‘കഥാവശേഷ’മാകുന്ന ചിലതുകളെപ്പറ്റി

അറിയാതെ തന്നെ നാം ആത്മഹത്യ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു ചരിത്രമുനമ്പിലാണ്‌ നമ്മൾ ഇന്ന്‌ ജീവിക്കുന്നത്‌. പുതിയ കാലത്തെ ഓരോ സർഗ്ഗാത്മക സൃഷ്‌ടിയെയും അർത്ഥപൂർണ്ണമാക്കുന്നത്‌ ഇത്തരം ജീവിതപരിസരത്തിന്റെ നേർക്കാഴ്‌ചകളും അവയെക്കുറിച്ചുളള അന്വേഷണങ്ങളുമാണ്‌. ‘ജീവിച്ചിരിക്കാനുളള നാണക്കേടു’കൊണ്ട്‌ ആത്മഹത്യ ചെയ്യുന്ന പുതിയ ചരിത്രമുനമ്പിന്റെ ദൃശ്യഭാഷയാണ്‌ ‘കഥാവശേഷൻ’.

ഒരുദിവസം രാവിടെ 6.30 ന്‌ എഴുന്നേൽക്കുകയും 7.30 ന്‌ ചായ കുടിക്കുകയും 8.30 ന്‌ ആത്മഹത്യ ചെയ്യുകയും ചെയ്‌ത ഗോപിനാഥൻ എന്ന സാമൂഹ്യജീവിയുടെ ആത്മഹത്യയിലൂടെ-കാരണങ്ങളിലേക്കുളള യാത്രകളായാണ്‌ ‘കഥാവശേഷ’ന്റെ ദൃശ്യങ്ങൾ വളരുന്നത്‌. ഗോപിനാഥൻ (ദിലീപ്‌) വിവാഹം കഴിക്കാനുദ്ദേശിച്ചിരുന്ന കഥാകാരിയും ജേണലിസ്‌റ്റുമായ ഒരു പെൺകുട്ടിയാണ്‌ ഇത്തരം ഒരു യാത്രയ്‌ക്ക്‌ തുനിയുന്നത്‌. ഗോപിനാഥന്റെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും അയാളുടെ സ്വന്തം ഗ്രാമത്തിലൂടെയും സഞ്ചരിക്കുന്ന പ്രേക്ഷകർക്ക്‌ കൃത്യവും വ്യക്തവുമായ കാരണം മനസ്സിലാകുമ്പോൾ ചലച്ചിത്രം അവസാനിക്കുന്നു.

‘നാട്ടിൻപുറത്തെ ഒരു ജീവിതരീതിയാണെന്നും ഏത്‌ നഗരത്തിലും അത്‌ ഉണ്ടാക്കിയെടുക്കാമെന്നും’ ഗോപിനാഥൻ ഒരിക്കൽ പറയുന്നുണ്ട്‌. കാപട്യമില്ലാത്ത, മനുഷ്യസ്‌നേഹത്തിന്റെ, നാട്ടിൻപുറത്തിന്റെ, വിശാലമായ ‘രാഷ്‌ട്രീയം’ തിരിച്ചുപിടിക്കണമെന്ന്‌ അയാൾക്ക്‌ അതിയായ ആഗ്രഹമുണ്ടായിരുന്നു. നഗരമധ്യത്തിൽ ഒറ്റയ്‌ക്ക്‌ നിലവിളിക്കുന്ന കൊച്ചുപെൺകുട്ടിയും രാത്രിയിൽ തെരുവോരത്ത്‌ മാതാപിതാക്കളുടെ മുൻപിൽവച്ച്‌ ആക്രമിക്കപ്പെടുന്ന ബാലികയും കൈക്കൂലി നൽകാത്തതിനാൽ പൊലിഞ്ഞുപോയ ഗർഭിണിയായ യുവതിയും ജീവിതത്തിന്റെ അതിജീവനത്തിന്റെ പിടച്ചിലുകളിൽ സമരപ്പന്തലിലേക്ക്‌ വഴിച്ചിഴയ്‌ക്കപ്പെട്ട സുഹൃത്തുക്കളും തൊരപ്പൻ വാസു എന്ന കളളന്റെ ജീവിതവ്യഥകളും കലാപത്തിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബാലികയും തീക്ഷ്‌ണമായ ദൃശ്യബിംബത്തിന്റെ വലിയ അസ്വസ്ഥതകളായി പ്രേക്ഷകനിലെത്തപ്പെടുന്നു. ‘നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇതൊന്നും സമ്മതിക്കില്ലടോ“ എന്ന്‌ മരിക്കുന്നതിന്റെ തലേദിവസം ഗോപിനാഥൻ തന്നെ വീട്ടിൽ കൊണ്ടുവന്നുവിട്ട കാറിന്റെ ഡ്രൈവറോട്‌ പറയുന്നു. ഗോപിയുടെ ആത്മഹത്യകളിലേക്കുളള അന്വേഷണങ്ങളിൽ, ’എല്ലാവരോടും ഒരുപോലെ സ്‌നേഹമുളള ഒരു മനുഷ്യന്റെ‘ മരണകാരണം ഇതുതന്നെയാണെന്ന്‌ കാണാം. തെരുവിലിരുന്ന്‌ ഒരു സ്‌ത്രീ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ മുൻപിൽ അയാൾ വിളറിപ്പോകുന്നു. തെരുവിലിറക്കപ്പെട്ട പുതിയ സ്‌ത്രീത്വത്തിന്റെ തീക്ഷ്‌ണമായ ചോദ്യങ്ങൾക്ക്‌ ഏത്‌ ഭരണവ്യവസ്ഥയ്‌ക്കാണ്‌ ഉത്തരം പറയാനാവുക?

സാമൂഹ്യവും രാഷ്‌ട്രീയവും മാനുഷികവുമായ നമ്മുടെ അപചയങ്ങളുടെ ദൃശ്യാവിഷ്‌ക്കാരങ്ങൾക്കൊടുവിൽ ’ഈ ലോകം എന്റേതല്ല ഇവിടെ അന്ധകാരം മാത്രം‘ എന്ന്‌ പറഞ്ഞുകൊണ്ട്‌ സ്വയം ഇല്ലാതാകുന്ന ഗോപിനാഥനെയാണ്‌ സംവിധായകൻ കാണിച്ചുതരുന്നത്‌.

സമാന്തര സിനിമയുടെ വക്താക്കളൊക്കെയും വിപണിയുടെ ഒത്തുതീർപ്പുകൾക്ക്‌ വഴങ്ങിക്കൊടുക്കുന്നുവല്ലോ എന്ന ആശങ്കകളോടെയാണ്‌ ചലച്ചിത്രം കാണാനെത്തിയത്‌. പക്ഷേ കൃത്യമായ ചരിത്രബോധത്തോടും വ്യക്തമായ സാമൂഹ്യബോധത്തോടും കൂടി ടി.വി.ചന്ദ്രൻ ചലച്ചിത്രമെന്ന മാധ്യമത്തെ രാഷ്‌ട്രീയപ്രവർത്തനമാക്കുന്ന ആശാവഹമായ കാഴ്‌ചയാണ്‌ ’കഥാവശേഷനി‘ലും കാണാൻ കഴിയുന്നത്‌. ഗോപിനാഥൻ എന്ന കഥാപാത്രം ചലച്ചിത്രത്തിൽ പറയുന്നതുപോലെ-’മനുഷ്യൻ ഒറ്റയ്‌ക്കാൽ നിസ്സഹായനാ. അതുകൊണ്ട്‌ പറ്റുവോളം മറ്റുളളവരെ സഹായിക്കുക.” എന്നിങ്ങനെയുളള, ജീവിതത്തിന്റെ സമസ്ത പ്രതിസന്ധികളോടുമുളള മനുഷ്യത്വപരമായ പ്രതികരണങ്ങളാണ്‌ രാഷ്‌ട്രീയപ്രവർത്തനം (വിശാലമായ ഒരു സമസ്യയെന്ന നിലയിൽ) എങ്കിൽ ‘കഥാവശേഷൻ’ കൃത്യമായും പുതിയ കാലത്തിന്‌ അനിവാര്യമായ ഒരു രാഷ്‌ട്രീയപ്രവർത്തനമാണ്‌.

Generated from archived content: cinema1_nov24.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English