അവസരം

”നിങ്ങളെന്തിനാണ് ഓടി ഇതിനകത്തേക്ക് വന്നതെന്ന്?” ചായക്കടക്കാരന് അവറാന് അലറുന്ന ശബ്ദത്തില് ചോദിച്ചു . അയാള് അത്രയും ദേഷ്യപ്പെട്ട് അന്നു വരെ ആരോടും സംസാരിച്ചിട്ടില്ല.

‘ ചേട്ടാ ഒച്ചയുണ്ടാക്കല്ലേ ആ പോലീസു വണ്ടി ഒന്ന് പൊയ്ക്കോട്ടേ ഞങ്ങളിവിടെ അടുക്കളേല് ഒളിച്ചോളാം ” രമേശന് വളരെ ദയനീയമായി പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെ ചീട്ടുകളിക്കുന്നിടത്ത് പോലീസ് ജീപ്പ് വന്നു നിന്നപ്പോള് ഓടിയൊളിക്കാന് ആ പരിസരത്ത് ആകെ അവറാച്ചന് ചേട്ടന്റെ കട മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതാണ് മുപ്പതു വര്ഷം മുമ്പ് സാറാമ്മചേടത്തീനെ കല്യാണം കഴിച്ച് ഈ നാട്ടുകാരനായി മാറിയതാണ് അവറാച്ചന്. ഇവിടെ വന്ന് ഒരു മാസം കഴിഞ്ഞപ്പോള് തന്നെ അയാള് ഒരു ചായക്കട തല്ലി കൂട്ടി. വളരെ നല്ല മനുഷ്യനാണ് അവറാച്ചന് കരയാന്പറമ്പ് ഗ്രാമത്തില് എന്തു നല്ല കാര്യം നടന്നിട്ടുണ്ടെങ്കിലും അതിന്റെ പിന്നില് ഏതെങ്കിലും രീതിയില് അവറാന് പ്രവര്ത്തിച്ചിട്ടുണ്ടാകും. ജോലിക്കു പോകാന് മടിയന്മാരായ കുറെ ചെറുപ്പക്കാരുണ്ടീ ഗ്രാമത്തില് അവര് മുടങ്ങാതെ ലക്ഷം വീട്ടിലെ പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില് ഒത്തു കൂടും. ഇതിനു മുന്പ് പോലീസ് പലതവണ ഇവരില് പലരേയും പിടി കൂടിയിട്ടുണ്ട് പക്ഷെ ഇന്ന് പുതുതായി ചാര്ജെടുത്തിരിക്കുന്ന എസ്. ഐ ശേഖരന്റെ ഊഴമായിരുന്നു പുതിയ എസ് ഐ ആളെങ്ങനെയാണെന്നും പിടിച്ചാല് എന്തായി തീരുമെന്നും ആര്ക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

പോലീസ് ജീപ്പ് ചായക്കടയുടെ മുന്നിലൂടെ ചീറിപ്പാഞ്ഞു കടന്നു പോയി. ഒളിച്ചിരുന്ന അഞ്ചു പേരും പതുക്കെ പുറത്തിറങ്ങി. അവരുടെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. അവറാന്റെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ അവര് തലതാഴ്ത്തിപ്പിടിച്ച് ബെഞ്ചിന് മേല് ഇരുന്നു.

” എടാ സാജന് എങ്ങടാ പോയേന്ന് കണ്ടായിരുന്നോ” രമേശന് അല്പ്പം ഉത്കണ്ഠയോടെ തിരക്കി . ” അവന് വീടിന്റെ നേരെ വച്ചു കീറി അവനരാ മോന് അവന്റെ പൊടി പോലും കിട്ടിയിട്ടുണ്ടാകില്ല” അജിയുടെ മറുപടി എല്ലാവര്ക്കും അല്പ്പം ആശ്വാസം പകര്ന്നു.

” എന്തിനാ ഇനി സമയം കളയണേ പോലീസു പോയല്ലോ ഇനി പോയി കളി തുടങ്ങിക്കോടാ ” പരിഹാസം കുത്തി നിറച്ച് ഗൗരവം വിടാതെ അവറാന് പറഞ്ഞു. ” വേലക്കും പണിക്കും പോകാത്ത കൊറെ ജന്മങ്ങള്” ഗ്ലാസുകള് കഴുകുന്നതിനിടയില് അവറാന് പിറുപിറുത്തു.

പെട്ടന്നാണ് മൊയ്തീന് കടയിലേക്ക് അകറി വന്നത്. അവരെ അഞ്ചു പേരെയും ഒന്നിരുത്തി നോക്കി.

” ങ്ങള് ഇബടെ വന്ന് രക്ഷപ്പെട്ടുവല്ലേ ആ പാവം സാജനെ അബന്മാര് പൊക്കി”

ഇടിവെട്ടേറ്റവരേപ്പോലെ അഞ്ചു പേരും ചാടി എഴുന്നേറ്റു. പെട്ടന്നു തന്നെ അവിടെ ഒരു നിശബ്ദത രൂപപ്പെട്ടു. അവറാന് ഗ്ലാസു കഴുകുന്നതു നിര്ത്തി. അയാളുടെ മുഖത്തും ഒരു സങ്കടമുള്ളതു പോലെ പെട്ടന്ന് സുബോധമുണ്ടായതു പോലെ രമേശ് പറഞ്ഞു.

” നിങ്ങളു വന്നേ നമുക്കെന്താ ചെയ്യാന് പറ്റണേന്ന് നോക്കാം” അഞ്ചു പേരും വരി വരിയായി പുറത്തേക്കു പോയി. അവര് പോയി കഴിഞ്ഞപ്പോള് മൊയ്തീന് പറഞ്ഞു.

” പിന്നേ അവന് വല്യ കറക്ടറല്ലേ ഇപ്പ മല മറിക്കും”

അവര് ദൂരത്തേക്കു മറയുന്നതു നോക്കി അവറാന് നിന്നു .

” ഇത്ങ്ങള്ടെ എടെല് കൊറച്ചെങ്കിലും നല്ലതെന്ന് പറയാനാ ചെക്കനേ ഉണ്ടാര്ന്നുള്ളു. ഇനി അവന്റെ ഗതി എന്തായി തീരുമോ ആവോ” അവറാന് വീണ്ടും പാത്രം കഴുകലില് ശ്രദ്ധിക്കാന് തുടങ്ങി.

കോണ്സ്റ്റബിള് മനോഹരന്റെ കൈക്കരുത്ത് തെളിയിക്കുന്നത് പോലെ ഒരു പന്തു കണക്കെ സാജന് എസ് ഐ യുടെ മുറിയിലേക്ക് പ്രവേശനം ലഭിച്ചു . തലകുമ്പിട്ടു നിന്ന സാജന് തന്റെ കാല്മുട്ട് കൂട്ടിയിടിക്കുന്നില്ല എന്ന് ഒരിക്കല് കൂടി ഉറപ്പുവരുത്തി. മനോഹരന് കൊടുത്ത സാജന്റെ വിവരങ്ങളടങ്ങുന്ന ഫയലുമായി എസ് ഐ എഴുന്നേറ്റു. ഒരു കാല് മാത്രം തറയില് കുത്തി എസ് ഐ മേശമേല് ഇരുന്നു.

” നേരെ നോക്കടാ” എസ് ഐ യുടെ വാക്കുകള് ഒരു സിംഹഗര്ജ്ജനമാണോ എന്ന് സാജന് സംശയം തോന്നി.

” സാജന് ഇരുപത്തിനാലു വയസ് ”’ എസ് ഐ അവന്റെ വിവരങ്ങള് വായിക്കുകയാണ്. ” പ്രീഡിഗ്രി തോറ്റു ” എസ് ഐ മുഖമുയര്ത്തി സാജനെ നോക്കി. ” നിനക്കെന്തെങ്കിലും പണിക്കു പൊയ്ക്കൂടേടാ” ശബ്ദത്തിന് അല്പ്പം മയമുള്ളതു പോലെ സാജനു തോന്നി. എസ് ഐ ശേഖരന് അധികാരത്തോടെ നിര്ബന്ധിച്ചപ്പോള് സാജന് തന്റെ കഥ പറഞ്ഞു തുടങ്ങി.

സാജന് പ്രീഡ്രിഗ്രി തോറ്റതിന്റേയും അനുജത്തി പത്തില് ഡിസ്റ്റിംഗ്ഷനോടെ പാസായതിന്റേ ഫലവും വീട്ടില് അറിയുന്നത് ഒറ്റ ദിവസമാണ്. അന്നത്തെ ഭൂകമ്പത്തിനു ശേഷം താനാ വീട്ടില് അധികപ്പറ്റാണെന്നു സാജനു തോന്നി തുടങ്ങി. താന് ഭക്ഷണം കഴിക്കുന്നതു കാണുമ്പോള് അപ്പച്ചനു കലി കയറും. ” തോക്കാന് വേണ്ടി ജനിച്ചവന് ഞെളിഞ്ഞിരുന്നത് തിന്നണ കണ്ടോ നീ ഒരു കാലത്തും നന്നാവൂലാടാ” ഈ ശാപം കുറെ നാള് തുടര്ന്നപ്പോള് സജനും അതേറ്റു പറയാന് തുടങ്ങി. ” ഞാനൊരിക്കലും നന്നാവില്ല” പട്ടിണി കിടക്കേണ്ടി വന്നാലും വീട്ടില് നിന്ന് ഭക്ഷണം കഴിക്കില്ലെന്നു സാജന് തീരുമാനിച്ചു.

എസ് ഐ കോണ്സ്റ്റബിളിനെ ചായ മേടിക്കന് പറഞ്ഞു വിട്ടു. സാജനും ശേഖരന് സാറും മാത്രം. അത്ഭുതം തോന്നു മാറ് അദ്ദേഹം സൗമ്യനായി.

” ടൗണില് നീയൊരു ബിസിനസ് തുടങ്ങണം. ബാങ്കില് നിന്ന് ലോണ് ഞാന് തരപ്പെടുത്തി തരാം. താമസവും ടൗണില് തന്നെ മതി ബിസിനസ്സ് വിജയിക്കാനുള്ള സഹായമൊക്കെ ഞാന് ചെയ്തു തരാം”

സാജന്റെ കണ്ണുകള് വിടര്ന്നു. തനിക്കതൊന്നും വിശ്വസിക്കാനാവുന്നില്ല. പോലീസുകാര്ക്ക് ഇങ്ങനെയുള്ള മനസുണ്ടാവുമോ? ഇനി ഇതൊരു പോലീസ് സ്റ്റേഷനല്ലേ എന്നു വരു വരുമോ സ്റ്റേഷനിലിരുന്നു തന്നെ സാജന് സ്വപ്നങ്ങള് നെയ്യാന് തുടങ്ങി. അവന് ഒരു കാര്യം മനസിലായി. പാവപ്പെട്ടവരുടെ ജീവിതത്തിലും അത്ഭുതങ്ങള് നടക്കും.

വര്ഷങ്ങള് ചിലതു കടന്നു പോയി. അവറാന്റെ ചായക്കടയില് പതിവുകാരൊക്കെ വന്നു പോയി. വെയിലായി തുടങ്ങി. ഇനി വൈകുന്നേരത്തെ പലഹാരങ്ങളുണ്ടാക്കലാണ് അടുത്ത ജോലി. അതിനു മുന്പ് ന്യൂസ് പേപ്പര് നോക്കുന്ന പതിവുണ്ട് അവറാന് . അയാള് ഇരുന്നപ്പോഴേക്ക് കടയുടെ മുന്പില് ഒരു കാറ് വന്ന് നിന്നു. തന്റെ കടയുടെ മുന്പില് സൈക്കിളുകള് സ്ഥിരം വരാറുണ്ട് കൂടിപ്പോയാല് ഗള്ഫുകാരന് അഷറഫിന്റെ മോന് സ്കൂട്ടറില് വരും.

കാറില് നിന്നിറങ്ങി കടയിലേക്ക് കയറി വന്ന ആളെ അവറാന് സൂക്ഷിച്ചു നോക്കി. സാജന് അതെ അവന് തന്നെ. വിശ്വസിക്കാന് പറ്റുന്നില്ല അവറാന്.

” ചേട്ടാ ഇങ്ങനെ നോക്കി നിക്കല്ലേ നല്ലൊരു ചായയെടുക്ക് ” ” സാജാ മോനേ നീ ആളാകെ മാറിപ്പോയല്ലോടാ കഴിഞ്ഞ വര്ഷം നീ വന്ന് അപ്പച്ചനേയും അമ്മച്ചീനേയും പെങ്ങളേയും കൂട്ടി കൊണ്ടു പോയെന്നു അറിഞ്ഞു എന്നാലെങ്ങടാ മാറിയെന്നാര്ക്കും അറിഞ്ഞൂടാ … ആട്ടെ ഇപ്പോ എവിടെയാ?”

” ടൗണില് ഞാനൊരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് ചേട്ടാ അവിടെയാ ഞാന്. പെങ്ങള്ക്കൊരു കല്യാണം, വിളിക്കാന് വന്നതാ”

ചായ എടുക്കാന് അവറാന് ഗ്ലാസു കഴുകാന് തുടങ്ങി. ” എന്തായാലെന്താ നീ രക്ഷപ്പെട്ടല്ലോട മോനേ അതു മതി രക്ഷപ്പെടാന് കിട്ടിയ അവസരം നീ പാഴാക്കിയില്ലല്ലോ”

ഗ്ലാസിലെ പഞ്ചസാര ഇളക്കുന്നതിനിടയില് വശത്തുള്ള ഗ്രില്ല് ജനാലയിലൂടെ അവറാന്റെ കണ്ണുകള് നീണ്ടു. ദൂരെ പൊളിഞ്ഞ ലക്ഷം വീടിന്റെ വരാന്തയില് രമേശനും സംഘവും അപ്പോഴും ചീട്ടു കളിക്കുന്നുണ്ടായിരുന്നു.

Generated from archived content: story3_mar12_16.html Author: bichan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here