവന്റെ ജീവിതത്തെക്കുറിച്ച്‌, നഗരവാസി അവന്റെ ജീവിതത്തെക്കുറിച്ച്‌ പിന്നെ വിഭജനത്തിന്റെ ആവശ്യം എന്താണ്‌? ‘ദളിതൻ അല്ലാതിരുന്നിട്ടും ഞാൻ ദളിത്‌ എഴുത്തുകാരനായി’ എന്ന്‌ സ്വയം ബ്രാന്റ്‌ നിർണ്ണയിക്കുന്നതൊക്കെ വിപണി ലക്ഷ്യമാക്കി എഴുതുന്നവരാണ്‌. ഇപ്പോൾ അതിനാണല്ലോ മാർക്കറ്റ്‌ കൂടുതൽ.”

പ്രകൃതിയും മനുഷ്യനും തമ്മിലുളള ആത്മബന്ധത്തിന്റെ അടയാളങ്ങൾ വത്‌സലയുടെ സൃഷ്‌ടികളിൽ ഓരോന്നിലും കണ്ടെത്താൻ കഴിയും. മണ്ണിനും പ്രകൃതിക്കുമെതിരെ പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതുപോലെ പുതിയകാലത്തെ മനുഷ്യർ ചെയ്‌തുകൂട്ടുന്ന ദാക്ഷണ്യമില്ലാത്ത പ്രവൃത്തികളെക്കുറിച്ച്‌ മൂല്യബോധമുളള ഒരു എഴുത്തുകാരനും മൗനം പാലിക്കാൻ കഴിയില്ല.

“കേരളീയന്റെ ജീവിതം ഇന്ന്‌ കടന്നുപോകുന്നത്‌ തികച്ചും സംഘർഷഭരിതമായ ഒരു കാലത്തുകൂടിയാണ്‌. ഉപഭോഗതൃഷ്‌ണയുടെ കുത്തൊഴുക്കിൽ മൂല്യാധിഷ്‌ഠിതമായ യാതൊരു വിചാരങ്ങളുമില്ലാത്ത ആർത്തിപിടിച്ച ഒരു ജനതയായി നാം മാറിക്കൊണ്ടിരിക്കുന്നു. ശുദ്ധജലം ലഭിക്കുന്ന കിണറുകളെല്ലാം മണ്ണിട്ട്‌ മൂടുകയും കുഴൽ കിണറുകൾ കുത്തി മലിനജലം കുടിക്കുകയുമാണ്‌ നാം ചെയ്യുന്നത്‌. പുഴയിൽനിന്ന്‌ മണൽ വാരിയെടുത്ത്‌ അതിനെ കൊല്ലാക്കൊല ചെയ്യുമ്പോൾ, വയൽ നികത്തുമ്പോൾ നമുക്ക്‌ യാതൊരു സങ്കോചവുമില്ല; മനസ്സിന്‌ യാതൊരു വേദനയുമില്ല. ഉപഭോഗ സംസ്‌ക്കാരത്തിന്റെ അധീശത്വത്തെ ചെറുക്കുന്നതിൽ ഇവിടുത്തെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾപോലും ദുർബ്ബലമായിപ്പോകുന്നു. ഒരു തൊഴിലാളിയുടെ മകളുടെ വിവാഹം പോലും മഹാസമ്മേളനം പോലെയാണ്‌ നടത്തപ്പെടുന്നത്‌. കാടും മലയും നദിയുമെല്ലാം നശിപ്പിക്കപ്പെടുന്നതിൽ ആർക്കാണ്‌ വേദനയുളളത്‌? മനുഷ്യനുവേണ്ടി മാത്രമുളള ഒരു സങ്കേതമാക്കി പ്രകൃതിയെ മാറ്റാനുളള ശ്രമമാണ്‌ പാശ്ചാത്യരാജ്യങ്ങളിൽ നടക്കുന്നത്‌. അമേരിക്കയിലൊക്കെ കിലോമീറ്ററുകളോളം പുൽത്തകിടിയിലൂടെ സഞ്ചരിച്ചാലും ഒരു പുൽച്ചാടിയെപ്പോലും കാണാൻ കഴിയില്ല. കാടുകളിൽ ജീവികൾ വളരെ കുറവാണ്‌ അവിടെ. കീടനാശിനികൾ കൊണ്ട്‌ എല്ലാത്തിനെയും കൊല്ലുന്നു. പക്ഷേ ഭാരതീയന്‌ പ്രകൃതിയുമായി വേറിട്ട്‌ ജീവജാലങ്ങളിൽ നിന്നകന്ന്‌ മനുഷ്യനുവേണ്ടി ലോകം എന്ന ചിന്തപോലും പാടില്ല. കാരണം നമ്മുടെ പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത്‌ പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഒരു ജീവിത സംസ്‌ക്കാരമാണ്‌. പ്രകൃതിയിൽ നിന്ന്‌ എത്രയൊക്കെ അകന്നുപോയാലും മനുഷ്യന്റെ പാരിസ്ഥിതികമായ സംഘർഷങ്ങൾ ബാക്കിയാകും. എന്റെ എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോവൽ ഇത്തരത്തിലുളള ഒരു ഇതിവൃത്തത്തെക്കുറിച്ചുളളതാണ്‌- ‘മരണത്തിന്റെ നിറം’. നമുക്ക്‌ നഷ്‌ടപ്പെടുന്ന നന്മകളെക്കുറിച്ച്‌ ഒന്നും തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല.”

എഴുത്തുകാരന്റെ വർഗ്ഗനിലപാടുകളെക്കുറിച്ച്‌ സംസാരിച്ചപ്പോൾ വത്‌സലയിൽനിന്നും ഉടൻ മറുപടി ലഭിച്ചു.

“വർഗ്ഗവിഭജനം അത്‌ മതത്തിന്റെ പേരിലായാലും സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിലായാലും ‘വർഗ്ഗീയത’ തന്നെയാണ്‌. എന്റെ നിലപാടുകൾ എപ്പോഴും മനുഷ്യവർഗ്ഗത്തിന്റെ നന്മയ്‌ക്കൊപ്പമാണ്‌. പ്രകൃതിയ്‌ക്കും മനുഷ്യനും ഒപ്പം. പ്രകൃതിയും മനുഷ്യനും പോലും ഒരേ വർഗ്ഗത്തിന്റെ രണ്ടു തലങ്ങളാണ്‌.”

ചെറുകഥയുടെ വികാസത്തെക്കുറിച്ചും വത്‌സലയ്‌ക്ക്‌ ശുഭപ്രതീക്ഷകൾ തന്നെയാണുളളത്‌.

“വൈവിധ്യമാർന്ന രചനാരീതികൾ വരുന്നുണ്ട്‌. അതിൽ ചിലർ നിലനിൽക്കുകതന്നെ ചെയ്യും. മലയാളത്തിൽ ഇന്ന്‌ ഏറ്റവും വികസിച്ചു നിൽക്കുന്ന സാഹിത്യശാഖ ചെറുകഥയാണ്‌ എന്നതിൽ സംശയമില്ല.”

കഥയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പ്രതീക്ഷാനിർഭരമായി ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴും നാളത്തെ പ്രകൃതിയുടെ അവസ്ഥകളെക്കുറിച്ച്‌ ആകുലതകളോടെ, അതിലെ പുഴകളേയും പുൽമേടുകളെയും മലകളെയും ചൊല്ലി ഉത്‌ക്കണ്‌ഠകളോടെ പി.വത്‌സല എന്ന കഥാകാരിയുടെ സർഗ്ഗാത്‌മക മനസ്സ്‌ വാചാലമാവുകയാണ്‌.

പി.വത്‌സല

കോഴിക്കോട്‌ മേരിക്കുന്നിൽ താമസം. നെല്ല്‌, ആഗ്‌നേയം, നിലാവുറങ്ങുന്നവഴികൾ, അരക്കില്ലം, വത്‌സലയുടെ തിരഞ്ഞെടുത്ത കഥകൾ തുടങ്ങിയവ പ്രധാന കൃതികൾ. 17-ഓളം നോവലുകളും 23 ഓളം ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്‌. കുങ്കുമം അവാർഡ്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര സാഹിത്യഅക്കാദമി, കേരള സാഹിത്യഅക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം തുടങ്ങിയവയിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

വിലാസംഃ ‘അരുൺ’, 33&715, മേരിക്കുന്ന്‌ പി.ഒ., ഇ.ആർ. ക്യാമ്പ്‌ റോഡ്‌, കോഴിക്കോട്‌ – 673 012. ഇ.മെയിൽഃ pvatsala@yahoo.com

Generated from archived content: interview1_mar23.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here