‘ഡാനി’ പറയുന്നത്‌

കെട്ടുകാഴ്‌ചകളുടെയും അശ്ലീലതകളുടെയും പിറകെയാണ്‌ മലയാളസിനിമ. കാലികജീവിതവും രാഷ്‌ട്രീയ-സാമൂഹ്യസ്ഥിതിവിശേഷങ്ങളും ഒക്കെ തമാശരൂപത്തിൽപോലും പുതിയ കച്ചവടസിനിമയിൽ ചർച്ചചെയ്യപ്പെടുന്നില്ല. ടി.വി.ചന്ദ്രന്റെ ‘ഡാനി’ ഇതിൽ നിന്നും വേറിട്ടുനിൽക്കാൻ ശ്രമിക്കുന്നു. അത്‌ ചരിത്രത്തെ സ്‌പർശിച്ചുകൊണ്ടാണ്‌ നമ്മളിലൂടെ കടന്നുപോകുന്നത്‌.

ഡാനിയേൽ തോംസൺ എന്ന എഴുപതുകാരന്റെ ജീവിതത്തിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. വൃദ്ധനായ ഡാനിയുടെ (മമ്മൂട്ടി) ജീവിതത്തിലെ ചില ദൃശ്യങ്ങൾക്കുശേഷം ക്യാമറ ഓർമ്മകളിലേയ്‌ക്ക്‌ നീളുന്നു. തുടർന്ന്‌ ഡാനിയുടെ ജനനത്തെക്കുറിച്ചും ജീവിതത്തിന്റെ വളർച്ചയെ(?)ക്കുറിച്ചും ഒരു ഡോക്യുമെന്ററി ചിത്രത്തിലെന്നപോലെ വിവരണങ്ങൾ കേൾക്കാം. ഇതിൽനിന്നും ഉരുത്തിരിയുന്നത്‌ ‘ഡാനി = ഭാരതം’ എന്ന സമവാക്യമാണ്‌. ഗാന്ധിജി ഉപ്പുകുറുക്കൽ സമരം തുടങ്ങുന്ന ദിവസമാണ്‌ ഡാനിയുടെ ജനനം. തുടർന്ന്‌ ചരിത്രസംഭവങ്ങൾ അരങ്ങേറുന്ന ദിനങ്ങളിലെല്ലാം നികത്താനാകാത്ത നഷ്‌ടങ്ങൾ ഡാനിയുടെ ജീവിതത്തിൽ ഉണ്ടാകുന്നു. വിധവാവിവാഹം ആദ്യമായി നടന്ന ദിനം, അങ്ങനെ 1956-നവംബർ ഒന്നാം തീയതി ഡാനിയുടെ വീട്‌ കത്തിനശിക്കുന്നു. സഹോദരി വെന്തുമരിക്കുന്നു. ഡാനി അനാഥനാകുന്നു. ഒരുപാട്‌ മരണങ്ങൾ കാണേണ്ടിവന്ന ഡാനി ചരമഗായകനാകുന്നു.

തിരക്കഥാകൃത്തിന്റെ പാടവം ഈ ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ്‌. വിവരണങ്ങളുമായി ഇടയ്‌ക്കിടെ വന്നെത്തുന്ന സംവിധായകൻ സിനിമയിലെ ദൃശ്യങ്ങളുടെ തീവ്രത നഷ്‌ടപ്പെടുത്തുന്നത്‌ കാണാം. ഡാനിയോട്‌ അവന്റെ വായ്‌പ്പാട്ടും ഗിത്താറും ഉപേക്ഷിക്കണമെന്നും പാശ്ചാത്യസംഗീതോപകരണമായ സാക്‌സോഫോണിലൂടെ നിന്റെ പ്രതിഭ വളർത്തണമെന്നും പളളിവികാരി ഉപദേശിക്കുന്ന ദൃശ്യം മുതൽ സിനിമ ചരിത്രവുമായി ഏറെ താദാത്മ്യം പ്രാപിക്കുന്നു. പാരമ്പര്യങ്ങളെ പാടെ ഉപേക്ഷിക്കാനുളള വൈഷമ്യം ഡാനിയുടെ മുഖത്ത്‌ പരക്കുന്നത്‌ കാണാം. സാക്‌സോഫോണിസ്‌റ്റായി, വിവാഹപാർട്ടിയ്‌ക്കിടയ്‌ക്ക്‌ സംഗീതം പകരുന്നതിനിടെ പരിചയപ്പെടുന്ന പ്രണയനായികയുടെ വിവാഹത്തിനും സംഗീതം നൽകേണ്ടിവരുന്ന ദുരന്തത്തിലേക്ക്‌ ഡാനിയുടെ ജീവിതം എത്തിനിൽക്കുന്നു. റിപ്പയർ കടയും സാക്‌സോഫോണിസ്‌റ്റുമായി ജീവിതം കഴിച്ചുകൂട്ടുന്ന ഡാനിയുടെ ജീവിതസഖിയായി ക്ലാര കടന്നുവരുന്നു. ക്ലാരയിലുണ്ടായ തന്റെ മകളെ ഒരു ജാഥ കാട്ടിക്കൊടുക്കുന്ന രംഗമുണ്ട്‌. കടപ്പുറത്തെ പെണ്ണ്‌ ചതിക്കപ്പെട്ടതും ഗർഭിണിയായതും കാണാൻ കണ്ണില്ലാത്ത ജനം

“തെക്കുതെക്കൊരു ദേശത്ത്‌…

—എന്നൊരു ബാലികയെ

. . . . . . . . . . . . . . .

പകരം നമ്മൾ ചോദിക്കും” എന്ന മുദ്രാവാക്യവുമായി കടന്നുപോകുന്നത്‌ കാണാം. ഈ ദൃശ്യമാണ്‌ ഡാനി തന്റെ പുതുതലമുറയ്‌ക്ക്‌ കാണിച്ചുകൊടുക്കുന്നത്‌. സംവിധായകന്റെ തിരക്കഥാകൃത്തിന്റെ ‘കുരുത്തംകെട്ട കണ്ണ്‌’ ഇത്തരം ദൃശ്യങ്ങളിലൂടെ നമ്മെ പലതും ഓർമ്മിപ്പിക്കുന്നു.

വിമോചനസമരത്തിന്‌ അകമ്പടി സേവിച്ച്‌, സാക്‌സോഫോൺ വായിക്കാൻ പോകുന്ന ഫ്രെഡ്‌ഡിയും (സിദ്ധിക്ക്‌) ഡാനിയും വളരെ വൈകിയാണ്‌ വീട്ടിൽ തിരിച്ചെത്തുന്നത്‌. തന്റെ ഭാര്യയും കുഞ്ഞും തന്നെ വിട്ടുപോയെന്ന്‌ അവിടെനിന്നും ലഭിക്കുന്ന കുറിപ്പിൽ നിന്ന്‌ അയാൾക്ക്‌ മനസ്സിലാകുന്നു. വിമോചനസമരവും ഡാനിയ്‌​‍്‌ക്ക്‌ നൽകുന്നത്‌ ഉറ്റവരുടെ വേർപാട്‌ മാത്രമായിരുന്നു. അത്‌ ചരിത്രത്തിന്‌ നൽകിയത്‌ ഉൺമകളുടെ നഷ്‌ടം മാത്രമായിരുന്നല്ലോ.

ചവരോ മുതലാളിയെ പരിചയപ്പെടുന്നതോടെ, അവിഹിതഗർഭം ധരിച്ച അയാളുടെ മകളെ (വാണിവിശ്വനാഥ്‌) കല്ല്യാണം കഴിയ്‌ക്കുന്നതോടെ ഡാനിയുടെ ജീവിതത്തിലെ സർവ്വസ്വാതന്ത്ര്യങ്ങളും പടിപടിയായി നിഷേധിക്കപ്പെടുന്നു. അയാൾ അടിമയ്‌ക്ക്‌ തുല്ല്യമാകുന്നു. ‘ഒരു കുപ്പി കളളുകുടിക്കാനുളള കാശ്‌ കിട്ടുമല്ലോ’ എന്നു കരുതി, തന്റെ സ്വാതന്ത്ര്യം പണയപ്പെടുത്തുന്നു. തന്റെ ഉറ്റസുഹൃത്തിനെ ഉപേക്ഷിക്കുന്നു. ഇന്ത്യയുടെ പ്രതിരോധസേനയ്‌ക്ക്‌ എന്നും ഇഷ്‌ടം, ഉപയോഗിച്ച്‌ പഴകിയ ആയുധങ്ങളാണ്‌. ഭരണകൂടം ശവപ്പെട്ടിയിൽ വരെ അഴിമതിയുടെ വഴുവഴുത്ത ആവരണം പൂശുന്നു. ‘ഡാനി’ ഭാരതമാകുന്നത്‌ ഇങ്ങനെയൊക്കെയാണ്‌. തന്റെ ഓരോ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുമ്പോഴും അയാൾ പ്രതികരിക്കുന്നില്ല. സാമ്രാജ്യത്വം ഇന്ത്യയെ- നമ്മുടെ സ്വാതന്ത്ര്യത്തെ എത്ര സമർത്ഥമായാണ്‌ കീഴടക്കുന്നത്‌.

മാർഗരറ്റിന്റെ പുത്രൻ (വിജയരാഘവൻ) വിദേശത്ത്‌ പോയി പണവും രണ്ടു കുട്ടികളെയും സമ്പാദിച്ച്‌ തിരികെ വരുന്നു. അതിനിടയിൽ ബാബറി മസ്‌ജിദ്‌ തകർക്കപ്പെടുന്നതും ടി.വി. സ്‌ക്രീനിൽ ‘ജയ്‌ശ്രീറാം’ എന്ന്‌ അലറിവിളിക്കുന്ന ഹനുമാനെയും കാണാം. വർഗ്ഗീയ വാദികൾക്ക്‌ ഒരു മുന്നറിയിപ്പ്‌. അപകടങ്ങൾ ഇനിയും തിരിച്ചറിയാത്തവർക്ക്‌ ഈ ദൃശ്യം ഒരു ഓർമ്മപ്പെടുത്തലാകട്ടെ. വാർദ്ധക്യം അലർജിയായ പുത്രഭാര്യയുടേയും മറ്റ്‌ നാഗരികതയുടെ അപരിചിതത്വത്തിന്റെയും നടുവിൽ ഡാനിയിലെ ‘സ്വത്വം’ ഏറെ വീർപ്പുമുട്ടുന്നു.

ഇ.എം.എസിന്റെ അന്ത്യവും വാജ്‌പേയിയുടെ സ്ഥാനാരോഹണവും സംഭവിക്കുന്ന ദിനത്തിൽ ഡാനി ‘രോഗബാധിത’നായി നഴ്‌സിംഗ്‌ ഹോമിലേക്ക്‌ മാറ്റപ്പെടുന്നു. അവിടെവച്ച്‌ പരിചയപ്പെടുന്ന വൃദ്ധയായ മറ്റൊരു രോഗിയുമായി ഗാഢമായ സുഹൃദ്‌ബന്ധത്തിലാകുന്നു. അവർ രണ്ടുപേരും ‘ഹാർട്ട്‌പേഷ്യന്റാ’ണ്‌. പരസ്‌പരസ്‌നേഹം പുതിയ കാലത്ത്‌ ഒരു രോഗമാണെന്നാണോ? ഡാനിയും ഫ്രെഡ്‌ഡിയും ബാറിൽവച്ച്‌ വീണ്ടും കണ്ടുമുട്ടുന്നതും അവിടെ ബഹളം കൂട്ടുന്നതും ജയിലിൽ വച്ച്‌ കുങ്കുമക്കുറി വരച്ച പോലീസ്‌ പണക്കാരനായ ഡാനിയ്‌ക്ക്‌ ജാമ്യമരുളുന്നതും തുടർന്ന്‌ കാണാം.

ഒടുവിൽ നഴ്‌സിംഗ്‌ ഹോം വിട്ടിറങ്ങിയ ഡാനി വൃദ്ധയോടൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്നു പറയുന്ന ക്ലാരയെ കാണാൻ യാത്രയാകുന്നു. അവിടെയും സ്ഥിതി മറ്റൊന്നല്ല. രാത്രിയിൽ തെരുവിലേക്കിറങ്ങിയ വൃദ്ധനും-വൃദ്ധയും ഏറെ നേരം ചിരിക്കുന്നു. അവരുടെ ചിരി ഏൽക്കേണ്ടിടത്ത്‌ ഏൽക്കട്ടെ! അനന്തരം തെരുവോരത്ത്‌ മരിച്ചുവീഴുന്ന ഡാനിയുടെ ശവശരീരം ഏറ്റെടുക്കാൻ മാർഗരറ്റ്‌ തയ്യാറാകുന്നില്ല. വൃദ്ധ തന്റെ തറവാട്ടുവളപ്പിൽ ഡാനിയെ സംസ്‌കരിക്കുന്നു.

‘മരിച്ചു’പോകുന്നതിനു മുമ്പ്‌ ഭാരതീയർക്ക്‌ ഒരു മുന്നറിയിപ്പ്‌. ‘ഡാനി’യും ചരിത്രവും പരസ്‌പര പൂരകങ്ങളാകുന്നു.

Generated from archived content: dany.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English