നാറാണത്തു ഭ്രാന്തൻ

“അമ്മേ…” എന്നു വിളിച്ചുകൊണ്ട്‌ തോളിൽ തൂക്കിയിരുന്ന പുസ്‌തകക്കെട്ട്‌ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട്‌ അവൻ അടുക്കളയിലേക്കോടി.

“ആഹാ മോനിന്നു നേരത്തേ വന്നോ?”

കയ്യിലെ ചട്ടിയിൽ നിന്നും കല്ലില്ലാതെ അരി വാരി തിളക്കുന്ന വെളളത്തിലേക്ക്‌ ഇടുകയായിരുന്നു അമ്മ.

“അമ്മ നാറാണത്തു ഭ്രാന്തനെ കണ്ടിട്ടുണ്ടോ?”

എന്തെന്നില്ലാത്ത ഒരാകാംഷയോടെ അവൻ ചോദിച്ചു.

“നാറാണത്തു ഭ്രാന്തനോ? പളളിക്കൂടത്തിൽ പോയ നിനക്ക്‌ ഈ നാറാണത്തു ഭ്രാന്തനെ എവിടുന്നു കിട്ടി? ഇന്നു നാറാണത്തു ഭ്രാന്തന്റെ കഥയാണോ പഠിപ്പിച്ചത്‌?”

“ഇന്ന്‌ കുറുപ്പുസാറ്‌ ഞങ്ങൾക്ക്‌ പറഞ്ഞു തന്ന കഥയാ. ഒരു ഭ്രാന്തൻ പകൽ മുഴുവനും മരുഭൂമിയിലൂടെ പൊളളുന്ന വെയിലത്ത്‌ എടുത്താൽ പൊങ്ങാത്ത കല്ലുകൾ ചുമന്ന്‌ ഒരു മലയുടെ മുകളിൽ കയറ്റും. എന്നിട്ട്‌ സന്ധ്യയാകുമ്പോൾ അതെല്ലാം ഓരോന്നായി താഴേക്ക്‌ ഉരുട്ടിവിടും. താഴേക്ക്‌ ഉരുണ്ടുപോകുന്ന കല്ലുകൾ നോക്കി അയാൾ ഉറക്കെ പൊട്ടിച്ചിരിക്കും. പിറ്റേന്ന്‌ രാവിലെ നോക്കുമ്പോൾ ഭ്രാന്തന്റെ കൈയ്യിൽ കല്ലൊന്നും കാണില്ല. പിന്നെയും അയാൾ പകൽ മുഴുവനും മരുഭൂമിയിലൂടെ കല്ലു ചുമക്കും. അതാണ്‌ നാറാണത്തു ഭ്രാന്തൻ.”

ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു തീർത്തു.

“എന്തിനാണമ്മേ അയാൾ ഇങ്ങനെ കല്ലു ചുമക്കുന്നത്‌?”

“എനിക്കറിയത്തില്ല.”

അമ്മയുടെ ശബ്‌ദത്തിൽ തെല്ലു നീരസം.

“അമ്മ കണ്ടിട്ടുണ്ടോ നാറാണത്തു ഭ്രാന്തനെ?”

“നാറാണത്തു ഭ്രാന്തൻ. ആദ്യം പോയി ഉടുപ്പു മാറി കൈയ്യും മുഖവും കഴുകിയിട്ടു വാ. അമ്മ കാപ്പിയെടുത്തു വയ്‌ക്കാം.”

തന്റെ ചോദ്യത്തിന്‌ ഉത്തരം കിട്ടാത്തതിന്റെ നൈരാശ്യം പുറത്തു കാണിക്കാതെ അവൻ കുളിമുറിയിലേക്കു പോയി. കൈയ്യും കാലും മുഖവും കഴുകി ഒരു പകുതി കുളി കുളിച്ചതിന്റെ സംതൃപ്തിയോടെ ഊൺ മേശയുടെ മുന്നിൽ വന്നിരുന്നു. ആരായിരിക്കും ഈ നാറാണത്തു ഭ്രാന്തൻ? ശരിക്കും ഭ്രാന്തൻ തന്നെ ആയിരിക്കുമോ? അതോ എല്ലാവരും വെറുതെ പറയുന്നതാണോ? ഭ്രാന്തനല്ലെങ്കിൽ പിന്നെ എന്തിനാണയാൾ പകൽ മുഴുവനും കല്ലു ചുമക്കുന്നത്‌? ഉത്തരം കിട്ടാത്ത ഒട്ടനേകം ചോദ്യങ്ങൾ അവനെ ആശയക്കുഴപ്പത്തിലാക്കി. അയാളെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ചോദിക്കാമായിരുന്നു, എന്തിനാണ്‌ ഇങ്ങനെ വെയിലത്ത്‌ കല്ലു ചുമക്കുന്നതെന്ന്‌.

“കഴിക്ക്‌ മോനേ, നിനക്കെന്താ ഇന്നു വിശപ്പില്ലേ? എന്നും ഇങ്ങോട്ടു വന്നു കേറാത്ത താമസം കാപ്പിക്കുവേണ്ടി ബഹളം വെക്കുന്നയാളാണല്ലോ. ഇന്നെന്തു പറ്റി?”

മേശപ്പുറത്തിരിക്കുന്ന ചൂടുകാപ്പിയും വാഴയിലയിൽ പൊതിഞ്ഞ ആവി പറക്കുന്ന അടയും അപ്പോഴാണ്‌ അവൻ ശ്രദ്ധിച്ചത്‌. അവന്റെ മനസ്സുനിറയെ നാറാണത്തു ഭ്രാന്തനായിരുന്നു. മരുഭൂമിയിലൂടെ കല്ലും ചുമന്നു നടക്കുന്ന ഭ്രാന്തൻ. ആ ഭ്രാന്തന്റെ രൂപം അവൻ മനസ്സിൽ വരച്ചു. നീണ്ട മുടിയും താടിയുമുളള ആ രൂപത്തോട്‌ അവന്‌ തോന്നിയത്‌ പേടിയോ കഠിനാദ്ധ്വാനം ചെയ്യുന്നവനോടുളള ബഹുമാനമോ അതോ പാഴ്‌വേല ചെയ്യുന്നവനോടുളള സഹതാപമോ എന്താണെന്ന്‌ അവനുതന്നെ അറിയില്ലായിരുന്നു.

“നല്ലൊരു അവധിദിവസമായിക്കൊണ്ട്‌ എന്താ രാവിലെ തന്നെ ഒരാലോചന?”

കൈവിരലുകൾ കോർത്തിണക്കി തലക്കുപിന്നിൽ വച്ച്‌ നേരെമുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ്ങ്‌ഫാനിൽ തുറിച്ചുനോക്കി കിടക്കുന്ന അയാളോട്‌ കൈയ്യിൽ ചായക്കപ്പുമായി എത്തിയ ഭാര്യ ചോദിച്ചു. തന്റെ സ്വപ്‌നലോകത്തിലെ കട്ടുറുമ്പായി വന്ന അവളോട്‌ അൽപം അമർഷം തോന്നി. വേൾഡ്‌ ട്രേഡ്‌ സെന്റർ തകർന്നു വീണിടത്ത്‌ നാലുകെട്ടും നടുമുറ്റവുമുളള ഒരു വീടു പണിതാലോ എന്ന്‌ ആലോചിക്കുകയായിരുന്നു എന്നു പറയണമെന്നു തോന്നിയെങ്കിലും “ഏയ്‌ ഒന്നുമില്ല” എന്നുപറഞ്ഞുകൊണ്ട്‌ അയാൾ എഴുന്നേറ്റിരുന്നു. തലയിണ എടുത്ത്‌ ഭിത്തിയോടു ചേർത്തുവച്ച്‌ അതു താഴെപ്പോകാതിരിക്കാൻ എന്നവണ്ണം അതിൽ ചാരിയിരുന്നു. മൈലുകൾക്കപ്പുറമുളള നാട്ടിൻപുറത്തെ ഊണ്‌മേശയുടെ മുന്നിൽ നിന്നും ഡൽഹിയിലെ വാടകവീട്ടിലേക്ക്‌ തന്റെ മനസ്സിനെ കൊണ്ടുവരാൻ അയാൾക്ക്‌ ഏതാനും നിമിഷങ്ങൾതന്നെ വേണ്ടിവന്നു. ഭാര്യയുടെ കയ്യിൽനിന്നും ചായ വാങ്ങി അതിൽനിന്നും ഒരുകവിൾ കുടിച്ചപ്പോൾ അമ്മയുടെ കൈകൊണ്ട്‌ കിട്ടുന്ന കാപ്പിയുടെ രുചി അയാളോർത്തു. ചായ കുടിച്ച്‌ കപ്പ്‌ കട്ടിലിനു താഴേക്കു വച്ചിട്ട്‌ വീണ്ടും കട്ടിലിലേക്ക്‌ ചരിഞ്ഞു. ഞായറാഴ്‌ചയല്ലേ ഒന്നുകൂടി മയങ്ങാം. കമിഴ്‌ന്നു കിടന്നുറങ്ങുന്ന കുഞ്ഞിനെ നിവർത്തി കിടത്തി നെറ്റിയിൽ ഒരു മുത്തവും നൽകിയിട്ട്‌ അവളേയും കെട്ടിപ്പിടിച്ച്‌ അയാൾ കിടന്നു. ലോകത്തിന്റെ അല്ലലും അലച്ചിലും ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്ന തന്റെ കുഞ്ഞിനോട്‌ അയാൾക്കപ്പോൾ അസൂയ തോന്നി. വരാനിരിക്കുന്ന ചൂടിനു മുന്നോടിയായി വന്ന ഇളം കാറ്റിന്റെ ആലസ്യത്തിൽ അയാൾ ഒന്നുകൂടി മയങ്ങി. അപ്പോൾ വീണ്ടും നീണ്ട മുടിയും താടിയുമുളള ആ ഭ്രാന്തന്റെ രൂപം അയാളുടെ മനസ്സിലേക്ക്‌ കടന്നുവന്നു. ശരിക്കും നാറാണത്തു ഭ്രാന്തൻ ഇങ്ങനെതന്നെ ആയിരിക്കുമോ? ചെറുപ്പം മുതലേ താൻ മനസ്സിൽ വരച്ചിട്ട ആ രൂപം തന്നെയായിരിക്കും നാറാണത്തു ഭ്രാന്തന്റേതെന്ന്‌ അയാൾ വിശ്വസിച്ചു. എന്നെങ്കിലും ആ ഭ്രാന്തനെ കാണാൻ കഴിഞ്ഞേക്കും എന്ന്‌ അയാളുടെ മനസ്സു പറഞ്ഞു. കണ്ടാൽ തീർച്ചയായും അയാളോടു ചോദിക്കണം എന്തിനാണ്‌ എന്നും വെയിലത്ത്‌ ഇങ്ങനെ കല്ലു ചുമക്കുന്നതെന്ന്‌.

“അതുശരി, അച്ഛനും മോളും കൂടി പിന്നെയും ഉറക്കമായോ?”

ചായക്കപ്പ്‌ എടുക്കാൻ വന്ന ഭാര്യയുടെ സംസാരം കേട്ട്‌ പാതി മയക്കത്തിൽനിന്നും അയാൾ വീണ്ടും ഉണർന്നു. ഇന്നെങ്കിലും ഒരൽപ്പം നേരംകൂടി ഉറങ്ങാൻ അനുവദിച്ചുകൂടെ എന്ന അർത്ഥത്തിൽ അയാൾ ഭാര്യയെ ഒന്നുനോക്കി. അയാളുടെ നോട്ടത്തിലെ ദയനീയത മനസ്സിലാക്കിയ അവൾ പിന്നീടൊന്നും മിണ്ടാതെ ഒരു ഉത്തമ ഭാര്യയെപ്പോലെ തിരിഞ്ഞ്‌ അടുക്കളയിലേക്കു നടന്നു. ഒരു ദീർഘനിശ്വാസത്തോടെ അയാൾ തിരിഞ്ഞു കിടന്നു. എന്തോ മറന്നിട്ടെന്നപോലെ ഭാര്യ വീണ്ടും തിരിച്ചുവന്നു.

“ഇന്നലെ ശർമ്മാജി വിളിച്ചിരുന്നു. രാത്രി വൈകിയതുകൊണ്ട്‌ പറയാൻ മറന്നു.”

“എന്തിനാ വിളിച്ചത്‌?”

“ഇന്നു വരുമെന്നു പറഞ്ഞു.”

“അതിന്‌ ചൊവ്വാഴ്‌ചയല്ലേ പത്താം തീയതി?”

“അങ്ങേർക്ക്‌ എവിടെയോ പോകാനുണ്ടത്രേ.”

എങ്കിൽ പിന്നെ പോയി വന്നിട്ടു വാങ്ങിയാൽ പോരെ എന്ന്‌ ചോദിക്കാൻ തുനിഞ്ഞെങ്കിലും ചോദിച്ചില്ല. “ങ്‌ഹാ വരട്ടെ” എന്നു മാത്രം പറഞ്ഞു.

ഇനി കിടന്നാലും ഉറക്കം വരില്ല. എഴുന്നേറ്റ്‌ ബാൽക്കണിയിൽ വന്നിരുന്നു. തണുത്ത കാറ്റേറ്റിരിക്കാൻ നല്ല സുഖം തോന്നി. കുഴൽ പരുവത്തിൽ ചുരുട്ടി റബർ ബാൻഡ്‌ ഇട്ട്‌ ഒന്നുകൂടി ബലപ്പെടുത്തി രാവിലെതന്നെ എറിഞ്ഞിട്ട പത്രം ബാൽക്കണിയുടെ മൂലയ്‌ക്കു കിടക്കുന്നു. അതെടുത്ത്‌ മെല്ലെ ചുരുളുകൾ അഴിച്ചുവെങ്കിലും മനസ്സ്‌ മറ്റെങ്ങോ ആയിരുന്നു. കേരളത്തിന്റെ തനിമ കാത്തു സൂക്ഷിക്കാൻ എന്നവണ്ണം ബാൽക്കണിയുടെ മൂലയിലായി വച്ചിരിക്കുന്ന കറിവേപ്പിന്റെയും തുളസിയുടെയും വാടിത്തളർന്ന ചെടികൾ നോക്കി അയാൾ ഇരുന്നു. ഈ മരുഭൂമിയിലെ ചൂടേൽക്കാൻ എന്തിനീ ചെടികളെ ഇങ്ങോട്ടു കൊണ്ടുവന്നു. അല്പം ശുദ്ധവായു ശ്വസിച്ച്‌ നാട്ടിൽതന്നെ കഴിയാൻ ഇവറ്റകളെ എങ്കിലും അനുവദിക്കാമായിരുന്നു.

ഇന്ന്‌ വാടക വാങ്ങാൻ ശർമ്മാജി വരും. എല്ലാ മാസവും കലണ്ടറില്ലാതെ തന്നെ അറിയാൻ കഴിയുന്ന എത്രയെത്ര തിയതികൾ, അയാൾ ഓർത്തു. തരുന്ന പാലിൽ നേരത്തേതന്നെ ചേർക്കാറുളള വെളളം ഒരു മാസത്തെ ബില്ലിലും ചേർത്ത്‌ ഒന്നാം തീയതി തന്നെ വരാറുളള പാലുകാരൻ, സ്ഥിരമായി പത്രം വായിക്കുന്ന ഒരു വ്യക്തിയാണ്‌ താൻ എന്ന്‌ ഉറപ്പു വരുത്താനായി എല്ലാ മാസവും ബില്ലുമായി എത്താറുളള പത്രകാരൻ, കളയാനുളള അവശിഷ്‌ടങ്ങൾ ഭദ്രമായി ഒരു പ്ലാസ്‌റ്റിക്ക്‌ കൂടിനകത്ത്‌ കെട്ടി വീടിനു വെളിയിൽ വെച്ചിരുന്നാലും എനിക്കുളളതു കിട്ടിയില്ല എന്ന അർത്ഥത്തിൽ കോളിങ്ങ്‌ ബെല്ലടിച്ച്‌ ഓർമ്മിപ്പിക്കാറുളള തൂപ്പുകാരി, രാത്രി മുഴുവനും വിസിലൂതിയും വടിയിട്ടടിച്ചും ശല്ല്യപ്പെടുത്തുന്നതിന്റെ ശമ്പളം വാങ്ങാൻ എത്തുന്ന ചൗക്കിദാർ, പിന്നെ കേബിളുകാരൻ, തുണി തേപ്പുകാരി എന്നിവർക്കും പുറമേ പോക്കറ്റ്‌മണിക്കായി കാത്തിരിക്കുന്ന, അത്‌ എന്തതിനാണെന്നുപോലും തിരിച്ചറിയാൻ പ്രായമാകാത്ത തന്റെ മകൾ, വീട്ടുചെലവിനായി തന്റെ കൈയ്യിൽ തരാറുളള പണത്തിനായി ഒരു കുശലാന്വേഷണം പോലെ “ശമ്പളം കിട്ടിയോ” എന്ന്‌ സ്‌നേഹപൂർവ്വം ചോദിക്കാറുളള ഭാര്യ എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. എല്ലാത്തിനുമൊടുവിൽ പത്താം തീയതിക്കായി കൃത്യമായി കാത്തിരിക്കാറുളള ശർമ്മാജിയും.

“കുളിച്ചാൽ ചൂടോടെ ദോശ കഴിക്കാമായിരുന്നു.”

ഭാര്യയുടെ ശബ്‌ദം അയാളെ വീണ്ടും സ്വപ്‌നലോകത്തിൽനിന്നും താഴെയിറക്കി.

ഞായറാഴ്‌ചയിലെ വിശാലമായ പതിവുകുളിയും കഴിഞ്ഞ്‌ പ്രഭാത ഭക്ഷണത്തിനായി ഇരുന്നു. മനസ്സിന്റെ പിരിമുറുക്കം അൽപം കുറക്കാനായി ടി.വി നോക്കി. പതിവായി കാണാറുളള മുഖങ്ങൾ തന്നെ. ഒരു ചാനലിൽ മറ്റുളളവരെ ചിരിപ്പിക്കാനെന്നപേരിൽ പലതരം ഗോഷ്‌ടികൾ കാണിക്കുന്നവർ. കൂടുതൽ വിദ്യാഭ്യാസം ഉണ്ടെന്നു വരുത്തിത്തീർക്കാൻ എന്നവണ്ണം അറിയാവുന്ന മലയാളം പോലും ഇംഗ്ലീഷ്‌വൽക്കരിച്ചു പറയുന്ന അവതാരിക മറ്റൊരു ചാനലിൽ. മാതൃഭാഷ വിട്ട്‌ രാഷ്‌ട്ര ഭാഷയിലേക്കു ചെന്നപ്പോൾ അതിലും കഷ്‌ടം. കാര്യമായി വസ്‌ത്രങ്ങൾ ഒന്നും തന്നെ ധരിക്കാതെ മസിലുകൾ കാട്ടി നിൽക്കുന്ന നായകനും സ്വിമ്മിങ്ങ്‌ സ്യൂട്ട്‌ എന്ന ഓമനപ്പേരിൽ വിളിക്കുന്ന അടിവസ്‌ത്രം മാത്രമിട്ട്‌ നീന്തൽക്കുളത്തിലെ വെളളത്തിലൂടെ നീന്തിക്കളിക്കുന്ന നായികയും. അൽപ്പം വാർത്ത കേൾക്കാമെന്നു വച്ചാൽ എല്ലായിടത്തും കൊളളയും കൊലയും. തന്നെപ്പോലുളളവർക്ക്‌ കാണാൻ പറ്റിയ ഒരു പരിപാടിയുമില്ല ടി.വിയിൽ. വെറുതെയല്ല ഇതിന്‌ ഇഡിയറ്റ്‌ ബോക്‌സ്‌ എന്ന്‌ വിവരമുളളവർ പറഞ്ഞത്‌. വെറുതെ ഒരു നേരംപോക്കിനായി പത്രം എടുത്തു നിവർത്തി നോക്കി. മുൻപേജിൽ തന്നെ ഒരു തീവ്രവാദിയുടെ ചിത്രം നീണ്ട മുടിയും താടിയുമുളള ആ ചിത്രം കണ്ടപ്പോൾ എവിടെയൊ കണ്ടു മറന്നതുപോലെ.

ആരുടെയോ ആഗമനം അറിയിച്ചുകൊണ്ട്‌ കോളിങ്ങ്‌ ബെൽ മുഴങ്ങി. ആരായിരിക്കും എന്ന ആകാംഷയോടെ ചെന്നു കതകു തുറന്നു. കൊഴിഞ്ഞു പോയ പല്ലുകളുടെ സ്ഥാനത്ത്‌ വച്ചു പിടിപ്പിച്ച ഭംഗിയുളള വെപ്പുപല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട്‌ മുന്നിൽ നിൽക്കുന്നു ശർമ്മാജി. ജീവിതത്തിന്റെ നല്ലൊരുഭാഗം രാഷ്‌ട്രത്തിന്റെ രക്ഷക്കായി സേവനമനുഷ്‌ഠിച്ച ആ മനുഷ്യനോട്‌ സത്യത്തിൽ എന്നും ബഹുമാനം മാത്രമേ അയാൾക്കു തോന്നിയിട്ടുളളു. പട്ടാളത്തിൽ നിന്നും വിരമിച്ചുവെങ്കിലും കൃത്യനിഷ്‌ഠയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചക്കും അയാൾ ഇന്നും തയ്യാറല്ല. അതിനാലാണ്‌ വരുന്നതിന്‌ ഒന്നോ രണ്ടോ ദിവസങ്ങൾ മുൻപേ തന്നെ ഫോൺ ചെയ്‌ത്‌ സമയം ഉറപ്പിക്കാറുളളത്‌. അയാളുടെ മുഖത്തെ ചിരി സ്വന്തം മുഖത്തേക്ക്‌ പകർത്തിയെടുത്ത്‌ വിനയം ഒട്ടും കുറക്കാതെ കൈകൾ കൂപ്പി.

“നമസ്‌തേ അങ്കിൾജീ, ആയിയേ”

എന്നു പറഞ്ഞ്‌ സ്വാഗതം ചെയ്‌തു.

“ഔർ കൈസേ ഹോ ബേട്ടേ”

സ്വീകരണ മുറിയിലെ കസേരയിലേക്ക്‌ തന്നേത്തന്നെ ഉറപ്പിക്കുന്നതിനിടയിൽ ഔപചാരികമായ ചോദ്യം.

“ബസ്‌ ബഡിയാ ഹെ അങ്കിൾ.”

ഉത്തരവും തികച്ചും ഔപചാരികം.

“ആപ്‌കാ ആശീർവാദ്‌ ഹെ”

ഒന്നു സുഖിപ്പിക്കാനായി കൂട്ടിച്ചേർത്തു. അതു കുറിക്കു കൊണ്ടതുപോലെ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ ആ മുഖം ഒന്നു വിടർന്നു. ചായയും, കൊറിക്കുവാൻ ബിസ്‌ക്കറ്റുമായി ഭാര്യ കടന്നുവന്നു. ഒരു ഉത്തമ കുടുംബിനിയുടെ ദൗത്യം. അദ്ദേഹം ചായ കുടിക്കുന്ന നേരത്തിന്‌ അകത്തെ മുറിയിലേക്കു പോയി. അലമാരിയിൽ വച്ചിരുന്ന പണമെടുത്ത്‌ എണ്ണിനോക്കി. നൂറുരൂപ കുറവുണ്ട്‌. പേഴ്‌സിന്റെ അകത്തെ കളളിയിൽ നാലാക്കി മടക്കി വച്ചിരുന്ന പുത്തൻ നോക്കുകളിൽനിന്നും നൂറിന്റെ ഒരു നോട്ട്‌ വലിച്ചെടുത്തു. എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ, ഇതെങ്കിലും ബാക്കിവരും എന്നു കരുതി മാറ്റി വക്കാറുളളതാണ്‌ നാലോ അഞ്ചോ പുത്തൻ നോട്ടുകൾ.

ചായകുടിയും കഴിഞ്ഞ്‌, അകത്തേക്കു പോയ തന്നെയും കാത്തിരിക്കുന്ന ശർമ്മാജിയുടെ കൈയിൽ പണം ഏൽപ്പിച്ചു. ഒന്നുകൂടി എണ്ണി തിട്ടപ്പെടുത്തിയ പണം ഭദ്രമായി കീശയിൽ വച്ച്‌, അയാൾ എഴുന്നേറ്റു. വെളിയിലോളം അനുഗമിച്ച്‌ യാത്രയാക്കി. തിരിച്ച്‌ വീട്ടിലേക്ക്‌ കയറുമ്പോൾ ഭിത്തിയിൽ തൂക്കിയിരുന്ന കണ്ണാടിയിൽ അറിയാതെ കണ്ണുകൾ ഉടക്കി. അപ്പോൾ അയാൾ കണ്ടു, വർഷങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന ആ രൂപം. അപ്പോൾ അതിന്‌ നീണ്ട മുടിയും താടിയുമില്ലായിരുന്നു. എന്തുകൊണ്ടോ, മനസ്സിൽ കരുതിയിരുന്ന ചോദ്യം അയാൾ ചോദിച്ചില്ല. ഒരുപക്ഷേ അതിനുത്തരം അയാൾക്കുതന്നെ അറിയില്ല എന്നു തോന്നിയതുകൊണ്ടാവാം.

Generated from archived content: story2_june17.html Author: biju_joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here