ഉപരിപ്ലവമായി മതസൗഹാർദ്ദത്തിന്റെ നെടുങ്കൻ ആശയങ്ങൾ അഥവാ ഗുണപാഠങ്ങൾ നൽകുന്നതായി തോന്നുന്നുവെങ്കിലും ആത്യന്തികമായും പ്രതിലോമ പുനരുദ്ധാന ആശയങ്ങളെ രൂഢമൂലമായി സ്ഥാപിച്ചെടുക്കുകയാണ് പല കച്ചവടസിനിമകളും ചെയ്‌തുപോന്നിട്ടുളളത്. മതനിരപേക്ഷസമൂഹം എന്നത് ഊതിവീർപ്പിക്കപ്പെട്ട സങ്കൽപ്പം മാത്രമാണെന്നതാണ് അത്തരം കാഴ്‌ച്ചകൾ സൃഷ്ടിച്ചെടുക്കുന്ന അപകടകരമായ പ്രവണത. മതസൗഹാർദ്ദത്തിന്റെ ഉത്തമമാതൃക എന്നൊക്കെയുളള ഊറ്റംകൊളളുന്ന പരസ്യവാചകവുമായെത്തിയ ചലചിത്രങ്ങളെല്ലാം ചിഹ്‌നബിംബങ്ങളിലൂടെയും ഭാഷാപ്രയോഗങ്ങളിലൂടെയും പ്രേക്ഷണം ചെയ്യുന്നത് ചരിത്രം സൃഷ്ടിച്ച പുരോഗമനമുന്നേറ്റങ്ങളെയാകെ വർഷങ്ങൾ പിന്നോട്ടു തളളുന്ന പിന്തിരിപ്പൻ ആശയങ്ങളാണ്. മതധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതും ജാതീയമായ സ്വത്വബോധത്തെ ഉദാത്തവത്‌ക്കരിക്കുന്നതുമായ അകപ്പൊരുളുകളാണ് ഇത്തരം ചലചിത്രങ്ങളിലൂടെ സമർത്ഥമായി വ്യവഹരിക്കപ്പെട്ടുപോന്നിട്ടുളളത് എന്ന് ചുരുക്കത്തിൽ പറയാം. ഏറ്റവും ജനകീയമായത് എന്നതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്ന കല എന്ന നിലയിൽ ചലചിത്രത്തെ മുൻനിർത്തിയുളള സൂക്ഷമമായ സാംസ്‌കാരിക പഠനങ്ങൾ ഉണ്ടായാൽ മാത്രമേ അവയുടെ അടിയൊഴുക്കുകളുടെ അപകടങ്ങൾ തിരിച്ചറിയാൻ കഴിയൂ. ജോഷി സംവിധാനം ചെയ്‌ത ‘പോത്തൻവാവ’ എന്ന ചലചിത്രത്തെ ആധാരമാക്കിയുളള എളിയനിരീക്ഷണ ശ്രമമാണിത്.
ബെന്നി.പി.നായരമ്പലത്തിന്റെ കഥയാണ് ‘പോത്തൻവാവ’ എന്ന ചലചിത്രത്തിന്റെ കേന്ദ്രബിന്ദു. ഗാനങ്ങളോ അഭിനയത്തികവോ ഒന്നും തന്നെ ചലചിത്രത്തിന്റെ വിജയപരാജയങ്ങളെ കാര്യമായി ബാധിക്കുന്നില്ല. മേല്പത്തൂർ വിഷ്ണുനാരാായണൻ നമ്പൂതിരിയുടേയും (നെടുമുടി വേണു) കുരിശുംവീട്ടിൽ മറിയാമ്മയുടേയും (ഉഷാ ഉതുപ്പ്) മകനായ വാവയെ നാട്ടുകാർ പോത്തൻവാവ എന്നു വിളിച്ചുപോന്നു. ഒരു മതം സ്വീകരിക്കാത്തതിനാൽ അയാൾക്ക് സ്‌കൂളിൽ ചേർന്ന് പഠിക്കാനായില്ല. വിവാഹവും നടന്നില്ല. അമ്മ പറഞ്ഞാൽ എന്തും അനുസരിക്കുന്ന വെറും പോത്തനായി വളർന്ന് വലുതായ വാവ വടക്കേ അങ്ങാടിക്കാരുടെ പ്രതിനിധിയായി ഇടവകയിലെ പളളിപ്പെരുന്നാൾ നടത്താൻ നിയുക്തനാകുന്നതോടെയാണ് മതം ഇല്ല എന്നുളളത് വലിയ പ്രശ്‌നമാകുന്നത്. ചലചിത്രത്തിന്റെ പ്രധാന വഴിത്തിരവും ഇതു തന്നെ. മാമോദീസ മുങ്ങി ക്രിസ്‌ത്യാനിയാകാൻ തയ്യാറായ വാവയെ മറിയാമ്മ അതിന് സമ്മതിക്കുന്നില്ല. നിയമംമൂലം ബന്ധം വേർപ്പെടുത്തിയെങ്കിലും വാവയുടെ അച്ഛനായ വിഷ്ണുനമ്പൂതിരിയുടെ അനുവാദമില്ലാതെ നീ ക്രിസ്‌ത്യാനിയാകരുതെന്ന് മറിയാമ്മ പറയുന്നു. അനുവാദം ചോദിക്കാൻ മേൽപ്പത്തൂർ മനയിലെത്തിയ വാവയെ അച്ഛൻ സന്തോഷത്തോടെ സ്വീകരിച്ച് സ്നേഹം കൊണ്ട് മൂടുന്നു. പൊരുത്തക്കേടുകളെല്ലാം മറന്ന് മറിയാമ്മയും വിഷ്ണുനമ്പൂതിരിയും ഒന്നിക്കുന്നു. വിഷ്ണുനമ്പൂതിരിയുടെ സന്തതസഹചാരിയും മകനെപ്പോലെ അയാൾ സ്നേഹിക്കുന്നവനുമായ ശിവൻകുട്ടിക്ക് വിഷ്ണുനമ്പൂതിരിയുടെ സ്വത്തുക്കളിലാണ് കണ്ണ്. പുതിയ ‘സന്തതി’യുടെ വരവ് തനിക്ക് നഷ്ടമുണ്ടാക്കുമെന്ന് കരുതി അയാൾ വിഷ്ണുനമ്പൂതിരിയെ ആസൂത്രിതമായി കൊലപ്പെടുത്തുന്നു. അച്ഛന്റെ ഘാതകനെ വാവയും വകവരുത്തുന്നു. വിഷ്ണുനമ്പൂതിരിയുടെ ശവസംസ്‌കാര ചടങ്ങുകൾ നിർവ്വഹിക്കണമെങ്കിൽ അയാൾ ആചാരപ്രകാരം ബ്രാഹ്‌മണനാകണമെന്ന് ബ്രാഹ്‌മണപുരോഹിതർ ശഠിക്കുന്നു. അയാൾ മാമോദീസ മുങ്ങി ക്രിസ്‌ത്യാനിയായില്ലെങ്കിൽ തന്റെ മകളെ കല്യാണം കഴിച്ചു തരില്ലെന്ന് പ്രണയിനിയുടെ അച്ഛനും വാശിപിടിക്കുന്നു. ഒടുവിൽ സ്വന്തം പ്രണയിനിയെ ഉപേക്ഷിച്ച് അച്ഛന്റെ അന്ത്യകർമ്മം ചെയ്യാൻ അയാൾ ബ്രാഹ്‌മണനാകുന്നു. തുടർന്ന് കൊലപാതകകുറ്റത്തിന് അയാളെ നിയമം ജയിലിലടയ്‌ക്കുന്നു. ജയിലിൽ നിന്ന് മടങ്ങിയെത്തിയ വാവയെ ഇടവകയിലെ ജനങ്ങൾ എല്ലാം മറന്ന് സ്വീകരിക്കുകയും പെരുന്നാൾ നടത്തുകയും പ്രണയിനിയെ അച്ഛന്റെ സഹായത്തോടെ തന്നെ വിവാഹം നടക്കുകയും ചെയ്യുന്നു. വളരെ ശുഭപര്യവസായിയായ ചലചിത്രത്തിന്റെ കഥാസംഗ്രഹം ഇത്രയുമാകുന്നു.
ഹൈന്ദവ ആരാധനാ ചടങ്ങുകളിലും ക്രിസ്‌തീയ ധ്യാനമുഹൂർത്തങ്ങളിലും ഒരേ സമയം മുഴുകുന്ന ഒരു മനുഷ്യനെ മതനിരപേക്ഷതയുടെ കൺകണ്ടരൂപമായി ഉയർത്തിക്കാട്ടുമ്പോൾ വെളിപ്പെടുന്നത് ചലചിത്രകാരന്റെ വിശാലകാഴ്‌ചപ്പാടല്ല, തികഞ്ഞ സങ്കുചിതത്ത്വമാണ്. മതം സ്വീകരിച്ചിട്ടില്ല എന്നു പറയുന്നുവെങ്കിലും വാവയെ പുരാണഗ്രന്ഥങ്ങളും വേദങ്ങളും പഠിക്കാൻ മറിയാമ്മ ചെറുപ്പത്തിൽ തന്നെ പറഞ്ഞയയ്‌ക്കുന്നുണ്ട്. പളളിയുടെ നേതൃത്വത്തിലുളള ആരാധനാ ചടങ്ങുകളിൽ എല്ലാം അയാൾ സജീവപങ്കാളിയുമാണ്. ഇരുമതങ്ങളിലേയും ദാർശനികതലത്തിലേക്കൊന്നും അയാൾ വ്യാപരിക്കുന്നുമില്ല. സത്യത്തിൽ ഇരുമതങ്ങളുടെയും അനുഷ്‌ഠാനകുരുക്കുകളിൽ അകപ്പെട്ട് സാധാരണ മതവിശ്വാസിയെക്കാളും കൂടുതൽ സങ്കീർണവും സങ്കുചിതവുമാണ് അയാളുടെ മനസ്സ്. മതനിരാസം എന്ന പുരോഗമന സന്ദേശത്തെയല്ല ‘മതസൗഹാർദ്ദം’ എന്ന നൈമിഷികമായ ചില ഒത്തുചേരലുകളുടെ കാപട്യങ്ങളെയാണ് അയാൾ പ്രതിനിധാനം ചെയ്യുന്നത്. ഇവിടെയുളള മതധ്രുവീകരണത്തിന്റെ സ്‌പർദ്ധകൾ എല്ലാം തന്നെ പളളീലച്ചനും മൗലവിയും നമ്പൂതിരിയും ഒപ്പമിരുന്ന് ചായകുടിച്ചാൽ തീരുന്നതാണ് എന്ന രീതിയിൽ മുൻകാലങ്ങളിലെ ചലചിത്രങ്ങളിൽ കാണപ്പെട്ട ‘മതസൗഹാർദ്ദ’ത്തിന്റെ തുടർച്ചയാണ് ‘പോത്തൻ വാവ’യും. പോത്തൻവാവയുടെ അച്ഛൻ കൊലചെയ്യപ്പെട്ട ശേഷമുളള മതാചാരചടങ്ങുകൾക്ക് ചലചിത്രത്തിൽ നൽകിയിരിക്കുന്ന അമിതപ്രാധാന്യം ശ്രദ്ധിക്കുക. മരണാനന്തര ചടങ്ങുകൾ ചെയ്യാൻ അയാൾ ഹിന്ദുവായെ തീരൂ എന്ന് ബ്രാഹ്‌മണപൗരോഹിത്യം, ഹിന്ദുവായാൽ നടക്കാതെ പോകുന്ന തന്റെ പ്രണയവിവാഹം. ഇത്തരം പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്ന നായകനെ നമുക്ക് ചലചിത്രത്തിൽ കാണാം. ജീവിതത്തിന്റെ ഉദ്‌പാദനപരമായ, പ്രത്യാശാഭരിതമായ പോസിറ്റീവായ ഒരു ഘടകമാണ് പ്രണയവും വിവാഹവും ഒക്കെയുമൊക്കെയും. പക്ഷേ മരണാനന്തരചടങ്ങുകൾ കടുത്ത അനാചാരമായി കരുതിപ്പോരുന്നു. അന്ധവിശ്വാസത്തിന്റെ മാറാലകൾ എല്ലാം തൂത്തുവാരിക്കളഞ്ഞ ഒരു തെളിഞ്ഞ തലമുറ നമുക്കുണ്ടായിരുന്നു എന്ന് പാടെ മറന്നുപോയ രീതിയിലാണ്. അന്ധവിശ്വാസങ്ങൾ ജീവിതത്തിന്റെ ഭാഗധേയത്തെ നിർണയിക്കുന്ന സുപ്രധാനഘടകമാണ് എന്ന രീതിയിൽ ചിത്രത്തിൽ അത് പർവ്വതീകരിച്ച് കാണിച്ചിരിക്കുന്നത്. ജീവിതത്തിന്റെ നല്ല വശങ്ങളെ പാടെ ഉപേക്ഷിച്ച് അച്ഛന്റെ മരണാനന്തരചടങ്ങുകൾ നിർവ്വഹിക്കാനായി പോത്തൻവാവ പൂണൂനൂൽ ധരിക്കുന്നു. ചരിത്രത്തിലൂടെ നടന്നുപോയ ഒരു മനുഷ്യൻ വലിച്ചുപൊട്ടിച്ച് കരിച്ചുകളഞ്ഞ അനാചാരത്തിൻ ഊരാക്കുടുക്ക് വീണ്ടും കഴുത്തിലണിയുന്നത് നായകന്റെ മഹാത്യാഗമായി ചലചിത്രകാരൻ അവതരിപ്പിക്കുമ്പോൾ കാലം എത്രമേൽ കീഴ്‌മേൽ മറിഞ്ഞുവെന്ന് നമുക്ക് ബോധ്യപ്പെടുന്നു. തെമ്മാടിയായ വാവ (ക്രിമിനൽ കേസുകളുടെ അക്ഷയഖനി എന്ന് ചലചിത്രത്തിൽ വിശേഷിപ്പിക്കുന്നുണ്ട്) പൗരോഹിത്യത്തെ തളളിപ്പറയാനോ ഒന്നും തയ്യാറാകാതെ പ്രണയിനിയെ ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നു. നെഞ്ചുവിരിച്ച് ധിക്കാരം പറയുന്ന നായകനെയും പ്രണയത്തിനു വേണ്ടി സർവ്വവും ത്യജിക്കുന്ന അവന്റെ ത്യാഗത്തെയും ഒക്കെ പൂർവ്വമാതൃകകളെ മൂക്കത്ത് വിരൽവച്ച് അപഹസിക്കുന്ന, യാഥാസ്ഥിതിക മതപൗരോഹിത്യത്തോടും മറ്റും തികഞ്ഞ വിധേയത്വം പുലർത്തുന്ന അനുസരണയുളള വെറും പോത്തൻ നായകൻമാർ തിരശ്ശീലയിൽ വാഴ്‌ത്തപ്പെടുമ്പോൾ നവോത്ഥാനത്തിന്റെ ഒരു ചരിത്രം നമ്മളിൽ നിന്ന് ഓർമ്മക്കാഴ്‌ചകളിൽ നിന്ന് പടിയിറക്കപ്പെടുന്നുണ്ട്.
ജനകീയ കലയായ സിനിമയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ‘പുതിയ’ സാംസ്‌കാരിക തത്വങ്ങൾ സൃഷ്ടിച്ചെടുക്കുന്ന ചില പൊതുബോധത്തിന്റെ അതിന്റെ യുക്തിരാഹിത്യത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞേ തീരൂ. മതാചാരങ്ങളുടെ സംഘർഷങ്ങളല്ല, മനുഷ്യാവസ്ഥയുടെ അതിന്റെ ദയനീയതയുടെ സംഘർഷങ്ങളാണ് ചലചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടേണ്ടത്. അത്തരം ആവിഷ്‌ക്കരിക്കാരങ്ങളിലൂടെ സാക്ഷാത്‌കരിക്കപ്പെടേണ്ടത് മനുഷത്വത്തിന്റേയും മാനവികതയുടേയും പൊതുവായ ദർശനങ്ങളായിരിക്കണം.
Generated from archived content: cinema1_nov22_06.html Author: biju_kunnoth