നന്മയുടെ അവശേഷിപ്പുകൾ – ‘അച്ചുവിന്റെ അമ്മ’ എന്ന ചലച്ചിത്രത്തെക്കുറിച്ച്‌

കമേഴ്‌സ്യൽ സിനിമകളുടെ സാമ്പത്തിക വിജയത്തിന്‌ കൃത്യമായ സൂത്രവാക്യങ്ങളുണ്ടെന്നും അവയെ മറികടന്നുളള ശ്രമങ്ങളൊന്നും വിജയപ്രദമാവുകയില്ലെന്നുമുളള ധാരണ സിനിമാപ്രവർത്തകർക്ക്‌ ഇടയിലും പ്രേക്ഷകർക്കിടയിലും വ്യാപകമായ സന്ദർഭങ്ങളിലാണ്‌ മലയാള സിനിമ കടുത്ത പ്രതിസന്ധികളെ നേരിട്ടത്‌. അത്തരം സൂത്രവാക്യങ്ങളാൽ നിർമ്മിക്കപ്പെട്ട പല സിനിമകൾക്കും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുളളു. അപൂർവ്വമായി സംഭവിക്കുന്ന ജീവിതഗന്ധിയായ കഥകളുടെ നന്മയാണ്‌ സിനിമയെ പിടിച്ചുനിർത്തുന്നത്‌. ‘അച്ചുവിന്റെ അമ്മ’ കാഴ്‌ചവയ്‌ക്കുന്നത്‌ അത്തരം നന്മയുടെ ചെറിയ ചെറിയ അവശേഷിപ്പുകളെയാണ്‌.

വനജ (ഉർവ്വശി)യുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ്‌ ചലച്ചിത്രം വികസിക്കുന്നത്‌. അനാഥയായ വനജയുടെ ജീവിതത്തിലേക്ക്‌ യാദൃശ്ചികമായി കടന്നുവരുന്ന മറ്റൊരു അനാഥബാലികയായ അശ്വതി അഥവാ അച്ചു (മീരാ ജാസ്‌മിൻ)വുമായി അവൾക്കുണ്ടാകുന്ന ആത്മബന്ധത്തിന്റെ, മാതൃസ്‌നേഹത്തിന്റെ കഥയാണ്‌ ‘അച്ചുവിന്റെ അമ്മ’. ‘തന്റെ അച്‌ഛനാര്‌’ എന്ന അശ്വതിയുടെ ചോദ്യത്തിനുമുന്നിൽ നശിച്ച ഓർമ്മകളൊന്നും തുറന്നിടാനാകാതെ അവൾ പതറിപ്പോകുന്നു. അശ്വതിയ്‌ക്ക്‌ ഇജോ(സുനിൽകുമാർ) എന്ന യുവാവുമായുളള ബന്ധത്തിന്റെ പരിസമാപ്തിയിൽ അവളോട്‌ എല്ലാം തുറന്നുപറയേണ്ടിവരികയും ഇരുവരുടെയും ആത്മബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്യുമ്പോൾ ചലച്ചിത്രം പൂർത്തിയാകുന്നു.

വനജയുടെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ തന്നെയും സമകാലിക സംഭവങ്ങളിലേക്ക്‌ കഥാകൃത്ത്‌ പ്രേക്ഷക ശ്രദ്ധ തിരിക്കുന്നുണ്ട്‌. നെയ്‌ത്തു ജോലിക്കെത്തുന്ന കുട്ടികളെ കൂട്ടത്തോടെ വിൽപ്പന നടത്തുന്ന മുതലാളി, ഹോട്ടൽ ജോലി ചെയ്‌ത്‌ വിശന്നുറങ്ങുന്ന ബാലികയുടെ നെടുവീർപ്പുകളിലേയ്‌ക്ക്‌ ആസക്തിയുമായി കടന്നുചെല്ലുന്ന ഹോട്ടലുടമ, അശ്വതിയുടെ സഹപ്രവർത്തകയുടെ വിദ്യാസമ്പന്നനായ ഭർത്താവിന്റെ കുടിലമായ നോട്ടങ്ങൾ, പച്ചക്കറി വിൽപ്പനക്കാരിയ്‌ക്ക്‌ തന്റെ ഭർത്താവിൽനിന്ന്‌ നേരിടേണ്ടിവരുന്ന കൊടിയ പീഢനങ്ങൾ, മുസ്ലീം തറവാട്ടിലെ സ്വകാര്യദൃശ്യങ്ങൾ പോലും പകർത്തുന്ന ഒരു ക്യാമറ, ബസ്‌ യാത്രയ്‌ക്കിടയിൽ വനജയ്‌ക്ക്‌ കാണേണ്ടിവരുന്ന അനീതി… ഇങ്ങനെ നിരവധി സംഭവങ്ങളിലൂടെ പുതിയ കാലത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളിലേയ്‌ക്ക്‌ പ്രേക്ഷകരെ എത്തിക്കുവാൻ സംവിധായകന്‌ കഴിയുന്നുണ്ട്‌.

വനജ എന്ന സ്‌ത്രീകഥാപാത്രത്തിന്റെ നിലപാടുകൾ ചലച്ചിത്രത്തിന്റെ സന്ദേശമായി വർത്തിക്കുന്നുണ്ട്‌. നെയ്‌ത്തു കമ്പനിയിൽ നിന്ന്‌ രക്ഷപ്പെട്ട്‌ ഓടവെ തന്നെപ്പോലുളള ഒരു പെൺകുട്ടിയേയും രക്ഷിക്കാൻ തയ്യാറാകുന്ന അവളുടെ മനുഷ്യത്വത്തിന്റെ നന്മ ശ്രദ്ധേയമാണ്‌. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ പിടിച്ചു നിൽക്കാൻ അവൾക്ക്‌ കഴിയുന്നുണ്ട്‌. തന്റെ ജീവിതത്തിന്റെ ആകെ തുകയായ അശ്വതി നഷ്‌ടപ്പെട്ടെന്ന്‌ അറിയുമ്പോൾ ആത്മഹത്യയ്‌ക്കല്ല, മറ്റൊരു അനാഥ ബാലികയ്‌ക്ക്‌ ജീവിതം നൽകുവാനാണ്‌ അവൾ ശ്രമിക്കുന്നത്‌. അതേ സമയം അശ്വതി ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുന്നുമുണ്ട്‌. പുതിയ തലമുറയുടെ അപക്വവും ദുർബ്ബലവുമായ ജീവിത വീക്ഷണമാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌. പ്രായത്തിന്റെ ചാപല്യത്താൽ പ്രണയക്കുരുക്കിൽപ്പെട്ട്‌ രജിസ്‌റ്റർ വിവാഹത്തിനിറങ്ങിത്തിരിച്ച അശ്വതിയുടെ സുഹൃത്തിന്‌ വനജ നൽകുന്ന ഉപദേശങ്ങൾ സിനിമയുടെ പാഠമാകുന്നുണ്ട്‌. മകളെ ഉന്നത വിദ്യാഭ്യാസത്തിനയച്ചു പഠിപ്പിക്കുമ്പോൾ തന്നെ ജീവിതത്തെക്കുറിച്ചുളള ചെറിയ ചെറിയ പാഠങ്ങൾ പോലും നൽകാൻ മാതാപിതാക്കൾക്ക്‌ കഴിയുന്നില്ല. വനജയുടെ ഇടപെടലിലൂടെ അവളെ മാതാപിതാക്കൾക്ക്‌ തിരിച്ചു നൽകുന്നു. രാജേഷ്‌ ജയരാമന്റെ കഥയും രഞ്ഞ്‌ജൻ പ്രമോദിന്റെ തിരക്കഥയും സത്യൻ അന്തിക്കാടിന്റെ കൈകളിൽ സുരക്ഷിതമാണ്‌.

ചലച്ചിത്രത്തിന്റെ ആദ്യപകുതിയ്‌ക്ക്‌ ജീവൻ പകരുന്നത്‌ മനോഹരമായ ഗാനങ്ങളാണ്‌. കഥയുടെ വളർച്ചയ്‌ക്ക്‌ അത്രയൊന്നും പ്രയോജനകരമല്ലാത്ത മുസ്ലീം തറവാട്ടിലെ ആഢംബരദൃശ്യങ്ങൾ മടുപ്പുളവാക്കുന്നതാണ്‌, വനജയുമായി ആ കുടുംബത്തിനുളള ആത്മബന്ധം ചലച്ചിത്രത്തിൽ പ്രസക്തമാണെങ്കിലും. വനജ എന്ന കഥാപാത്രത്തിന്റെ ശരീരസാധ്യതകൾ ഉർവ്വശിയിൽ സുരക്ഷിതമെങ്കിലും ആ നടിയുടെ ശബ്‌ദത്തിലെ അപാകതകൾ ചലച്ചിത്രത്തിന്‌ ദോഷകരമാണ്‌. അഴകപ്പന്റെ ക്യാമറയുടെ സാധ്യതകൾ ചലച്ചിത്രത്തിന്‌ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത്‌ നിരാശാജനകമാണ്‌.

‘അച്ചുവിന്റെ അമ്മ’യുടെ സാമ്പത്തിക വിജയവും ഒരു പ്രതീക്ഷയാണ്‌. അശ്ലീലതയും നാലാംകിട തമാശകളും കുത്തിനിറയ്‌ക്കാതെ ജീവിതത്തെക്കുറിച്ച്‌ ആർദ്രമായി പറഞ്ഞാൽ തന്നെ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ. ജീവിതത്തിന്റെ ഗന്ധവും കാലത്തിന്റെ യാഥാർത്ഥ്യങ്ങളും മനുഷ്യസ്‌നേഹത്തിന്റെ നന്മയും തിരശ്ശീലയെ സമ്പുഷ്‌ടമാക്കുമെന്ന പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്ന്‌ ഉറച്ചു വിശ്വസിക്കാം.

Generated from archived content: cinema-feb17-05.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English