ചെറിയ ചെടിച്ചട്ടികളില്‍ എന്തോ ചിന്തിച്ചു നിന്ന രണ്ട് ബോണ്‍സായി മരങ്ങള്‍ക്കിടയിലായിരുന്നു ഗിനിപ്പന്നികളുടെ കൂട്. ഇരുവശത്തും ആജീവനാന്ത ശൈശവം പേറിയ ദുഖത്തിന്‍റെ തണല്‍ പടരുന്നതും നോക്കി കൂടിനുള്ളില്‍ ഗിനിപ്പന്നികള്‍ നിസംഗതയോടെ കിടന്നു. നേര്‍ത്ത കമ്പി അഴികള്‍ക്കിടയിലൂടെയുള്ള അവരുടെ നോട്ടം എന്നെ അസ്വസ്ഥമാക്കാറുണ്ട്. ചില ജീവിതങ്ങള്‍ സഹജീവികളുടെ നിലനില്പ്പിനാണെന്ന സത്യം അവ ഓര്‍മ്മിപ്പിച്ചു.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ സ്വകാര്യതയിലേക്ക് രണ്ടു ഗിനിപ്പന്നികള്‍ കടന്നുവന്നത്. എട്ടു വയസ്സുകാരിയായ മകള്‍ ലക്ഷ്മിയുടെ ശാഠ്യത്തിന് വഴങ്ങിയാണ് അവസാനം ഗിനിപ്പന്നിയെ വാങ്ങാമെന്ന് തീരുമാനിച്ചത്. അവള്‍ വളര്‍ത്താന്‍ ആഗ്രഹിച്ച പട്ടിക്കുട്ടിയെ ഒഴിവാക്കി തല്‍ക്കാലം രക്ഷപെടാമെന്നായിരുന്നു കണക്കുകൂട്ടിയത്. അമേരിക്കന്‍ വംശജനായ അയല്‍വാസി മൈക്കിളിന്‍റെ കറുത്ത പുള്ളികളുള്ള പട്ടിക്കുട്ടിയെ കണ്ടപ്പോള്‍ തുടങ്ങിയ ഈ പൂതി കുറെ മാസങ്ങള്‍ക്ക് മുമ്പാണു അവള്‍ അറിയിച്ചത്. ബാല്യകാലത്തെ ഒറ്റപ്പെടലുകളില്‍ വളര്‍ത്തു മൃഗങ്ങള്‍ ഏകപുത്രിയുടെ മാനസിക ഉല്ലാസത്തിനു ഉതകുമെന്ന് പറഞ്ഞു ഭാര്യയും അവളെ പിന്തുണച്ചു. ഗിനിപ്പന്നികളെ വീട്ടില്‍ കൊണ്ടുവന്ന ദിനം തന്നെ ലക്ഷ്മി രണ്ട് പേര്‍ക്കും പേരിട്ടു, തൂവെള്ള നിറവും കടുംചുവപ്പ് കണ്ണുകളുമുള്ള ഗിനിപ്പന്നിയെ സ്നോബോളെന്നും കറപ്പും വെളുപ്പും കലര്‍ന്ന രണ്ടാമനെ ഡേനൈറ്റെന്നും. എനിക്കും ഭാര്യയ്ക്കുമാകട്ടെ അവര്‍ വെളുമ്പനും കറുമ്പനുമായിരുന്നു. കാഴ്ചയിലെ സമാനതയില്‍ മാത്രമല്ല സ്വഭാവത്തിലും ആ ഗിനിപ്പന്നികള്‍ മുയലിന്‍ കുഞ്ഞുങ്ങളെപോലെ ശാന്തരായിരുന്നു.
അങ്ങനെ ഞങ്ങളുടെ അമേരിക്കന്‍ പ്രവാസ ജീവിതത്തിലെ ചെറിയ ചതുരത്തില്‍ രണ്ടു മിണ്ടാപ്രാണികളുമെത്തി. ചടുലമായ വിദേശവാസത്തില്‍ കേവലം രണ്ടു ഗിനിപ്പന്നികള്‍ക്ക് എന്ത് പ്രസക്തി? കാഴ്ച്ചവട്ടത്ത് അവ തീരേ ചെറുതായിരുന്നു. നിറങ്ങള്‍ മങ്ങിത്തുടങ്ങിയിരുന്ന ജീവിതത്തിന്‍റെ നാലുകെട്ടിനുള്ളില്‍ അവ തീര്‍ത്തും അപ്രധാനവും. പുതുമഴയുടെ നനവാസ്വദിച്ചു ഓരത്ത് കിടക്കുന്ന കരിയിലകള്‍ പോലെയാണ് പ്രവാസ ജിവിതം. മാടിവിളിക്കുന്ന കാറ്റിലും പറന്നകലാനാവാതെ നനഞ്ഞ് കുതിര്‍ന്ന് അത് ഗതകാല സ്മരണകളുടെ ലാളനയില്‍ അവിടെത്തന്നെ അഴുകിത്തീരുന്നു.
എല്ലാ ദിനവും അത്താഴത്തിനുശേഷം മകള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ഏതെങ്കിലും പുസ്തകം വായിച്ചിരിക്കും. ഭാര്യ രാത്രി ഡ്യൂട്ടിക്ക് പോകുന്ന ദിനങ്ങളില്‍ വായന പാതിരാ വരെ നീണ്ടു. പ്രവാസ ജീവിതത്തിന്‍റെ തിരക്കില്‍ പണ്ടെങ്ങോ ഉപേക്ഷിച്ച ഈ ശീലം സമീപ കാലത്താണ് വീണ്ടും തുടങ്ങിയത്. പുസ്തകത്താളുകളില്‍ നിറയുന്ന അക്ഷരങ്ങള്‍ മാത്രമാണ് തന്നോട് കുറച്ചെങ്കിലും ദയ കാട്ടാറുള്ളതായി തോന്നിയിട്ടുള്ളത്. ഈ വായനാ വേളകളില്‍ ചാഞ്ഞിരുന്ന മരക്കൊമ്പിലൂടെ പുരയിലേക്ക് ചാടിക്കയറുന്ന കാട്ടുകുരങ്ങുകളെപ്പോലെ അക്ഷരങ്ങള്‍ മനസ്സില്‍ കയറി ചില വികൃതികള്‍ കാട്ടാറുണ്ട്. ദിനം ചെല്ലും തോറും ഇത് കൂടി വന്നു. അതിലെന്തോ ഉന്മാദവും ഞാന്‍ അനുഭവിച്ചു പോന്നു. വായനയുടെ മദ്ധ്യേ അറിയാതെ തന്നെ എന്‍റെ കണ്ണുകള്‍ കൂട്ടിനുള്ളിലെ ഗിനിപ്പന്നികളിലേക്ക് തിരിയാറുണ്ട്. അപ്പോഴൊക്കെ മനുഷ്യരാശിക്കായി ജനിതകശാസ്ത്ര പരീക്ഷണശാലകളില്‍ ജീവന്‍ ബലിയേകിയ നിസ്സഹായതയുടെ പ്രതീകങ്ങളായി അവ പല്ലുകള്‍ കാട്ടി വെറുതെ ചവച്ചുകൊണ്ടിരുന്നു.
ദിവസം കടന്നു പോകും തോറും ഗിനിപ്പന്നികളുമായുള്ള സംവേദനം കൂടുകയും ചില നേരങ്ങളില്‍ ഞങ്ങള്‍ പരസ്പരം വെറുതെ നോക്കിയിരിക്കുകയും ചെയ്തു. പ്രതികാരവാശ്ചയോ സ്വതന്ത്ര്യബോധമോ ഒരിക്കലും അവരുടെ കണ്ണുകളില്‍ കാണാനായില്ല. ചിലപ്പോള്‍ ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ അവയോട് സംസാരിച്ചു തുടങ്ങി. എന്‍റെ ചോദ്യങ്ങള്‍ക്ക് അവ കൌതുകത്തോടെ ചെവി കൊടുത്തിരുന്നു. പറയുന്നതെന്തെങ്കിലും അവയ്ക്ക് മനസ്സിലാകുന്നുണ്ടാവുമോ? അവരോടുള്ള പ്രിയം പുറത്തുകാട്ടിയില്ലെങ്കിലും അവരുടെ സാമിപ്യം ക്രമേണ ഞാന്‍ ആസ്വദിച്ചു തുടങ്ങി. അവര്‍ക്ക് വെള്ളവും ഭക്ഷണവും കൊടുക്കുന്ന ജോലിയും ഞാന്‍ ഏറ്റെടുത്തു.
ബാഹ്യലോകത്ത് നിന്നു രോഗജന്യ രോഗാണുക്കളെ കുത്തിവെയ്ക്കുകയും സ്വന്തം ശരീരത്തില്‍നിന്ന് അതിനെതിരായി പ്രതിരോധശേഷി ഉണ്ടാക്കുവാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്ന നിസ്സാര ജീവിതം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത അവരേപ്പോലുള്ള മിണ്ടാപ്രാണികളുടെ രോദനങ്ങള്‍ക്കും പരാതികള്‍ക്കും ആര് ചെവി കൊടുക്കാന്‍. അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടുതന്നെ ത്യാഗമെന്ന വിശേഷണത്തിനു പാത്രമാകാതെ വിലയില്ലാതാകുന്ന നഷ്ടപ്പെടലുകള്‍. കോശങ്ങളില്‍ നിറയുന്ന രോഗാണുക്കള്‍ അല്‍പ്പം സൌമനസ്യം അവയോട് കാണിക്കുന്നുണ്ടാവുമോ? തിരിച്ച് ആ രോഗാണുക്കളോട് എന്ത് മനോഭാവമാകും അവയ്ക്കുണ്ടാവുക?. മൂഷിക വര്‍ഗ്ഗത്തിലുള്ള തങ്ങളെ പന്നികളെന്ന് വിളിച്ച് അപമാനിക്കുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ടാകില്ലേ? ആത്മനിഷേധത്തിനു പാത്രമാകുമ്പോള്‍ ജ്വലിക്കുന്ന ഭാവങ്ങള്‍ ഏത് ഇടങ്ങളിലാണ് അവ ഒളിപ്പിക്കുന്നത്? സ്വന്തം സുരക്ഷക്ക് പ്രാപ്തിയില്ലാതാവുമ്പോള്‍ എങ്ങനെയാണ് മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ചാവേറായി അവയ്ക്ക് മാറാനാവുക? പരിചിതമല്ലാത്ത ഊടുവഴികളിലൂടെ എന്‍റെ മനസ്സ് ഊരുചുറ്റാന്‍ തുടങ്ങി. ചിന്തകള്‍ ഭ്രാന്തമായ കൊത്തിപ്പറിക്കലുകള്‍ തുടര്‍ന്നപ്പോള്‍ പാതിവഴിയില്‍ യാത്ര മതിയാക്കി യാഥാര്‍ഥ്യമെന്ന നിറമില്ലായ്മയിലേക്ക് ഞാന്‍ തിരിച്ചു നടന്നു.
പുസ്തകമടച്ചു ഉറങ്ങാന്‍ പോയ എന്നെ കമ്പിയഴികള്‍ കടിച്ചുകൊണ്ട് ഗിനിപ്പന്നികള്‍ തുറിച്ചു നോക്കി. അവരുടെ കണ്ണുകളില്‍ അതുവരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു.
ഗിനിപ്പന്നികള്‍ വീട്ടിലെല്ലാം ഓടിനടക്കുന്ന സ്വപ്നം കണ്ടാണ് രാത്രി ഞെട്ടിയെഴുന്നേറ്റത്. പകച്ചു ചുറ്റും നോക്കിയെങ്കിലും അവിടെയൊന്നും അവയെ കാണാനായില്ല. പക്ഷെ ഗിനിപ്പന്നിയുടെ ഗന്ധം മുറിയാകെ പരന്നിരുന്നു. ചുറ്റുമുള്ള ഇരുട്ടിലെവിടയോ അവയുടെ സാന്നിധ്യമുള്ളതുപോലെ തോന്നി. വെറുതെ തോന്നിയതാവുമോ? ഘടികാരത്തിന്‍റെ സ്പന്ദനങ്ങളുടെ താരാട്ടില്‍ ചിന്തകളുടെ കൈ പിടിച്ച് വീണ്ടും ഞാന്‍ മയക്കത്തിലേക്ക് മടങ്ങി.
ആരോ മെല്ലെ തോണ്ടി വിളിച്ചപ്പോഴാണ് വീണ്ടും ഞെട്ടിയുണര്‍ന്നത്. എന്നെ അതിശയിപ്പിച്ചുകൊണ്ട് കട്ടിലിന്‍റെ ഇരുവശവുമായി രണ്ടു ഗിനിപ്പന്നികളും. ജനാലയിലൂടെ ഒഴുകിവന്ന നിലാവെട്ടത്തില്‍ അവയ്ക്ക് കൂടുതല്‍ വലിപ്പം തോന്നിച്ചു. ഇതൊരു സ്വപ്നമാവുമോ? ഞാന്‍ കണ്ണുകള്‍ പലവട്ടം അടച്ച് തുറന്നു.
വെളുത്ത ഗിനിപ്പന്നി എന്നെ നോക്കി നിറുത്താതെ ചിരിച്ചുകൊണ്ടിരുന്നു. കുറിയ പല്ലുകള്‍ ഉറുമ്മി അത് പറഞ്ഞു “ലച്മിടെ അപ്പാ..പേടിക്കണ്ട…ഞങ്ങളെ അറിയില്ലേ.. അതേ കറുമ്പനും വെളുമ്പനും”
ഗിനിപ്പന്നി മനുഷ്യഭാഷയില്‍ സംസാരിക്കുന്നു.
“ലച്മി അല്ല …ലച്ച്മി…” കറുത്ത ഗിനിപ്പന്നി വെളുമ്പനെ തിരുത്തിയിട്ട് അഭിമാനത്തോടെ എന്നെ നോക്കി പറഞ്ഞു “അവനു തെറ്റിയതാ..ഈ പേരു പഠിച്ചെടുക്കാന്‍ ഞങ്ങള്‍ കുറച്ചുനാളെടുത്തു“. അതിന്‍റെ കണ്ണുകളില്‍ നക്ഷത്രത്തിളക്കം.
“ങേ…ആ..” പതുക്കെ ബോധത്തിന്‍റെ പരിചിത വഴികളിലെത്തിയ ഞാന്‍ വിക്കി വിക്കി പറഞ്ഞു. എന്തുകൊണ്ടോ എനിക്ക് അവരെ തിരുത്താന്‍ തോന്നിയില്ല. എന്‍റെ നാവ് വരണ്ടുണങ്ങി. മുഖത്ത് പൊടിഞ്ഞ വിയര്‍പ്പ് മെല്ലെ തൊണ്ടയിലേക്ക് ഒഴുകി.
“എന്തിനാണ് ഞങ്ങളെ നോക്കി എപ്പോഴും സഹതപിക്കുന്നത്? മനുഷ്യരാശിയും ഞങ്ങളെപ്പോലെ ഗിനിപ്പന്നികളായി മാറുന്നുവെന്ന സത്യം അപ്പായ്ക്ക് അറിഞ്ഞു കൂടേ?” കറുമ്പനാണ് അത് പറഞ്ഞത്. ഒരുപക്ഷേ ലക്ഷ്മി തന്നെ അങ്ങനെ വിളിക്കുന്നത് കേട്ടാവും അവര്‍ തന്നെ അപ്പായെന്നു സംബോധന ചെയ്തത്.
“നിങ്ങള്‍ ജനിച്ചു വളര്‍ന്ന ഇന്ത്യയില്‍ തന്നെ ഭോപ്പാല്‍ ദുരന്തത്തില്‍പെട്ട മനുഷ്യരെ ആശുപത്രിയില്‍ വെച്ച് പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയിരുന്നല്ലോ..” വെളുത്ത ഗിനിപ്പന്നി ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ എന്നോട് പറഞ്ഞു.
“നാസികള്‍ ശുദ്ധമായ ആര്യരക്തവംശത്തെയുണ്ടാക്കുവാന്‍ ജീവനുള്ള മനുഷ്യരെ ഉപയോഗിച്ച കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.” കറുത്ത ഗിനിപ്പന്നി ഇനി തന്‍റെ ഊഴം എന്നപോലെ തുടര്‍ന്നു. ഗിനിപ്പന്നികള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി തലയാട്ടി. തങ്ങള്‍ അത്ര മോശക്കാരല്ലെന്ന ഭാവം അവരുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു.
വെളുത്ത ഗിനിപ്പന്നി നടുനിവര്‍ത്തി മൂന്നു വിരലുകളുള്ള പിന്‍കാലില്‍ ഒന്നു നിവര്‍ന്നു നിന്ന് കട്ടിലിന്‍റെ വശത്തുകൂടെ കൈ പുറകിലേക്ക് പിണച്ചുവെച്ച് ഉലാത്തുവാന്‍ തുടങ്ങി.
“പണ്ട് അമേരിക്കയിലെ അലബാമയിലുള്ള ടുസ്കഗീ എന്ന സ്ഥലത്ത് കറുത്തവര്‍ഗ്ഗക്കാരില്‍ ലൈംഗികരോഗാണുക്കള്‍ കുത്തിവെച്ച് പരീക്ഷണം നടത്തിയിരുന്നു.” ഒരു ദീര്‍ഘനിശ്വാസത്തോടെ കറുത്ത ഗിനിപ്പന്നി വീണ്ടും തുടര്‍ന്നു. “ശരീരത്തിലെ അശുദ്ധ രക്തം ശുദ്ധീകരിക്കാനെന്ന വ്യാജേനയാണ് അവരില്‍ നാല്‍പ്പത് വര്‍ഷത്തോളം പരീക്ഷണം നടത്തിയത് ”
“ഗിനിപ്പന്നികള്‍ സദാചാര വാദികളായതിനാല്‍ ഞങ്ങള്‍ക്ക് ലൈംഗിക രോഗങ്ങള്‍ വരില്ലന്നറിയില്ലേ” വെളുത്തവന്‍ അതു പറഞ്ഞിട്ടു കുലുങ്ങി ചിരിച്ചു. കൂട്ടത്തില്‍ കറുമ്പനും. ക്രമേണെ അത് വളരെ ഉച്ചത്തിലുള്ള അട്ടഹാസമായി മാറി. ആ ശബ്ദത്തില്‍ മുറിയിലെ ജനാല ഗ്ലാസ്സുകള്‍ ഇളകി. ഗിനിപ്പന്നികളുടെ ശബ്ദത്തെക്കുറിച്ചുള്ള അതുവരെയുള്ള എന്‍റെ കണക്കുകൂട്ടലുകള്‍ അത് തെറ്റിച്ചു.
‘എന്ത് വിഡ്ഢിത്തമാണ് ഇത്?’ അത്ഭുതങ്ങളുടെ ഗോപുരം എന്‍റെ ഉള്ളില്‍ ഉയര്‍ന്നു.
“അമേരിക്കയില്‍ സൈനികരുടെ ഇടയില്‍ പലതരം മരുന്നുകള്‍ കുത്തിവെയ്ക്കാറുണ്ട്. നേവിയിലെ കുറെ യുവാക്കളെ അറ്റോമിക പരീഷണങ്ങള്‍ക്കായി കപ്പലില്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു.” ഒരു രഹസ്യമെന്നോണം എന്‍റെ ചെവിയോട് ചേര്‍ന്ന് കറുമ്പന്‍ മന്ത്രിച്ചു. എന്നിട്ട് അത് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. പിന്നെ മുകളില്‍ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു. “എന്തിന് ഇപ്പോള്‍ വന്‍കിട മരുന്നുകമ്പനികളുടെ നവലോക ഗിനിപ്പന്നികളാണ് മൂന്നാം ലോകരാജ്യങ്ങളിലെ പല പട്ടിണിപാവങ്ങളും… എത്രയോ ജീവിതങ്ങള്‍ പൊലിയുന്നു… പലര്‍ക്കുമത് സ്വാഭാവിക മരണങ്ങള്‍ മാത്രം ”
“മതി” എനിക്കിതൊക്കെ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നിയിട്ടെന്ന പോലെ വെളുത്ത ഗിനിപ്പന്നി കറുമ്പനോട് പറഞ്ഞു. ഇത്തരം വിവരങ്ങള്‍ ഇവരെങ്ങനെ മനസ്സിലാക്കിയെന്ന് ആശ്ചര്യപ്പെടാനുള്ള മാനസികാവസ്ഥ എനിക്ക് നഷ്ടപ്പെട്ടിരുന്നു.
“വിശ്വാസമാകുന്നില്ല അല്ലേ. എന്നാ വാ… നമുക്ക് ഒരിടം വരെ പോയി വരാം… നേരിട്ട് കണ്ടാലെങ്കിലും ബോധ്യപ്പെടുമല്ലോ… കണ്ണുകളടച്ചോളൂ.” രണ്ടു പേരും എന്‍റെ നേരെ കൈകള്‍ നീട്ടി. മരവിപ്പിക്കുന്ന തണുപ്പ് അവരുടെ മെലിഞ്ഞു നീണ്ട ചെറിയ കൈവിരലുകള്‍ക്കുണ്ടായിരുന്നു.
കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഗിനിപ്പന്നികളോടൊപ്പം ഒരു കുന്നിന്‍റെ മുകളിലായിരുന്നു. തെളിഞ്ഞ നിലാവെളിച്ചത്തില്‍ ഞങ്ങള്‍ കരിങ്കല്ലുകൊണ്ട് തീര്‍ത്ത പൊട്ടിപൊളിഞ്ഞ ഒരു കെട്ടിടത്തിന്‍റെ അരികിലാണെന്നു മനസ്സിലായി. ഓക്കുമരങ്ങളുടെ ഇലകള്‍ വീണു കിടന്ന നിലത്തുനിന്നും ഭൂമിയുടെ ഹൃദയമിടുപ്പെന്നപോലെ ഒരു തരിപ്പ് അനുഭവപ്പെട്ടു. മരുന്നിന്‍റെ രൂക്ഷമായ ഗന്ധം അവിടെ തളം കെട്ടി നിന്നു. അത് എന്‍റെയുള്ളിലെവിടെയോ തരിശറ്റു കിടന്ന ചില ഗന്ധങ്ങളെ ഉണര്‍ത്തി.
ഓരോ ശ്വാസത്തിലും ഒരു കുളുര്‍മ്മയുള്ളതുപോലെ. ചുറ്റുമുള്ള വായുവില്‍ ശരീരഭാരം കുറഞ്ഞതുപോലെ തോന്നി. ഇതാകുമോ ശുദ്ധവായു? ഏതു ലോകത്തിന്‍റെ അരികാണതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ചീവീടുകളുടെ മൂളലോ രാപ്പാടികളുടെ പാട്ടോ ഇല്ലാത്ത വന്യമായ ഒരു നിശബ്ദത. ക്രമേണ ചെവികളിലേക്ക് ശബ്ദത്തിന്‍റെ നേരിയ അലയൊലികള്‍ കേട്ടു തുടങ്ങി. അകത്തുന്നു നിന്നും അടക്കിപ്പിടിച്ച സംസാരവും തേങ്ങലും കേള്‍ക്കാം. പാതി തുറന്നുകിടന്ന ജനാലയിലൂടെ ഉള്ളില്‍ വെളിച്ചം കണ്ട ഭാഗത്തേക്ക് ഞാന്‍ എത്തി വലിഞ്ഞു നോക്കി. അവിടെ കുറെ മനുഷ്യര്‍ ചുറ്റും കൂടിയിരുന്നു കുശലം പറയുന്നു. പൊതുവേ മെലിഞ്ഞ കുറിയ ശരീരപ്രകൃതക്കാരായ അവരില്‍ പലരും തൊപ്പി ധരിച്ചിരുന്നു. അവരുടെ ഒത്തനടുക്കായി കത്തിച്ചുവെച്ചിരുന്ന റാന്തല്‍ വിളക്കിനടുത്ത് രണ്ട് പേര്‍ നിലത്ത് തുണിവിരിച്ചു കിടന്നിരുന്നു.
“ആരാണിവര്‍? എവിടെയാണ് നമ്മള്‍” എന്‍റെ ചോദ്യത്തിന് വാ പൊത്തി പതുക്കെയെന്നെ ആഗ്യം കാട്ടി വെളുത്ത ഗിനിപ്പന്നി പറഞ്ഞു. “ വീട്ടില്‍ നിന്നും നമ്മള്‍ കുറെ ദൂരെയാണ്. ഗ്വാട്ടിമാല എന്ന സ്ഥലമാണിത്. കാലവും കുറച്ചു പുറകിലാണ്. നമ്മളൊക്കെ ജനിക്കുന്നതിന് വളരെക്കാലം മുമ്പ്. അങ്ങനെ തോന്നുന്നില്ലേ? “
ഞാന്‍ നാലുപാടും പകച്ചു നോക്കി. ശരിയാണ്. ചുറ്റും ഞാന്‍ കണ്ട കാലത്തിന്‍റെ പരിചിത പരിസരങ്ങളല്ലായിരുന്നു. കുറച്ചകലെയുള്ള മറ്റൊരു കെട്ടിടത്തിലെ ജനാലയില്‍ നിന്നും വെട്ടം പുറത്തേയ്ക്കു തെറിച്ചു വീഴുന്നുണ്ടായിരുന്നു. അവിടെയാരോ ടൈപ്പ്ചെയ്തു കൊണ്ടിരിക്കുന്ന ശബ്ദം കേള്‍ക്കാം. പൂര്‍ത്തിയായ ഓരോ വരിയിലും ടൈപ്പ്റൈറ്റര്‍ മണിയടി ശബ്ദം കേള്‍പ്പിച്ചു.
“അകത്തു കാണുന്ന ഗ്വാട്ടിമാലന്‍ വംശജര്‍ ജനിച്ചത് നിങ്ങളെപ്പോലെ മനുഷ്യരായിട്ടാണെങ്കിലും ജീവിക്കുന്നത് ഞങ്ങളെപ്പോലെ ഗിനിപ്പന്നികളായാണ്. ഇവരുടെയിടയില്‍ സാധാരണക്കാരും മനോരോഗികളുമുണ്ട്…. ഇതും മറ്റൊരു അമേരിക്കന്‍ ഗവേഷണം.”
വൃക്ഷങ്ങളിലെ ഇലകളെയിളക്കി ഒരു കാറ്റ് കൌശലക്കാരനായ അയല്‍വാസിയെപോലെ അവിടെയൊന്ന് ചുറ്റിത്തിരിഞ്ഞിട്ട് ചിതറിയോടുന്ന കാഴ്ചകള്‍ക്ക് പുറകെ എങ്ങോട്ടോ പോയി.
“ഹോ എന്തൊരുയരം” അടുത്തുനിന്ന ഓക്ക് മരത്തിന്‍റെ മുകളിലേക്ക് തലയുയര്‍ത്തി നോക്കി വെളുത്ത ഗിനിപ്പന്നി ആത്മഗതമെന്നോണം പറഞ്ഞു.
വെളുത്തു സുന്ദരിയായ ഒരു സ്ത്രീ ഒരു മനുഷ്യനോടൊപ്പം കെട്ടിടത്തിന്‍റെ വരാന്തയിലൂടെ അങ്ങോട്ടു നടന്നു വരുന്നുണ്ടായിരുന്നു. അടുത്ത് വരുന്തോറും അവളുടെ മദാലസമായ സൌന്ദര്യം കൂടുതല്‍ വെളിവായി. ചെറിയ കുത്തുകള്‍ പോലെയുള്ള മുഖത്തെ പാടുകള്‍ ആ സ്ത്രീയുടെ അഴകിന് ഒട്ടും കുറവുണ്ടാക്കിയില്ല.
കറുത്ത ഗിനിപ്പന്നി എന്നെ തോണ്ടിയിട്ട് പറഞ്ഞു. “ആ പോയത് നാട്ടിലെ ഏറ്റവും സുന്ദരിയായ വേശ്യയാണ്. സിഫിലിസ് എന്ന മാരകമായ ലൈംഗിക രോഗം അവളെ ബാധിച്ചിട്ടുണ്ട്. പുതുതായി ഇവിടെയെത്തിയ പുരുഷന്മാരുടെ മുറിയിലേക്കാണ് അവള്‍ പോയത്.”
സിഫിലിസ് അത്ര മാരകമല്ലന്നുള്ള എന്‍റെ ചിന്ത അറിഞ്ഞിട്ടെന്നപോലെ അത് പറഞ്ഞു “ ഇത് എഴുപത്തഞ്ച് വര്‍ഷത്തോളം മുമ്പാണെന്ന് ഓര്‍ക്കണം. അന്ന് ലഭ്യമായിരുന്ന മരുന്നുപോലും ഇവര്‍ക്ക് നല്‍കുന്നില്ല.”
അതിന്‍റെ തുടര്‍ച്ചയെന്നോണം വെളുത്തവന്‍ തുടര്‍ന്നു. “ഈ രോഗത്തിന്‍റെ വളള്‍ച്ച മനസ്സിലാക്കുവാനാണീ പഠനങ്ങള്‍. ഭക്ഷണവും സിഗരറ്റും മാത്രമാണ് ഈ മനുഷ്യര്‍ക്ക് പ്രതിഫലമായി നല്‍കുന്നത്. ഇതില്‍ പലരും രോഗബാധിതരല്ല. രോഗാണു കുത്തിവെച്ചും രോഗികളായ വേശ്യകളിലൂടെ രോഗം പരത്തിയുമാണ് ഇവരെ ഗവേഷണത്തിനു ഉപയോഗിക്കുന്നത്.”
വല്ലാത്ത ഒരു അമര്‍ഷം എന്നില്‍ ഉടലെടുത്തു. അത് നെഞ്ചിനുള്ളില്‍ ഭാരമായി വളര്‍ന്നു.
“ആ സ്ത്രീയേയും കുട്ടിയേയും കണ്ടോ?” വെളുത്ത ഗിനിപ്പന്നി കൈചൂണ്ടിയ സ്ഥലത്തേക്ക് ഞാന്‍ നോക്കി. മൂലയ്ക്ക് അയഞ്ഞ വസ്ത്രം ധരിച്ചിരുന്ന മെലിഞ്ഞ ഒരു സ്ത്രീ ഒരാളോട് സംസാരിച്ചു നില്ക്കുന്നു. അവരുടെ കയ്യിലിരുന്ന കുട്ടി ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. പുരുഷനും സ്ത്രീയും എന്തോ അടക്കം പറഞ്ഞു ചിരിച്ചു.
“ഇവിടെ നടത്തുന്ന ഗവേഷണത്തില്‍ ഉള്‍പ്പെട്ട ആ പുരുഷനോടോപ്പമുള്ളത് അയാളുടെ ഭാര്യയും കുഞ്ഞുമാണ്. അയാളിവിടെ ഞങ്ങളെപ്പോലെ ഗിനിപ്പന്നിയാണെന്നുള്ള കാര്യം അയാള്‍ക്കോ ഭാര്യക്കോ അറിയില്ല.”
എന്‍റെ കണ്ണുകള്‍ അവരില്‍ തറച്ചു നിന്നു. ഇരുട്ട് മാറാലകെട്ടിയ മനസ്സിന്‍റെ മുഷിഞ്ഞ ചുവരുകളില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ മിന്നല്‍ പിണരുകള്‍ വേദനയുടെ വിള്ളലുകള്‍ വീഴ്ത്തുന്നത് ഞാനറിഞ്ഞു.
“ചില ദിനങ്ങളില്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവാദമുണ്ട്. ഇവരില്‍ നിന്നും ഭാര്യമാര്‍ക്കും ഈ രോഗം പടര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ഉണ്ടാകുവാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ ഇതേ രോഗവുമായാവും ജനിക്കുന്നത്. അവരുടെ സ്ഥിതി എന്താവുമെന്ന് ഊഹിക്കാമല്ലോ?” കറുത്ത ഗിനിപ്പന്നി എന്‍റെ കണ്ണുകളിലേക്ക് നോക്കി.
ഞാന്‍ ആ സ്ത്രീയേയും കുട്ടിയേയും നോക്കി നിന്നു. ഞാങ്കണകള്‍ കാറ്റില്‍ കൂട്ടിയടിക്കുന്ന പോലെയൊരു ശബ്ദം അകലെനിന്നു കേള്‍ക്കാമായിരുന്നു. പെയ്തൊഴിയാനാവാത്ത കാര്‍മേഘങ്ങള്‍ പോലെ എന്‍റെ മനസ്സില്‍ നൊമ്പരം ഒരു വിങ്ങലായി മാറി.
അടുത്ത മുറിയില്‍ നിന്നും നേഴ്സിനെപ്പോലെ വസ്ത്രം ധരിച്ചിരുന്ന സ്ത്രീയുടെ കൂടെ ഏകദേശം പത്ത് വയസ്സ് തോന്നിക്കുന്ന ഒരു ബാലിക വിതുമ്പിക്കൊണ്ട് വരാന്തയിലൂടെ നടന്നു പോയി.
“കണ്ടാല്‍ ലച്മിയെ പോലെ അല്ലേ…അടുത്തുള്ള അനാഥാലയത്തിലെ കുട്ടിയാണ്. എല്ലാ ആഴ്ചയിലും പരീക്ഷണത്തിന്‍റെ ഭാഗമായി ഇവളുടെ ഇളം ശരീരത്തില്‍ സിഫിലിസ് രോഗാണുക്കളെ കുത്തിവെച്ചുകൊണ്ടിരിക്കുന്നു”
ഉള്ളിലെവിടയോ കരഞ്ഞുതളര്‍ന്ന ശോകപ്പക്ഷികള്‍ ചിറകുകുടഞ്ഞ് കുറുകി. കാഴ്ച മങ്ങുന്നത് പോലെ. മിഴി തുറന്നിട്ടും മുന്നില്‍ കൊടിയ ഇരുട്ടുമാത്രം.
“സഹതപിക്കേണ്ട..നിങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്. ഭരണകൂടങ്ങളുടെ ഗിനിപ്പന്നികളായി മനുഷ്യജാതി മാറുകയല്ലേ. മതമൌലിക വാദികളുടെ വര്‍ഗ്ഗീയ വിഷം കുടിച്ചു നിങ്ങളൊക്കെ എന്നേ മൃതപ്രായരായി.” ഗിനിപ്പന്നിയുടെ സ്വരത്തില്‍ സഹതാപം തുളുമ്പി നിന്നു.
ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു. ഉറക്കത്തിലേക്ക് വഴുതിവീണ ഞാന്‍ എപ്പോഴോ ഒരു ചെറിയ തുരുത്തിലെത്തി. ബോണ്‍സായി മരങ്ങള്‍ മാത്രം നിറഞ്ഞ ഒരു തുരുത്ത്. ആ മരത്തണലുകളില്‍ കുറെ ഗിനിപ്പന്നികള്‍ മയങ്ങുന്നു. പെട്ടെന്നാണ് ആ കുള്ളന്‍ മരങ്ങള്‍ വളരാന്‍ തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം അവ മാനംമുട്ടെ വളര്‍ന്നു വടവൃക്ഷങ്ങളായി മാറി. അവിടേക്ക് ശക്തിയായി ഒരു കാറ്റ് വീശുകയും പെരുമഴ പോലെ ആ മരങ്ങളില്‍ നിന്നും ഇലകള്‍ ഒന്നൊന്നായി പൊഴിയുകയും ചെയ്തു. ക്രമേണെ മരച്ചില്ലകളില്‍ മറഞ്ഞിരുന്ന കറുത്ത വാവലുകള്‍ ദൃശ്യമായി. തലകീഴായി കൊമ്പുകളില്‍ തൂങ്ങി അവ വൃക്ഷച്ചുവട്ടിലേക്ക് ഇമവെട്ടാതെ നോക്കിക്കിടന്നു. ആ മരത്തണലുകളില്‍ മയങ്ങിക്കിടന്നിരുന്ന ഗിനിപ്പന്നികളെവിടെ? ഞാന്‍ അവിടെയൊക്കെ അവയെ തിരഞ്ഞുവെങ്കിലും കാണാന്‍ കഴിഞ്ഞില്ല. തലയുയര്‍ത്തി മുകളിലേക്ക് നോക്കിയപ്പോള്‍ മരച്ചില്ലകളില്‍ കണ്ണുകള്‍ തുറിച്ച് കറുത്ത വാവലുകള്‍…
ഭയന്ന് ഞെട്ടിയെഴുന്നേറ്റ ഞാന്‍ ഗിനിപ്പന്നികളുടെ കൂടിനടുത്തേക്ക് കുതിച്ചു. അപ്പോഴേക്കും രാവുണര്‍ന്നിരുന്നു. അവിടെ രണ്ടു പേരും കൂടിനുള്ളില്‍ എനിക്ക് മുഖം തരാതെ കച്ചി ചവച്ചുകൊണ്ടിരുന്നു. ഒരല്പനേരം ഞാനവിടെ നിന്നു. രാത്രിയില്‍ കണ്ട ഓരോ ചിത്രവും വ്യക്തമായി മനസ്സില്‍ തെളിഞ്ഞു. സ്വബോധത്തിനെ ആരോ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
അവധിദിനത്തിന്‍റെ ആലസ്യത്തില്‍ നിന്നെഴുന്നേറ്റുവന്ന മകള്‍ തളര്‍ന്നു കസേരയിലിരുന്ന എന്‍റെ അടുത്തുവന്നു ചിണുങ്ങി. കുറച്ചുനേരം ചേര്‍ന്ന് നിന്നിട്ട് ഉറക്കച്ചടവോടെ അവള്‍ ഓരോന്ന് പറഞ്ഞ് എന്‍റെ മടിയില്‍ ചാടി കയറിയിരുന്നു.
“ടെല്‍ മി യെ സ്റ്റോറി അപ്പാ” ലക്ഷ്മി കൊഞ്ചി.
“ങേ…ഇപ്പോഴോ.. രാത്രിയിലല്ലേ കഥ പറയുക” ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു.
“പ്ലീസ് അപ്പാ….കഥ എപ്പോഴും പറയാമല്ലോ?” അവള്‍ പ്രതിഫലമെന്നോണം എന്‍റെ കവിളില്‍ ഒരുമ്മ തന്നു.
ശരിയാണ്. കഥകള്‍ക്ക് പ്രത്യേക സമയഭേദമില്ലല്ലോ.. ഏതു കഥയാണ് പറയുക. ലക്ഷ്മിയെ മാറോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ അല്‍പനേരം അവിടെയിരുന്നു. അവളുടെ ശരീരം ഗിനിപ്പന്നികളുടെ കൈകളെന്നപോലെ തണുത്തിരുന്നു.
“രാജ്യം ഉപേക്ഷിച്ച രാജകുമാരന്‍റെ കഥ..” പണ്ട് പറഞ്ഞു നിറുത്തിയ കഥ അവള്‍ ഓര്‍മ്മിപ്പിച്ചു.
അതൊരു പഴയ കഥ. ഇന്നെവിടെയാണ് സത്യാന്വക്ഷണത്തിനായി അധികാരം വെടിയുന്ന രാജാക്കന്മാരും, ജ്ഞാനത്തിന് തണലേകുന്ന ബോധിവൃക്ഷങ്ങളും? പുതിയ കാലത്തിന്‍റെ കഥ അവളും അറിയേണ്ടതല്ലേ.
“നീ ഇതുവരെ കേള്‍ക്കാത്ത പുതിയൊരു കഥ പറയാം…തായ്‌വേര് മുറിച്ചിട്ടും വാനോളം വളരാന്‍ കൊതിച്ച ബോണസായി മരങ്ങളുടേയും അവിടെ തണല്‍തേടിയ കുറെ ഗിനിപ്പന്നികളുടേയും കഥ..”
കൂടിനോട് ചേര്‍ത്ത് തലകീഴായി ഉറപ്പിച്ചിരുന്ന കുപ്പിയിലൂടെ ഊറിയെത്തിയ വെള്ളം വലിച്ചു കുടിച്ചുകൊണ്ട് ഗിനിപ്പന്നികള്‍ ആ കഥ കേള്‍ക്കാന്‍ സാകൂതം ചെവികള്‍ കൂര്‍പ്പിക്കുന്നുണ്ടായിരുന്നു.
Generated from archived content: story1_oct24_14.html Author: bijo.jose.chemanthra