രാത്രി മഴ

സ്വീകരണപ്പന്തലിലെ കവാടത്തിന് മുന്നില്‍ പുഞ്ചിരിതൂകുന്ന നേതാവിന്‍റെ ചിത്രം കമനീയമായി അലങ്കരിച്ചിരുന്നു. സ്വീകരണ പരിപാടി വിളംബരം ചെയ്ത് നാടുചുറ്റിയ കാറുകള്‍ ഒന്നൊന്നായി തിരിച്ചെത്തി. മൈതാനത്തെത്തിയ ശിങ്കാരി മേളക്കാര്‍ വാദ്യോപകരണങ്ങള്‍ പൊതിഞ്ഞ തുണിക്കെട്ടുകള്‍ അഴിച്ച് ചെണ്ടയും കുഴലുമൊക്കെ തുടച്ചു മിനുക്കി. മേളക്കാരില്‍ ചിലര്‍ ചെണ്ടയോട് ചെവി ചേര്‍ത്ത് അതില്‍ കോലുകൊണ്ട് പ്രത്യേക താളത്തില്‍ തട്ടി ശബ്ദവ്യതിയാനമനുസരിച്ച് ശ്രദ്ധയോടെ ചെണ്ട മുറുക്കിക്കൊണ്ടിരുന്നു. പകിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബാന്‍റുമേളക്കാരില്‍ ചിലരാകട്ടെ പാട്ടിന്‍റെ ഈരടികള്‍ ക്ലാര്‍നെറ്റിലും ട്രമ്പറ്റിലും വായിച്ചു നോക്കുന്നുണ്ടായിരുന്നു.

നാട് ചര്‍ച്ചചെയ്യുന്ന അഴിമതി ആരോപണങ്ങളില്‍ പ്രതിച്ഛായ നഷ്ടമായ നേതാവിന് പാര്‍ട്ടിയൊരുക്കിയ സ്വീകരണ യോഗമായിരുന്നു അന്ന്. നേതാവിന്‍റെ രാജിക്കായി പ്രതിപക്ഷവും മാധ്യമങ്ങളും മുറവിളി കൂട്ടുന്ന അവസരത്തിലും ജനപിന്തുണ അദ്ദേഹത്തിനൊപ്പമാണെന്ന് തെളിയിക്കാനായിരുന്നു പാര്‍ട്ടി കേരളമാകെ സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കി. കുറെ ദിവസമായി ഗ്രൂപ്പുരാഷ്ട്രീയ ഭേദമെന്യേ ആളുകളെ യോഗത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രവര്‍ത്തകര്‍.

സ്റ്റേജ് അലങ്കരിച്ചുകൊണ്ടുനിന്ന അണികളിലൊരാള്‍ ചുറ്റും നോക്കിയിട്ട് അടക്കം പറഞ്ഞു. “ഇനി നമ്മുടെ നേതാവ്‌ പലരും പറയുന്ന പോലെ ഒരു അഴിമതിക്കാരനാണോ?”

“അസംബന്ധം പറയാതെ… ആരും കേള്‍ക്കണ്ട” കൂട്ടത്തില്‍ ഒരാള്‍ അതു പറഞ്ഞയാളെ പരുഷമായി നോക്കി.

“പോലീസും കോടതിയും ആകുന്ന നോക്കീട്ടും തെളിവൊന്നും കിട്ടീല്ല…പിന്നയാ…വേറെ വല്ല കാര്യം പറ..” നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് വേറൊരാള്‍ നേതാവിനോടുള്ള തന്‍റെ കൂറ് മറച്ചുവെയ്ക്കാതെ പറഞ്ഞു.

ഇതൊന്നും കേട്ടതായി ഭാവിക്കാതെ കുമാരന്‍ പിഞ്ചിത്തുടങ്ങിയ പതാകയുടെ അറ്റം നിവര്‍ത്തി സ്വീകരണ പന്തലിനടുത്ത് നാട്ടിയ കവുങ്ങിന്‍ വലിഞ്ഞു കയറി. പാര്‍ട്ടിയുടെ കൊടി തടിയോടു ചേര്‍ത്ത് മുറുക്കി കെട്ടിയിട്ട് അയാള്‍ മുകളിലിരുന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു. അകലെനിന്നും മൈതാനത്തേക്ക് ഒഴുകിയെത്തുന്ന ആളുകളെ അയാള്‍ക്ക്‌ കാണാമായിരുന്നു. കവുങ്ങില്‍ നിന്നും ഊര്‍ന്നു താഴെയിറങ്ങിയ ശേഷം കുമാരന്‍ കൈ കണ്ണിനുമേലെ ചേര്‍ത്തുവെച്ച് മുകളിലേക്ക് നോക്കി. അയാള്‍ കെട്ടിയ കൊടി നിര്‍ജ്ജീവമായി താഴേക്ക്‌ നോക്കി തളര്‍ന്നുകിടന്നു. ഒരു കാറ്റ് വീശിയിരുന്നെങ്കില്‍ നന്നായിരുന്നെന്നും കാറ്റിലിളകിയാടുന്ന പതാക സമ്മേളനത്തിന് കൊഴുപ്പേകുമെന്നും വിചാരിച്ച് അയാള്‍ മുകളിലേക്ക് നോക്കി നിന്നു. ആകാശത്ത് കെട്ടിപ്പിണഞ്ഞു ഒഴുകിനടന്ന ചില വെള്ളമേഘങ്ങള്‍ നിര്‍വികാരമായി വഴിപിരിയുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു.

കുമാരന് പാര്‍ട്ടിയെന്നാല്‍ എല്ലാം ആയിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവയായിരുന്നു. നേതാക്കന്മാരാകട്ടെ ജനക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരും. അവരെ കുറ്റപ്പെടുത്തുന്നവരോട് അയാള്‍ കയര്‍ക്കുകയും തല്ലുകൂടുകയും ചെയ്തു. നേതാക്കന്മാരില്‍ ചിലരെ അയാള്‍ ദൈവത്തെയെന്നപോലെ ആരാധിച്ചു. എല്ലാ രാഷ്ട്രീയ യോഗങ്ങളിലും അയാള്‍ നേരത്തെയെത്തി. അവിടെ കൊടിതോരണങ്ങള്‍ തൂക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. പണിയുപേക്ഷിച്ചും ജാഥകളിലും പ്രകടങ്ങളിലും ഉത്സാഹത്തോടെ അയാള്‍ പങ്കെടുത്തു. ഏത് കാര്യത്തിനും അവര്‍ കുമാരനെ വിളിച്ചു. പോസ്റ്ററൊട്ടിക്കുവാനും ചുവരെഴുതുവാനും അയാള്‍ മുന്നിലുണ്ടായിരുന്നു. അതിനൊന്നും ഒരു പ്രതിഫലവും അയാള്‍ക്ക്‌ ആരും കൊടുത്തില്ല, കുമാരനൊട്ട് ചോദിച്ചതുമില്ല.

വഴിയില്‍ നിന്നും സ്വീകരണവേദിയിലേക്ക് വലിച്ചുകെട്ടിയ തോരണങ്ങള്‍ അവിടെയാകെ വര്‍ണ്ണാഭമാക്കി. വേദിക്കിരുവശവും ഒരുക്കിയ സ്പീക്കറിലൂടെ പാട്ടിന്‍റെ അലയൊലികള്‍ ഉയര്‍ന്നു. പണ്ട് കാലത്ത് വേദികളിലെ ചൊടിയനക്കങ്ങളെ പുറംലോകത്തെത്തിക്കുന്ന കോളാമ്പി സ്പീക്കറുകളായിരുന്നു കുമാരന് കൂടുതലിഷ്ടം. അന്ന് തെങ്ങിലോ മറ്റ് മരങ്ങളിലോ കയറി അയാള്‍ പല തവണ രണ്ടു വശത്തേക്കും തലതിരിച്ചിരിക്കുന്ന കോളാമ്പി മൈക്കുകള്‍ കെട്ടിയിരുന്നു. എന്നിട്ട് അതിലൂടെ മുഴങ്ങുന്ന പാട്ടും പ്രസംഗവും നാടൊട്ടുക്ക് ആളുകള്‍ കേള്‍ക്കുമെന്നുറപ്പാക്കാന്‍ വളരെ ദൂരം നടന്നുപോയി ചെവിയോര്‍ത്ത് നില്‍ക്കുകയും അതില്‍ പൂര്‍ണ്ണതൃപ്തിയായില്ലെങ്കില്‍ തിരിച്ചെത്തി അവ പലതവണ മാറ്റിക്കെട്ടുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ വലിയ ചതുരപ്പെട്ടികളിലൊളിപ്പിച്ച സ്പീക്കറുകളാണ് വേദിയോടു ചേര്‍ത്ത് ഉറപ്പിക്കുക. ശബ്ദത്തിന്‍റെ മുഴക്കവും ഗാംഭീര്യവുമൊക്കെ വേദിക്കുള്ളിലിരുന്നുതന്നെ നിയന്ത്രിക്കാനാവുന്നു. ഇത്തരം കാലോചിത മാറ്റങ്ങള്‍ കാലത്തിന്‍റെ അനിവാര്യതയാണെന്ന് കുമാരനും വിശ്വസിച്ചു.

യോഗസ്ഥലത്തേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. കാത്തിരുന്ന ജനക്കൂട്ടത്തിലേക്ക് നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ വൈകിയാണ് നേതാവ് എത്തിയത്. ചുമന്ന ലൈറ്റ് തെളിച്ച് സൈറന്‍ മുഴക്കിയെത്തിയ കൊടിവച്ച കാറിനെ ആരവത്തോടെ അണികള്‍ സ്വീകരിച്ചു. ദിക്കുകള്‍ മുഴങ്ങിയ ചെണ്ട ബാന്‍റ് മേളങ്ങള്‍ നാടാകെ ഉത്സവ പ്രതീതിയുളവാക്കി. മൈതാനത്തിന്‍റെ മൂലയില്‍ വെളിച്ചം വിതറി വെടിപടക്കങ്ങള്‍ ശബ്ദത്തോടെ പൊട്ടിച്ചിതറി.

നേതാവിന്‍റെ ചിത്രം പതിച്ച ബാനറിനു മുന്നിലായി വേദിയില്‍ നേതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. സ്വാഗത പ്രസംഗകനും ആശംസപ്രസംഗകരും നേതാവിന്‍റെ ധാര്‍മ്മികതയെക്കുറിച്ചും ആദര്‍ശധീരതയെക്കുറിച്ചും വാതോരാതെ പുകഴ്ത്തി. നേതാവിന്‍റെ രാഷ്ട്രീയ പാരമ്പര്യവും സംശുദ്ധ ജീവിതവും വിവരിക്കാന്‍ പ്രസംഗകര്‍ മത്സരിച്ചു.

മറുപടി പ്രസംഗത്തിനായി ജനകീയനേതാവിനെ ക്ഷണിച്ചപ്പോള്‍ അതുവരെ അലസമായിരുന്ന ജനക്കൂട്ടം ഒന്നിളകി. അണികളുടെ മുദ്രാവാക്യത്തിന്‍റെയും ആരവത്തിന്‍റെയും മുമ്പില്‍ നേതാവ് വികാരഭരിതമായാണ് സംസാരിച്ചു തുടങ്ങിയത്. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായ നേതാവ് അരനൂനൂറ്റാണ്ടോളമായ തന്‍റെ പൊതുജീവിതത്തെക്കുറിച്ചും ഭരണം അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ഗൂഢശ്രമത്തെക്കുറിച്ചും കത്തിക്കയറി. ഇടയ്ക്കൊക്കെ നീണ്ട കരഘോഷത്തോടെ അവിടെക്കൂടിയവര്‍ ഹര്‍ഷാരവം മുഴക്കിക്കൊണ്ടിരുന്നു. മുന്നില്‍ തിക്കിത്തിരക്കിയ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറാഫ്ലാഷുകള്‍ അവിടെ പതിയിരുന്ന ഇരുട്ടിനെ പലപ്പോഴും ആട്ടിയകറ്റുന്നുണ്ടായിരുന്നു.

നേതാവ് ജനക്കൂട്ടത്തെ നോക്കി കൈരണ്ടും വിരിച്ച് പിടിച്ച് ചോദിച്ചു. “നിങ്ങള്‍ പറ..എന്‍റെ ആത്മാര്‍ത്ഥതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ?”

സടകുടഞ്ഞെഴുന്നേറ്റ് അണികള്‍ ഒരേ ശ്വാസത്തില്‍ അലറി “ഇല്ല.. ഇല്ല”.

പ്രസംഗപീഠത്തിലിരുന്ന വെള്ളം കുടിച്ച് കണ്ണിറുക്കിക്കൊണ്ട് നേതാവ് പറഞ്ഞു. “നിങ്ങളാണ് എന്‍റെ ധൈര്യം.”

മൈതാനത്തിന് പുറകിലെ ആല്‍മരച്ചോട്ടില്‍ ഒന്നും മിണ്ടാതെ കാലുപിണച്ചിരുന്ന കുമാരന് എന്തുകൊണ്ടോ ഇതൊന്നും കേട്ടിട്ട് ഒട്ടും ആവേശം തോന്നിയില്ല. ചലനമറ്റ് വെറുതെ താഴേക്ക് നോക്കിക്കിടക്കുന്ന കൊടിയിലേക്കും തോരണങ്ങളിലേക്കും കുമാരന്‍ നോക്കി. അവിടെ കാറ്റിന്‍റെ മര്‍മ്മരങ്ങളുണ്ടോ എന്നറിയാന്‍ അയാള്‍ കാത് കൂര്‍പ്പിച്ചു. തനിക്കിതെന്തുപറ്റിയെന്ന് അയാള്‍ അമ്പരന്നു. പൊട്ടാതെ കിടന്ന പടക്കങ്ങള്‍ ശബ്ദത്തോടെ ഇടയ്ക്ക് പൊട്ടുന്നത് കാതോര്‍ത്ത് അയാള്‍ തലയ്ക്ക്‌ കൈകൊടുത്തിരുന്നു. പൊതുജനങ്ങളെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമൂഹ്യദ്രോഹിയായാണ് നേതാവിനെ പല പത്രങ്ങളും അവരുടെ മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചിരുന്നതെന്ന് വായനശാലയിലെ ദാമോദരന്‍ മാഷ്‌ പറഞ്ഞത് കുമാരന്‍ ഓര്‍ത്തു. അദ്ദേഹം പല പേരുകളിലായി നാടൊട്ടുക്ക് കണക്കറ്റ സ്വത്തുക്കള്‍ സമ്പാദിച്ചുകൂട്ടിയിട്ടുണ്ടന്നും മാഫിയാ സംഘങ്ങളേയും അഴിമതിക്കാരേയും സംരക്ഷിക്കുന്നുവെന്നതും ശരിയായിരിക്കുമോ? അന്വേഷണമൊക്കെ നേതാവും കൂട്ടാളികളും അട്ടിമറിക്കുകയായിരുന്നത്രേ. തനിക്ക് തെറ്റിയോ? വിശ്വാസത്തിന്‍റെ അടിത്തറയില്‍ അയാളുടെ ഉള്ളില്‍ എന്നോ ഉയര്‍ന്നുപൊങ്ങിയ ചില ബിംബങ്ങളെ ലക്ഷ്യമാക്കി ചോദ്യശരങ്ങള്‍ ഒന്നൊന്നായി പതിച്ചുകൊണ്ടിരുന്നു.

കാലിഡോസ്കോപ്പില്‍ മിന്നിത്തെളിയുന്ന വര്‍ണ്ണജാലങ്ങളെന്ന പോലെ അയാളുടെ മനസ്സില്‍ ഓര്‍മ്മച്ചീളുകള്‍ മിന്നിമറഞ്ഞു. അടുത്തുള്ള മരക്കൂട്ടത്തില്‍ നിന്നും ചീവീടുകള്‍ ഉറക്കെ കരയുന്നതായി കുമാരന് തോന്നി. അയാള്‍ രണ്ടു കൈകൊണ്ടും ചെവി പൊത്തി ചുറ്റും നോക്കി. വേദിയില്‍ നിന്നുയരുന്ന പ്രസംഗം കേള്‍ക്കാന്‍ കഴിയാനാവാത്തവിധം കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചീവീടുകള്‍ അലറിക്കരഞ്ഞു. കടുംനിറത്തില്‍ വേഷം ധരിച്ച ഒരു കൂട്ടം വികൃത കോലങ്ങള്‍ എന്തോ പുലമ്പിക്കൊണ്ട് തന്‍റെ ചുറ്റും തുള്ളിച്ചാടുന്നത് കുമാരന് കാണാമായിരുന്നു. അവര്‍ അയാളെ നോക്കി പരിഹസിച്ച് ഉറക്കെച്ചിരിച്ചു. തല ചുറ്റുന്നപോലെ തോന്നിയ അയാള്‍ കാതുകള്‍ പൊത്തി കണ്ണുകളടച്ച് കാല്‍മുട്ടിനിടയിലേക്ക് തല പൂഴ്ത്തിയിരുന്നു.

സമ്മേളനം കഴിഞ്ഞ് നേതാക്കളും ജനക്കൂട്ടവും പിരിഞ്ഞു. ചുരുക്കം ചില സംഘാടകര്‍ മാത്രം വേദിക്കരികില്‍ അപ്പോഴും ചുറ്റിക്കറങ്ങി. ഒരു തെരുവ് പട്ടി അയാളെയൊന്നു നോക്കിയിട്ട് മൈതാനത്തിന് മദ്ധ്യേ ആലസ്യത്തോടെ കണ്ണടച്ച് ചുരുണ്ടുകൂടി കിടന്നു. ശബ്ദകോലാഹലമൊഴിഞ്ഞ ആ സ്ഥലം നിലാവില്‍ മയങ്ങുന്ന ജലാശയം പോലെ നിശ്ചലമായിരുന്നു. അന്നുവരെ തോന്നാതിരുന്ന ഒരു ശൂന്യത അയാള്‍ക്ക്‌ അനുഭവപ്പെട്ടു.

ചെവിയില്‍ തിരുകിയ തെറുപ്പു ബീഡിയെടുത്ത്‌ കത്തിച്ച് വലിച്ചുകൊണ്ട് കുമാരന്‍ കുറച്ചുനേരം കൂടി അവിടെയിരുന്നു. ബീഡിപ്പുക ഊതി വളയങ്ങള്‍ ഉണ്ടാക്കുവാന്‍ അയാള്‍ ശ്രമിച്ചെങ്കിലും ചില പുകച്ചുരുളുകള്‍ അതിനു വഴങ്ങാതെ വളയങ്ങള്‍ ഭേദിച്ച് അന്തരീക്ഷത്തില്‍ ലയിക്കുന്നുണ്ടായിരുന്നു. ചിന്തകളുടെ തിരയിളക്കം അയാളുടെ ഉള്ളില്‍ പതിയെ ഒരു കൊടുങ്കാറ്റായി മാറി. അത് ഇത്രകാലം താന്‍ കാത്ത സമചിത്തതയെ കടപുഴക്കുന്നത് കുമാരന്‍ അറിഞ്ഞു. പുകഞ്ഞുതീരാറായ ബീഡിയിലേക്ക് നോക്കിയിട്ട് അയാള്‍ ഒന്നുകൂടി അത് ആഞ്ഞുവലച്ചു. പിന്നെ ചാടിയെഴുന്നേറ്റു ബീഡിക്കുറ്റിയിലെ കനല്‍ കുത്തിക്കെടുത്തിയിട്ട് മുണ്ട് മടക്കിക്കുത്തി വേദിക്കരികിലേക്ക് നടന്നു.

പോകാനിറങ്ങിയ സ്വീകരണക്കമ്മറ്റി പ്രസിഡന്‍റ് പൊതുവാളിന്‍റെ മുന്നില്‍ ചെന്ന് അയാള്‍ കൈ നീട്ടി. “എന്‍റെ കൂലി?”

അമ്പരപ്പോടെ പൊതുവാള്‍ കുമാരനെ നോക്കി. “കൂലിയോ?..എന്നാ കുമാരാ പതിവില്ലാതെ”

“പതിവൊക്കെ മാറി..എനിക്ക് പോണം” കുമാരന്‍ പ്രസിഡന്‍റിന്‍റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

കൈയില്‍ കോര്‍ത്തിട്ട ലെതര്‍ ബാഗ് തുറന്ന് കുറെ മുഷിഞ്ഞ നോട്ടുകള്‍ പൊതുവാള്‍ കുമാരന്‍റെ നേരെ നീട്ടി. അത് വാങ്ങി നടന്നകലുന്ന കുമാരനെ അയാള്‍ അവിശ്വാസത്തോടെ നോക്കി നിന്നു.

വഴിയിലേക്കിറങ്ങിയപ്പോള്‍ കവാടത്തിലേക്ക് കുമാരന്‍ തിരിഞ്ഞ് നോക്കി. ഉയര്‍ന്നുനിന്ന കട്ടൌട്ടില്‍ നിന്നും നേതാവിന്‍റെ കണ്ണുകള്‍ തന്നിലേക്ക് നീളുന്നത് ഗൌനിക്കാതെ അയാള്‍ ബാന്‍റ് മേളക്കാര്‍ വായിച്ച ഒരു പാട്ട് മൂളി നടന്നു. ഇരുള്‍ പരന്നു തുടങ്ങിയ വഴിയോരത്ത് അപ്പോഴേക്കും വഴിവിളക്കുകള്‍ ഞെട്ടിയുണര്‍ന്നിരുന്നു.

വീട്ടില്‍ എത്തിയപ്പോഴേക്കും നേരം വളരെ ഇരുട്ടിയിരുന്നു. വീടിന്‍റെ ചുമരില്‍ തൂക്കിയ നേതാവിന്‍റെ പഴയ ചിത്രത്തിലേക്ക് കുമാരന്‍ നോക്കി. ഫോട്ടോയിലെ കുമാരനോടൊപ്പം നില്‍ക്കുന്ന വരമീശവെച്ച യുവനേതാവിന് അന്ന് സ്വീകരണവേദിയില്‍ കണ്ട രൂപവും ഭാവവുമല്ലായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് യുവജനസംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നേതാവ് നാട്ടിലെത്തിയപ്പോള്‍ യുവാവായിരുന്ന കുമാരനോടൊപ്പം നിന്നെടുത്തതായിരുന്നു ആ ചിത്രം. കാലം ഒളിമങ്ങാതെ നിന്ന ആ ഫോട്ടോയിലേക്ക് നോക്കി ഒരു നിമിഷം ആലോചിച്ചിട്ട് അയാള്‍ പിറുപിറുത്തു. “ശ്ശേ….വെറുതെ..”

കുമാരന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി. എവിടേയോ ഒളിച്ചിരുന്ന ഒരു തണുത്ത കാറ്റ് മരങ്ങള്‍ക്കിടയിലൂടെ ശക്തിയോടെ അവിടേക്ക് വീശി. അതിനോടൊപ്പം പൊടുന്നനെ പെയ്ത മഴത്തുള്ളികള്‍ വരണ്ടുണങ്ങിയ ഭൂമിയെ കുളിരണിയിക്കുന്നത് അയാള്‍ അറിഞ്ഞു.

വീട്ടിലേക്ക് മടങ്ങിയപ്പോള്‍ കടയില്‍ നിന്ന് വാങ്ങിയ വര്‍ണ്ണചിത്രങ്ങളുള്ള കലണ്ടര്‍ അയാള്‍ അകത്തെ മുറിയിലെ ഭാര്യയുടെ കട്ടിലിനോട് ചേര്‍ന്ന് ചുമരില്‍ തൂക്കി. സൂര്യാസ്തമയ വേളയില്‍ താന്‍ വരച്ച ചിത്രങ്ങള്‍ തിരകള്‍ മായ്ക്കുന്നത് നോക്കി കടല്‍ക്കരയില്‍ നിര്‍വികാരമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രമായിരുന്നു കലണ്ടറിലുണ്ടായിരുന്നത്. ഉറങ്ങാതെ കിടന്ന അയാളുടെ ഭാര്യ ആ ചിത്രത്തിലെ പറന്നകലുന്ന കടല്‍ കാക്കകളെ ഇമവെട്ടാതെ നോക്കി.

“മരുന്നു കുടിച്ചോ?” കട്ടിലിന്‍റെ തലയ്ക്കലിരുന്ന മരുന്നുകുപ്പിയിലേക്ക് നോക്കി അയാള്‍ ചോദിച്ചു.

“ഉം” അവര്‍ ഒന്ന് മൂളി. പുറത്ത് ആര്‍ത്തലച്ചു പെയ്യുന്ന മഴയിലും കാറ്റിലും വീടിനോടു ചേര്‍ന്ന് ചെരിഞ്ഞു നില്‍ക്കുന്ന മാവിന്‍റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുമോയെന്ന് ആ സ്ത്രീ ഭയപ്പെട്ടു.

“നന്നായി…എത്ര നാളായി ഒരു മഴ പെയ്തിട്ട്… മരങ്ങളൊക്കെ ഉണങ്ങി…”. വേഷം മാറവേ കുമാരന്‍ ആരോടെന്നില്ലാതെ പറഞ്ഞു. വൈകി പെയ്ത മഴയില്‍ ഭര്‍ത്താവ്‌ സന്തോഷിക്കുന്നതായി അവര്‍ക്ക് തോന്നി.

അയാള്‍ ഒരുവശം തളന്നുകിടന്ന ഭാര്യയെ പതിയെ പൊക്കി കട്ടിലിന്‍റെ അരികിലേക്ക് മാറ്റിക്കിടത്തിയിട്ട് ലൈറ്റണച്ച് ഭാര്യയോട് ചേര്‍ന്ന് കിടന്നു. താന്‍ വേദിക്കരികെ കെട്ടിയ പതാക മഴയില്‍ കുതിര്‍ന്നിരിക്കാമെന്നും അതിനീ കാറ്റില്‍ പാറിപ്പറക്കാനാവുമോയെന്നും മറ്റുമുള്ള ഭ്രാന്തന്‍ ചിന്തകള്‍ അയാളുടെ മനസ്സില്‍ നിറഞ്ഞു. കോരിച്ചൊഴിയുന്ന രാത്രി മഴയ്ക്ക്‌ കാതോര്‍ത്ത്‌ അയാള്‍ ചോദിച്ചു. “നമ്മുടെ കല്യാണ ഫോട്ടോകളൊക്കെ ചിതലരിച്ചു പോയോ…അതോ?”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഭാര്യ പറഞ്ഞു “ഉം..ഉം….തകരപ്പെട്ടീലൊണ്ട്.”

“ചുമരൊക്കെ ഒന്ന് പൂശീട്ട് ആ ഫോട്ടോകളൊക്കെ തൂക്കണം” ഇരുട്ടിലേക്ക് നോക്കി കുമാരന്‍ പറഞ്ഞു.

ജനാലച്ചില്ലുകളില്‍ രാത്രിമഴ ഏതോ ചിത്രം വരക്കുന്നത് മിന്നല്‍ വെളിച്ചത്തില്‍ ആ സ്ത്രീ കണ്ടു. അന്നാദ്യമായി പുറത്തു നിന്നും കേട്ട ചീവീടുകളുടെ കരച്ചലില്‍ സംഗീതമുണ്ടെന്ന് അവര്‍ക്ക് തോന്നി. ഒന്നും ഉരിയാതെ അവര്‍ കണ്ണുകളടച്ച് ഭര്‍ത്താവിനോട് ഒട്ടിച്ചേര്‍ന്നു കിടന്നു.

Generated from archived content: story1_dec11_13.html Author: bijo.jose.chemanthra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English