പിരാന

ലേഖനം

പിരാന – രംഗഭാഷയുടെ തീക്ഷണത

വളരെ സ്വാഭാവികമായ നിരുപദ്രവകാരികളെന്ന്‌ തോന്നിപ്പിക്കാവുന്ന അടയാളങ്ങളിലൂടെയും ചിഹ്‌നബിംബങ്ങളിലൂടെയും ഭാഷാ ശൈലികളിലൂടെയുമൊക്കെ ഒരു തരം സർവ സമ്മതത്തിന്റെ മേലാപ്പ്‌ അണിഞ്ഞുകൊണ്ടാണ്‌ പ്രതിലോമ പ്രവണതകളുടെ ആശയസംഹിതകൾ നമ്മുടെ ഇടയിലേക്ക്‌ കടന്നുവരുന്നത്‌. ഒരിക്കലും ഇണക്കിച്ചേർക്കാൻ കഴിയാത്ത നിലയിലേക്ക്‌ മാറിപ്പോയേക്കാവുന്ന വർഗീയ ധ്രുവീകരണത്തിന്റെ വിഷവായുവാണ്‌ മാറാടിനുശേഷം കേരളം ശ്വസിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്ലിം ഭീകരവാദപ്രവർത്തനങ്ങളുടെ ഇന്ത്യയിലെ മുഖ്യകേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുന്നതിന്റെ നടുക്കുന്ന വാർത്തകളാണ്‌ മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്‌. കേരളം പോലുളള ഒരു മതനിരപേക്ഷമായ സമൂഹത്തിൽ മറയില്ലാതെ മതവർഗീയത പ്രചരിപ്പിക്കാവുന്ന അവസ്ഥയിലേക്ക്‌, അപകടകരമാംവിധം വളർന്നുകഴിഞ്ഞ ഹൈന്ദവ സംഘടനകളും ഇരുണ്ട ഭാവിയുടെ ദിശാസൂചകങ്ങളാകുന്നു. മനുഷ്യത്വത്തെക്കറിച്ചും മതനിരപേക്ഷതയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നവരോടു പോലും തികഞ്ഞ അസഹിഷ്‌ണുതയാണ്‌ ഇവർ പ്രകടിപ്പിക്കുന്നത്‌. പൈങ്കിളിക്കഥകളാലും ഒത്തുതീർപ്പിന്റെ രംഗഭാഷകളുടെ ഭാരത്താലും ഏതാണ്ട്‌ നിശ്ചേഷ്‌ടമായിത്തീർന്ന അരങ്ങിന്റെ ആലസ്യങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞുകൊണ്ട്‌ വർഗനിലപാടിന്റെ നിശിത സാക്ഷ്യമായിത്തീരുന്ന – കണ്ണൂർ സംഘചേതനയുടെ ‘പിരാന’ എന്ന നാടകം ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമായിതതീരുന്നു. മതത്തിന്റെയോ ജാതിയുടേയോ സ്വത്വബോധത്തിൽ നിന്ന്‌ പൂർണ്ണമായും കുതറിമാറിക്കൊണ്ട്‌ മതനിരപേക്ഷതയുടെ ഉറച്ചനിലാപടിൽ നിന്നുകൊണ്ട്‌ ഒരു വാക്കുപോലും പറയാൻ കഴിയാത്തവിധത്തിൽ മലീമസമാക്കപ്പെട്ട കേരളത്തിന്റെ പുതിയ സാംസ്‌കാരികശരീരത്തിൽ നിന്നുകൊണ്ടുതന്നെ “മതത്തെ നിരാകരിക്ക്‌”, മനുഷ്യത്വത്തെ നെഞ്ചോടുചേർത്ത്‌ പിടിച്ച്‌ പുൽക്‌“ എന്ന്‌ ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞതുകൊണ്ടാണ്‌ മനോജ്‌ കാന രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ‘പിരാനാ’ അരങ്ങിലെ പ്രതിരോധമായിത്തീരുന്നത്‌. മൃദുല സമീപനത്തിന്റെ വഴുവഴുപ്പൻ രീതിയല്ല പൂർണ്ണമായും ലക്ഷ്യം കാണുന്ന യാഥാർത്ഥ്യത്തിന്റെ തീക്ഷണത തന്നെയാണ്‌ ‘പിരാനാ’യിലൂടെ സംവേദം ചെയ്യപ്പെടുന്നത്‌.

വലിയ ജീവികളെപ്പോലും കൂട്ടത്തോടെ ചെന്ന്‌ ആക്രമിച്ച്‌ നശിപ്പിക്കുന്ന ഒരു ചെറിയതരം രാക്ഷസീയ മത്‌സ്യങ്ങളാണ്‌ ‘പിരാനാ’. ഇന്ത്യയുടെ പൊതുമനസ്‌ എന്നും കാത്തുപോന്നിരുന്ന മതനിരപേക്ഷതയുടെ പടുകൂറ്റൻ മാതൃകകളെല്ലാം വളരെ പെട്ടെന്ന്‌ തകർത്തുകളഞ്ഞ കലാപകാരികളുടെ രാക്ഷസീയ നീക്കളാണ്‌ ഗുജറാത്ത്‌ വംശഹത്യയിലും മാറാട്‌ വർഗീയകലാപത്തിലും നമുക്ക്‌ കാണാൻ കഴിഞ്ഞത്‌.. വംശീയകലാപാനാന്തരമുളള ഗുജറാത്തിൽ ബാക്കിയായിത്തീർന്ന ചില ജീവിതങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നു എന്നതുകൊണ്ട്‌ പിരാന എന്ന പേര്‌ ഉചിതമായിത്തീരുന്നു. കൂടാതെ പേടിപ്പെടുത്തുന്ന ചില അസ്വാസ്ഥങ്ങളിലേക്ക്‌ പ്രേക്ഷകരെ എത്തിക്കുവാൻ പിരാന എന്ന വാക്കിന്‌ കഴിയുന്നുണ്ട്‌. ജീവൻ രക്ഷിക്കുവാൻ വേണ്ടി കലാപങ്ങൾക്കിടയിൽ മല്ലികയായിത്തീരേണ്ടിവരുന്ന ഒരു മുസ്‌ളീം സ്‌ത്രീയുടെ ജീവിതത്തിലൂടെയാണ്‌ പരസ്‌പരപൂരകങ്ങളായ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകളുടെ കെടുതികളിലേക്ക്‌ നാടകം സഞ്ചരിച്ചു തുടങ്ങുന്നത്‌. തെരുവിൽ ചായക്കട നടത്തുന്ന മല്ലികയ്‌ക്ക്‌ ഓരോ കലാപവും നടുക്കുന്ന ഓർമ്മയാണ്‌. ഓരോ കലാപവും അവൾക്ക്‌ സമ്മാനിക്കുന്നത്‌ തന്തയില്ലാത്ത കുഞ്ഞുങ്ങളെയാണ്‌. എല്ലായ്‌പ്പോഴും കലാപങ്ങളിൽ ചൂഷണം ചെയ്യപ്പെട്ടിട്ടുളള ആക്രമിച്ച്‌ തച്ചുതകർത്തു കളഞ്ഞിട്ടുളള അരികുജീവിതത്തിന്റെ ദൈന്യതയാണ്‌ മല്ലിക. ഹിന്ദുവർഗീയവാദികളുടെ കയ്യിലെ ആയുധമായിത്തീരുന്ന അവളുടെ മകനും കൗമാരപ്രായക്കാരിയായ മകളും കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളാണ്‌. നാടകത്തിനുളളിലെ ഒരു നാടകകൃത്തിന്റെ രചനയിലെ കഥാപാത്രങ്ങളായാണ്‌ ഇവർ പ്രത്യക്ഷപ്പെടുന്നത്‌. മനുഷ്യത്വത്തിന്റെ നന്മയിൽ നിന്നുകൊണ്ട്‌ ഉച്ചത്തിൽ സംസാരിക്കുമ്പോൾ അയാൾക്ക്‌ നഷ്‌ടപ്പെടുന്നത്‌ സ്വന്തം ജീവിതം തന്നെയാണ്‌. കലാപത്തിനിടയിൽ സ്വന്തം അമ്മയെ ബലാത്‌കാരം ചെയ്യുന്നത്‌ നേരിൽ കാണേണ്ടിവരുന്ന മല്ലികയുടെ മകളുടെ നടുക്കം, സ്വന്തം അമ്മ മുസ്‌ലീം സ്‌ത്രീയാണെന്ന്‌ തിരിച്ചറിയുമ്പോൾ അമ്മയെ പീഢിപ്പിച്ച തെമ്മാടിയെങ്കിലും ‘സംഘ’ത്തിലുളളവനായിരിക്കേണമേ എന്ന്‌ പ്രാർത്ഥിക്കുന്ന മകന്റെ മതാന്ധതയുടെ അങ്ങേയറ്റത്തെ അശ്ലീലം, നാടകപ്രവർത്തകരോടും കലാകാരന്മാരോടും വർഗീയ ഫാസിസ്‌റ്റുകൾക്കുളള അസഹിഷ്‌ണുത, പ്രതിലോമ തരംഗത്തിന്റെ ആക്രമണങ്ങളിൽ മനുഷ്യപക്ഷത്തു നിൽക്കുന്ന, ഹൃദയപക്ഷത്തു നിൽക്കുന്ന നാടകകൃത്തിന്റെ ആത്മവേദന, സ്വന്തം മകനെ കുത്തിമലർത്തേണ്ടിവരുന്ന അമ്മയുടെ സങ്കടപകർച്ച അങ്ങനെ അങ്ങനെ നിരവധി മുഹൂർത്തങ്ങളിലൂടെ ആലസ്യത്തിന്റെ കോട്ടുവായ്‌ക്കുളളിലേക്ക്‌ തീക്ഷണമായ കാലത്തിന്റെ തീക്കനലുകൾ കോരിയിട്ടുകൊണ്ട്‌ പൊളളിച്ചുണർത്തുന്ന ശക്തമായ തിരിച്ചറിവാണ്‌ ‘പിരാനാ’.

‘ഉറാട്ടി’ എന്ന നാടകത്തിലൂടെ ആദിവാസികളുടെ ജീവിതത്തെ രംഗവത്‌ക്കരിച്ച മനോജ്‌കാനയാണ്‌ ‘പിരാന’യുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. രാഷ്‌ട്രീയനാടകങ്ങൾപോലും പൈങ്കിളി നാടകങ്ങളുടെ അവതരണശൈലിയും രചനാ ശൈലിയും ആണ്‌ അടുത്തകാലത്തായി സ്വീകരിച്ചു പോന്നിട്ടുളളത്‌.

വിപ്ലവഗാനം, മുദ്രാവാക്യം, മൺമറഞ്ഞുപോയ രാഷ്‌ട്രീയനേതാവിന്റെ ജീവിതകഥ തുടങ്ങി രാഷ്‌ട്രീയ നാടകങ്ങളെന്നു പറഞ്ഞ്‌ അവതരിപ്പിക്കപ്പെട്ട പ്രൊഫഷണൽ നാടകങ്ങളൊക്കെയും ചില പതിവുശീലങ്ങളുടെ വിരസതയിൽ നിന്നും മറികടക്കാൻ തയ്യാറായിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ രംഗാവതരണത്തിൽ പുതിയ പരീക്ഷണങ്ങളുടെ കാര്യത്തിലോ പ്രമേയങ്ങളുടെ കാര്യത്തിലോ അത്രയൊന്നും പുരോഗമനപരമായിരുന്നില്ല അവയൊന്നും. ‘പിരാന’ പ്രസ്‌തുത ശീലങ്ങളെ മറികടക്കുന്നു എന്നുളളതിൽ നാടകക്കാരനായ മനോജ്‌കാനയ്‌ക്കും അണിയറ പ്രവർത്തകർക്കും ആശ്വസിക്കാം. രാഷ്‌ട്രീയ നാടകത്തിന്റെ രചനാപരമായ പക്വതയും തീക്ഷണതയും ‘പിരാന’യുടെ സവിശേഷതയാണ്‌. പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തെ കുറച്ചു കാണിക്കുംവിധം എല്ലാ നാടകങ്ങളിലും ‘ദയനീയ’മായ തമാശകൾ കൂട്ടിച്ചേർക്കാറുണ്ട്‌. പിരാനാ ഇത്തരം ഒത്തുതീർപ്പുകളിൽ നിന്നും തീർത്തും മുക്‌തമാണ്‌. കൃത്യമായ ലക്ഷ്യബോധത്തോടെ രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ എഴുതപ്പെട്ട നാടകം രംഗാവതരണത്തിലും ഒട്ടും ശക്‌തി ചോർന്നുപോകാതെ ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്‌. ശിൽപ്പഭംഗിയാർന്ന രംഗങ്ങൾ ഒരുക്കുന്നതിൽ സംവിധായകൻ കാണിച്ച മിടുക്ക്‌ എടുത്തുപറയേണ്ടതുണ്ട്‌. രാജു ബറോട്ടിന്റെ സഹായത്തോടെ നാടകത്തിൽ ഉൾക്കൊളളിച്ചിരിക്കുന്ന ഭവായി കലാരൂപത്തിന്റെ അവതരണവും നടന്മാർ മെയ്‌വഴക്കത്തോടെ അവതരിപ്പിച്ച്‌ മികവുറ്റതാക്കിതീർത്ത കളരിയുടെ ദൃശ്യങ്ങളും വ്യത്യസ്‌തതയാർന്നതാണ്‌.

ഡോ.ഷിബു.എസ്‌.കൊട്ടാരത്തിന്റെ ദീപസംവിധാനം അരങ്ങിൽ ദൃശ്യവിസ്‌മയങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. അസ്ഥാനത്തെ ആശ്ചര്യചിഹ്‌നംപോലെ പലപ്പോഴും പ്രയോഗിക്കപ്പെടുന്ന ദീപാലങ്കാരങ്ങൾ നാടകത്തിന്റെ പ്രമേയത്തോട്‌ നീതി പുലർത്താതെ, ഏച്ചുകെട്ടായി മുഴച്ചു നിൽക്കുകയാണ്‌ പതിവ്‌. പിരാനയിൽ ഇത്തരം വീഴ്‌ചകളെ ഏതാണ്ട്‌ പൂർണ്ണമായും മറികടക്കാൻ ഡോ.ഷിബു.എസ്‌.കൊട്ടാരത്തിന്‌ സാധിയ്‌ക്കുന്നുണ്ട്‌. നാടകത്തിലെ ആക്രമണരംഗങ്ങൾ, നാടകത്തിനുളളിലെ നാടകരംഗങ്ങൾ, കലാപത്തിന്റെ ആളോട്ടം, നാടകാന്ത്യത്തിലെ നിശ്ചലരംഗം തുടങ്ങി ദീപനിയന്ത്രണത്തിലെ ഔചിത്യം കൊണ്ട്‌ സവിശേഷമാകുന്ന ഒട്ടേറെ രംഗങ്ങൾ നാടകത്തെ മികവുറ്റകതാക്കിതീർക്കുന്നുണ്ട്‌. ധർമ്മൻ ഏഴോം നിർവ്വഹിച്ചിരിക്കുന്ന പശ്ചാത്തലസംഗീതവും വിജയൻ കടമ്പേരിയുടെ രംഗപടവും നാടകത്തിന്റെ ആവിഷ്‌കാരത്തിന്‌ മിഴിവേകുന്നുണ്ട്‌. നാടകത്തിൽ ഏറെ പ്രാധാന്യമൊന്നുമില്ലെങ്കിലും കരിവെളളൂർ മുരളിയുടെ ഗാനങ്ങൾ നാടകത്തിലെ പ്രമേയത്തോട്‌ സത്യസന്ധത പുലർത്തുന്നു. രമേഷ്‌ നാരായണൻ സംഗീതം നൽകി മധു ബാലകൃഷ്ണൻ, വിധു പ്രതാപ്‌, സയനോര ഫിലിപ്പ്‌ തുടങ്ങിയവരാണ്‌ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്‌.

അഭിനേതാക്കളിൽ ഏതാണ്ട്‌ എല്ലാവരും കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട്‌. മല്ലികയുടെ മകൾ, നാടകകൃത്ത്‌, നാടകത്തിൽ പാട്ടുപാടുന്ന മുസ്ലിം മധ്യവയസ്‌കൻ ശരീരഭാഷയിലും ശബ്ദവിന്യാസത്തിലും അവർ മികവാർന്ന പ്രകടനം കാഴ്‌ചവച്ചുകൊണ്ട്‌ മറ്റ്‌ കഥാപാത്രങ്ങളിൽ നിന്നും മികച്ചു നിൽക്കുന്നു. മല്ലിക, മല്ലികയുടെ മകൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടൻമാർ സംഭാഷണ സ്‌ഫുടത, സംഭാഷണ അവരണത്തിലെ വേഗത എന്നിവയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നത്‌ നാടകത്തിന്റെ അഭിനയപാഠങ്ങൾക്ക്‌ ശക്തിപകരും. മല്ലികയുടെ മകനെ അവതരിപ്പിച്ച നടൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒ.കെ.കുറ്റിക്കോലിന്റെ നേതൃത്വത്തിലാണ്‌ ചമയം നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്‌. ഹരിദാസ്‌ ചെറുകുന്ന്‌, ലെനിൻ ഇടക്കൊച്ചി, പി.ടി.മനോജ്‌, ബാലകൃഷ്ണൻ, ചുഴലി, സീനാ ലെനിൻ, ഓമന പ്രകാശ്‌, പ്രസന്ന, ശരണ്യ തുടങ്ങിയവരാണ്‌ ‘പിരാന’യിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ന്യൂനപക്ഷ വർഗീയതയുടേയും ഭൂരിപക്ഷവർഗീയതയുടേയും യുദ്ധപ്രഖ്യാപനങ്ങളാണ്‌ അനുദിനം മാധ്യമങ്ങളിലൂടെ വിളംബരം ചെയ്യപ്പെടുന്നത്‌. വർഗീയ സംഘർഷങ്ങളുടെ ഒരു കലാപഭൂമിയിലേക്ക്‌ അധിനിവേശത്തിന്റെ കൊടിയടയാളങ്ങൾ കടന്നുവരുന്നത്‌ വിധേയത്വത്തിന്റെയും ആശ്രിതത്വത്തിന്റെയും വഴികളിലൂടെയാണ്‌. മതത്തിന്റെ സ്വത്വബോധത്തെ മറികടന്നുകൊണ്ട്‌ മനുഷ്യത്വത്തിന്റെ പക്ഷത്തു നിന്ന്‌ സംസാരിക്കുമ്പോഴാണ്‌ സമൂഹം പുരോഗമനപരമായി മാറിക്കൊണ്ടിരിക്കുന്നു എന്ന്‌ പറയാൻ കഴിയുക.

”മതത്തെ നിരാകരിക്ക്‌, മനുഷ്യത്വത്തെ നെഞ്ചോടു ചേർത്ത്‌ പിടിച്ച്‌ പുൽക്‌“ എന്ന്‌ ഉദ്‌ഘോഷിക്കുന്ന പുരോഗമനവാദി ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ നാടകത്തിലൂടെ നാം ചില തിരിച്ചറിവുകളിലേക്കെത്തുന്നുണ്ട്‌. മല്ലികയുടെ തകർക്കപ്പെട്ട ജീവിതമാർഗമായ പെട്ടിക്കടയുടെ മുകളിൽ നാടകകൃത്തിന്റെ ജഢവും പേറി മനുഷ്യപക്ഷത്തു നിന്നുകൊണ്ട്‌ നടത്തുന്ന ഒരു വിലാപയാത്രയിലാണ്‌ നാടകം അവസാനിക്കുന്നത്‌. പൊളളുന്ന ഒരു പിടി ദൃശ്യാനുഭവങ്ങളിലൂടെ സുഖാലസ്യത്തിൽ നിന്ന്‌ യാഥാർത്ഥ്യത്തിലേക്ക്‌, അതിന്റെ അസ്വസ്ഥതകളിലേക്ക്‌ എടുത്തെറിയുവാൻ സാധിച്ചാൽ നാടകത്തിന്റെ രാഷ്‌ട്രീയദൗത്യം പൂർത്തിയാക്കപ്പെടും. ‘പിരാന’ അത്‌ ഏറെക്കുറെ പൂർത്തീകരിക്കുന്നുണ്ട്‌.

‘എൻസംബിൾസ്‌ ഓഫ്‌ ആർട്ട്‌സ്‌’ എന്ന പദ്ധതിയുമായി സുകുമാരകലകളെ പോഷിപ്പിക്കാൻ ഇറങ്ങിത്തിരിച്ച സംഘചേതന വീണ്ടും അടിയുറച്ച വർഗനിലപാടുമായി ‘പിരാന’യിലൂടെ നാടകത്തിലേക്ക്‌ തിരിച്ചെത്തിയതും ഏറെ ആശ്വാസകരമാണ്‌. രാഷ്‌ട്രീയപരമായ ശൂന്യത നിറഞ്ഞു നിന്ന രംഗവേദിയിലേക്കാണ്‌ ‘പിരാന’ തീക്ഷണഭാഷയുടെ ആർജ്ജവവുമായി കടന്നുവരുന്നത്‌. നവോത്ഥാന മൂല്യങ്ങളാകെ തകിടം മറിയുമ്പോൾ പുനരുത്ഥാനത്തിന്റെയും മതമൗലികവാദത്തിന്റെയും പുകമറ സൃഷ്ടിച്ച്‌ അധിനിവേശം ഒളിഞ്ഞും മറഞ്ഞതും നമ്മളെ ആക്രമിക്കാനൊരുങ്ങുമ്പോൾ ‘പിരാന’പോലുളള രാഷ്‌ട്രീയവത്‌ക്കരണത്തിന്റെ രംഗമാതൃകകൾക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. അരങ്ങും തിരശീലയും തെരുവും കലാശാലയും ഓർമ്മകളെ തിരിച്ചു പിടിച്ചാൽ മാത്രമേ, സത്തയുളള രാഷ്‌ട്രീയത്തെ തിരിച്ചുകൊണ്ടുവന്നാൽ മാത്രമേ നമ്മുടെ ജീവിതത്തെ ബാധിച്ചിരിക്കുന്ന ആലസ്യത്തിന്റെ വഴുവഴുപ്പുകളെ അകറ്റിനിർത്താൻ കഴിയൂ എന്ന്‌” ഊറ്റത്തോടെ പറയാൻ കഴിയുന്ന നിശിതമായ വർഗനിലപാടാണ്‌ നാം തിരിച്ചു പിടിക്കേണ്ടത്‌. പതിവു ശൈലികളുടെ ഒത്തുതീർപ്പിന്‌ വഴങ്ങാതെ അരങ്ങിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ തീക്ഷണമായ ഭാഷയിൽ രാഷ്‌ട്രീയം പറയുന്ന പുരോഗമനകലാസൃഷ്ടിയാണ്‌ ‘പിരാന’.

Generated from archived content: essay1_nov24_06.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English