സമസ്ഥസ്ഥലികളിലും കല

നാട്യശാസ്‌ത്രം രചിച്ച മഹർഷിവര്യന്റെ പേരാണ്‌ ഭരതൻ. ഏറ്റവും നല്ല നടന്റെ പര്യായവും ഭരതൻ എന്നാണ്‌. ഭാവരാഗതാളങ്ങളിൽ കൈയ്യൊതുക്കം വന്നവനാണ്‌ ഭരതൻ. അതിന്റെ ചിഹ്നഭാവങ്ങളാണ്‌ ആ മൂന്ന്‌ അക്ഷരങ്ങൾ അവ ബൃഹത്‌ഗ്രന്ഥങ്ങളുടെ രചനയ്‌ക്കുളള മൂലകങ്ങളാണ്‌. രാഗത്തിന്‌ നിറം എന്ന അർത്ഥം കൂടിയുണ്ട്‌.

എനിക്ക്‌ വളരെ ഇഷ്‌ടമുളള സംവിധായകനായിരുന്നു ഭരതൻ. അദ്ദേഹത്തിന്റെ നാലു ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അതോടടുത്തു നിൽക്കുന്നതുമായ വേഷങ്ങളിലാണ്‌ ഞാൻ അഭിനയിച്ചത്‌. അമരം, കേളി, വെങ്കലം, ചമയം ഇവയായിരുന്നു ആ ചിത്രങ്ങൾ. സംവിധായകനും നടനും തമ്മിലുളള ഒരു വിനിമയബന്ധം ഉണ്ടാകുമ്പോഴാണ്‌ നടൻ പാത്രനിർമ്മിതിയിൽ അസൂയാവഹമായ ഉയരങ്ങളിലേക്ക്‌ കയറിപ്പറ്റുന്നത്‌. അത്തരം ഒരവസ്ഥ അദ്ദേഹവുമായി സഹകരിച്ചപ്പോഴൊക്കെ എനിക്കുണ്ടായി. അറുവഷളും മുഷിപ്പുളവാക്കുന്നതുമായ ചിത്രങ്ങൾ പണപ്പെട്ടിയെ കനപ്പെടുത്താറുളള കാലമാണിത്‌. കലയും കാശുമായി പൊരുത്തപ്പെടാത്തതുപോലെ അഭ്രത്തിലെ അസംബന്ധങ്ങൾ ചിലപ്പോഴൊക്കെ പണക്കൊയ്‌ത്തുത്സവമാകാറുണ്ട്‌. ഒറ്റ സാമ്പത്തിക വിജയത്തിലൂടെ അതിന്റെ സംവിധായകൻ സർവ്വജ്ഞാനിയും സുഖാന്വേഷിയും പരമ അഹങ്കാരിയും ബോധരാഹിത്യത്താൽ പരമാധികാരിയാകുമോ ഞാൻ കണ്ടിട്ടുണ്ട്‌, സഹതപിച്ചുണ്ട്‌ കലാപം ഉണ്ടാക്കിയിട്ടുണ്ട്‌.

ആരായിരുന്നു ഭരതൻ?

വർണ്ണ സങ്കലനങ്ങളിലെ മർമ്മമറിഞ്ഞ ആൾ. ശില്പ നിർമ്മാണത്തിൽ സൗന്ദര്യാംശങ്ങൾ രൂപപ്പെടുത്തിയ ആൾ. എടുക്കുന്ന രംഗം ഛായാഗ്രാഹകനും നടീനടൻമാരുമായി ചർച്ച ചെയ്‌ത്‌ ഊന്നൽ നൽകേണ്ട ഇടങ്ങൾ അടിവരയിട്ട്‌ സിനിമ സംവിധാനം ചെയ്‌ത ആൾ. വേഷത്തിലും പെരുമാറ്റത്തിലും ജീവിതത്തിലും ഭവനത്തിലും എല്ലാം എപ്പോഴും ഒരു കലാകാരന്റെ സാന്നിധ്യം അബോധമായി സംക്രമിപ്പിച്ച ആൾ. അതായിരുന്നു ഭരതൻ. മലയാള സിനിമയിൽ ഭരതനു പകരം….

അഗണി & എക്‌സ്‌റ്റസി എന്ന പുസ്‌തകത്തെപ്പറ്റി ‘വെങ്കലം’ സിനിമയുടെ സെറ്റിൽവെച്ച്‌ അദ്ദേഹം എന്നോട്‌ നിരന്തരം പറയുമായിരുന്നു. സൃഷ്‌ടിയുടെ വേദനയും വിജയത്തിന്റെ ഉന്മാദാവസ്ഥയുമാണ്‌ അതെന്ന്‌ പിന്നീടാണ്‌ ഞാൻ അറിഞ്ഞത്‌. അതായിരുന്നു ഭരതന്റെ ആന്തരികജീവിതം. പ്രായോഗികവാദികൾ തഴച്ചുമൂത്തു വാഴുന്ന ഒരിടമാണ്‌ സിനിമ. മലയാള സിനിമയും അങ്ങിനെതന്നെ. സിനിമയിൽ ആത്മബന്ധങ്ങളില്ല എന്ന്‌ ഒരു സൂപ്പർ നടന്റെ വെളിപാട്‌ അടുത്തിടെയാണ്‌ ഞാൻ വായിച്ചു മനസ്സിലാക്കിയത്‌. അത്‌ ലാഭവിഹിതത്തിൽ കണ്ണൂന്നിയുളള ഒരു ദുരന്താഭിപ്രായമായേ ഞാൻ കണക്കിലെടുത്തിട്ടുളളൂ.

ചിത്രകാരന്‌ ക്യാൻവാസും പെയിന്റും ശില്‌പിക്ക്‌ മണ്ണും വെളളവും ഇവകൊണ്ട്‌ സ്‌പേസ്‌ മാറ്റിമറിക്കുന്ന ജാലവിദ്യ പൂർണ്ണമാകുന്നു. അതുതന്നെയാണ്‌ ഭരതനും ചെയ്‌തത്‌. വളരെ കുറച്ച്‌ ചിത്രങ്ങൾ. അവയിലൂടെ മലയാളിപ്രേക്ഷകന്റെ മനസ്സിൽ തട്ടിയ ഭരതസ്‌പർശം; അത്‌ കാഴ്‌ചയും ചരിത്രവുമാണ്‌. സാഹിത്യവും സംഗീതവും ചിത്രകലയുമായിരുന്നു ആ മനസ്സിന്റെ സമസ്ഥ സ്ഥലികളിലും നിറഞ്ഞുനിന്നത്‌. അതിന്റെ ബഹിർസ്‌ഫുരണമായിരുന്നു അദ്ദേഹത്തിന്റെ സിനിമ.

ഓരോ ദിവസവും ഷൂട്ടിംഗ്‌ വേളകളിൽ പ്രകൃതിയുടെ രൂപ-വേഷ പകർച്ചകൾ അദ്ദേഹം ശ്രദ്ധിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. ഒരിക്കൽ ഭാരതപ്പുഴയുടെ തലയ്‌ക്കലുളള ഒരു മൺഭിത്തി പൊട്ടി പുഴ നിറഞ്ഞുകവിഞ്ഞൊഴുകുമ്പോൾ പുഴയുടെ തീരത്ത്‌ വെങ്കലം നിർമ്മിക്കുന്ന അവസരമായിരുന്നു. പെരുമാനൂർ ശശിയോട്‌ പറഞ്ഞ്‌ രണ്ട്‌ പച്ച ഓല നദീതീരത്തിനടുത്തുളള മരത്തിൽ കെട്ടിയിട്ടു. എന്തിനാണെന്ന്‌ എനിക്ക്‌ മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഓലത്താളുകളിൽ പതയും ചെളിയും അടിഞ്ഞ്‌ ഒരു രൂപം ഉടലെടുത്തു. പാട്ടിന്റെ സീനിൽ അത്‌ അദ്ദേഹം വിശദമായി ഷൂട്ട്‌ ചെയ്‌തു. എന്റെ ആദരവ്‌ കൂടിയ മുഹൂർത്തമായിരുന്നു അത്‌. മദിരാക്ഷികളുടെ ശരീരാകർഷണകേന്ദ്രങ്ങളും റോബോട്ടു ചലനങ്ങളും ഭരതന്‌ ആവശ്യമുണ്ടായിരുന്നില്ല.

സെക്‌സും വയലൻസും ജീവിതത്തിന്റെ അടിസ്ഥാന ചോദനകളാണ്‌. അവയിലൂന്നി ഭരതൻ സിനിമ രൂപപ്പെടുത്തി. ലോകോത്തര സൃഷ്‌ടികളിലെല്ലാം കേന്ദ്രപ്രമേയം മനുഷ്യ ജീവിതമാണ്‌. ജീവിതത്തിന്റെ രണ്ടു മുഖങ്ങളാണ്‌ സെക്‌സും വയലൻസും. അകാലത്തിൽ പൊലിഞ്ഞതിൽ ഖേദമില്ല. കാരണം

സാധിച്ചു വേഗമഥവാ നിജ്ജന്മകൃത്യം

സാധിഷ്‌ഠർ പോട്ട്‌ -ഇഹ സദാനിശിപാന്ഥപാദം

ബാധിച്ചു രൂക്ഷശില വാഴ്‌വതിൽ നിന്നു മേഘ-

ജ്യോതിസ്സുതൻ ക്ഷണിക ജീവിതമല്ലീകാമ്യം?

– ആശാൻ – വീണപൂവ്‌.

(കടപ്പാട്‌ – ഭരതൻസ്‌മൃതി – 2008)

Generated from archived content: essay1_july29_08.html Author: bharath_murali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here