അരങ്ങിലെ നവചേതന

മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ പുതിയ രുചികളെ പാടെ അവഗണിച്ച്‌ ഒരു കലയ്‌ക്കും നിലനിൽക്കാനാവില്ല. കളിയരങ്ങിൽ, കഥകളിയുടെ അന്തഃസത്ത ഒട്ടും ചോർന്നുപോകാതെ, യാഥാസ്ഥിതിക സങ്കൽപ്പങ്ങളെ മറികടന്നുകൊണ്ട്‌ പുതിയ മാറ്റങ്ങൾ വരുത്തിത്തീർക്കുക എന്നത്‌ ഏറെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്‌. അത്തരമൊരു ദൗത്യമാണ്‌ സദനം ബാലകൃഷ്‌ണൻ എന്ന കഥകളിനടൻ ധൈര്യപൂർവ്വം ഏറ്റെടുത്തത്‌. അരങ്ങിലെ നൂതനവഴികളിലൂടെ സഞ്ചരിക്കുന്ന ബാലകൃഷ്‌ണൻ മലയാളി പ്രേക്ഷകർക്ക്‌ ഏറെക്കുറെ അപരിചിതനായിരിക്കും.

കഥകളിയിലെ പുതിയ പരീക്ഷണങ്ങൾക്ക്‌ ശ്രമിച്ച ബാലകൃഷ്‌ണന്റെ കലാശ്രമങ്ങളേറെയും സജീവമായി ചർച്ചചെയ്യപ്പെട്ടതും സ്വീകരിക്കപ്പെട്ടതും കേരളത്തിന്‌ പുറത്തുളള വേദികളിലായിരുന്നു. ഗുരു കീഴ്‌പ്പടം കുമാരൻനായരുടെ പിൻഗാമിയായി ഡൽഹി അന്താരാഷ്‌ട്ര കഥകളി പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റ ബാലകൃഷ്‌ണന്റെ കലാജീവിതമേറെയും അവിടെയായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ഒഥല്ലോ, മാക്‌ബത്ത്‌, ടാഗോറിന്റെ ചിത്രംഗദ, വളളത്തോളിന്റെ ഭാരതസ്‌ത്രീകൾതൻ ഭാവശുദ്ധി തുടങ്ങിയ പുരാണേതരവും ദുരന്തപര്യവസായിയുമായ ഒട്ടേറെ കഥകൾ കളിയരങ്ങുകളിൽ സ്വീകരിക്കപ്പെട്ടു. സദസ്സിന്റെ അഭിരുചികൾക്ക്‌ അനുസൃതമായി കഥകൾ ചിട്ടപ്പെടുത്തുമ്പോഴും കഥകളി എന്ന കലയുടെ അന്തഃസത്തയും ചൈതന്യവും ഒട്ടും നഷ്‌ടപ്പെട്ടുകൂടാ എന്ന ശാഠ്യവും ബാലകൃഷ്‌ണനുണ്ട്‌.

1958-ൽ പാലക്കാട്‌ പേരൂരിലെ ഗാന്ധി സേവനസദനത്തിൽ കഥകളി പഠനത്തിനെത്തിയ ബാലകൃഷ്‌ണൻ എട്ടുവർഷത്തെ ശിക്ഷണത്തിനുശേഷം പറശ്ശിനി മടപ്പുര കഥകളി കേന്ദ്രത്തിൽ അധ്യാപകനായി. തുടർന്ന്‌ പേരൂർ ഗാന്ധി സേവാസദനത്തിൽ കഥകളി അധ്യാപകനായി. കീഴ്‌പ്പടം കുമാരൻനായരെ കൂടാതെ തേക്കിൻകാട്ടിൽ രാവുണ്ണിനായരുടെ ശിക്ഷണവും ബാലകൃഷ്‌ണന്‌ ലഭിച്ചിട്ടുണ്ട്‌. മികച്ച ശിക്ഷണവും കഠിനാധ്വാനവുമാണ്‌ ബാലകൃഷ്‌ണന്റെ വേഷങ്ങളെ അഭിനയത്തികവിന്റെ പൂർണതയിലെത്തിക്കുന്നത്‌. കേരളത്തിന്‌ പുറത്ത്‌ കഥകളിയുടെ സത്തയും സൗന്ദര്യവും ഒട്ടും നഷ്‌ടപ്പെടാതെ പകർന്നുകൊടുക്കുക എന്ന ദൗത്യമാണ്‌ ബാലകൃഷ്‌ണൻ നിറവേറ്റിക്കൊണ്ടിരിക്കുന്നത്‌. മലയാളിയുടെ കഥകളി ചിന്തകളിലൊന്നും സദനം ബാലകൃഷ്‌ണൻ എന്ന നടൻ കടന്നുവരാതിരിക്കുന്നതും ഇതുകൊണ്ടുതന്നെ. കത്തി വേഷങ്ങളിലും പച്ചത്താടിയിലും ഉളള ബാലകൃഷ്‌ണന്റെ മികവ്‌ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്‌. അദ്ദേഹം ചിട്ടപ്പെടുത്തിയ നീലമണിയം, ഭീഷ്‌മാനുതാപം, വിഭീഷണപുത്രൻ എന്നിവ വൈകാതെ അരങ്ങിലെത്തും.

കളിയരങ്ങിലെ മികവുറ്റ പ്രകടനങ്ങൾക്ക്‌ സദനം ബാലകൃഷ്‌ണനെ തേടിയെത്തിയ പുരസ്‌കാരങ്ങൾ ഏറെയും കേരളത്തിന്‌ പുറത്തുനിന്നാണ്‌. ദില്ലി സംസ്ഥാനസർക്കാരിന്റെ സാഹിത്യകലാപരിഷത്‌ സമ്മാൻ, സ്വാതിതിരുനാൾ നാദാലയ, അലപക്‌ രാമചന്ദ്രറാവു കലാപീഠ്‌, അയ്യപ്പ സുവർണ്ണമെഡൽ, മുദ്രാലയ അവാർഡ്‌, സംഗീതനാടക അക്കാദമി അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങളുടെ നീളുന്ന പട്ടിക സദനം ബാലകൃഷ്‌ണൻ എന്ന കഥകളി നടന്റെ അഭിനയത്തികവിന്റെയും അർപ്പണബോധത്തിന്റെയും സാക്ഷിപത്രങ്ങളാകുന്നു.

*************************************************************************

സദനം ബാലകൃഷ്‌ണൻ – ജീവചരിത്രരേഖ

1944 ജനുവരി 15-ന്‌ ചുഴലിയിൽ ജനനം. പിതാവ്‌ ഃ കെ.വി.കൃഷ്‌ണൻ. മാതാവ്‌ഃ ഉമ്മങ്ങയമ്മ.

1958-ൽ പാലക്കാട്‌ പേരൂർ ഗാന്ധിസേവന സദനത്തിൽ കഥകളി പഠനം ആരംഭിച്ചു. പറശ്ശിനി മടപ്പുര കഥകളികേന്ദ്രം, ഗാന്ധിസേവനസദനം, ദില്ലി ഇന്റർനാഷണൽ സ്‌കൂൾ ഓഫ്‌ കഥകളി എന്നിവിടങ്ങളിൽ കഥകളി അധ്യാപകൻ. ഇപ്പോൾ ഡൽഹി അന്താരാഷ്‌ട്ര കഥകളി പഠനകേന്ദ്രത്തിന്റെ ഡയറക്‌ടറും പ്രിൻസിപ്പലായും പയ്യന്നൂർ ഭാസ്‌കരയുടെ പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു. ഇപ്പോൾ കണ്ണൂർ-തളിപ്പറമ്പ്‌ കുറ്റിക്കോലിൽ താമസിക്കുന്നു.

ഭാര്യ ഃ ജാനകി. മക്കൾഃ പ്രദീപ്‌, പ്രസാദ്‌.

Generated from archived content: essay_jan7.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here