യാത്രയയപ്പ്‌

 

 

 

പത്തേന്റെ നന്മകളെക്കുറിച്ച്‌ വാതോരാതെ വാഴ്‌ത്തപ്പെടുന്ന അനുസ്‌മരണ സമ്മേളങ്ങൾ പോലെതന്നെയാണ്‌ ഒരു യാത്രയയപ്പ്‌ ചടങ്ങിലെ ആശംസാപ്രസംഗങ്ങളും എന്ന നിഗമനത്തിൽ ജയചന്ദ്രൻ എത്തിചേർന്നത്‌ അയാളുടെ യാത്രയയപ്പുയോഗം നടന്നുകിഴിഞ്ഞിട്ടും ഒരു മാസം വൈകിയാണ്‌.

“നീണ്ട ബസ്സ്‌ യാത്രകൾ

ആയുസ്സിന്റെ കാൽഭാഗം ജീവിച്ചു തീർത്ത ബസ്സ്‌ വെയിംറ്റിഗ്‌ ഷെൽട്ടറുകൾ, ഓഫീസ്‌ മുറികൾ, ഫയലുകൾ, ധാർഷ്‌ട്യപ്രകടനങ്ങൾ…..”

തികച്ചും യാന്ത്രികമായി തേഞ്ഞുതീരുകയായിരുന്നു തന്റെ ജീവിതം എന്ന്‌ ഞെട്ടലോടെ ജയചന്ദ്രൻ തിരിച്ചറിഞ്ഞതും വളരെ വൈകിയായിരുന്നു. യാത്ര അയപ്പ്‌ ചടങ്ങ്‌.

ഒട്ടും ആത്മാർത്ഥതയില്ലാത്ത ആശംസാവചനങ്ങൾ ഏത്‌ കുഴിമടിയനും വഷളനും കൃത്യനിഷ്‌ടയുടെയും സത്യസന്‌ധതയുടെയും പേരിൽ വാഴത്തപ്പെടുന്ന ദിനമാണത്‌.

ഒരു ദിവസം മുഴുവനും മറുപടിച്ചിരി നൽകുവാനായി, അല്ലെങ്കിൽ ഇളിച്ചുകാണിക്കുവാനായി വലിച്ച്‌ നീട്ടിപ്പിടിച്ച ചുണ്ടുകൾക്ക്‌ പിറ്റേന്ന്‌ വലിയ വേദന തോന്നി. അസ്ഥാനത്തും അനാവശ്യമായും ഉപയോഗിച്ച്‌ കഴിയുമ്പോൾ വാക്കുകളിൽ നിന്ന്‌ അർത്ഥം പടിയിറങ്ങിപ്പോകും എന്ന്‌ ജയചന്ദ്രൻ മനസിലാക്കിയതും ആ യാത്രയയപ്പ്‌ നാളിലാണ്‌ ഇരുപത്‌ വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും അയാൾ ജീവിതത്തെക്കുറിച്ച്‌ എന്താണ്‌ പഠിച്ചത്‌? പക്ഷേ അത്രയൊന്നും ലഘുവായ ഒരു കാലയളവല്ല ഇരുപത്‌ വർഷം.

തികഞ്ഞ ആത്മപുച്ഛത്തോടെ വീട്ടുവരാന്തയിലെ കസേരയിൽ ചുരുണ്ടുകൂടി ഇരുന്നു. തന്റെ മനസ്സിലേക്ക്‌ ഒന്നും അവശേഷിപ്പിക്കാനെ ഒലിച്ചുപോയ ജീവിതത്തിന്റെ ശൂന്യതയെക്കുറിച്ച്‌ ആത്മാർത്ഥമായി വ്യാകുലപ്പെട്ടുകൊണ്ട്‌ അയാൾ ഏറെനേരം ഇരുന്നു.

ശൂന്യതമാത്രം…..

പോകെപ്പോകെ അയാളുടെ കണ്ണിൽ പുതിയൊരു വെളിച്ചം പകർന്നു. വീട്ടിനുമുന്നിലെ പച്ച നിറഞ്ഞ വയലുകളിലേക്ക്‌ അയാൾ ആകാംക്ഷയോടെ നോക്കി. ഏതോ ദൂരദേശത്തുനിന്നും എത്തിയ സഞ്ചാരിയെപ്പോലെ, കണ്ണുകൾ തുറന്നു പിടിച്ച്‌​‍്‌, ചെവികൾ കൂർപ്പിച്ച്‌, മൂക്കുകൾ വിടർത്തി അയാൾ വയലിനെ നോക്കിക്കണ്ടു. തവളയുടെ ശബ്‌ദം കേട്ടു. പക്ഷികളുടെ കരച്ചിൽ കേട്ടു. പുഴയുടെ ഒഴുക്കിനെ അറിഞ്ഞു. സൂര്യന്റെ വെളിച്ചത്തെ അനുഭവിച്ചു. ആകാശത്തിന്റെ നീലിമയ്‌ക്ക്‌ ഇത്ര ആഴമുണ്ടെന്ന്‌ ആത്മാർത്ഥമായി അത്‌ഭുതപ്പെട്ടു.

ഒരു കുഞ്ഞ്‌ ആദ്യം ലോകത്തെ നോക്കികാണുന്നതുപോലെ അയാളുടെ കണ്ണിൽ വിസ്‌മയം പടർന്നു. കാതുകളെ കൂർപ്പിച്ച്‌ നിർത്തി, എല്ലാ ശബ്‌ദങ്ങളെയും അയാൾ തന്നിലേക്ക്‌ ആവാഹിച്ചു.

പെട്ടെന്ന്‌ ഏതോ തീവ്രമായ ഒരുൾപ്രേരണയാൽ വേദനയാൽ അയാൾ വിങ്ങി വിങ്ങികരഞ്ഞു. ആത്മവിലെ സകലമാലിന്യങ്ങളും കഴുകി കളയുന്ന തീവ്രമായ വേദനയുടെ കണ്ണീരിൽ പോയ്‌ക്കഴിഞ്ഞ ജീവിതത്തിന്റെ എല്ലാ അലസതകളും കുത്തിയൊലിച്ച്‌ ഇല്ലാതാവുകയായിരുന്നു.

കരച്ചിൽ നിർത്തി കണ്ണു തുടച്ച്‌ ജയചന്ദ്രൻ വയൽ വരമ്പിലൂടെ നടന്നു തുടങ്ങി. വയൽ വരമ്പിൽ നിന്ന്‌ വെള്ളച്ചാലുകളിലേക്ക്‌ ഇറങ്ങിനിന്ന്‌ ചെറുമീനുകളുടെ ഇക്കിളിപ്പെടുത്തുന്ന സ്‌പർശം അറിഞ്ഞു. കാലുകളെ ചെളിയിൽ പൂഴ്‌ത്തി ഇളക്കിക്കൊണ്ട്‌ അയാൾ മണ്ണിന്റെ പുളകങ്ങളെ അനുഭവിച്ചു. വഴിയോരത്തെ കമ്മ്യൂണിസ്‌റ്റ്‌ പച്ചകൾ ഒടിച്ചെടുത്ത്‌ തിരുമ്മിമണപ്പിച്ചുകൊണ്ട്‌ അയാൾ തന്റെ ബാല്യത്തിന്റെ കുസൃതികളുടെ ഗന്ധമറിഞ്ഞു. കുസൃതതികളുടെ ഗന്ധം…..

എത്രമേൽ സുഖദമായ ഓർമ്മകൾ……

പിന്നെ തന്റെ യൗവനം

താൻ ചവിട്ടിക്കയറിയ ജീവിതത്തിന്റെ മുള്ളുമല നീന്തിക്കയറിയ ജീവിതത്തിന്റെ ദുരിതങ്ങളുടെ തീ നദി….. ഒടുവിൽ, ഇതിനിടെ പടിയിറങ്ങിപ്പോന്ന ആ സർക്കാർ ഓഫിസിന്റെ മൂലയിലെ കസേരയിൽ കൂടിയിരുത്തപ്പെട്ട നീണ്ട ഇരുപത്‌ വർഷം…

എന്തായിരുന്നു തനിക്ക്‌ ജീവിതം ?

എല്ലാ പിടച്ചിലുകൾക്കുമൊടുവിൽ ലഭിച്ച ഈ ഉദ്യോഗക്കസേരയുടെ മനം മടുപ്പിക്കുന്ന സ്വസ്ഥതയായിരുന്നേ?

മരണത്തിനുശേഷം ജയചന്ദ്രൻ മുണ്ടവളപ്പിൽ എന്ന ഒരു വെറും മനുഷ്യനെ ലോകം എങ്ങനെയാണ്‌ അടയാളപ്പെടുത്തുക? ഈ ഭൂമിയിൽ ബാക്കിയാകുന്നവർ അയാളെ എവിടെയാണ്‌ സ്‌ഥാനപ്പെടുത്തുക?

ഒരു വാർപ്പുകെട്ടിടത്തിന്റെ മൂലയിലിരുന്ന്‌ ഫയലുകളിൽ ഒട്ടേറെ മനുഷ്യരുടെ ജീവിതത്തിന്റെ ഗതിവഗതികളെ നിയന്ത്രിക്കുന്ന കടലാസുകളിൽ നെടുകയും കുറുകെയും വരഞ്ഞ്‌ ധാർഷ്‌ട്യത്തിന്റെ ചുവപ്പ്‌ നാടകൊണ്ട്‌ കൊരുത്തിടുക എന്നതായിരുന്നോ ഒരു മനുഷ്യൻ എന്ന നിലയിൽ തന്റെ പിറവിയുടെ ലക്ഷ്യം? ഓരോ മനുഷ്യജീവിതത്തിനും ഈ ലോകത്തെ മാറ്റിത്തീർക്കും വിധം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

അങ്ങനെ തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരിക്കൽപ്പോലും തന്റെ ഉള്ളിൽ മിന്നിമറഞ്ഞിട്ടുപോലുമില്ലാത്ത നിരവധി ചോദ്യങ്ങൾ ജയചന്ദ്രനെ പൊതിഞ്ഞു. ഭക്ഷിക്കുകയും കാമിക്കുകയും വിസർജ്ജിക്കുകയും അല്ലാതെ താൻ എന്താണ്‌ ചെയ്‌തിട്ടുള്ളത്‌? മനുഷ്യൻ, ഭാഷ, സമൂഹം, സംസ്‌ക്കാര, ചരിത്രം, വർത്തമാനം, ഭാവി……

ഒരുവന്റെ ഉറക്കത്തെ ലോകാവസാനം വരേയ്‌ക്കും ഇല്ലാതാക്കി കളയുന്ന നിരവധി സങ്കീർണ്ണതകൾക്ക്‌ ഇടയിലൂടെ ജയചന്ദ്രന്റെ രാപ്പകലുകൾ എരിപിരികൊണ്ടു.

എത്രമേൽ ചെറുതും സങ്കുചിതമായ ഒരു ജീവിതത്തെയാണ്‌ ഞാൻ ഉദാത്തമെന്നു കരുതി ആഘോഷപൂർവ്വം ജീവിച്ചുതീർത്തത്‌ എന്ന ലജ്ജ യാത്ര ജയചന്ദ്രൻ മനസാക്ഷിയാൽ നഗ്‌നനാക്കപ്പെട്ടു.

ചിലതൊക്കെ നിശ്ചയിച്ചുറപ്പിച്ചും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളെ തലയിൽ പുകച്ചുകൊണ്ടും കണ്ണടച്ചു പിടിച്ച്‌ അയാൾ ഉറങ്ങാൻ ശ്രമിച്ചു.

Generated from archived content: story1_dec3_08.html Author: biju_k_chuzhali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here