നാടകജീവനം

മനസ്സിലാകുക എന്നാൽ എന്താണ്‌?

മനസ്സിലായി എന്നുപറയുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ എന്താണ്‌ മനസ്സിലാക്കുന്നത്‌?

‘മനസ്സിലാകു’ന്നതിനെക്കുറിച്ച്‌ നിങ്ങൾ ഇതുവരെ മനസ്സിലാക്കിയതിനുമപ്പുറം ഒരുപാട്‌ അർത്ഥങ്ങൾ ഉണ്ടെന്ന്‌ നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? മനസ്സെന്നാൽ ഞാൻ ഇല്ലാതെ ആകുക എന്നാണ്‌ അർത്ഥം. മനസ്‌ – മ+ന+ഹസ്സ്‌. മ-ഞ്ഞാൻ, ന-ഇല്ല, ഹസ്സ്‌-ഭവിക്കുന്നു (ആകുന്നു). മനസ്സിലാകുക എന്നാൽ ഞാൻ ഇല്ലാതെ ആകുക എന്നാണ്‌ അർത്ഥമാക്കുന്നതെങ്കിൽ നമുക്കിതുവരെ ഒന്നും മനസ്സിലായിട്ടില്ലെന്ന തിരിച്ചറിവിലേക്കെത്തുകയാണ്‌ പ്രേക്ഷകൻ.

‘ഞാൻ’(അഹം) ഇല്ലാതെ ആകുന്നത്‌ നാം ആത്മസാക്ഷാത്‌കാരത്തിലെത്തുമ്പോഴാണ്‌. തത്ത്വമസിയെ ‘മനസ്സിലാക്കു’ന്നതോടെയാണ്‌.

നാടകമെന്ന ജീവനമാർഗ്ഗത്തിലൂടെ ആത്മസാക്ഷാത്‌ക്കാരത്തിലേക്കുളള യാത്ര തുടരുകയാണ്‌ ജയപ്രകാശ്‌ കുളൂർ. വാക്കുകളെ കമിഴ്‌ത്തിയും മലർത്തിയും വച്ച്‌ പരിശോധിച്ച്‌, ചികഞ്ഞ്‌ ചികഞ്ഞ്‌ പുതിയ അത്ഭുതപ്പെടുത്തുന്ന അർത്ഥനിർവ്വചനങ്ങൾ നൽകുകയാണ്‌ ജയപ്രകാശ്‌ കുളൂർ. മനസ്സിനെക്കുറിച്ച്‌ നാം മനസ്സിലാക്കാത്ത പുതിയ പാഠങ്ങൾ അദ്ദേഹം പറയുന്നു.

വാക്കിലും ചിന്തയിലും എഴുത്തിലും നാടകത്തിനപ്പുറത്തായി കുളൂരിനൊന്നുമില്ല. അൽപം അതിശയോക്തിയോടുകൂടിത്തന്നെ അദ്ദേഹം പറയുന്നു ‘എനിക്ക്‌ നാടകമല്ലാതെ മറ്റൊന്നും എഴുതാൻ കഴിയില്ല.“

നന്മവറ്റിപ്പോകുന്നിടത്ത്‌, സ്‌നേഹക്കുറവ്‌ സംഭവിക്കുന്നിടത്ത്‌ തന്റെ അറിവിനെ, പ്രതിഭയെ ഉപയോഗപ്പെടുത്തുകയാണ്‌ കുളൂർ നാടകത്തിലൂടെ ചെയ്യുന്നത്‌. സ്വാർത്ഥതയാൽ വരണ്ടുപോയ ലോകത്തിലേക്ക്‌ സ്‌നേഹത്തിന്റെ ’പാൽപായസ‘വുമായി, അതിന്റെ ആർദ്രതയും മധുരവുമായി കുളൂർ നാടകങ്ങൾ കടന്നുവരുന്നു. ഇരുൾമൂടിയ ലോകത്ത്‌ ഓരോരുത്തരുടെയും ഉളളിലുളള തിരിതെളിക്കാനുളള ’വെളിച്ചെണ്ണ‘യായി കടന്നുവരികയാണ്‌ കുളൂർ നാടകം.

പേരിൽ മാത്രം ശോകമില്ലാത്തവരായിരിക്കുന്നവരെക്കുറിച്ച്‌ (നാമമാത്രം അശോകൻ), അന്തപ്പുരങ്ങളിലെ നാറ്റങ്ങളെക്കുറിച്ച്‌ (നാറ്റം), വയറിന്റെ പശിയടക്കാനുളള ശ്രമത്തിൽ വയറിൽ (ഇലക്‌ട്രിക്‌ വയർ) കൊരുക്കപ്പെട്ട ജീവിതത്തെക്കുറിച്ച്‌ (വയർ), നാടകത്തിലൂടെ കുളൂർ സംസാരിക്കുന്നു. പുതിയ ലോകത്ത്‌ നാം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്‌ മനസ്സിലാക്കുകയും തന്റെ മാധ്യമത്തിലൂടെ ചർച്ച ചെയ്യുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്ന കുളൂരിന്റെ രചനകൾ വിഭിന്നതലങ്ങളിൽ വിഭിന്നമായ കാഴ്‌ചകൾ സാധ്യമാക്കുന്നു.

നാടകം എന്നാൽ ഭാവിക്കലാണ്‌. ഭാവിക്കുക= ഭാവി+ആകുക. ഭൂതകാലത്തിൽ ലഭിച്ച അറിവുകളുപയോഗിച്ച്‌ വർത്തമാനകാലത്തിൽവച്ച്‌ ’ഭാവിയ്‌ക്കുക‘യാണ്‌ നാടകത്തിലൂടെ ചെയ്യുന്നത്‌. ജീവനുളള ഒരാൾ ജീവനുളള മറ്റൊരാളോട്‌ പറയുന്നതാണ്‌ നാടകം. ജീവനുളളിടത്തോളം കാലം ഈ ഭൂമിയിൽ നാടകവും നിലനിൽക്കുമെന്ന്‌ ജയപ്രകാശ്‌ കുളൂർ ഉറപ്പിച്ചു പറയുന്നു.

’ഇതുവരെ ഉളളത്‌ പോരാ. പുതിയൊരാൾ നാടകം കാണണം‘ എന്ന രീതിയിലുളള നാടകശ്രമങ്ങൾ വേണം. നിരന്തരം നാടകങ്ങളെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്‌ ഞാൻ. സങ്കേതങ്ങൾ അന്യൂനമാണ്‌. നാടകത്തിലൂടെ എന്തെങ്കിലും വിനിമയം ചെയ്യാനുണ്ടാകണം. അത്‌ പ്രേക്ഷകന്‌ മനസ്സിലാകണം. അതിന്‌ പല രീതികൾ തിരഞ്ഞെടുക്കാം.”

നാടകരംഗത്ത്‌ വിഭിന്നമായ അവതരണരീതിയും മാതൃകകളുമായാണ്‌ കുളൂരിന്റെ ഓരോ സൃഷ്‌ടിയും പ്രേക്ഷകനിലേക്കെത്തുന്നത്‌. നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ അഭിപ്രായത്തിൽ, ’നാടകത്തിലെ സ്ഥലകാലക്രിയകളെ നിർണ്ണയിക്കുന്നതു സംബന്ധിച്ചുളള പ്രതിസന്ധികളൊന്നും ജയപ്രകാശ്‌ കുളൂരിന്‌ പ്രശ്‌നമേ അല്ല.

നാടകസംവിധാനത്തിൽ കുളൂരിന്റെ ശൈലി ഏറ്റവും മാതൃകാപരമാണ്‌. കുളൂരിയൻ തീയേറ്ററിൽ നിന്ന്‌ നാടകം സ്വായത്തമാക്കിയവർ രംഗത്ത്‌ അവരുടെ ചെറിയ ചേഷ്‌ടകളിലൂടെപ്പോലും നാടകത്തെ അർത്ഥവത്തായി വിനിമയം ചെയ്യുന്നതു കാണാം. ആംഗികഭാഷയുടെ സാധ്യതകളെക്കുറിച്ചുളള സമഗ്രമായ അറിവ്‌ കുളൂർ പകർന്നു നൽകുന്നു.

“ഓരോ മനുഷ്യന്റെ ഉളളിലും അഭിനയിക്കാനുളള നൈസർഗ്ഗികമായ ഒരു ശേഷി നിലനിൽക്കുന്നുണ്ട്‌. മണ്ണപ്പം ചുട്ടുകളിക്കുന്ന കുട്ടികൾക്ക്‌ ആ കളികളിൽ ഒരു അനൗചിത്യവും തോന്നുന്നില്ല. ആ സമയത്ത്‌ അവർ സഹോദരങ്ങൾ ഭാര്യാഭർത്താക്കൻമാരായി അഭിനയിക്കുന്നു. ചെടിയുടെ ഇലകൾ കറിയായി മാറുന്നു. ആ അഭിനയശേഷി ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടാകുന്നതല്ല. നൈസർഗ്ഗികമാണ്‌. പിന്നീടെപ്പോഴൊക്കെയോ ആ കഴിവിനുമേൽ പലതരം മാലിന്യങ്ങൾ വന്നുപൊതിയുന്നു. മാലിന്യങ്ങളാൽ മൂടപ്പെടുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ചെയ്യുന്നത്‌ അത്തരം മാലിന്യങ്ങൾ നീക്കം ചെയ്‌ത്‌ നൈസർഗ്ഗികശേഷിയെ പുറത്തുകൊണ്ടുവരികയാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു തോട്ടിപ്പണിയാണ്‌.”

കുളൂർ ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും സംവിധാനകലയെക്കുറിച്ചുളള സമഗ്രവും നവീനവുമായ ഒരു അറിവ്‌ നമുക്ക്‌ ലഭിക്കുന്നു. ‘അപ്പുണ്ണികളുടെ റേഡിയോ’, അപ്പുണ്ണികളുടെ നാളെ, നാമമാത്രം അശോകൻ, വയർ, ക്വാക്‌ ക്വാക്‌, പുല്ല്‌, ചക്കീസ്‌ ചങ്കരം.. നീണ്ടുപോകുന്ന കുളൂർ നാടകങ്ങളുടെ നിര മലയാള നാടകവേദിക്കു സമ്മാനിച്ച വേറിട്ട ഭാവുകത്വം ഇനിയും പഠനവിധേയമായിട്ടില്ല. നൂറുകണക്കിന്‌ നാടകങ്ങൾ രചിക്കപ്പെട്ടുവെങ്കിലും പാൽപായസം എന്ന കുട്ടികളുടെ നാടക സമാഹാരം മാത്രമാണ്‌ ഇതുവരെ പ്രസിദ്ധീകൃതമായത്‌. ഇതിനിടെ ‘കുളൂരിന്റെ 18 നാടകങ്ങൾ’ എന്ന സമാഹാരം പൂർണ്ണ പബ്ലിക്കേഷൻസ്‌ പുറത്തിറക്കി. “ഞാൻ കുത്തിയിട്ട വാക്കുകൾ കൂത്താക്കി മാറ്റിയത്‌ നടന്മാരും സംവിധായകരും എന്റെ ദൈവങ്ങളായ കാണികളുമാണ്‌. നിങ്ങൾ പറഞ്ഞുകേട്ടവ, ഞാൻ കണ്ടതും അനുഭവിച്ചതുമായവ നാടകങ്ങളായി തീരാൻ ഞാൻ ഒരു നിമിത്തമായി എന്നുമാത്രം.”

രചനയും സംവിധാനവും അഭിനയവും ഒരുപോലെ ഈ ‘നാടകമനുഷ്യ’നിൽ സുരക്ഷിതമാണ്‌.

നാടകത്തെക്കുറിച്ചറിയാൻ, അഭിനയത്തെക്കുറിച്ചറിയാൻ താത്‌പര്യമുളള ഏതൊരാൾക്കും കോഴിക്കോട്‌ ടാഗോർ സെന്റിനറിഹാളിനടുത്തുളള കുളൂരിന്റെ ഭവനത്തിലേക്ക്‌ കടന്നുചെല്ലാം. വാക്കുകളിൽ അക്ഷരങ്ങളിൽ നിന്നുപോലും നാടകത്തെ ഖനനം ചെയ്‌തുകൊണ്ട്‌, അഭിനയത്തിന്റെ പാഠങ്ങൾ ഉപദേശിച്ചു കൊടുത്തുകൊണ്ട്‌ നാടകത്തിന്റെ ജീവനമാർഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ജയപ്രകാശ്‌ കുളൂർ എന്തൊക്കെയോ “മനസ്സിലാക്കുന്നു.”

Generated from archived content: essay1_june2.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English