നമ്മുടെ പ്രതിരോധത്തിന്റെ എല്ലാ സമരായുധങ്ങളെയും മെരുക്കിയെടുത്ത് അവർക്ക് അനുയോജ്യമായ രൂപത്തിൽ ഉപയോഗപ്പെടുത്തുക എന്നത് പുതിയ കാലത്തെ അധികാരശക്തികളുടെ ഗൂഢതന്ത്രമാണ്. കലയും സാഹിത്യവുമൊക്കെ ജനവിരുദ്ധമാകുന്നത് അങ്ങനെയാണ്. പൊതു സമൂഹത്തിന് മാധ്യമങ്ങളിലുളള വിശ്വാസ്യതയെ തകർക്കുകയും അതുവഴി അവരുടെ പ്രവചനങ്ങളെ വെറും ജൽപനങ്ങളാക്കി മാറ്റുവാനും അധികാര കേന്ദ്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇറാഖ് യുദ്ധഭൂമിയിൽ നടന്ന അധിനിവിഷ്‌ട പത്രപ്രവർത്തനവും മാധ്യമങ്ങളിലെ വിദേശമൂലധന നിക്ഷേപവും ഇത്തരം ‘മെരുക്കിയെടുക്കൽ’ ശ്രമങ്ങളുടെ ഭാഗമാണ്. ഇങ്ങനെ മാധ്യമങ്ങളിലെ വിമർശനത്തിന്റെ മുന ഒടിയുന്നു. കാർട്ടൂണുകൾ ഒരു വിഭാഗത്തിന്റെ ഇംഗിതത്തിനനുസരിച്ച്, അവരുടെ ആശയ പ്രചരണത്തിന്റെ ഉപാധി മാത്രമാകുന്നു. ഇന്നത്തെ കാർട്ടൂണിസ്‌റ്റുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
മലയാള പത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു കാർട്ടൂണിസ്‌റ്റാണ് ബി.എം.ഗഫൂർ. ‘കുഞ്ഞമ്മാൻ’ എന്ന പോക്കറ്റ് കാർട്ടൂണിനെക്കുറിച്ച് പത്രം വായിക്കുന്ന ഒരു മലയാളിയോടും ഏറെ പറയേണ്ടതില്ല. 1980 മുതൽ ‘മാതൃഭൂമി’യിൽ വരച്ചുകൊണ്ടിരിക്കുന്ന ശ്രീ. ബി.എം. ഗഫൂർ ഇന്നത്തെ കാർട്ടൂൺ രംഗത്തെക്കുറിച്ചും കാർട്ടൂൺ രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണിവിടെ. കാർട്ടൂൺ രംഗത്തേക്ക് കടന്നുവരുവാനുണ്ടായ പ്രേരണയെക്കുറിച്ചും തന്റെ ബാല്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു തുടങ്ങി.
“സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ ശങ്കേഴ്‌സ് വീക്കിലി വരുത്തിയിരുന്നു. ചെറുപ്പത്തിൽ തന്നെ വരയ്‌ക്കാൻ തുടങ്ങി. അന്ന് പത്രമാസികകൾക്കൊക്കെ അയച്ചു കൊടുക്കുമായിരുന്നു. ഞാൻ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ചിലമ്പൊലി’ എന്ന മാസിക എന്റെ ഒരു ചിത്രകഥ പ്രസിദ്ധീകരിച്ചു. അവർ അതിന് പ്രതിഫലവും തന്നു. വീട്ടുകാർക്ക് താത്‌പര്യം തോന്നി എന്നെ ‘മാതൃഭൂമി’യിൽ ദേവന്റെ അരികിൽ ട്യൂഷന് അയച്ചു. എം.വി.ദേവനാണ് ആദ്യ ഗുരു. പിന്നെ മദ്രാസ് കോളേജ് ഓഫ് ആർട്‌സിൽ ചേർന്നു.”
പഴയ കാലത്ത് പത്രമാധ്യമങ്ങളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. അതുകൊണ്ട് പത്രങ്ങളിലെ കാർട്ടൂണിസ്‌റ്റുകളുടെ എണ്ണം വളരെ കുറവായിരുന്നു. അക്കാലത്തെ ജീവിതത്തെക്കുറിച്ച്‌ഃ
“അന്ന് കാർട്ടൂണിസ്‌റ്റുകൾക്ക് പണിയില്ല. അതുകൊണ്ടുതന്നെ കാർട്ടൂൺ രചന പഠിക്കാൻ പോയാൽ ജോലി കിട്ടില്ല എന്നുറപ്പാണ്. വീട്ടുകാരിൽനിന്നും സ്വാഭാവികമായും എതിർപ്പുണ്ടായി.”
കാർട്ടൂണിനോടുളള ഗഫൂറിന്റെ താത്‌പര്യം ഒ.വി. വിജയനുമായി പരിചയപ്പെടാൻ ഇടയാക്കി. പഠനത്തിന് ശേഷം ദൂരദർശൻ, ചന്ദ്രിക ആഴ്‌ചപ്പതിപ്പ് എന്നിവയിൽ ജോലി നോക്കി. പിന്നീട് ശങ്കേഴ്‌സ് വീക്കിലിയിൽ ജോലി ലഭിച്ചത് തന്റെ ജീവിതത്തിലെ വഴിത്തിരിവായി എന്ന് അദ്ദേഹം ഓർമ്മിക്കുന്നു.
“അവിടെ നിന്നാണ് കാർട്ടൂണിനെക്കുറിച്ച് ആധികാരികമായി പഠിക്കുന്നത്. ഓരോ സംഭവത്തെക്കുറിച്ചും വിശദമായി പഠിച്ചതിനുശേഷം മാത്രമേ കാർട്ടൂൺ വരയ്‌ക്കാവൂ എന്ന് അദ്ദേഹം പറയുമായിരുന്നു. പിന്നെ ശങ്കറുമായി പിണങ്ങി ‘ശങ്കേഴ്‌സ് വീക്കിലി’ വിട്ടു.”
കാർട്ടൂൺ രംഗത്തെ പുതിയ പ്രവണതകളോട് ഗഫൂറിന് അസംതൃപ്തിയുണ്ട്. അന്തർദേശീയ സംഭവവികാസങ്ങളൊന്നും മലയാളി കാർട്ടൂണിസ്‌റ്റുകൾ വരച്ചു കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ഇപ്പോൾ പത്രങ്ങൾക്ക് വേണ്ടത് വെറും ലോക്കൽ പൊളിറ്റ്‌ക്‌സ് ആണ്. ഗൗരവപൂർണ്ണമായ രചനകൾ ഉണ്ടാകാഞ്ഞിട്ടല്ല, അവ പത്രങ്ങൾക്ക് ആവശ്യമില്ല. കാർട്ടൂണുകളെക്കുറിച്ച് നല്ല അവബോധമുളള എഡിറ്റർമാർ വിരളമാണ്. എന്റെ പരിചയത്തിൽ കാമ്പിശ്ശേരി കരുണാകരൻ ഒരു നല്ല എഡിറ്ററായിരുന്നു. കാർട്ടൂൺ ഇന്ന് വെറും തട്ടിപ്പു കലയായിക്കൊണ്ടിരിക്കുന്നു. കാട്ടൂണിസ്‌റ്റുകൾ രാഷ്‌ട്രീയ വിശകലനത്തിന് മുതിരുന്നില്ല.”
രാഷ്‌ട്രീയ രംഗത്തുളള ആരുമായും ഗഫൂറിന് ആത്മബന്ധങ്ങളൊന്നും ഇല്ല. കാർട്ടൂണിസ്‌റ്റുകൾ കുത്തി വേദനിപ്പിക്കുമ്പോഴും, വിമർശനങ്ങളുടെ സ്‌ഫുലിംഗങ്ങൾ തൊടുത്തു വിടുമ്പോഴും രാഷ്‌ട്രീയരംഗത്തെ ‘ഉടയ്‌ക്കാനാകാത്ത വിഗ്രഹങ്ങൾക്ക്’ തങ്ങളോട് വെറുപ്പൊന്നും ഉണ്ടാകാനിടയില്ലെന്നാണ് ഗഫൂർ പറയുന്നത്.
“കാർട്ടൂൺ വരച്ചു കിട്ടുക എന്നതാണ് അവർക്ക് കാര്യം. മാധ്യമങ്ങളിൽ തങ്ങൾ നിറഞ്ഞു നിൽക്കുന്നത് അവരെ ഏറെ സന്തോഷിപ്പിക്കും. രാഷ്‌ട്രീയരംഗത്തുളളവരുമായി ആത്മബന്ധം അവരെ കുത്തി വേദനിപ്പിക്കുന്നതിൽനിന്ന് നമ്മെ പിൻതിരിപ്പിക്കും.”
കോഴിക്കോട് ‘മാതൃഭൂമി’യിൽ നിന്ന് ഏറെ താമസിയാതെ വിരമിക്കുകയാണ് ഇദ്ദേഹം. കാർട്ടൂൺ എന്ന കലയുടെ സാധ്യതകൾ നൂതന സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുത്തുന്ന മേഖലയാണ് അനിമേഷൻ ചിത്രങ്ങൾ. അനിമേഷൻ രംഗത്ത് കാർട്ടൂൺ പ്രതിഭകൾക്ക് ഏറെ സാധ്യതകളുണ്ടെന്ന് ഗഫൂർ പറയുന്നു. ഐ.ടി. രംഗത്തുളള മകനുമായി സഹകരിച്ച് അനിമേഷൻ രംഗത്ത് ഒരു വിദ്യാഭ്യാസസ്ഥാപനം ആരംഭിക്കുക എന്നതാണ് തന്റെ ഭാവി പ്രവർത്തനമെന്ന് അദ്ദേഹം പറയുന്നു.
മിമിക്രി രൂപങ്ങളായി, ചിന്തയുടെ തരിമ്പുപോലും എറിഞ്ഞു തരാതെ, വെറും ചിരിക്കോലങ്ങളായി കാർട്ടൂൺ എന്ന കലയുടെ സാധ്യതകൾ ചുരുങ്ങിപ്പോകുന്നതിൽ നമുക്ക് ഉത്‌ക്കണ്‌ഠയുണ്ട്. പ്രശ്‌നങ്ങളെ ലഘൂകരിച്ച് കാണുക എന്നത് പുതിയ കാർട്ടൂണുകളുടെ ഒരു പ്രവണതയാണ്. അതിവേഗം അരാഷ്‌ട്രീയവത്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, പ്രതിഷേധത്തിന്റെ എല്ലാ കുന്തമുനകളും തകർക്കപ്പെടുന്ന പുതുസമൂഹത്തിൽ, കാർട്ടൂണുകളെ സംബന്ധിച്ച്, തീവ്രവും മൂർച്ചയേറിയതുമായ ഒരു കാലത്തെക്കുറിച്ച് ഏറെ പ്രതീക്ഷയ്‌ക്ക് വകയില്ല.
Generated from archived content: inter_june11.html Author: biju_kunnoth