സാർത്ഥകമാകുന്ന ആക്ഷേപങ്ങൾ

കാലിക യാഥാർത്ഥ്യങ്ങളുടെ നേരറിവുകൾ അതേപടി രംഗവത്‌ക്കരിച്ചതു കൊണ്ടുമാത്രം അരങ്ങിന്റെ രാഷ്‌ട്രീയത്തെ തിരിച്ചുപിടിക്കാൻ കഴിയില്ല. ജീവിതത്തെക്കുറിച്ചുള്ള ധൃതിപിടിച്ച പുറം വായനകൾക്കും അപ്പുറമായി നാടകക്കാരന്റെ ധൈഷണികവും സർഗ്ഗാത്മകവുമായ പ്രതിഭ ആഴത്തിലുള്ള അകവായനയാൽ മനനം ചെയ്തെടുക്കുന്ന ദാർശനികമായ തിരിച്ചറിവുകൾ രംഗവത്‌ക്കരിക്കപ്പെടുമ്പോൾ മാത്രമേ അത്തരം ജൈവികതയെ നമുക്ക്‌ വീണ്ടെടുക്കാൻ കഴിയൂ. തീർച്ചയായും വയറ്റുപിഴപ്പ്‌ പ്രൊഫഷണൽ നാടകസംഘങ്ങളുടെ പതിവ്‌ മസാല ചേരുവകളിൽ നിന്നും അല്ല, നാടകത്തെ സ്നേഹിക്കുന്ന അമേച്വർ നാടകസംഘങ്ങളുടെ ജീവസ്സുറ്റ ശ്രമങ്ങളിലാണ്‌ നാടകമെന്ന സാംസ്‌കാരിക മാധ്യമത്തെ ഗൗരവമായി കാണുന്ന ആസ്വാദകസമൂഹം ഏറെ പ്രതീക്ഷയർപ്പിക്കുന്നത്‌. പയ്യന്നൂർ പീപ്പിൾസ്‌ ആർട്‌സ്‌ ക്ലബ്ബ്‌ അവതരിപ്പിക്കുന്ന ‘പന്നി’ എന്ന നാടകത്തെ ഇത്തരം ശ്രമങ്ങളോട്‌ ചേർത്ത്‌ വായിക്കാവുന്നതാണ്‌.

ഉറക്കം നടിക്കുന്ന ഒരു ആൾക്കൂട്ടത്തെ ഉണർത്തുപാട്ടുകൾ കൊണ്ടോ പ്ര്ഢ ലേഖനങ്ങൾകൊണ്ടോ ഉണർത്താൻ ശ്രമിക്കുന്നത്‌ അല്ലെങ്കിൽ സമരോത്സുകമാക്കാൻ ശ്രമിക്കുന്നത്‌ വ്യർത്ഥമാണ്‌. സ്വന്തം ജീവിതത്തിന്റെ ഭാഗധേയത്തെതന്നെ നിർണയിക്കുന്ന നിർണ്ണായകമായ ദേശീയവും അന്തർദേശീയവുമായ രാഷ്‌ട്രീയ തീരുമാനങ്ങളോട്‌, കോടതിവിധികളോട്‌ എതിർപ്പിന്റെ ഒരു വാക്കുപോലും പറയാൻ കഴിയാത്തവിധം വന്ധ്യംകരിക്കപ്പെട്ടുപോയ ഒരു പൊതുമനസ്സിന്റെ ആലസ്യത്തോട്‌ അല്പമെങ്കിലും സംവദിക്കുക നിശിതമായ പരിഹാസവാക്കുകളാണ്‌. പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകളാണ്‌, എല്ലിൽ തട്ടുന്ന ആക്ഷേപങ്ങളാണ്‌ എല്ലാ കപടനാടകങ്ങളെയും അല്പമെങ്കിലും തച്ചുടക്കാൻ പര്യാപ്തമായ വഴി. അസംബന്ധ നാടകങ്ങളുടെ ശ്രേണിയിൽ പെടുത്താവുന്ന ‘പന്നി’ എന്ന നാടകം മികച്ച രംഗാവതരണത്തിലൂടെ ശ്രദ്ധേയമായിത്തീരുന്നത്‌ അതുകൊണ്ടുതന്നെയാണ്‌.

ഭക്ഷണം, വസ്‌ത്രം, സുരക്ഷിതത്വം തുടങ്ങി ഒരു ജനതയുടെ അടിസ്ഥാന ജീവിതസൗകര്യങ്ങൾക്കെല്ലാമുപരിയാണ്‌ രാജ്യസുരക്ഷിതത്വത്തിന്റെ പ്രാധാന്യം എന്ന തീർത്തും അബദ്ധജടിലമായ – ഭരണവർഗ്ഗധാരണകളെയാണ്‌ ‘പന്നി’ നേർക്കുനേരെ നിന്ന്‌ പരിഹസിക്കാൻ ഒരുമ്പെടുന്നത്‌. മാക്കോൺ, കാക്കോൺ എന്നീ അയൽദേശക്കാരായ, പക്ഷേ ബദ്ധശത്രുക്കളുമായ രാജ്യങ്ങൾ നടത്തുന്ന നിരന്തരയുദ്ധങ്ങളുടെ നിരർത്ഥകതയിലേക്കും നാടകം സഞ്ചരിക്കുന്നു. മാക്കോൺ രാജ്യക്കാരുടെ കുലത്തൊഴിൽ പന്നിവളർത്തലെങ്കിൽ കാക്കോൺകാരുടേത്‌ മത്സ്യബന്ധനമാണ്‌. മാക്കോൺക്കാരുടെ പട്ടാളക്യാമ്പിലാണ്‌ നാടകം അരങ്ങേറുന്നത്‌. വേഴ്‌ച കഴിഞ്ഞ്‌ പണം നൽകാതെ ഇറങ്ങിപ്പോകുന്ന പട്ടാളക്കാരനെ മാക്കോണിലെ ഏക സ്‌ത്രീയായ ഗലി അമ്മായി എന്ന്‌ വിളിക്കുന്ന വേശ്യ വല്ലാതെ ചീത്തവിളിക്കുന്നിടത്താണ്‌ നാടകം തുടങ്ങുന്നത്‌. രംഗമധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന മാക്കോൺ ദേശക്കാരുടെ ദേശീയപതാകയുടെ കൊടിമരത്തിനു മേൽ ഗലി അമ്മായി പലതവണ പുച്ഛിച്ചു തുപ്പുന്നുണ്ട്‌. ‘എന്റെ ദൈവമേ ഈ കീറത്തുണി ആരെങ്കിലും വലിച്ചെറിഞ്ഞിരുന്നെങ്കിൽ…’ എന്ന്‌ ദേഷ്യത്തോടെ ആക്രോശിക്കുന്നുണ്ട്‌. അടിസ്ഥാന പ്രശ്നങ്ങളൊക്കെയും പരിഹരിക്കപ്പെടാതെ അതിസങ്കീർണ്ണമായിക്കൊണ്ടിരിക്കുമ്പോൾ, ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെ വെറും നിലവിളികളായിത്തന്നെ ഒടുങ്ങിതീരുമ്പോൾ, അതിർത്തിയിലെ സൈനിക മുന്നേറ്റങ്ങൾ ഏറ്റവും വലിയ ദേശീയ നേട്ടമായി മഹത്വവത്‌ക്കരിക്കപ്പെടുമ്പോൾ, അത്തരം ശ്രമങ്ങളെ മാധ്യമങ്ങൾ കൊണ്ടാടുമ്പോൾ വിജൃംഭണം ചെയ്യപ്പെടുന്ന കപടദേശീയബോധത്തിന്റെ ശൂന്യതയിലേക്കാണ്‌ ‘പന്നി’ വിരൽ ചൂണ്ടുന്നത്‌. പ്രതിരോധങ്ങളേതും തന്നെ ഇല്ലാതെ ഇത്തരം ‘അബോധങ്ങൾ’ നമ്മുടെ പൊതുമനസ്സിനെ കീഴടക്കുമ്പോൾ ഇത്തരം നാടകങ്ങൾ നടത്തുന്ന തിരിച്ചറിവുകളുടെ പ്രചരണശ്രമങ്ങൾ മാനവികതയുടെ പക്ഷത്തു നിന്നുള്ള ക്രിയാത്മകമായ രാഷ്‌ട്രീയ ഇടപെടലുകളായിത്തീരുന്നുണ്ട്‌.

തോക്കും വെടിയുണ്ടകളുമായല്ല ചിലപ്പോൾ നിങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ നിങ്ങളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ട്‌ നിങ്ങളുടെ ചിന്തകൾക്കും വിശകലനശേഷിക്കും മീതെ ആസക്തിയുടെ നിർവൃതി പടർത്തിക്കൊണ്ടായിരിക്കാം അധിനിവേശം നിങ്ങളെ നിരായുധരാക്കിത്തീർക്കുക എന്നത്‌ മുൻപുതന്നെ പലരും നിരീക്ഷിച്ചിട്ടുള്ളതാണ്‌. മാക്കോൺ ദേശക്കാരുടെ സൈന്യത്തിനാകെ അപമാനമായിരിക്കുന്ന അവരുടെ ഷണ്ഡത്വത്തിന്‌ പരിഹാരം നൽകുന്ന ഒരു പ്രത്യേകതരം ഉല്പന്നം ഞങ്ങളുടെ കൈയ്യിൽ വിൽക്കാനുണ്ടെന്ന്‌ പ്ലൂട്ടോമിയക്കാർ അവകാശപ്പെടുന്നു. ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ച്‌ കൊണ്ട്‌ ആ ധാന്യം പ്രതിഫലമായി നൽകികൊണ്ട്‌ വിശിഷ്ട ഉല്പന്നം വാങ്ങാനും അതുവഴി ‘ദേശീയത’ ഉയർത്തിപ്പിടിക്കാനും പട്ടാളമേധാവി തീരുമാനിക്കുന്നു. ഇതിനെ ചോദ്യം ചെയ്ത അനുയായിയെ ‘ആഹാരമാണോ ദേശീയവികാരമാണോ നിനക്ക്‌ വലുത്‌’ എന്നു ചോദിച്ചുകൊണ്ട്‌ അയാൾ നിഷ്‌ക്കരുണം വെടിവെച്ച്‌ വീഴ്‌ത്തുന്നു. ഒടുവിൽ പ്രത്യേക ഉല്പന്നത്തിന്റെ ഉപയോഗംകൊണ്ട്‌ മാക്കോൺ ദേശത്തെ പട്ടാളക്കാരെല്ലാം ആസക്തിയുടെ ആൾരൂപങ്ങളാകുന്നു. ചിന്തയുടെ, വിശകലനശേഷിയുടെ ഒരു തരിമ്പുപോലും ബാക്കിയാകാതെ വെറും ശരീരപ്പടകളായി അവർ മാറുന്നു. കാക്കോണിൽ നിന്നും അവിടുത്തെ പട്ടാളക്കാരെ ഭയന്ന്‌ പുഴയിൽ ചാടി മരിക്കാതെ ഒഴുകിയൊഴുകി മാക്കോണിൽ എത്തിപ്പെട്ട ഒരു യുവതിയുടെ ദൈന്യതയിലാണ്‌ അവർ തങ്ങളുടെ ആസക്തികളെ ഒടുക്കുന്നത്‌. അതിർത്തികളോ ഭാഷയോ വിവിധ സംസ്‌കാരങ്ങളോ ഒന്നും തന്നെ സ്ര്തീയുടെ നിലവിളികൾക്ക്‌ മറുപടി പറയാനാകാതെ വെറും പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ വിഭിന്ന രൂപങ്ങൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിന്റെ ദൈന്യതയാർന്ന ദൃശ്യങ്ങളും നാടകത്തിലൂടെ കാണാം. തങ്ങളുടെ രാജ്യത്തെ ഏക പെൺതരിയായ ഗലി അമ്മായിയെ വെടിവെച്ച്‌ വീഴ്‌ത്തി പന്നികൾക്ക്‌ എറിഞ്ഞു കൊടുക്കാൻ പട്ടാളമേധാവി കൽപ്പിക്കുന്നുണ്ട്‌.

ഗലി അമ്മായിയുടെയും മേധാവി കൊലചെയ്ത സഹപ്രവർത്തകന്റെയും ശവങ്ങളിൽ നിന്ന്‌ വിശിഷ്ടമായ ഒരു ഗന്ധമാണ്‌ മാക്കോൺകാരെ തേടിയെത്തുന്നത്‌. യുദ്ധവും അതിർത്തികളും ദേശീയ പതാകകളും ഉണ്ടാകുന്നതിന്‌ മുമ്പ്‌ അമ്മ വേവിച്ചുതന്ന കിഴങ്ങിന്റെ മണം, തന്നോട്‌ അവസാനമായി യാത്രപറഞ്ഞ പ്രണയിനിയുടെ കണ്ണിരിന്റെ ഗന്ധം, ഇവിടേയ്‌ക്ക്‌ വരുന്നതിനു മുമ്പ്‌ അമ്മ നൽകിയ ചുംബനത്തിന്റെ മാധുര്യം… ഇങ്ങനെ ഇങ്ങനെ ജീവിതത്തിന്റെ ആർദ്രതയുള്ള സ്നേഹത്തിന്റെ മാനവികതയുടെ ഓർമ്മ പച്ചപ്പുകളിലേക്കാണ്‌ അവരുടെ ശവഗന്ധം അനുയായികളെ കൊണ്ടുചെന്നെത്തിക്കുന്നത്‌. കപടദേശീയതയ്‌ക്കും യുദ്ധവെറിയ്‌ക്കും അപ്പുറത്തുള്ള വിശ്വമാനവികതയുടെ വിശാലഭൂമികയിലേക്ക്‌, അതിന്റെ ശാശ്വതസ്നേഹത്തിന്റെ ഔന്നത്യത്തിലേക്ക്‌ ആസ്വാദകരെയാകെ കൊണ്ടുചെന്നെത്തിക്കാൻ നാടകത്തിന്‌ കഴിയുന്നുണ്ട്‌.

തികച്ചും ആംഗലേയനാടകങ്ങളുടെ അവതരണ മാതൃകയിലാണ്‌ നാടകം അവതരിപ്പിക്കപ്പെടുന്നത്‌. പക്ഷേ നാടകത്തിൽ ഉപയോഗിക്കുന്ന നാട്ടുഭാഷയുടെ ഹൃദ്യത ഏതൊരു സാമാന്യ പ്രേക്ഷകനോടും ഉള്ളു തുറന്ന്‌ സംവദിക്കാൻ നാടകത്തെ പര്യാപ്തമാക്കുന്നു. വളരെ രസകരമായ ഒരു പുറംവായനയ്‌ക്കു ചേർന്ന ലാളിത്യത്തോടൊപ്പം കാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട്‌ വിഭിന്നമായ അകക്കാഴ്‌ചകൾക്ക്‌ നിരവധി സാധ്യതകൾ നൽകുന്ന ഒരു ദാർശനികതലം കൂടി നാടകത്തിനുണ്ട്‌. രംഗവസ്തുക്കളുടെ മികച്ച ക്രമീകരണവും വസ്‌ത്രാലങ്കാരത്തിലെ സവിശേഷതയും ഒക്കെ അരങ്ങിന്‌ ഒരു ശില്പഭംഗി പകർന്നു നൽകുന്നുണ്ട്‌. അസ്ഥാനത്തെ ആശ്ചര്യചിഹ്‌നം പോലെ മുഴച്ചു നിൽക്കാത്ത ദീപവിതാനങ്ങളും വളരെ കൃത്യതയോടെ, ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തലസംഗീതവും ‘പന്നി’യെ മികച്ച രംഗാവതരണങ്ങളിലൊന്നാക്കി മാറ്റുന്നു.

എസ്‌. സുനിൽ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന നാടകത്തിന്റെ രചന സുനിലും ജയിംസ്‌പോളും ചേർന്ന്‌ നടത്തിയതാണ്‌. നാടകശരീരത്തിന്‌ ഏറ്റവും ഇണങ്ങുംവിധം ദീപവിതാനങ്ങളെ വിന്യസിച്ചിരിക്കുന്നതും പശ്ചാത്തലസംഗീതം ഒതുക്കിയിരിക്കുന്നതും എസ്‌. സുനിൽ തന്നെയാണ്‌. അഭിനയത്തികവിന്റെ പേരിൽ പ്രത്യേകം പരാമർശിക്കുന്നത്‌ പട്ടാളമേധാവിയെ അവതരിപ്പിച്ച വിജയൻ അക്കാണത്ത്‌, ഗലി അമ്മായിയെ അവതരിപ്പിച്ച ഭാനുമതി എന്നിവരെയാണ്‌. ഇതിലെല്ലാമുപരിയായി അഭിനേതാക്കളും പിന്നണി പ്രവർത്തകരുമായി നരേഷ്‌, വിനോദ്‌, ലജേഷ്‌, അശ്വതി, രാജീവൻ, ബാലു, പ്രമോദ്‌ എന്നിവരടങ്ങുന്ന മികച്ച ഒരു കൂട്ടായ്മയാണ്‌, അവരുടെ ആത്മാർപ്പണമാണ്‌ ‘പന്നി’യെ വേറിട്ട രംഗാനുഭവമാക്കി മാറ്റുന്നത്‌.

മനുഷ്യജീവിതത്തിൽ ആംഗീകവും വാചികവുമായ വിനിമയം നിലനിൽക്കുന്നിടത്തോളം കാലം നാടകത്തിന്റെ നൂതനവും വിഭിന്നവുമായ രൂപമാതൃകകൾ നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും. മനുഷ്യരാശിയുടെ അവസാനത്തോളം നിലനിൽക്കുന്ന കാലാതിവർത്തിയായ ജീവിതത്തിന്റെ പുനഃസൃഷ്ടിയാണ്‌ നാടകം. ചരിത്രത്തോട്‌ സത്യസന്ധത പുലർത്തുന്ന, രംഗപാഠങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയമായ അറിവുകളുടെ പിൻബലത്തിൽ ചിട്ടപ്പെടുത്തിയ, നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ അരങ്ങിന്റെ എല്ലാ ദൃശ്യസാധ്യതകളെയും ഗുണപരമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്ന, രംഗത്ത്‌ അഗ്‌നിയും വർഷവും സൃഷ്ടിക്കുന്ന ധിഷണാശാലികൾ മെനഞ്ഞെടുക്കുന്ന ഉദാത്തമായ രംഗമാതൃകകളാണ്‌ നമുക്കുണ്ടാകേണ്ടത്‌. അന്നൂർ പീപ്പിൾസ്‌ ആർട്‌സ്‌ ക്ലബ്ബ്‌ അവതരിപ്പിക്കുന്ന ‘പന്നി’ എന്ന രംഗാനുഭവം നൽകുന്ന പ്രതീക്ഷയും അതു തന്നെയാണ്‌.

Generated from archived content: essay1_may2_07.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English