പരിധി

മൊബൈൽഫോണിൽ നിന്നിപ്പോൾ
മുറിഞ്ഞ്‌ മുറിഞ്ഞ്‌ നിന്റെ യാത്ര
അലഞ്ഞെത്തും ഓർമ്മഭാഷണം.

റെയ്‌ഞ്ചില്ലാത്ത വിദൂരമാം
ഏതോ സ്ഥലത്തുകൂടി
ബസിലിരുന്ന്‌ നീ പോവുകയാണോ?

അതോ

മഴക്കൊമ്പുകൾക്കിടയിൽ കുരുങ്ങി
നനഞ്ഞ്‌ കുതിർന്നുവോ ഒച്ച?

മരക്കൂട്ടങ്ങൾക്കിടയിൽ കറങ്ങി
ഒടിഞ്ഞ്‌ നുറുങ്ങിയ
ജലശബ്ദം പോലെ.

തണുപ്പിൽ മരവിച്ചുതീരും
ഇലമിടിപ്പുകൾ പോലെ,

മലകളിൽ തട്ടിത്തെറിച്ച്‌
തിരിച്ചെത്തും ധ്വനിപോലെ

കാറ്റ്‌ പിച്ചിപ്പറിച്ച മഞ്ഞുപോലെ
കടലാസ്‌പൂക്കൾ വിതറിയ പോലെ

ഇടയ്‌ക്കിടെ കടലിരമ്പി
മൗനത്തിൽ തപ്പിത്തടഞ്ഞ്‌
വാക്ക്‌ തേടും ഏകാന്തത.

പിന്നെയേതോ ദൂരങ്ങൾ
മുറിച്ചെടുത്ത ഓർമ്മയിൽ
അകന്നുപോകും വരെ.

Generated from archived content: poem1_june7_07.html Author: bijoy_chandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here