കുരുടൻ ആനയെ കാണുമ്പോൾ

പാർശ്വവത്‌ക്കരിക്കപ്പെടുന്നവരുടെ, പ്രാന്തവത്‌ക്കരിക്കപ്പെടുന്നവരുടെ വിഹ്വലതകൾക്ക്‌ ഇന്ന്‌ ‘സാംസ്‌കാരികവിപണി’ ഏറെ ഇടം നൽകുന്നുണ്ട്‌. അതുകൊണ്ടുതന്നെ ദളിതന്റെ ദുരിതങ്ങളെക്കുറിച്ചുളള മുതലക്കണ്ണീരുകളുടെയും അപക്വമായ വീക്ഷണങ്ങളുടെയും പെരുമഴയാണിന്ന്‌. ഫണ്ടിംഗ്‌ ഏജൻസികളുടെ പിൻബലത്തോടെ സൂക്ഷ്‌മരാഷ്‌ട്രീയത്തിന്റെ വക്താക്കളായി പുതിയ ദളിതന്റെ ഒരുപാട്‌ രക്ഷകർ അവതരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അത്തരം സാഹചര്യത്തിൽ ചലച്ചിത്രത്തിന്റെ എല്ലാ നന്മകളെയും ചോർത്തിക്കളഞ്ഞുകൊണ്ട്‌ പുറത്തിറങ്ങിയ ഒരു പൊളളയായ കാഴ്‌ചയാണ്‌ ചിതറിയവർ എന്ന ചലച്ചിത്രം എന്നതുമാത്രമാണ്‌ ഒരു ഉപരിവായനയിൽ തെളിയുന്നത്‌.

വിശ്വനാഥൻ എന്ന ദളിത്‌ യുവാവിന്റെ സാധാരണ ജീവിതകഥ മാത്രമാണ്‌ ‘ചിതറിയവരി’ൽ പറഞ്ഞുപോകുന്നത്‌. ഒരു കഥാചിത്രം എന്നതിലുപരിയായി കീഴാളന്റെ ജീവിതപ്രതിസന്ധികളെയും അതിന്റെ ആന്തരിക വ്യഥകളെയും അടുത്തറിയുവാനും അനുഭവഭേദ്യമാക്കുവാനും ചലച്ചിത്രത്തിന്‌ കഴിയാതെ പോകുന്നു എന്ന്‌ മാത്രമല്ല, പർവ്വതീകരിച്ച്‌ കാണിക്കുന്ന ലളിതപ്രശ്‌നങ്ങളുടെ അർത്ഥശൂന്യമായ കാഴ്‌ചകൾ അവതരിപ്പിക്കുന്നതിലൂടെ യഥാർത്ഥപ്രശ്‌നങ്ങളുടെ തീക്ഷ്‌ണത മറച്ചുപിടിക്കുവാനോ അപകടകരമാംവിധം ലഘൂകരിച്ച്‌ കാണിക്കുവാനോ ആണ്‌ ബോധപൂർവ്വമോ അല്ലാതെയോ ‘ചിതറിയവർ’ ശ്രമിക്കുന്നത്‌ എന്നതിനാൽ പ്രസ്തുത ചലച്ചിത്രത്തിന്റെ ഉൾവായനയിലൂടെ വ്യക്തമാകുന്നത്‌ അതിന്റെ പൊതുസ്വഭാവം കീഴാള വിരുദ്ധത തന്നെയാണ്‌ എന്ന ദൗർഭാഗ്യകരമായ വസ്‌തുതയാണ്‌.

ശ്രീനിവാസൻ എന്ന നടൻ ‘ദളിതനായ സങ്കൽപ്പങ്ങളുടെ പൂർണ്ണത’ എന്ന നിലയിൽ കല്പിക്കപ്പെടുന്നത്‌ ചില മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ്‌. ശ്രീനിവാസന്റെ ഭാവനയിൽ നിന്നും ഉടലെടുത്ത ചലച്ചിത്ര സൃഷ്‌ടികളിലൊക്കെയും പൊതുസ്വഭാവമായ ഫലിതങ്ങളുടെ ‘നിർദ്ദോഷത്വം’ ഏറെ തവണ സംശയകരമായി വായിക്കപ്പെട്ടിട്ടുണ്ട്‌. അവയൊന്നും കീഴാള പ്രത്യയശാസ്‌ത്രങ്ങളുടെ അതിജീവനത്തിന്റെ സർഗ്ഗാത്മകങ്ങളുടെ ഭാഗമായി വായിക്കപ്പെടേണ്ടതല്ല. പക്ഷേ വിശ്വനാഥനെ (കഥാപാത്രത്തിന്റെ പേരിൽതന്നെ സവർണ-ഫ്യൂഡൽ സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളുണ്ട്‌) അവതരിപ്പിക്കാൻ ശ്രീനിവാസനെ തിരഞ്ഞെടുത്തത്‌ മാധ്യമപ്രചാരവേലയിൽ ചലച്ചിത്രപ്രവർത്തകർ ഭ്രമിച്ചുപോയി എന്നത്‌ വ്യക്തമാക്കുന്നു.

മിശ്രവിവാഹിതരുടെ മക്കളുടെ ജാതിനിർണ്ണയം സംബന്ധിച്ച, കോടതിവിധി, ആദിവാസി ഭൂപ്രശ്‌നം രാഷ്‌ട്രീയകക്ഷികൾ ഒരു രസകരമായ പന്തുകളിയാക്കുമ്പോൾത്തന്നെ നിലയ്‌ക്കാത്ത നിരാശയുടെ നെടുവീർപ്പുകൾ, വയനാട്ടിൽ, മറ്റ്‌ മുഖ്യധാരയിൽ പ്രത്യക്ഷപ്പെടാതെ-പിന്തളളപ്പെട്ടുപോകുന്ന നിരവധി ജീവിതങ്ങൾ, അവിവാഹിതരായ അമ്മമാരുടെ മുന്നിൽ മുഴച്ചു നിൽക്കുന്ന ജീവിതമെന്ന അശ്ലീലം,… അങ്ങനെ എല്ലാകാലത്തും നിലയ്‌ക്കാത്ത നിലവിളികളെയാകെ തമസ്‌ക്കരിച്ചുകൊണ്ട്‌ ഇത്തരമൊരു ‘ദളിതമാനസം(!)’ അവതരിപ്പിക്കുമ്പോൾ അണിയറപ്രവർത്തകരുടെ ഉദ്ദേശ്യശുദ്ധിയെ എങ്ങനെയാണ്‌ നോക്കിക്കാണേണ്ടത്‌?

ക്യാമറയുടെ മുന്നിൽ അങ്കലാപ്പുമാറാത്ത ഒരുപാട്‌ പുതുമുഖ നടന്മാരാണ്‌ ‘ചിതറിയവരു’ടെ മറ്റൊരു ന്യൂനത. കൊക്കോകോള, പരിസ്ഥിതിനശീകരണം, ജാതിസ്വത്വരാഷ്‌ട്രീയം തുടങ്ങി കേരളീയ സമൂഹത്തിന്റെ പ്രതിലോമ പ്രതിതരംഗങ്ങളുടെ അപകടങ്ങൾ ഒരു ചെറുസംഭാഷണത്തിന്റെ സൂചനകളിലൂടെയല്ല അവതരിപ്പിക്കപ്പെടേണ്ടത്‌, ചലച്ചിത്രം തീക്ഷ്‌ണമാകുന്നതിന്‌ മറ്റൊരുപാട്‌ വഴികളുണ്ടെന്ന്‌ സൂചിപ്പിച്ചുകൊളളട്ടെ. ഒരു കലാകാരൻ അയാളുടെ സൃഷ്‌ടികളിലൂടെ വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചും കാലികപ്രസക്തിയുളളതാകുമ്പോൾ അങ്ങേയറ്റം സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായിരിക്കണം.

സാങ്കേതികത്തികവിന്റെയോ ഛായാഗ്രഹണത്തിന്റെയോ ഒരു സാധ്യതയും ചലച്ചിത്രത്തിൽ പരീക്ഷിക്കപ്പെടുന്നില്ല. എം.കെ.ഹരികുമാറിന്റെ കഥയ്‌ക്ക്‌ ജി.ആർ.ഇന്ദുഗോപൻ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച്‌ ലാൽജി സംവിധാനം ചെയ്‌ത ചലച്ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തീർത്തും നിരാശരാക്കുന്നു.

നിങ്ങൾ ദളിതന്റെ ജീവിതത്തെക്കുറിച്ച്‌ പറയുമ്പോൾ അവന്റെ അതിജീവനത്തിന്റെ പിടച്ചിലുകളെക്കുറിച്ച്‌ സംസാരിക്കുമ്പോൾ അവന്റെ ജീവിതത്തെ അടുത്തറിയുക.

ആധികാരികവും വസ്‌തുനിഷ്‌ഠവും സമഗ്രവുമായി കാര്യങ്ങൾ അവതരിപ്പിക്കാനുളള അറിവിന്റെയും അനുഭവങ്ങളുടെയും ആർജ്ജവമുണ്ടാക്കുക. ചിതറിയവരുടെ ജീവിതത്തിന്റെ കൊടിയ ദുരന്തങ്ങളെ ചലച്ചിത്രം എന്ന മാധ്യമത്തിന്റെ ദൃശ്യശ്രവ്യ സാധ്യതകളാൽ തീക്ഷ്‌ണമായ അനുഭവമാക്കാനുളള ഒരു ചെറിയ ശ്രമങ്ങളെങ്കിലും നടത്താനാകാത്തവർ അതിന്‌ തുനിയാതിരിക്കുക. സിനിമ സങ്കീർണ്ണവും ശക്തവുമായ ഒരു സാംസ്‌കാരിക വിനിമയോപാധിയാണ്‌.

Generated from archived content: essay1-aug03-05.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here