മൃത്യു കാക്കുന്ന ജീവിതങ്ങള്‍

ശൈത്യകാലത്തെ ഇരുള്‍ മൂടിയ ഒരു സായാഹ്നത്തിലെ അലസമായ പത്രവായനയിലാണ്, ഉള്‍ത്താളുകലളില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് . കൊടും ദാരിദ്രത്തില്‍ മനം നൊന്ത് വൃദ്ധദമ്പതികള്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്ത . സാക്ഷരതയിലും പ്രബുദ്ധതയിലും മുന്‍പന്തിയിലെന്നവകാശപ്പെടുന്ന കേരളത്തിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത് . ക്ഷണനേരത്തേ ആയുസ്സേ പൊതുവേ വയനക്കാരുടെ മനസ്സില്‍ വാര്‍ത്തകള്‍ക്കുണ്ടാവുകയുള്ളൂ . ഒരായുസ്സ് സുഖദു:ഖങ്ങള്‍ പങ്ക് വെച്ച് ജീവിച്ച ഈ ദമ്പതികളുടെ ഇടയില്‍ കൊടും ദാരിദ്രം വിതച്ച ദാരുണാന്ത്യം എന്തുകൊണ്ടോ മനസ്സില്‍ നീറുന്ന ഒരു മുറിവായി അവശേഷിച്ചു .

വായനക്കാരുടെ കടാക്ഷം കാംഷിച്ച് പത്രത്താളുകളില്‍ തണുത്ത് മരവിച്ച് നിര്‍ജീവമായി ഇത്തരം വാര്‍ത്തകള്‍ ചിതറിക്കിടക്കുന്നതായി തോന്നാറുണ്ട് . ഗ്രൂപ്പ് വഴക്കും വിഭാഗീയതയും , അനാവശ്യ വിവാദങ്ങളുമാണ് പൊതുവെ വായനക്കാരന്റെ പ്രഥമപരിഗണന എന്നത് കൊണ്ട് തന്നെ ഉള്‍പേജുകളിലൊതുങ്ങുന്ന സമൂഹത്തിലെ നീറുന്ന സത്യങ്ങളെ പലരും ഗൌരവമായി എടുക്കാറില്ല . എന്തിന് സമാന സ്വഭാവമുള്ള ആദിവാസി കുടിലുകളിലെ ദാരിദ്രവും , പട്ടിണിമരണങ്ങളും ഇന്ന് ഒരു വാര്‍ത്തയെ അല്ലാതായിരിക്കുന്നു .

ആഫ്രിക്കയിലും ഏഷ്യയിലെ ഇതരഭാഗങ്ങളീലുമൊക്കെ ദാരിദ്രത്തിന്റെ എത്രയോ ഭയാനകമായ ഒരു ചിത്രമാണ് കാണുവാന്‍ കഴിയുക . UNICEF-ന്റെ കണക്കനുസരിച്ച് ലോകത്ത് പ്രതിദിനം 25,000-ത്തിലധികം ജനങ്ങള്‍ പട്ടിണിയും തത്ഫലമുണ്ടാകുന്ന മാറാരോഗങ്ങളും മൂലം മരണമടയുന്നു . ഓരോ മൂന്നര നിമിഷത്തിന്റെ ഇടവേളയിലും ഒരു മരണം സംഭവിക്കുന്നു . കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞു വീഴുന്ന ലാഘവത്തോടെ… ഏതൊരു ഭൂകമ്പവും , ആണവവിസ്ഫോടനവും, സുനാമിയും, ഉണ്ടാക്കാവുന്ന ദുരന്തത്തേക്കാള്‍ എത്രയോ ഭയാനകമാണിത് . ഇങ്ങനെ മരണപ്പെടുന്നതില്‍ ഭൂരിഭാഗവും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു .

ലോകജനസഖ്യയിലെ 220കോടിയോളമുള്ള കുട്ടികളില്‍ ഏകദേശം പകുതിയോളം ബാല്യങ്ങള്‍ പട്ടിണയിലാണ് എന്നുള്ളത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് . ലോകജനതയുടെ പകുതിയോളം വെറും രണ്ടര ഡോളറില്‍ താഴെ പ്രതിദിനവരുമാനമുള്ളവരാണ് . ലോകത്തിലെ 40%ദരിദ്രര്‍ ലോകസമ്പത്തിന്റെ 5% മാത്രം വിനിയോഗിക്കുമ്പോള്‍ ധനികരായ 20% ആളുകള്‍ വിഭവസ്രോതസ്സിന്റെ 76% കൈവശപ്പെടുത്തിയിരിക്കുന്നു . എന്തിന് , കുടിവെള്ളം ഉപയോഗിക്കുന്ന കര്യത്തില്‍പോലും ഈ ചേരിതിരിവ് പ്രകടമാണ് . പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും യഥേഷ്ടം വ്യാപരിക്കാനുള്ള സ്ഥലവും , വേണ്ടുവോളം ഭക്ഷിക്കാനുള്ള ആഹാരവും , മറ്റ് അടിസ്ഥന സൌകര്യങ്ങളും ലഭ്യമായ സാഹചര്യത്തിലാണ് പട്ടിണിയുടേയും വിശപ്പിന്റേയുമൊക്കെ യഥാര്‍ത്ഥചിത്രം വരച്ച് കാട്ടുന്ന ഈ സ്ത്ഥിതിവിവരകണക്കുകള്‍ എന്നത് ആരിലും ആശ്ചര്യമുളവാക്കുന്നത് .

മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് എന്നത് നമുക്ക് ഒട്ടും അഭിമാനകരമല്ല . ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡപ്രകാരം 410 ദശലക്ഷം ആളുകളാണ് ഇവിടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളത് . രാജ്യത്തിന്റെ പലഭാഗത്തും പട്ടിണിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ധാന്യപ്പുരകള്‍ നിറഞ്ഞുകവിയുന്ന അവസ്ഥ എങ്ങനെയുണ്ടാകുന്നുവന്ന് ഇന്ത്യന്‍ സുപ്രീംകോടതി അടുത്തകാലത്ത് നടത്തിയ നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ് .

അവികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര-വികസിതരാജ്യങ്ങളിലും നിലനില്‍ക്കുന്ന ദാരിദ്ര്യം എന്ന ദുരവസ്ഥയുടെ മൂലകാരണങ്ങളിലേക്ക് കണ്ണോടിക്കുന്നത് വളരെ ഉചിതമാകും . ലോകരാഷ്ട്രങ്ങള്‍ തുടര്‍ന്നുവരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ ഇതിന് ഒരു പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നു . അടിമത്ത്വവും , അടിച്ചമര്‍ത്തലും , ചൂഷണവുമൊക്കെ സര്‍വ്വസാധാരണമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടുകളിലെ സാമൂഹ്യ വ്യവസ്ഥ ഈ ദയനീയ സ്ത്ഥിതിക്ക് വലിയ ഒരളവോളം കാരണമായിട്ടുണ്ട് . പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഒരു സമൂഹം ഇതിന്റെ തുടര്‍ച്ചയെന്നൊണം വളരെ സങ്കീര്‍ണ്ണമായ അസമത്വവും , വിവേചനവും ഇന്നും അനുഭവിക്കുന്നു . പോഷകാഹാരക്കുറവ് , ശുദ്ധജലദൌര്‍ലഭ്യം , ശുചിത്വമില്ലായ്മ , ആരോഗ്യപരിപാലനത്തിലെ അപാര്യാപ്തത എന്നിവ ഇവരുടെ ഇടയില്‍ മഹാവ്യാധികള്‍ക്കും , സാംക്രമിക രോഗങ്ങള്‍ക്കും നിമിത്തമാകുന്നു . സാക്ഷരതയും, വിദ്യാഭ്യാസവും സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലെത്തിക്കുവാന്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നതും , സമഗ്രമായ ഒരു പൊതുവിതരണ സംവിധാനത്തിന്റെ അഭാവവും ദാരിദ്രനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .

സമൂഹത്തില്‍ രൂഢമൂലമായ അഴിമതി , ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന പല പദ്ധതിളേയും തുരങ്കം വയ്ക്കുകയാണുണ്ടായത് . ദരിദ്രരാജ്യങ്ങളുടെ നിലനില്‍പ്പ് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമാണെന്ന സമ്പന്നരാജ്യങ്ങളുടെ പൊതുചിന്താഗതിയും ആഗോളതലത്തില്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജനം മന്ദഗതിയിലാക്കിയിട്ടുണ്ട് .

കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സൌജന്യഭക്ഷണം അടിയന്തിരസാഹചര്യങ്ങളില്‍ ഉതകുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണകരമല്ല . ഇതിന് പകരം നവീന കൃഷിരീതികള്‍ക്കും , അടിസ്ഥാനസൌകര്യവികസനത്തിനും , പുതിയ തൊഴില്‍ പരിശീലനത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത് . മനുഷ്യവിഭവശേഷിയുടെ വികസനത്തിലൂടെ മേല്‍ഗതി പ്രാപിക്കാന്‍ അവികസിത രാജ്യങ്ങള്‍ ഉത്സാഹിക്കേണ്ടതുണ്ട് . കൂടാതെ അസംഘടിതരും അശരണരുമായ ജനവിഭാഗത്തിനുളളി‍ല്‍ തന്നെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം അവര്‍ക്ക് പുരോഗതിയും അഭിവൃദ്ധിയും സ്വായത്തമാക്കുമെന്ന ബോധ്യം വളര്‍ത്തേണ്ടതാവശ്യമാണ് .

ആഹാരത്തിനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ ഭക്ഷണത്തിന് വേണ്ടിയുള്ള കലാപങ്ങള്‍ ഭാവിയില്‍ പൊട്ടിപ്പുറപ്പെടാം . ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനായി ഐക്യരാഷ്ട്രസഭയും അനുബന്ധസംഘടനകളും മുന്നോട്ട് വെച്ച അനവധി പദ്ധതികള്‍ ഒരളവ് വരെ ഫലം കണ്ടെത്തുന്നു എന്നുള്ളത് ആശ്വാസകരമാണ് .

കാലാകാലങ്ങളില്‍ ലോകത്ത് പിറവിയെടുത്ത എല്ലാ ചിന്താധാരകളും പട്ടിണിക്കെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായി നടപ്പാക്കുവാന്‍ ഒരു വ്യവസ്ഥിതിക്കും സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ് . ദാരിദ്രം പോലെയുള്ള സാമൂഹ്യപ്രശ്നങ്ങളില്‍ സാരമായ ഇടപെടലുകള്‍ നടത്തുവാന്‍ വ്യക്തികള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും സമൂഹനന്മയെ മുന്‍ നിര്‍ത്തി ഈ വിപത്തിനെ ചെറുക്കുവാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ വ്യക്തികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട് . തനിക്ക് ചുറ്റുമുള്ള മനുഷ്യജീവികള്‍ക്ക് വിശപ്പകറ്റാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാന്‍ നാം ഓരോരുത്തര്‍ക്കും ധാര്‍മികമായ കടമയുണ്ട് . ഒരു രാജ്യത്തേയും ഭരണഘടന അത് നിഷ്കര്‍ഷിക്കുന്നില്ലെങ്കില്‍ക്കൂടി , ആര്‍ഭാടവും ധൂര്‍ത്തുമൊക്കെ നമുക്ക് വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തില്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെങ്കിലും, ഒരു നേരത്തെ ഭക്ഷണത്തിനായി നമുക്ക് നേരെ കൈനീട്ടുന്ന പട്ടിണിക്കോലങ്ങള്‍ ലോകത്തെവിടയോ ഉണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം . വ്യക്തിജീവിതത്തിലെ ഉപഭോഗത്തിന്റെ ചെറിയ നിയന്ത്രണത്തിലൂടെയും, ജീവിതശൈലിയിലെ നിസാരമാറ്റങ്ങളിലൂടെയും ഒരല്പം ഇവര്‍ക്കായി മാറ്റിവെക്കുവാന്‍ തീര്‍ച്ചയായും നാം തയ്യാറാകേണ്ടതാണ് . മരണത്തിന്റെ കരാളഹസ്തങ്ങളിലേക്ക് ദാരിദ്ര്യം സഹജീവികളെ തള്ളിനീക്കുന്നത് തടയാന്‍ നമുക്ക് സാധിക്കണം . അതിനായില്ലെങ്കില്‍ നാല്‍കാലികളില്‍നിന്ന് എന്ത് മേന്മയാണ് സാമൂഹ്യജീവികളായ നമുക്ക് അവകാശപ്പെടാനുള്ളത് .

Generated from archived content: essay2_june1_12.html Author: bijo.jose.chemanthra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here