ക്രിസ്‌തുവിനെ തേടി പ്രതീക്ഷകളോടെ, പ്രാർത്ഥനകളോടെ…… സി.വി.ബാലകൃഷ്‌ണൻ

‘സമാധാനിക്കൂ. രണ്ടായിരം വർഷംമുമ്പ്‌ അവൻ കേൾപ്പിച്ച സദ്‌വാർത്ത യാഥാർത്ഥ്യമാവുകതന്നെ ചെയ്യും. ദരിദ്രർ ഭൂമിയുടെ അവകാശികളാവും. ആകാശവും ഭൂമിയും പുതിയതാവും. ഇവിടെ നന്മ നിറഞ്ഞതാവും. പീഡകളെ ചൊല്ലിയും അനീതിയെ ചൊല്ലിയുമുളള കരച്ചിൽ ഇവിടെ കേൾക്കാതാവും. ആളുകൾ സന്തോഷിക്കും. കണ്ണുകൾ കാണുന്നതൊക്കെയും കേൾക്കുന്നതൊക്കെയും അവരെ സന്തോഷിപ്പിക്കും. വൃക്ഷങ്ങളിൽ നല്ല ഫലങ്ങൾ മാത്രം കായ്‌ക്കും. വയലുകൾ നൂറുമേനി വിളവുതരും. കുട്ടികൾ ആരോഗ്യത്തോടെ വളരും. അവർ പച്ചത്തഴപ്പുകൾക്കിടയിൽ ഉല്ലസിക്കും. കാടുകൾ തഴച്ചും പൂത്തും നില്‌ക്കും. പക്ഷികൾ പാടും. മനുഷ്യർ തമ്മിൽത്തമ്മിൽ സഹോദരാ എന്നുവിളിച്ച്‌ ആശ്ലേഷിക്കും. ജീവിതം നിർമ്മലമാവും.“

കണ്ണാടിക്കടൽ, സി.വി.ബാലകൃഷ്‌ണൻ മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും എല്ലാ നീരുറവകളും വറ്റിപ്പോകുന്ന പുതിയ പുതിയ എഴുത്തിന്റെ നന്മകളിലൂടെ, പാപികളുടെ രക്ഷകനെ; ദരിദ്രപക്ഷത്തിന്റെ രക്ഷകനെ, പോരാളിയും ക്ഷുഭിതനുമായ ദൈവപുത്രനെ കണ്ടെത്താനുളള സർഗ്ഗാത്മകമായ യാത്രകൾ നടത്തുന്ന സി.വി. ബാലകൃഷ്‌ണനുമായി ക്രിസ്‌തുമസിന്റെ -തിരുപ്പിറവിയുടെ പുണ്യദിനസ്‌മരണകളിൽ നടത്തിയ സംഭാഷണത്തിൽനിന്ന്‌.

”ക്രിസ്‌തുമസ്‌ എനിക്ക്‌ എന്റേതുകൂടിയാണ്‌.“ ബാലകൃഷ്‌ണൻ പറയുന്നു. ഒരു ക്രിസ്‌തുമസ്‌ രാത്രിയിലാണ്‌ ’ആയുസ്സിന്റെ പുസ്‌തകം‘ എന്ന നോവലിന്റെ കഥാതന്തു മനസ്സിലാദ്യമായിട്ടുണ്ടാകുന്നതെന്ന്‌ അദ്ദേഹം അനുസ്‌മരിക്കുന്നു.

”1979-ൽ കൽക്കട്ടയിലെ ചൗരംഗിയിൽ ക്രിസ്‌തുമസ്‌ രാത്രിയിൽ ഞാൻ നിൽക്കുമ്പോൾ അകലെ നിന്നും കരോൾസംഘം പാട്ടുകൾ പാടിവരുന്നതു കണ്ടു. മഞ്ഞ്‌ പൊഴിയുന്നുണ്ട്‌. ഞാനും അവരുടെ കൂടെക്കൂടി. അങ്ങനെ നടന്ന്‌ സെന്റ്‌ തോമസ്‌ കത്തീഡ്രലിനടുത്തുകൂടി പോകുമ്പോൾ എന്റെ മനസ്സിലേക്ക്‌ ഓർമ്മകൾ വന്നുകൊണ്ടിരുന്നു. എന്റെ ക്രിസ്‌ത്യൻ സുഹൃത്തുക്കൾ, അവരുമായുളള ബന്ധങ്ങൾ, അവരുടെ ജീവിതം, പളളികൾ ഒക്കെ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. അവിടം തൊട്ടാണ്‌ ഞാൻ ആ കഥയാലോചിച്ചു തുടങ്ങുന്നത്‌.“

ബൈബിളിന്റെ വിശുദ്ധിയെയും മനുഷ്യന്റെ പാപബോധത്തെക്കുറിച്ചും ഇന്നും മലയാളിയുടെ സർഗ്ഗാത്മകമണ്‌ഡലത്തിൽ വാചാലമായിക്കൊണ്ടിരിക്കുന്ന ’ആയുസ്സിന്റെ പുസ്‌തകം‘ എന്ന സി.വി.ബാലകൃഷ്‌ണന്റെ മാസ്‌റ്റർപീസിന്റെ പിന്നിലും ക്രിസ്‌തുമസിന്റെ വെളിച്ചം നിറഞ്ഞു നിൽക്കുന്നു.

ലോകമെങ്ങും ദൈവപുത്രനുളള സ്‌തുതി നിറയുമ്പോൾ അവന്റെ വചനങ്ങളെ അനുസരിക്കാൻ നാം മറന്നുപോകുന്നുവെന്ന ഉത്‌ക്കണ്‌ഠകൾ പങ്കുവെക്കുകയാണ്‌ സി.വി.ബാലകൃഷ്‌ണൻ. പോരാളിയായ ക്രിസ്‌തുവിനെക്കുറിച്ച്‌ അദ്ദേഹം പറയുന്നതിങ്ങനെ.

”ക്രിസ്‌തുവിനെ ഞാൻ കാണുന്നത്‌ ഒരു രക്ഷകനെന്ന നിലയ്‌ക്കല്ല. അനീതിക്കെതിരെ കലാപം നടത്തിയ ഒരു വിപ്ലവകാരിയായാണ്‌. കല്ലിനുമേൽ കല്ലുശേഷിക്കാതെ എല്ലാം തകർക്കുന്നതിനാണ്‌ അവൻ വന്നത്‌. സുവിശേഷങ്ങളിൽ ഒരിടത്ത്‌ ആ വാക്കുകൾ കാണാംഃ “ഭൂമിയിൽ സമാധാനമാണ്‌ ഞാൻ കൊണ്ടുവന്നിരിക്കുന്നത്‌, എന്ന്‌ നിങ്ങൾ വിചാരിക്കരുത്‌. സമാധാനമല്ല വാളാണ്‌ ഞാൻ കൊണ്ടുവന്നിരിക്കുന്നത്‌.” ചെഗുവേരയെപ്പോലുളള പില്‌ക്കാല വിപ്ലവകാരികളിലൊക്കെയും ഞാൻ ക്രിസ്‌തുവിനെ ദർശിക്കുന്നു. വെടിയുണ്ടയേൽക്കാത്ത കാറിൽ സഞ്ചരിക്കുന്ന മാർപ്പാപ്പയിലും ധനപ്രമത്തരായ സഭാധ്യക്ഷന്മാരിലും ക്രിസ്‌തുവിനെ കാണുക അസാധ്യമാണ്‌. ക്രിസ്‌തുവെന്ന പേര്‌ ലോകമെങ്ങും അനേകമനേകം തവണ ഉച്ചരിക്കപ്പെടുന്നുവെങ്കിലും, ചില വിമോചന ദൈവശാസ്‌ത്രജ്ഞർ നിരീക്ഷിച്ചിട്ടുളളതുപോലെ ലോകത്തിന്റെ ഏറ്റവും വിസ്‌മൃതനായ വ്യക്തി യേശുക്രിസ്‌തുവാണ്‌. ക്രിസ്‌തുവിനെ നാം അറിയേണ്ടതുണ്ട്‌. ആദരവോടെ ഓർമ്മിക്കേണ്ടതുണ്ട്‌. പുതിയ കാലത്തെ എഴുത്തുകാരൻ പിന്തുടരേണ്ടത്‌-സുവിശേഷങ്ങളിലൂടെ നമുക്ക്‌ വെളിപ്പെടുന്ന വിപ്ലവകാരിയായ ക്രിസ്‌തുവിനെയാണ്‌.“

ബൈബിളിലെ ഭാഷയുടെ അർത്ഥതലങ്ങളെക്കുറിച്ചും കാവ്യാത്മകതയെക്കുറിച്ചും തന്റെ രചനകളിലൂടെ ബാലകൃഷ്‌ണൻ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌. നീതിക്കായി മനുഷ്യൻ പീഡിപ്പിക്കപ്പെടുന്ന, സ്വാതന്ത്ര്യത്തിനായുളള പോരാട്ടങ്ങൾ നടക്കുന്ന ചരിത്രമുഹൂർത്തങ്ങളിലാണ്‌ ഞാൻ ക്രിസ്‌തുവിനെ കണ്ടെത്താൻ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു.

എല്ലാ നന്മകളും വിസ്‌മരിക്കപ്പെടുന്ന പുതിയ കാലത്ത്‌ ക്രിസ്‌തുമസ്‌ നന്മയുടെ വിശുദ്ധിയുമായി വീണ്ടും കടന്നുവരുന്നു.. ’ആകാശവും ഭൂമിയും കടന്നുപോകുമ്പോഴും അവന്റെ, ക്രിസ്‌തുവിന്റെ വചനങ്ങളുടെ നന്മ‘ നമ്മളിൽ ഐശ്വര്യം ചൊരിയുന്നു. രോഗികൾക്ക്‌ സൗഖ്യം നൽകിയവന്റെ, മത്സ്യങ്ങളെ നൃത്തം ചെയ്യിപ്പിച്ചവന്റെ വാക്കുകൾ വിസ്‌മരിക്കപ്പെടുന്നതിലെ ഉത്‌ക്കണ്‌ഠകൾക്കിടയിലും തിരുപ്പിറവിയുടെ സ്‌മരണകളുമായി ’തന്റേതു കൂടിയായ ക്രിസ്‌തുമസ്‌‘ കടന്നുവരുമ്പോൾ ബാലകൃഷ്‌ണന്റെ സർഗ്ഗാത്മക മനസ്സ്‌ സന്തോഷപൂരിതമാകുന്നു.

സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നന്മയുടെയും രക്ഷകനും പോരാളിയുമായ ക്രിസ്‌തുവിനെ അവന്റെ വാക്കുകളിലൂടെ തിരിച്ചറിയാനും തിരിച്ചു കൊണ്ടുവരാനും കഴിയുമാറാകട്ടെ എന്ന പ്രതീക്ഷാനിർഭരമായ പ്രാർത്ഥനകളോടെ നമുക്ക്‌ ക്രിസ്‌തുമസിനെ വരവേൽക്കാം.

Generated from archived content: interview1_dec20.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here