തീക്ഷ്‌ണതയുടെ കൊച്ചുകഥകൾ

വേഗത നമ്മുടെ ജീവിതത്തിന്റെ പൊതുമണ്‌ഡലത്തിൽ പ്രധാനഘടകമായിത്തീരുകയും സങ്കീർണ്ണമായ പുതിയ കാലത്ത്‌ സെക്കന്റുകൾപോലും മറ്റെന്തിനെക്കാളും വിലപിടിച്ചതായി തീരുകയും ചെയ്‌തപ്പോഴാണ്‌ നോവൽ സാഹിത്യത്തിന്‌ വായനക്കാർ കുറഞ്ഞുപോവുകയും ചെറുകഥ കൂടുതൽ സ്വീകാര്യമായിത്തീരുകയും ചെയ്‌തത്‌. പിന്നീട്‌ കുട്ടിക്കഥകളും മിനിക്കഥകളും കൂടുതൽ സ്വീകാര്യമായി. നാലോ അഞ്ചോ പദക്കൂട്ടങ്ങൾകൊണ്ട്‌ ജീവിതത്തിന്റെ എല്ലാ തീക്ഷ്‌ണതയും ഉൾക്കൊളളുന്ന ആർജ്ജവമുളള ഹ്രസ്വരചനകളാണ്‌ പുതിയ വായനക്കാരനെ കൂടുതൽ തൃപ്തിപ്പെടുത്തുക. ഇത്തരം കഥകളിൽ അശ്രഫ്‌ ആഡൂരിന്റെ രചനകൾ ശ്രദ്ധേയമാണ്‌.

അശ്രഫ്‌ ആഡൂരിന്റെ ‘കരഞ്ഞുപെയ്യുന്ന മഴ’ (പാപ്പിയോൺ, ഏപ്രിൽ 2004) അനുഭവതീക്ഷ്‌ണതയുടെ ആർജ്ജവം കൊണ്ടും ഘടനയുടെ സൗന്ദര്യം കൊണ്ടും ഒരു പുതിയ ഭാവുകത്വം പകർന്നു നൽകുന്നുണ്ട്‌. പുതിയ ലോകത്തെ ജീവിതപരിസരങ്ങളിലെ അശുഭദൃശ്യങ്ങളെക്കുറിച്ചുളള ഉത്‌കണ്‌ഠകൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ഓരോ കഥയും അവസാനിക്കുന്നത്‌. മനുഷ്യരുടെ സ്‌നേഹക്കുറവിനെക്കുറിച്ച്‌, വിപണിയുടെ ചതികളെക്കുറിച്ച്‌, വരണ്ടുപോകുന്ന നന്മയുടെ നദികളെക്കുറിച്ച്‌ ആത്യന്തികമായി ലോകത്തിന്റെ നീതികേടുകളെക്കുറിച്ചുമുളള നിലയ്‌ക്കാത്ത വിലാപങ്ങളാണ്‌ ‘കരഞ്ഞുപെയ്യുന്ന മഴ’ ബാക്കിവയ്‌ക്കുന്നത്‌.

ആമകൾ എന്ന കഥയിൽ അധ്യാപകന്‌ കുട്ടിയിൽനിന്ന്‌ ലഭിക്കുന്ന ഉത്തരം ഓരോ വായനക്കാരനെയും വല്ലാതെ ഞെട്ടിച്ചു കളയുന്നുണ്ട്‌. ദൈവം, മതം എന്നിവയൊക്കെയും ക്രൂരതയുടെ പര്യായപദങ്ങളായി മാറിപ്പോയത്‌ എന്നുമുതലാണ്‌ എന്ന ഉത്‌ക്കണ്‌ഠയാണ്‌ ഈ കഥ പങ്കുവെക്കുന്നത്‌. കിണർ, പൊന്ന്‌, ഇടവേളകൾ, പെരിയാറേ…, കട്ടിൽ തുടങ്ങിയ മിക്ക കഥകളിലൂടെയും വെളിപ്പെടുന്നത്‌ ജീവിതത്തെ ഇരുകണ്ണുകളും മലർക്കെ തുറന്നുവച്ച്‌ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കഥാകൃത്തിന്റെ ജാഗ്രത്തായ സർഗ്ഗാത്മക മനസ്സാണ്‌. വിപണിതരുന്ന സൗജന്യങ്ങളെല്ലാം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌ വലിയൊരു കെണിയിലേക്കാണെന്നും (കട്ടിൽ), നന്മയുടെ എല്ലാ നീരുറവകളും വറ്റിപ്പോവുകയാണെന്നും (പെരിയാറേ…) ഇനിവരാനിരിക്കുന്ന വിലാപങ്ങളും സമരങ്ങളും കുടിവെളളത്തിന്‌ വേണ്ടിയുളളതായിരിക്കുമെന്നും (കിണർ) ഒക്കെയുളള തിരിച്ചറിവുകളാണ്‌ ‘കരഞ്ഞുപെയ്യുന്ന മഴ’ എന്ന സമാഹാരത്തെ വേറിട്ടു നിർത്തുന്നത്‌.

പോസ്‌റ്റ്‌ മാർകിസിസ്‌റ്റ്‌ രചനകളിലധികവും മുന്നോട്ടുവയ്‌ക്കുന്ന ജീവിതനിരാസത്തിന്റെയും സൂക്ഷ്‌മതല രാഷ്‌ട്രീയത്തിന്റെയും ഹരിതരാഷ്‌ട്രീയത്തിന്റെയും ഒക്കെ അബദ്ധജഡിലമായ കാഴ്‌ചപ്പാടുകളല്ല, ജീവിതത്തോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത വച്ചുപുലർത്തുന്ന വീക്ഷണങ്ങളാണ്‌ അശ്രഫിന്റെ രചനകളിൽ ഓരോന്നിലും കാണുവാൻ കഴിയുന്നത്‌.

മലബാറിന്റെ ഗ്രാമ്യഭാഷയുടെ വശ്യതയും കഥകളുടെ ഒതുക്കവും ‘കരഞ്ഞുപെയ്യുന്ന മഴ’യെ ഒന്നുകൂടി ഹൃദ്യമാക്കുന്നു.

Generated from archived content: book1_mar31.html Author: biju_kunnoth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English