പ്രത്യാശയുടെ പ്രതിരോധകം

മലയാള ചെറുകഥാനോവൽരംഗം ഒരു നവീനഭാവുകത്വത്തിലേക്ക്‌ കടന്നിരിക്കുകയാണെന്ന്‌ നവനിരൂപകർ സാക്ഷ്യപ്പെടുത്തുന്നു. സി.വി. ബാലകൃഷ്‌ണന്റെ രചനകൾ ഇതിന്‌ ഉദാഹരണങ്ങളാണ്‌. മലയാള ഗദ്യസാഹിത്യത്തിലെ ദീപ്‌തസൗന്ദര്യമായ സി.വി. ബാലകൃഷ്‌ണനുമായി ഒരു സംഭാഷണം.

ചോഃ താങ്കളുടെ ചില കഥകളിൽ ക്രിസ്‌തുദേവൻ പ്രത്യക്ഷമായോ പരോക്ഷമായോ രംഗപ്രവേശം ചെയ്യാറുണ്ടല്ലോ. നന്മയുടെ നാഥന്റെ വരവ്‌ കാലത്തിന്റെ ജീർണ്ണതകൾക്കെതിരെ പ്രത്യാശയുടെ പ്രതിരോധകമായി ഉപയോഗിക്കുകയാണല്ലോ ഇവിടെ. ഇത്തരം പ്രതിരോധകങ്ങൾക്ക്‌ എത്രത്തോളം പൊരുതാൻ കഴിയും?

ഉഃ യേശുക്രിസ്‌തുവിനെ ഞാൻ കാണുന്നത്‌ ഒരു രക്ഷകൻ എന്ന നിലയ്‌ക്കല്ല, അനീതിക്കെതിരെ കലാപം നടത്തിയ ഒരു വിപ്ലവകാരിയായാണ്‌. കല്ലിനുമേൽ കല്ലു ശേഷിക്കാതെ എല്ലാം തകർക്കുന്നതിനാണ്‌ അവൻ വന്നത്‌. സുവിശേഷങ്ങളിലൊരിടത്ത്‌ ഈ വാക്കുകൾ കാണാം. “ഭൂമിയിൽ സമാധാനമാണ്‌ ഞാൻ കൊണ്ടുവന്നിരിക്കുന്നത്‌ എന്ന്‌ നിങ്ങൾ വിചാരിക്കരുത്‌; സമാധാനമല്ല വാളാണ്‌ ഞാൻ കൊണ്ടുവന്നിരിക്കുന്നത്‌.” ചെഗുവേരയെപ്പോലുളള പിൽക്കാല വിപ്ലവകാരികളിലൊക്കെയും ഞാൻ ക്രിസ്‌തുവിനെ ദർശിക്കുന്നു. വെടിയുണ്ടയേൽക്കാത്ത കാറിൽ സഞ്ചരിക്കുന്ന മാർപ്പാപ്പയിലും ധനപ്രമത്തരായ സഭാധ്യക്ഷന്മാരിലും ക്രിസ്‌തുവിനെ കാണുക അസാധ്യമാണ്‌. ക്രിസ്‌തുവിന്റെ പേര്‌ ദിനംപ്രതി ലോകമെങ്ങും അനേകമനേകം തവണ ഉച്ചരിക്കപ്പെടുന്നുവെങ്കിലും, ചില വിമോചന ദൈവശാസ്‌ത്രജ്ഞർ നിരീക്ഷിച്ചിട്ടുളളതുപോലെ, ലോകത്തിലെ ഏറ്റവും വിസ്‌മൃതനായ വ്യക്തി യേശുക്രിസ്‌തുവാണ്‌. ക്രിസ്‌തുവിനെ നാം അറിയേണ്ടതുണ്ട്‌. ആദരവോടെ ഓർമ്മിക്കേണ്ടതുണ്ട്‌. പുതിയ കാലത്തെ എഴുത്തുകാരൻ പിന്തുടരേണ്ടത്‌ സുവിശേഷങ്ങളിലൂടെ നമുക്കു വെളിപ്പെടുന്ന വിപ്ലവകാരിയായ ക്രിസ്‌തുവിനെയാണ്‌.

ചോഃ സർഗ്ഗാത്‌മക സൃഷ്‌ടികളൊക്കെയും സാമൂഹ്യപരിഷ്‌ക്കരണ ശ്രമങ്ങളാണെന്നും അവയൊക്കെയും സാമൂഹ്യ പ്രതിബദ്ധതയുളളവ ആയിരിക്കണമെന്നും ചിലർ. താങ്കളുടെ വ്യത്യസ്തതയാർന്ന സൃഷ്‌ടിയായ ‘കാമമോഹിതം’ ഈ വാദത്തെ എത്രത്തോളം നീതികരിക്കും?

ഉഃ ‘കാമമോഹിതം’ ആധുനിക സന്ദർഭത്തിൽ വായിക്കാവുന്ന ഒരു കൃതിയാണെന്നാണ്‌ ഞാൻ കരുതുന്നത്‌. തൃഷ്‌ണകളുടെ പിറകെ പോകുന്ന മനുഷ്യരെയാണ്‌ അതിലെ നായകൻ പ്രതിനിധീകരിക്കുന്നത്‌.

ചോഃ കഥ, നോവൽ തുടങ്ങിയവയിൽ നിന്നും വേറിട്ട്‌ പുതിയ ‘മേച്ചിൽപുറ’ങ്ങൾ തേടിയുളള താങ്കളുടെ യാത്രയെ സ്വയം എങ്ങനെ വിലയിരുത്തുന്നു. മാറിയ രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളത്തിൽ സംജാതമാകുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പറയാനുണ്ടോ?

ഉഃ ഒരു മേഖലയും എഴുത്തുകാരന്‌ അന്യമല്ല. സർഗ്ഗാത്‌മകമായ ആത്മപ്രകാശനത്തിന്‌ ഉതകുന്ന ഏതു മാധ്യമവും അയാൾക്ക്‌ തിരഞ്ഞെടുക്കാവുന്നതേയുളളൂ. ഒരേ മാധ്യമത്തിലോ ആഖ്യാനരൂപത്തിലോ സ്വയം പരിമിതപ്പെടുത്തേണ്ടതില്ല. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ സമീപകാലത്ത്‌ മാറിയെന്നാണ്‌ ചോദ്യത്തിലെ വിവക്ഷയെങ്കിൽ ഞാനതിനോട്‌ യോജിക്കുന്നില്ല. രാഷ്‌ട്രീയം ഇവിടെ ഏറ്റവും ജീർണിച്ച ഒരു വ്യവസ്ഥയായിത്തീർന്നിട്ട്‌ ദശകങ്ങളായി.

ചോഃ ഒരു തിരക്കഥാകൃത്ത്‌ എന്ന നിലയിൽ മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമകളെ എങ്ങനെ വിലയിരുത്തുന്നു? അശ്ലീല സിനിമകളുടെ അധിനിവേശത്തെക്കുറിച്ച്‌…?

ഉഃ പുതിയ സിനിമ സാധ്യമാകുന്ന വിധത്തിലുളള നവീനമായ ഒരു ഭാവുകത്വം കേരളത്തിൽ രൂപപ്പെട്ടിരുന്ന ഒരു കാലം ഗൃഹാതുരത്വത്തോടെ ഞാൻ ഓർമ്മിക്കുന്നു. ആ സാഹചര്യമല്ല ഇന്ന്‌. കെട്ടുകാഴ്‌ചകളുടെ പിറകെ ആവേശംപൂണ്ട്‌ നടക്കുകയാണ്‌ ഇന്നത്തെ ശരാശരി മലയാളി. അശ്ലീല ചിത്രങ്ങളോട്‌ ഇവിടെ പ്രകടിപ്പിക്കുന്ന ആസക്തി എന്നെ ലജ്ജിപ്പിക്കുന്നു.

ചോഃ അടുത്തകാലത്ത്‌ ഒരു വാർത്താ ഏജൻസി അവരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രൂപകൽപ്പന ചെയ്‌തെടുത്ത ക്രിസ്തുവിന്‌ ഒരു പോരാളിയുടെ മുഖമാണല്ലോ? മൈക്കൽ ആഞ്ജലോയുടെ സൃഷ്‌ടിയിൽ നിന്നും തികച്ചും വ്യത്യസ്തമാണത്‌. ഈ നിഗമനത്തെക്കുറിച്ച്‌?

ഉഃ ക്രിസ്‌തു ഒരു പോരാളിയായിരുന്നു. ആയുധമേന്തി ശത്രുവിനോട്‌ യുദ്ധം ചെയ്‌തിട്ടില്ലെന്നു മാത്രം. അവന്റെ ആയുധം വാക്കായിരുന്നു. അവൻ പറഞ്ഞ വാക്കുകളുടെ പൊരുൾ പില്‌ക്കാലത്തു രൂപീകൃതമായ ക്രൈസ്തവസഭകൾ പാടെ വികലീകരിച്ചിട്ടുണ്ട്‌. വിമോചന ദൈവശാസ്‌ത്രം ശ്രമിച്ചത്‌ യഥാർത്ഥ ക്രിസ്‌തുവിനെ ലോകത്തിനുമുമ്പാകെ അവതരിപ്പിക്കാനാണ്‌. പക്ഷേ യാഥാസ്ഥിതിക മതമേധാവികൾ ആശ്രമം ഞെരുക്കിക്കളഞ്ഞു. “എന്റെ കണ്ണാടിക്കടൽ” എന്ന നോവലിലെ പ്രമേയം ഇതായിരുന്നു.

ചോഃ ഒരു എഴുത്തുകാരൻ വിലയിരുത്തപ്പെടേണ്ടത്‌ അയാളുടെ സൃഷ്‌ടികളിലൂടെയോ അതോ അയാൾ പുറത്തുവിടുന്ന വിവാദപ്രസ്താവനകളിലൂടെയോ?

ഉഃ എഴുത്തുകാരൻ വിലയിരുത്തപ്പെടേണ്ടത്‌ ഒരു സംശയവുമില്ല, അയാളുടെ സൃഷ്‌ടികളിലൂടെയാണ്‌. എഴുത്തുകാരൻ വിവാദങ്ങൾ സൃഷ്‌ടിക്കുന്നവനാകരുത്‌. അവൻ ചെയ്യേണ്ടത്‌ തനിക്ക്‌ തീർച്ചയുളള പ്രസക്തമായ കാര്യങ്ങളെച്ചൊല്ലി സംവാദങ്ങളിൽ ഏർപ്പെടുകയാണ്‌. വെറുതെ കലമ്പൽ കൂട്ടുന്നവരെ ഞാൻ വെറുക്കുന്നു.

ചോഃ ‘ആയുസ്സിന്റെ പുസ്തകം’ പോലുളള വ്യത്യസ്തമായ സൃഷ്‌ടികൾ ഇനിയും പ്രതീക്ഷിക്കാമോ?

ഉഃ എന്റെ ഓരോ നോവലും വ്യത്യസ്തമായിരുന്നു. “ആയുസ്സിന്റെ പുസ്തകവും” “കാമമോഹിതവും” “ആത്മാവിന്‌ ശരിയെന്നുതോന്നുന്ന കാര്യങ്ങളും” “ദിശയും” “മരണം എന്നു പേരുളളവനും” രൂപത്തിലും ഉളളടക്കത്തിലും സമാനതകളില്ലാത്തവയാണ്‌. ഇനിയെഴുതുന്ന നോവലും വ്യത്യസ്തമായിരിക്കും.

Generated from archived content: cv_balakrishnan.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English