പുലിജന്മംഃ ചില സാമൂഹ്യപാഠങ്ങൾ

ഒരു ദേശത്തിന്റെ ആകെ സാംസ്‌കാരിക സത്തയായ നാടോടിവിജ്‌ഞ്ഞാനീയത്തെ അഥവാ ഫോക്‌ലോർ മിത്തുകളെ കാലത്തിന്‌ അനുസൃതമായ പാഠഭേദങ്ങളോടെ തന്റെ സർഗ്ഗാത്മക മാധ്യമത്തിലൂടെ അവതരിപ്പിക്കുക എന്നുളളതും, അത്തരം ശ്രമങ്ങൾ സാമ്രാജ്യത്വ ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന സാംസ്‌കാരിക അധിനിവേശങ്ങൾക്കെതിരെ ഉളള ശക്തമായ പ്രതിരോധമാക്കിത്തീർക്കും എന്നതും പുതിയ കാലത്ത്‌ ശ്രദ്ധേയമാകുന്ന ഒരു സങ്കേതമാണ്‌. എൻ.പ്രഭാകരന്റെ പുലിജന്മം എന്ന നാടകത്തിന്‌ എൻ.പ്രഭാകരനും എൻ.ശശിധരനും ചേർന്നെഴുതിയ തിരക്കഥയിൽ പ്രിയനന്ദനൻ സംവിധാനം ചെയ്‌ത പുലിജന്മം എന്ന ചലച്ചിത്രം ഒരു സാംസ്‌കാരിക പ്രതിരോധം എന്ന നിലയിൽ ശ്രദ്ധേയമാകുന്നതും അതുകൊണ്ടുതന്നെ.

അധികാരകേന്ദ്രങ്ങളുടെ ഉന്മാദത്തിന്‌ അറുതിവരുത്താൻ അതുവഴി ഭരിക്കപ്പെടുന്നവരുടെ ആധിയും വേദനയും മാറ്റാൻ ഒരുങ്ങി പുറപ്പെടുന്ന കാരിഗുരുക്കളുടെയും പ്രതിലോമശക്തികളുടെ അധിനിവേശത്താൽ നിശ്‌ചേഷ്‌ടനാക്കപ്പെടുന്ന പ്രകാശൻ എന്ന സാമൂഹ്യജീവിയുടെയും ജീവിതദുരന്തങ്ങളിലൂടെയാണ്‌ പുലിജന്മം കടന്നുപോകുന്നത്‌. കീഴാളനായ കാരിഗുരുക്കൾ ആയോധനകലയിലും മന്ത്രമാരണങ്ങളിലും അഗ്രഗണ്യനായിത്തീരുന്നത്‌ മേലാളന്‌ അസഹ്യമായിത്തീരുന്നു. തമ്പുരാന്റെ ഭ്രാന്ത്‌ മാറ്റാൻ പുലിമടയിൽ പോയി പുലിമറഞ്ഞ്‌ പുലിവാലും കൊണ്ട്‌ വരാൻ കാരിയെ നിയോഗിക്കുന്നു. അപകടങ്ങളെല്ലാം അറിയുമായിരുന്നിട്ടും പൊട്ടന്റെയും ഗുളികന്റെയും കുറത്തിയുടെയും വാക്കുകൾ ഗൗനിക്കാതെ; സ്വന്തം ഭാര്യ വെളളച്ചിയുടെ കണ്ണീർപോലും കാണാതെ നെഞ്ചുറപ്പോടെ കാരിഗുരുക്കൾ പുറപ്പെടുന്നു. പുലിമടയിൽ പോയി തിരിച്ചെത്തുമ്പോഴേക്കും വെളളച്ചിപോലും കാരിയെ തിരിച്ചറിയുന്നില്ല. ഒരു പുലിജന്മമായി, തിരിച്ചറിയപ്പെടാത്തവന്റെ വിലാപമായി മാറുന്ന കാരിഗുരുക്കൾ.

കലാമൂല്യമുളള സിനിമയുടെ വക്താക്കൾ പോലും വിപണിയുടെ ഒത്തുതീർപ്പുകളുമായി സന്ധിചെയ്യുമ്പോൾ പുലിജന്മം പോലെയുളള ഒരു ചലച്ചിത്രം അവതരിപ്പിക്കാൻ സാധിച്ച സംവിധായകനും ചലച്ചിത്ര കൂട്ടായ്‌മയും ഒരു പുതിയ ദൃശ്യബോധത്തിന്റെ തുടക്കക്കാരാണ്‌. പുരോഗമന പ്രസ്ഥാനങ്ങളടക്കം നേരിടുന്ന അപചയങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന ചലച്ചിത്രം സാമൂഹ്യനിരീക്ഷണത്തിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നുണ്ട്‌. പരിസ്ഥിതി ധ്വംസനത്തിനെതിരെ പരാതി പറയാൻ പാർട്ടി സെക്രട്ടറിയുടെ അടുക്കലെത്തുന്ന പ്രകാശനോട്‌ അയാൾ പറയുന്ന മറുപടി ഭീതിദമാംവിധം രസകരമാണ്‌. “വെട്ടൊന്ന്‌ തുണ്ടം രണ്ട്‌ എന്ന രീതിയിലുളള പാർട്ടിപ്രവർത്തനമൊന്നും ഇനിയുളള കാലത്ത്‌ നടക്കില്ലെടോ” എന്ന്‌ മറുപടിയിലൂടെ തന്റെ നെറികെട്ട ഒത്തുതീർപ്പുകളെ ന്യായീകരിക്കുക മാത്രമല്ല പ്രസ്ഥാനം ചരിത്രത്തിലുടനീളം നടത്തിയ തീവ്രവിപ്ലവകരമായ മുന്നേറ്റങ്ങളെയാകെ വെറും എടുത്തുചാട്ടമായി നിസ്സാരവത്‌ക്കരിക്കുക കൂടിയാണ്‌ അയാൾ ചെയ്യുന്നത്‌.

തന്റെ ഗ്രാമത്തിൽ ആദ്യത്തെ പൂജാസ്‌റ്റോർ ‘ശ്രീസംഘ്‌’ പ്രത്യക്ഷപ്പെട്ടപ്പോഴും പൊടുന്നനെ ഒരു നാൾ തന്റെ പെങ്ങൾ ആൾദൈവങ്ങളുടെ കൈകളിലേയ്‌ക്ക്‌ നഷ്‌ടപ്പെട്ടുപോകുമ്പോഴും ചെങ്കൽക്കുന്നിന്റെ ഉച്ചിയിലെ അവസാനത്തെ പച്ചപ്പും മണ്ണുമാന്തിയന്ത്രം കശക്കിയെറിയുമ്പോഴും ഇന്നലെവരെ തന്റെ കൂടെ നടന്നവർ കാവിയണിഞ്ഞ്‌ കുങ്കുമക്കുറി വരഞ്ഞ്‌ മതാന്ധതയുടെ മാളങ്ങളിൽ ചേക്കേറുന്ന കാഴ്‌ച കാണുമ്പോഴും ഗ്രാമത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന്റെ കാട്ടുതീ പടരുമ്പോഴും അതിലെരിഞ്ഞെരിഞ്ഞ്‌ ഷഹനാസുമായുളള തന്റെ പ്രണയമില്ലാതായപ്പോഴും, അപ്രതിരോധ്യം എന്നുതന്നെ പറയാവുന്ന ചരിത്രത്തിന്റെ തിരിച്ചൊഴുക്കിൽ പ്രതിലോമതയുടെ ചുഴലിക്കാറ്റിൽ പ്രകാശൻ എന്ന മനുഷ്യന്റെ ജീവിതം തന്നെ നിരർത്ഥകമായിത്തീരുന്നതിന്റെ ദൈന്യതയാണ്‌ പുലിജന്മത്തിലൂടെ ചലച്ചിത്രകാരൻ തുറന്നുകാട്ടുന്നത്‌. എന്തുകൊണ്ടാണ്‌ പ്രകാശൻ കാലത്തിന്‌ അനഭിമതനാകുന്നത്‌? പ്രകാശനെയും കാരിഗുരുക്കളെയും തിരിച്ചറിയാനാകാത്തവിധം നമ്മൾ മാറിപ്പോയതെങ്ങനെയാണ്‌? ഉണ്ടും ഉറങ്ങിയും ഭോഗിച്ചും വെറും പൊട്ടൻകളി കളിച്ച്‌ നാം ഒളിച്ചോടുന്നത്‌ ഏത്‌ ദുരന്തത്തിലേക്കാണ്‌? കാരിയുടെ ആത്മനൊമ്പരങ്ങളിൽനിന്ന്‌ നാം ഉൾക്കൊളേളണ്ടുന്ന തിരിച്ചറിവുകളുടെ സാമൂഹ്യപാഠങ്ങളാണ്‌ ‘പുലിജന്മ’ത്തിന്റെ അവശേഷിപ്പുകൾ. ചലച്ചിത്രകാരൻ നിർവ്വഹിക്കുന്ന പുരോഗമനപരമായ സർഗ്ഗാത്മക ദൗത്യവും അതുതന്നെ.

കാരിഗുരുക്കളുടെ ശരീരഭാഷ മുരളി എന്ന നടൻ പൂർണ്ണമായും സ്വായത്തമാക്കിയിട്ടുണ്ട്‌ എന്നുതന്നെ പറയാം. കഥാന്ത്യത്തിൽ വെളളച്ചിയുടെ അടുക്കലേക്ക്‌ തിരിച്ചെത്തുന്ന കാരിഗുരുക്കളുടെ പുലിജന്മമായിത്തീർന്ന്‌ തിരിച്ചറിയപ്പെടാതെ പോകുന്നവന്റെ ദൈന്യത, നടന്റെ മെയ്‌വഴക്കം കൊണ്ടും ശബ്‌ദസാധ്യതകൊണ്ടും സത്യസന്ധമായി ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഛായാഗ്രാഹകന്റെ കൂടുതൽ ആത്മാർപ്പണത്തോടെയുളള ഇടപെടൽ ചലച്ചിത്രത്തെ കുറേക്കൂടി മികവുറ്റതാക്കുമായിരുന്നു എന്ന്‌ അഭിപ്രായപ്പെടാതിരിക്കാനാവില്ല. എഡിറ്റിംഗിലും മറ്റും കാര്യമായ പൊരുത്തക്കേടുകളൊന്നും എടുത്തു പറയാനില്ലെങ്കിലും ഒരു സാങ്കേതിക മാധ്യമമെന്ന രീതിയിൽ പരിഗണിക്കുമ്പോൾ ചില ബാലാരിഷ്‌ടതകൾ കാണാൻ കഴിയുന്നുണ്ട്‌.

പുനരുത്ഥാനവാദത്തെയും ആത്മീയ ഫാഷിസത്തെയും ഒരുപോലെ പുൽകുന്ന മധ്യവർഗ്ഗ സംസ്‌ക്കാരത്തിന്റെ പ്രതിലോമ തരംഗത്തിൽ പ്രകാശനെപ്പോലെ ആശയവ്യക്തതയും ദൃഢതയുമുളള ഒരു സാംസ്‌ക്കാരികപ്രവർത്തകന്റെ പരിണാമഗുപ്തി എങ്ങനെയായിരിക്കും? പ്രകാശന്റെ ദൈന്യതയിലേക്ക്‌ ക്യാമറ തിരിച്ചുപിടിക്കുമ്പോൾ ചലച്ചിത്രകാരൻ ഏറെ പ്രതീക്ഷിക്കുന്നുണ്ടായിരിക്കാം. കാഴ്‌ചക്കാരിൽനിന്ന്‌, തെരുവുകളിൽനിന്ന്‌, കലാലയങ്ങളിൽനിന്ന്‌ പ്രകാശനെ തിരിച്ചറിയുന്നവരുടെ കൂട്ടായ്‌മയാണ്‌ ചലച്ചിത്രത്തിന്റെ വിജയം.

Generated from archived content: essay2_may31_06.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here