“ആയുഷ്‌മാൻ ഭവ! -ആചാര്യന്‌ ശതാഭിഷേകം”

വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാടിന്റെ വൈദ്യജീവിതത്തെക്കുറിച്ച്‌….

“സമദോഷഃസമാഗ്‌നിശ്ച സമധാതുമലക്രീയാഃ

പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ സ്വാൽ സമയോഗതാ”

-ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും പ്രസന്നമായിരിക്കുക എന്നതാണ്‌ സ്വസ്ഥന്റെ ആത്യന്തികമായ ലക്ഷണം. ദോഷങ്ങളും അഗ്‌നിയും ധാതുക്കളും മലങ്ങളും ഹൃദയാദികളായ അവയവങ്ങളുടെ ക്രിയകളും എല്ലാം സമങ്ങളായി ആത്മാവിന്റെയും ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും എല്ലാം സ്വസ്ഥത അനുഭവപ്പെടുന്നു-

ശതാഭിഷേകത്തിന്റെ നിറവിലും ആയുർവ്വേദകുലപതിയുടെ ശാസ്‌ത്രോപദേശത്തിന്റെ അമൃതധാര നിലയ്‌ക്കുന്നില്ല. ചാലക്കുടിയിലെ ‘രാജ്‌വിഹാറി’ൽ വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്‌ വാർദ്ധക്യത്തെ വകവയ്‌ക്കാതെ, ആയുർവേദത്തിനായി ഉഴിഞ്ഞു വയ്‌ക്കപ്പെട്ട തന്റെ ജീവിതത്തിന്റെ വളർച്ചയുടെ പടവുകൾ വൈദ്യലോകത്തിന്റെയാകെ ഉയർച്ചയാക്കി മാറ്റാനുളള തീവ്രശ്രമത്തിലാണ്‌. തന്റെ ശതാഭിഷേകം കെട്ടുകാഴ്‌ചകളാൽ പൊലിപ്പിക്കാനല്ല, മറിച്ച്‌ ആയുർവ്വേദശാസ്‌ത്രത്തിന്റെ വളർച്ചയിൽ ഒരു നാഴികക്കല്ലാക്കി മാറ്റുക എന്ന വളരെ വിശാലമായ കാഴ്‌ചപ്പാടാണ്‌ അദ്ദേഹത്തിനുളളത്‌. കേരളത്തിലെ ആയുർവ്വേദ ഭിഷഗ്വരൻമാരുടെ ഒരു ഒത്തുചേരൽ; ഹൃദ്രോഗം, കേരളീയ ബാലചികിത്സ എന്നീ വിഷയങ്ങളിൽ ദേശീയ സെമിനാറുകൾ. പുതിയ ആശയങ്ങളും നിഗമനങ്ങളും വൈദ്യനും രോഗിക്കും ലോകത്തിനും പുതുതലമുറയ്‌ക്കും നൂതന സംഭാവനകൾ നൽകിയേക്കാവുന്ന വിചിത്രമായ ഒരു ശതാഭിഷേകച്ചടങ്ങുകൾക്ക്‌ വിചിത്രമായ ഒരു ശതാഭിഷേകച്ചടങ്ങുകൾക്ക്‌ ഈ വരുന്ന മെയ്‌ 23-ന്‌ ചാലക്കുടിയിലെ ‘രാജവിഹാർ’ സാക്ഷ്യം വഹിക്കും.

“ലാളിത്യം, വിനയം, മിതത്വം എന്നിവയെ ജീവിതത്തിൽ എല്ലാവിധത്തിലും പാലിക്കുക. എല്ലാ തരത്തിലുളള ആർഭാടവും ആഢംബരവും ആരോഗ്യത്തിന്‌ ഹാനികരമാകുന്നു.”

ആരോഗ്യ സംരക്ഷണത്തിനുളള തിരുമുൽപ്പാടിന്റെ പ്രഥമ നിർദ്ദേശം ഇങ്ങനെയാണ്‌. തികഞ്ഞ ഗാന്ധിയനായ ശ്രീ.രാഘവൻ തിരുമുൽപ്പാട്‌ സ്വന്തം ജീവിതം തന്നെ ഇത്തരം ഒരു ഉപദേശമാക്കി മാറ്റി. വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്‌ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആയുർവ്വേദത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനുമായി ലാഭേച്ഛ കൂടാതെയുളള നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഫൗണ്ടേഷന്റെ ‘വൈദ്യസംവാദം’ എന്ന ത്രൈമാസിക മൗലീകവും ശാസ്‌ത്രീയവുമായ ആയുർവ്വേദത്തെ ആഴത്തിലറിയാൻ ആഗ്രഹിക്കുന്നവർക്ക്‌ ഏറെ ഫലപ്രദമാണ്‌. ചാലക്കുടിയിൽ, സ്വന്തം ഭവനത്തിൽ തിരുമുൽപ്പാട്‌ നടത്തുന്ന അനൗപചാരികമായ ആയുർവ്വേദപഠന ക്ലാസ്സുകൾ ക്ലാസ്സ്‌റൂമിന്റെ ചട്ടക്കൂടുകൾക്കുമപ്പുറത്തായി ഗുരുവും ശിഷ്യനും ഒരുപോലെ പങ്കാളിയാകുന്ന ഒരു പുതിയ ബോധന രീതിയാണ്‌ അവലംബിക്കുന്നത്‌.

യാദൃശ്ചികമായ ചില ജീവിതഗതികളാണ്‌ തിരുമുൽപ്പാടിനെ ചികിത്സാരംഗത്തെത്തിച്ചത്‌. 1937-ൽ ചാലക്കുടി സ്‌കൂളിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസവും സംസ്‌കൃതപഠനവും കഴിഞ്ഞ്‌ ഏറെ വൈകാതെ മദ്രാസിൽ സൗത്ത്‌ ഇന്ത്യൻ റെയിൽവേയ്‌സിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ജോലി ചെയ്‌തുകൊണ്ടിരിക്കവെ അദ്ദേഹത്തിന്‌ ക്ഷയരോഗം ബാധിച്ചു. അവിടെയുളള ഡോക്‌ടർമാർക്ക്‌ അദ്ദേഹത്തിന്റെ രോഗം ശമിപ്പിക്കാനായില്ല. തുടർന്ന്‌ നാട്ടിലേക്ക്‌ മടങ്ങുകയും ചാലക്കുടിയിലെ പ്രശസ്ത ആയുർവ്വേദ ചികിത്സകനായ പി.വാസുദേവൻ നമ്പീശന്റെ ചികിത്സ തേടുകയും അവിടെ നിന്ന്‌ അസുഖം പൂർണ്ണമായും ഭേദപ്പെടുകയും ചെയ്‌തു. സ്വന്തം ജീവിതം തിരിച്ചുതന്ന ആയുർവ്വേദത്തെ കൂടുതലറിയാൻ ആഗ്രഹിക്കുകയും വാസുദേവൻ നമ്പീശന്റെ കീഴിൽ അഞ്ചു വർഷത്തോളം (1944-1949) വൈദ്യം പഠിക്കുകയും ചെയ്‌തു. പഞ്ചകർമ്മ ചികിത്സയിൽ പ്രത്യേക പ്രാവീണ്യം നേടി. 1950-ൽ കൊച്ചി സർക്കാരിന്റെ വൈദ്യഭൂഷണം പാസ്സാവുകയും ചികിത്സാരംഗത്തേക്ക്‌ പ്രവേശിക്കുകയും ചെയ്‌തു.

അത്യാധുനികമായ ഏതു രോഗത്തെയും വിശ്വാസപൂർവ്വം ചികിത്സിച്ച്‌ പരീക്ഷിക്കുന്നതിന്‌ ആവശ്യമായ ദർശനം ആയുർവ്വേദത്തിന്റെ അഭ്യസനം കൊണ്ട്‌ സിദ്ധിക്കുന്നു എന്ന്‌ തിരുമുൽപ്പാട്‌ സംശയം കൂടാതെ പറയുന്നു. ശാസ്‌ത്രത്തിലുളള അളവറ്റ വിശ്വാസവും കർമ്മരംഗത്തെ ഊർജ്ജസ്വലമായ പ്രവർത്തനശൈലിയുമാണ്‌ രാഘവൻ തിരുമുൽപ്പാടിനെ വ്യത്യസ്തനാക്കുന്നത്‌. ആയുർവ്വേദ ദർശനം, അഷ്‌ടാംഗദർശനം, പ്രകൃതി ചികിത്സ, ഹൃദ്‌രോഗം, അഷ്‌ടാംഗസംഗ്രഹത്തിന്റെ ‘പ്രകാശികാ’ എന്ന വ്യാഖ്യാനം തുടങ്ങി തിരുമുൽപ്പാട്‌ രചിച്ച ആയുർവ്വേദ ഗ്രന്ഥങ്ങൾ ശാസ്‌ത്രത്തിന്റെ ജനകീയ അവബോധ ചികിത്സകൻ എന്ന നിലയിൽ മാത്രമല്ല; തത്വചിന്ത, എഴുത്ത്‌, സംസ്‌കൃതപണ്‌ഡിതൻ, അധ്യാപനം, വിവർത്തനം, പ്രഭാഷണം തുടങ്ങി വിവിധ മേഖലകളിൽ തിരുമുൽപ്പാടിന്റെ പാണ്ഡിത്വം അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ആചാര്യ, ആയുർവ്വേദാചാര്യ, ആയുർവ്വേദ വചസ്‌പതി, പണ്‌ഡിതരത്നം തുടങ്ങി ബഹുമതി പത്രങ്ങളുടെയും പുരസ്‌കാരങ്ങളുടെയും ഒരു നീണ്ട നിരതന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. കേരളത്തിലെ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും ആരോഗ്യപഠന വിഭാഗത്തിലെ അക്കാദമിക്‌ സ്ഥാനങ്ങളും തിരുമുൽപ്പാട്‌ അലങ്കരിച്ചിട്ടുണ്ട്‌.

ആയുർവ്വേദത്തിന്റെ വളർച്ച അനുദിനം മെച്ചപ്പെടുകയാണെങ്കിലും തിരുമുൽപ്പാടിന്റെ മനസ്സിൽ ചില ഉത്‌ക്കണ്‌ഠകൾ ബാക്കിയാവുകയാണ്‌. എല്ലാ സംസ്ഥാനങ്ങളിലെയും ആയൂർവ്വേദ കോളേജുകളിൽ ഒരേ പാഠ്യപദ്ധതിയും ഒരേ പരീക്ഷാ സമ്പ്രദായവും ആയിത്തീർന്നതിന്റെ ഫലമായി കാലോചിതമായി വികസിച്ചു വന്നിരുന്ന ചികിത്സാരീതിയിലെ കേരളീയത നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതും മറ്റും അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ട്‌. ആയുർവ്വേദത്തിന്റെ എല്ലാ അംശങ്ങളിലും അതിന്റേതായ ഒരു ശാസ്‌ത്രീയത നിലനിന്നിരുന്നു. അനുചിതവും ദീർഘവീക്ഷണമില്ലാത്തതുമായ പരിഷ്‌ക്കാരങ്ങൾ. അതെല്ലാം തികച്ചും നഷ്‌ടപ്പെടുത്തുകയും പുതിയൊരു ‘ശാസ്‌ത്രീയത’യ്‌ക്ക്‌ രൂപം നൽകുകയും ചെയ്യുകയാണ്‌. സ്വന്തം പ്രവർത്തിയിലൂടെയും എഴുത്തിലൂടെയും അധ്യാപനത്തിൽകൂടിയും ചികിത്സാരീതിയിലൂടെയുമൊക്കെ ആയൂർവ്വേദമെന്ന മഹാശാസ്‌ത്രത്തിന്റെ ആയൂർവ്വേദീയതയെ, ഭാരതീയതയെ, കേരളീയതയെത്തന്നെ സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആ മഹാവൈദ്യന്‌, ശതാഭിഷേകത്തിന്റെ ധന്യമുഹൂർത്തത്തിൽ നമുക്ക്‌ ദീർഘായുസ്സ്‌ നേരാം.

വിലാസം

വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്‌, ‘രാജവിഹാർ’, ചാലക്കുടി, തൃശൂർ.

Generated from archived content: essay1_may13.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here