കാഴ്‌ചയുടെ പുതുവഴികൾ

മധ്യവർഗ്ഗജീവിതത്തിലെ ആഘോഷത്തിമിർപ്പുകളുടെ ഉന്മത്തമായ കാഴ്‌ചകളും ചോക്‌ലേറ്റ്‌ പ്രണയങ്ങളിലെ വർണ്ണപ്പകിട്ടുകൾക്കിടയിലെ മാംസത്തുടിപ്പുകളും മാത്രം കണ്ടുകൊണ്ടിരിക്കുന്ന കച്ചവടസിനിമയുടെ സുഖാലസ്യത്തിലേക്കാണ്‌ വിശന്നൊട്ടിയ വയറുമായി കറുത്തിരുണ്ട മുഖങ്ങൾ കയറിവരാൻ തുടങ്ങുന്നത്‌. കമൽ രചനയും സംവിധാനവും നിർവ്വഹിച്ച ‘കറുത്തപക്ഷികൾ’, അതിലെ കരഞ്ഞു കണ്ണുനീർ വറ്റിപ്പോയ ജീവിതങ്ങളുടെ ദൈന്യത, തിരശ്ശീല പതിവു ശീലങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്‌. ചേരുവകളെല്ലാം കൃത്യമായ അളവിൽ ചേർത്തുവച്ച്‌ ‘ഒരു ഫുൾടൈം എന്റർടെയ്‌നർ’ എന്ന പേരിൽ എത്തുന്ന സത്തയില്ലാത്ത ഫലിതങ്ങളുടെ വിഡ്‌ഢിച്ചിരികൾക്കു പകരം നഗരത്തിന്റെ നിറപ്പകിട്ടുളള അശുഭകരമാക്കുന്ന ആരും കാണാതെ പോകുന്ന അരികുപറ്റിയ ജീവിതത്തിന്റെ സങ്കടങ്ങളെ ‘കറുത്തപക്ഷികൾ’ നമുക്ക്‌ കാട്ടിത്തരുന്നത്‌. “വിശപ്പോ! അതെന്താണ്‌?” എന്ന്‌ ആശ്ചര്യപ്പെടുന്ന മധ്യവർഗ്ഗജീവിതത്തിന്റെ ബോധപൂർവ്വമായ മറവിയുടെ അന്ധതയ്‌ക്കുമേലേ പൊളളുന്ന ഒരിറ്റു കണ്ണുനീരായി ഈ ചലചിത്രം ചെന്ന്‌ പതിക്കുന്നുണ്ട്‌. മായക്കാഴ്‌ചകളുടെ ഭ്രമണപഥത്തിൽ വൃഥാ ചുറ്റിത്തിരിയുന്ന കച്ചവട സിനിമയുടെ കണ്ണുകൾ ജീവിതയാഥാർത്ഥ്യത്തിന്റെ സത്യസന്ധതയിലേക്കുളള പുതിയ വഴികൾ തേടുന്നത്‌ ഏറെ ആശ്വാസകരമാണ്‌.

പത്തുപതിനഞ്ച്‌ വർഷം മുമ്പ്‌ കേരളത്തിലെത്തിയ മുരുകൻ (മമ്മൂട്ടി) എന്ന തമിഴന്റെയും അവന്റെ മക്കളുടേയും ജീവിതത്തിലെ ഏതാനും ദിവസങ്ങൾ മാത്രമാണ്‌ സിനിമയിലുളളത്‌. കൃത്യമായ തുടക്കമോ നാടകീയമായ അന്ത്യമോ ഇല്ലാതെ തന്നെ സിനിമ ജീവിതത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാകുന്നുണ്ട്‌. മുരുകന്റെ ഇളയ മകൾ മല്ലി ജന്മനാ കണ്ണുകാണാത്തവളാണ്‌. കണ്ണ്‌ മാറ്റിവച്ചാൽ കാഴ്‌ച തിരിച്ചുകിട്ടും എന്നറിഞ്ഞിട്ടും അത്‌ അയാളെ അത്രയൊന്നും സന്തോഷിപ്പിക്കുന്നില്ല. അത്‌ വെറും മോഹമാണെന്ന്‌ ഉൾക്കൊണ്ട്‌ കൊണ്ട്‌ അയാൾ അന്നത്തെ ചോറിനുളള അരി തിളപ്പിയ്‌ക്കാനൊരുങ്ങുകയാണ്‌. അയാളുടെ മറ്റ്‌ രണ്ടു മക്കൾ, അഴകപ്പനും മയിലമ്മയും സ്‌കൂളിൽ പോകുന്നുണ്ട്‌. ഉന്തുവണ്ടിയിൽ വീടുതോറും പോയി വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ടു കൊടുക്കുകയാണ്‌ അയാൾ ചെയ്യുന്ന ജോലി. അയാൾ സ്ഥിരമായി ചെല്ലാറുളള ഒരു വലിയ വീട്ടിലെ, സുവർണ(മീന)യ്‌ക്ക്‌ എന്തോ മാരകരോഗമാണ്‌. മല്ലിയെ സുവർണയ്‌ക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു. മരണശേഷം നേത്രങ്ങൾ അവൾക്കു നൽകാമെന്ന്‌ സുവർണ സമ്മതപത്രം എഴുതി നൽകുന്നു. നിഷ്‌കളങ്കമായ മുരുകന്റെ മനസ്സ്‌ അക്കാരണത്താൽ എന്തോ കുറ്റം ചെയ്‌തതുപോലെ നീറിപ്പിടയുന്നുണ്ട്‌. പ്രസ്‌തുത കരാറിൽ ചുണ്ടൊപ്പ്‌ രേഖപ്പെടുത്തിയപ്പോൾ എന്തോ പാപം ചെയ്യുമ്പോലെ അയാൾ വേദനിക്കുന്നു. മല്ലിയും മുരുകനും ഒരിക്കൽപ്പോലും സുവർണയുടെ മരണം ആഗ്രഹിച്ചിട്ടേയില്ല. നല്ല മനസുളള അവർ എന്നും ജീവിക്കട്ടെ എന്ന ആത്മാർത്ഥമായ ആഗ്രഹമാണ്‌ അവർക്കുളളത്‌. ഗുണ്ടകൾ ഒരു രാഷ്‌ട്രീയ പ്രവർത്തകനെ അയാളുടെ ഇസ്‌തിരിവണ്ടിയിലിട്ട്‌ കൊത്തിനുറുക്കി അഗ്‌നിക്കിരയാക്കുന്നതോടെ മുരുകന്റെ ജീവിതം വല്ലാതെ ഉലഞ്ഞുപോകുന്നുണ്ട്‌. അയാളുടെ വീട്ടിലെ ചോറ്റുപാത്രങ്ങൾ ഒഴിഞ്ഞു കിടക്കുകയും മക്കൾ പച്ചവെളളം മുക്കിക്കുടിച്ച്‌ വയർ നിറയ്‌ക്കുകയും ചെയ്യുന്നതു കാണാം. വാടകയ്‌ക്ക്‌ ഒരു ഉന്തുവണ്ടിയെടുത്ത്‌ ജോലി വീണ്ടും തുടരുന്ന മുരുകനെ ദുരന്തങ്ങൾ വിട്ടൊഴിയുന്നില്ല. വാടകയ്‌ക്കെടുത്ത വണ്ടിയുടമ അയാളെ മദ്യപിച്ചെത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ചോരയൊലിക്കുന്ന മുറിവുമായി സർക്കാർ ആശുപത്രിതിണ്ണയിൽ മണിക്കൂറുകളോളം കിടക്കുന്നുണ്ട്‌. അയൽക്കാരിയായ പൂങ്കൊടി (പത്മപ്രിയ) യുടെ ക്ഷോഭമാണ്‌ അധികൃതരുടെ കണ്ണുതുറപ്പിക്കുന്നത്‌.. ഒടുവിൽ ആശുപത്രിയിൽ നിന്ന്‌ തിരിച്ചെത്തിയ മുരുകൻ, സ്വന്തം നാട്ടിലേയ്‌ക്ക്‌ തിരിച്ചു പോകാനൊരുങ്ങുന്നു. വാര്യരേട്ടൻ (ജഗതി) യാത്ര പറയാനെത്തുന്ന മുരുകൻ സുവർണയുടെ മരണവാർത്ത അറിയുന്നുണ്ട്‌. തന്റെ മകൾക്ക്‌ കാഴ്‌ച കിട്ടുമല്ലോ എന്ന പ്രതീക്ഷയുടെ പ്രകാശമല്ല, സുവർണയുടെ മരണത്തിലുളള മുരുകന്റെ സങ്കടത്തിന്റെ തെളിച്ചമില്ലായ്‌മയാണ്‌ പ്രതുത രംഗത്ത്‌ നമുക്കയാളിൽ കാണാൻ കഴിയുന്നത്‌.

പുതിയ സാമൂഹ്യ പരിസരങ്ങളുടെ സൂക്ഷമമായ നിരീക്ഷണങ്ങൾ പങ്കുവയ്‌ക്കുന്ന നിരവധിദൃശ്യങ്ങൾ ചലചിത്രത്തിൽ ഉടനീളം കാണാൻ കഴിയും. വിശന്നുവലഞ്ഞ്‌ കുഞ്ഞിനെയും തോളിലേറ്റി യാചിക്കാനെത്തുന്ന പെണ്ണിന്റെ അടിവയറിന്റെ നഗ്‌നതയിലേക്കാണ്‌ ആഢംബരക്കാറിൽ യാത്ര ചെയ്യുന്നവന്റെ ആസക്തിയുടെ വിക്രിയകൾ നീളുന്നത്‌ എന്നു കാണാം. മുരുകന്റെ പിന്നാലെ ഒഴിയാബാധപോലെ കൂടിയിരിക്കുന്ന ബ്ലേഡ്‌ പലിശയുടെ പിരിവുകാരൻ, വാടകയ്‌ക്ക്‌ കുഞ്ഞിനെ വാങ്ങി പിച്ച തെണ്ടുന്ന പൂങ്കൊടി, തലയണയ്‌ക്കടിയിൽ എന്നും ഒരു കത്തി സൂക്ഷിക്കുന്നുണ്ട്‌. ‘വിശാല’മായിക്കൊണ്ടിരിക്കുന്ന നമ്മുടെ സദാചാര സങ്കൽപ്പങ്ങൾക്കിടയിൽ ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന ഒരു ദരിദ്രയായ പെൺകുട്ടിയ്‌ക്ക്‌ ആയുധമില്ലാതെങ്ങനെയാണ്‌? എന്ന ചോദ്യമെറിയുന്ന ഒരു രംഗമാണത്‌. മുരുകൻ അവളെ കൂടെക്കൂട്ടുന്ന നിമിഷത്തിലാണ്‌ അവൾ കത്തി ചവിറ്റുകുട്ടയിലേക്ക്‌ ഉപേക്ഷിക്കുന്നത്‌.

സ്നേഹം, മാനുഷികത, വാത്സല്യം, സഹജീവികളോടുളള കരുണ തുടങ്ങിയ മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന അല്ലെങ്കിൽ നിലനിർത്തുന്ന സവിശേഷതകളെ ഉദാത്തമാക്കിത്തീർക്കുന്ന ഒട്ടേറെ രംഗങ്ങൾ ചലചിത്രത്തിലുണ്ട്‌. അത്‌ ആശയപരവും കലാപരവുമായ ചലചിത്രത്തിന്റെ മികവിന്‌ കാരണമാകുന്നു. മല്ലിയുടെ നിഷ്‌കളങ്കമായ സംശയങ്ങൾ, നിറപ്പകിട്ടില്ലാത്ത ലോകത്തു നിന്നുകൊണ്ടു തന്നെ പൂക്കളെ സ്നേഹിക്കുന്ന അവളുടെ മനസ്സ്‌, സുവർണയുടെ മാനുഷികമായ കരുണയും വാത്സല്യവും, പൂങ്കൊടിയുടെ ആകുലതകളില്ലാത്ത മനസ്സ്‌, അന്ധയായ മകളെ തെണ്ടിക്കുവാൻ കൊണ്ടുപോയപ്പോൾ മുറിവേൽക്കപ്പെടുന്ന അയാളുടെ ആത്മമാഭിമാനം, മല്ലിയും മുരുകനും തമ്മിലുളള തീവ്രസ്നേഹത്തിന്റെ വൈകാരികമായ ആവിഷ്‌കര ദൃശ്യങ്ങൾ തുടങ്ങിയ ചലചിത്രത്തെ വേറിട്ട ദൃശ്യാനുഭവമാക്കിത്തീർക്കുന്നു. നന്മനിറഞ്ഞ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെ സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കുമ്പോൾ ‘കറുത്തപക്ഷികൾ’ പുതിയ വഴികൾ തേടുന്നു.

മുരുകൻ എന്ന ദൈന്യതയാർന്ന മുഖത്തെ അവിസ്‌മരണീയമായ സങ്കടകാഴ്‌ചയാക്കാൻ മമ്മൂട്ടി എന്ന നടന്‌ ഏതാണ്ട്‌ പൂർണമായും സാധിച്ചിട്ടുണ്ട്‌. മുരുകന്റെ വിധേയത്വം, വേദനകൾ, നിഷ്‌ക്കളങ്കമായ സന്തോഷം വറ്റിപ്പോയ പുഞ്ചിരി തുടങ്ങിയവയെല്ലാം മിതത്വമാർന്ന അംഗവിക്ഷേപങ്ങളിലൂടെ സ്വായത്തമാക്കിയ ശരീരഭാഷയിലൂടെ പ്രേക്ഷകരിലെത്തിക്കാൻ മമ്മൂട്ടിയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. മല്ലിയുടെയും അഴകപ്പന്റെയും മയിലമ്മയുടേയും മുഖങ്ങളും അത്ര എളുപ്പം മറക്കാൻ വയ്യാതാകുന്നുണ്ട്‌. പൂങ്കൊടിയുടെ കുട്ടിത്തവും രോഷവും കുസൃതികളുമൊക്കെ പത്മപ്രിയ എന്ന നടിയിലൂടെ കൃത്യമായി പ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്‌. വെളുത്തു തുടുത്ത നായികമാർ ആടിപ്പാടുന്ന തിരശ്ശീലയിലേക്ക്‌ കറുത്തുമെലിഞ്ഞ സ്‌ത്രീയുടെ ജീവിതത്തിന്റെ ദൈന്യത അടയാളപ്പെടുത്താൻ ‘കറുത്തപക്ഷി’കൾക്ക്‌ സാധിക്കുന്നു

എത്രയൊക്കെ പരിഷ്‌കൃതരായിരുന്നാലും ഉളളിന്റെ ഉളളിൽ തികഞ്ഞ യാഥാസ്ഥികബോധത്തിന്റെ കാഴ്‌ചപ്പാടുകൾ സൂക്ഷിക്കുന്ന മലയാളിയുടെ പരിശ്ചേതമാണ്‌ ചലചിത്രത്തിലെ സുവർണയുടെ ഭർത്താവ്‌ സതീഷ്‌, മല്ലിയ്‌ക്ക്‌ കണ്ണ്‌ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിടുന്ന സുവർണയുടെ മനുഷ്യത്വത്തെ ‘ഇവളുടെ വെറും വട്ട്‌’ എന്നാണ്‌ അയാൾ വിശേഷിപ്പിക്കുന്നത്‌. മരണശേഷം അവളുടെ കണ്ണുകൾ നീക്കം ചെയ്യാൻ അയാൾ സമ്മതിക്കുന്നില്ല. “ഒരു കീഴാളൻ തമിഴന്റെ കുഞ്ഞിന്‌ സ്വന്തം ഭാര്യയുടെ കണ്ണുകൾ നൽകാൻ ഒരുക്കമല്ലെന്ന്‌” ആൾക്കൂട്ടത്തിന്‌ മുൻപിൽവച്ച്‌ അയാൾ തുറന്നു പറഞ്ഞു എന്നാണ്‌ വാര്യർ മുരുകനോടു പറയുന്നത്‌“. ”വേണ്ടെടോ, ഇങ്ങനെയും മനുഷ്യൻമാരുളള ലോകത്ത്‌ കാഴ്‌ച്ചയുണ്ടായിട്ടെന്താ കാര്യം‘ എന്ന വാര്യരുടെ ചോദ്യം അയാൾക്ക്‌ ആശ്വാസമാകുന്നു. വർണഭേദത്തിന്റെ തൂത്തുകളയാൻ പറ്റാത്ത അശ്ലീലകരമായ അവശേഷിപ്പുകളാണ്‌ സതീഷിനെ അന്ധനാക്കിത്തീർക്കുന്നതെന്ന്‌ കാണാം.

കീഴാളന്റെ ജീവിതത്തെ കാണുകയും അതിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്യുമ്പോൾ, പാർശ്വവത്‌ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിലേക്ക്‌ ചേരിയിലെ ജീവിതത്തിന്റെ അസുഖകരമായ കാഴ്‌ചകളിലേക്ക്‌ സിനിമയുടെ സർഗ്ഗാത്മക മനസ്സ്‌ സഞ്ചരിച്ചു തുടങ്ങുമ്പോൾ ഏറെ പ്രതീക്ഷകളുണ്ട്‌. ആഘോഷത്തിമിർപ്പുകളുടെ സുഭിക്ഷതയിലൂടെ മുഴുനീളെ ചിരിപ്പിക്കാൻ മാത്രമല്ല, ജീവിതത്തിന്റെ സങ്കടക്കയങ്ങളിലേക്ക്‌ ഇറക്കികൊണ്ടുചെന്ന്‌ നിങ്ങളെ മുഴുനീളെ കരയിക്കുവാനാണ്‌ ഈ ചലചി​‍്രത്രം ശ്രമിക്കുന്നത്‌. പകയോ വിദ്വേഷമോ കലാപങ്ങളോ ഒന്നും ഇല്ലാതെ സ്നേഹത്തിന്റെ, നന്മയുടെ ഭാഷയിലൂടെ ജീവിതത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്‌ സംവിധായകൻ ചെയ്യുന്നത്‌.

Generated from archived content: cinema2_nov22_06.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here